Friday 15 March 2024 11:38 AM IST : By സ്വന്തം ലേഖകൻ

‘സ്കൂള്‍ അധികൃതർ പറഞ്ഞ കള്ളങ്ങൾ പലത്’; നാലു വയസുകാരി ജിയന്നയുടെ മരണം, സിബിഐ അന്വേഷിക്കണമെന്ന് കുടുംബം

jianna-family-cbi-15.jpg.image.845.440

ബെംഗളൂരുവിൽ സ്കുള്‍ കെട്ടിടത്തിന്റെ മുകളിൽ നിന്ന് ദുരൂഹ സാഹചര്യത്തിൽ നാലു വയസുകാരി വീണു മരിച്ച കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം. കോട്ടയം മണിമല സ്വദേശികളുടെ മകളായ ജിയന്ന മരിച്ചിട്ട് രണ്ടുമാസം കഴിഞ്ഞെങ്കിലും കർണാടക പൊലീസിന്‍റെ അന്വേഷണം എങ്ങുമെത്തിയിട്ടില്ല. കുട്ടിയെ തള്ളിയിട്ടവെന്ന് സംശയിക്കുന്ന ആയ കാഞ്ചനയും തെളിവുകൾ നശിപ്പിക്കാൻ ശ്രമിച്ച മലയാളിയായ പ്രിൻസിപ്പലും ജാമ്യം നേടിയിരുന്നു. 

സ്കൂൾ കെട്ടിടത്തിന് മുകളിൽ നിന്ന് 20 അടി താഴ്ചയിലേക്ക് വീണ ജിയന്നയ്ക്ക് കൃത്യമായ ചികില്‍സ കിട്ടുന്നത് മൂന്നു മണിക്കൂർ വൈകിയാണ്. മാതാപിതാക്കളെ കൃത്യസമയത്ത് വിവരമറിയിക്കുന്നത് മുതൽ ഡൽഹി പ്രീ സ്കൂളിനുണ്ടായത് ഗുരുതര വീഴ്ചകളാണ്. കളിക്കുന്നതിനിടയിൽ തലയിടിച്ച് വീണു, മൂന്നു നില കെട്ടിടത്തിന്റെ മുകളിലേക്ക് കുട്ടി ഒറ്റയ്ക്ക് കയറി പോയി അങ്ങനെ അധികൃതർ പറഞ്ഞ കള്ളങ്ങൾ പലതാണ്. ജിയന്നയുടെ ആയയായിരുന്ന കാഞ്ചന എന്ന െബംഗളൂരു സ്വദേശിനി വൈരാഗ്യം മൂലം കുട്ടിയെ കെട്ടിടത്തിന് മുകളിൽ നിന്ന് തള്ളിയിട്ടതാണെന്നാണ് ആരോപണം.. 

വൃത്തിഹീനമായ പെരുമാറ്റം ചോദ്യം ചെയ്തതിന് കാഞ്ചന മൊബൈൽ ഫോൺ കെട്ടിടത്തിന് മുകളിൽ നിന്ന് വലിച്ചെറിഞ്ഞത് പോലും കുറ്റപത്രത്തിൽ എഴുതി ചേർക്കാൻ പൊലീസ് തയാറാകുന്നില്ല. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിൽ നിന്ന് അസ്വാഭാവികമായി ഒന്നുമില്ലെന്നാണ് സ്കൂൾ പ്രിൻസിപ്പൽ തോമസ് ചെറിയാൻ  മാതാപിതാക്കളോട് പറഞ്ഞത്. ഇപ്പോൾ സിസിടിവി പ്രവർത്തിച്ചിരുന്നേയില്ലെന്നാണ് കർണാടക പൊലീസിന്റെ ഭാഷ്യം. ഉന്നത ബന്ധങ്ങളുള്ള പ്രിൻസിപ്പൽ ഒത്തുതീർപ്പിന് ശ്രമിച്ചെന്നും അന്വേഷണം ഒതുക്കിയത് ഇയാളുടെ ഇടപെടലിലെന്നും കുടുംബം പറയുന്നു.കുറ്റപത്രം ലഭിച്ചശേഷം സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കോടതിയെ സമീപിക്കാൻ ഒരുങ്ങുകയാണ് ഇവർ.

Tags:
  • Spotlight