Tuesday 13 July 2021 04:51 PM IST : By സ്വന്തം ലേഖകൻ

‘എങ്ങനെ ഇരുന്ന പെൺകൊച്ചാ... പെറ്റെഴുന്നേറ്റപ്പോൾ കോലം കണ്ടില്ലേ’: പ്രസവശേഷമുള്ള കുത്തുവാക്ക്: മറുപടി കുറിപ്പ്

jissa

പ്രസവകാലം പെണ്ണിന് നൽകുന്ന ചാടിയ വയറും, സ്‌ട്രെച്ച് മാര്‍ക്കിന്റെ ചിത്രപ്പണികളും കടുത്ത അപകർഷതാബോധം കൂടിയാണ് സമ്മാനിക്കുന്നത്. "എങ്ങനെ ഇരുന്ന പെൺകൊച്ചാ ദൈവമേ.... ഒന്ന് പെറ്റ്‌ എഴുന്നേറ്റപ്പോൾ കണ്ടില്ലേ കോലം’ എന്ന ഡയലോഗ് മാത്രം മതി ആത്മവിശ്വാസം ചീട്ടുകൊട്ടാരം പോലെ തകർന്നു പോകാൻ. പ്രസവകാല സുഖ ചികിത്സകളെ കുറിച്ചും അതെങ്ങനെ പെണ്ണിന്റെ ശരീരത്തെ ബാധിക്കുമെന്നും തുറന്നെഴുതുകയാണ് ജിസ ഡോണൽ. ഏങ്ങാനും ഒന്ന് കുനിഞ്ഞു നിവര്‍ന്നാല്‍, ഉള്ളിലെ കുഞ്ഞു വാവ  താഴേക്ക് വീണു പോയാലോ എന്നു ഭയന്ന് ഒമ്പത് മാസവും ബെഡില്‍ കിടക്കുന്ന ഗര്‍ഭിണികളും, 'അവളെ കൊണ്ടു ഒന്നും ചെയ്യിക്കണ്ട, വയറ്റില്‍ ഉള്ളതല്ലേ' എന്ന് പറയുന്ന വീട്ടുകാരുടെ അമിതപരിഗണനകളും ഒക്കെ ചേര്‍ന്ന് കാര്യങ്ങള്‍ വീണ്ടും വഷളാക്കുന്നുവെന്ന് ജിസ കുറിക്കുന്നു. വനിത ഓൺലൈനുമായി പങ്കുവച്ച കുറിപ്പിലാണ് ഗർഭിണികളെ ബാധിക്കുന്ന വലിയ അപകർഷതാബോധത്തിന്റെയും ആത്മവിശ്വാസക്കുറവിന്റെയും കഥ ജിസ പങ്കുവയ്ക്കുന്നത്.

കുറിപ്പ് വായിക്കാം:

"എങ്ങനെ ഇരുന്ന പെൺകൊച്ചാ ദൈവമേ.... ഒന്ന് പെറ്റ്‌ എഴുന്നേറ്റപ്പോൾ കണ്ടില്ലേ കോലം ..... ആ ചെറുക്കന്റെ തള്ള ആണെന്ന് തോന്നുന്നല്ലോ....."

ചിലർക്കെങ്കിലും ഈ ഡയലോഗ് സുപരിചിതം ആയിരിക്കും. പ്രസവം കഴിഞ്ഞ് വച്ച വണ്ണം , ശരീരത്തിൽ നിന്ന് പെട്ടെന്ന് ഒഴിവാക്കാൻ ബാധ ഒഴിപ്പിലിനോ , ആഭിചാരക്രിയകൾക്കോ ആവാത്തത് കൊണ്ട് കുറെ നാളത്തേക്ക് ഗർഭകാലത്ത് വന്ന രൂപമാറ്റം പല പെൺ ശരീരങ്ങളിലും ഉണ്ടാകും. ചാടിയ വയറും, സ്ട്രെച്ച് മാർക്കിന്റെ ചിത്രപ്പണികളും , അവിടെവിടെയായി വണ്ടിയുടെ ടയർ പോലെ പല മടക്കുകളും ശരീരത്തിൽ അവശേഷിക്കാം. അത്തരം വയറും , ടയറും ഒക്കെ ഉള്ള സ്ത്രീകൾ, യൗവനത്തിന്റെ മൂർധന്യാവസ്ഥയിൽ നിൽക്കുന്ന ഭർത്താവിനോടൊപ്പം പോകുമ്പോൾ കേൾക്കാൻ സാധ്യതയുള്ളതാണ് മേൽപ്പറഞ്ഞ ഈ ഡയലോഗ്.

ഇതിനൊക്കെ കാരണങ്ങളും കാരണക്കാരും എന്തൊക്കെ എന്നും ആരൊക്കെ എന്നും ഒന്ന് നോക്കാം ."ഉള്ളിൽ ഒരു കുഞ്ഞുള്ളതല്ലേ ...2 പേർക്കുള്ളത് കഴിക്കു .."എന്നു നിർബന്ധിച്ചു 4 പേർക്കുള്ള ഭക്ഷണം ഒരു ഗർഭിണിയെ കൊണ്ടു കഴിപ്പിക്കുന്ന സ്നേഹത്തിന്റെ കൈകളും, "നീ ഇങ്ങനെ തൊലിഞ്ഞു കുത്തി ഇരുന്നാൽ കുഞ്ഞിനു വളർച്ച കുറയും ,തൂക്കം വയ്ക്കില്ല കേട്ടോ" എന്ന സാരോപദേശകരുടെ സ്നേഹമസൃണമായ ഓർമ്മപെടുത്തലുകളും ,"ദേ ഈ പ്രസവം എന്നതു നല്ല ആയാസവും അധ്വാനവും ഉള്ള പണിയാ..നല്ല ആരോഗ്യം ഇല്ലേൽ സംഗതി പാളും കേട്ടോ "എന്ന അനുഭവസ്ഥരുടെ താക്കീതുകൾ.

ഇതെല്ലാം കേൾക്കുന്ന പാവം ഒരു ഗർഭിണി "ഞാൻ ആയി എന്റെ കുഞ്ഞിനിനു ഒരു ദോഷവും വരരുത് എന്ന കരുതൽ കൊണ്ടു എല്ലാ നിർദേശങ്ങളും ശിരസ്സാവഹിക്കും . എന്നാൽ ഒരു കുഞ്ഞിനു പകരം 3 കുഞ്ഞുങ്ങളുടെ വളർച്ചക്കും പ്രസവത്തിനും വേണ്ട ഭക്ഷണം ആവും ഇതെല്ലാം കേട്ട് 9 മാസം കൊണ്ടു കഴിച്ചു കൂട്ടുക പലരും.

ഇതിനൊപ്പം ശരീരം അനങ്ങാനേ പാടില്ലാത്ത തീരാവ്യാധി ആയി ഗർഭകാലത്തെ കണ്ടു , ഏങ്ങാനും ഒന്ന് കുനിഞ്ഞു നിവർന്നാൽ ഉള്ളിൽ ഉള്ള കുഞ്ഞു വാവ ഏങ്ങാനും താഴേക്ക് വീണു പോയാലോ എന്നു ഭയന്ന് 9 മാസവും ബെഡിൽ കിടക്കുന്ന ഗർഭിണികളും , "അവളെ കൊണ്ടു ഒന്നും ചെയ്യിക്കണ്ട ...എവിടേലും ഇരിക്കട്ടെ ...വയറ്റിൽ ഉള്ളതല്ലേ " എന്ന വീട്ടുകാരുടെ പരിഗണയുടെ സ്വരവും ഗർഭത്തിന്റെ ഒരു ബോണസ് ആയി കണ്ടു സാഹചര്യം പരമാവധി പ്രയോജനപ്പെടുത്തുന്ന ലേശം കള്ളി ഗർഭിണികളും ഉണ്ടാകാം . ഇനി പ്രസവം കഴിഞ്ഞാൽ പിന്നെ പ്രസവരക്ഷയോടു രക്ഷ "ദേ ...പെറ്റെഴുനേറ്റു ഭർത്താവിന്റെ വീട്ടിലേക്കു പോകുമ്പോ , മെലിഞ്ഞു ഉണങ്ങി ഇരുന്നാൽ വീട്ടുകാർ നിന്നെ നോക്കിയില്ല , ശരിയായി ' രക്ഷ ' ചെയ്തില്ലെന്ന് നാട്ടുകാർ പറയുന്നതിനെ കുറച്ചിലായി കാണുന്ന കരുതലിന്റെ കരങ്ങൾ , നെയ്യിൽ പുരണ്ട ലേഹ്യങ്ങളും, കൊഴുപ്പു നിറഞ്ഞ ഭക്ഷണങ്ങളും ഒക്കെ അടിച്ചു കയറ്റിച്ചു നല്ലോണം രക്ഷിക്കാനും ശ്രമിക്കും എന്നതാണ് നഗ്നസത്യം.

ഇതിന്റെ എല്ലാം ആകത്തുക ആണ് പലപ്പോഴും അമിതവണ്ണവും , ചാടികിടക്കുന്ന വയറും, ശരീരത്തിൽ വരുന്ന കൊഴുപ്പിന്റെ മടക്കുകളും. എന്നാൽ ചിലരുടെ ശരീരപ്രകൃതി വ്യത്യസ്തമാകും....എത്ര കഴിച്ചാലും ,എത്ര പ്രസവിച്ചാലും അപ്പടിയേ ഇരിക്കും.18 കൂടിയാൽ 20 വയസ്സ്...അത്രയേ തോന്നു...Ever green glamour girls.. )

“ഓ..ഇങ്ങനെ ഒക്കെ അങ്ങു പോട്ടെന്നേ ...ഒരു പ്രസവമൊക്കെ കഴിഞ്ഞു. ഇനി ഇപ്പൊ ഞാൻ ഐശ്വര്യ റായിയെ പോലെ ഇരുന്നിട്ട് ലോകസുന്ദരി മത്സരത്തിനൊന്നും പോണില്ലലോ ....കഷ്ടപ്പെട്ട് വച്ച വണ്ണം ഒക്കെ ഒന്ന് കുറച്ചു വരുമ്പോ അടുത്ത കുഞ്ഞിനുള്ള സമയം ആവും ...പിന്നെ എന്തിനാ പാടുപെടുന്നേ....”എന്നു ചിന്തിക്കുന്ന ഒരു കൂട്ടരും ഉണ്ട് . (Least Bothered super cool girls...) ഈ രണ്ടു കൂട്ടരും ഈ കുറിപ്പിന്റെ പരിധിക്കു പുറത്താണ് . "എന്റെ വണ്ണം ...എന്റെ ശരീരം.... എന്റെ സ്വാതന്ത്ര്യം.... നിങ്ങൾക്ക് അതിൽ വോയിസ് ഇല്ല, എന്ന നല്ല Body positivity ഉള്ള, എന്തു തരം Body shaming കമെന്റ്സിലും ഉലയാതെ നല്ല ബോൾഡ് ആയി നിൽക്കുന്ന സ്ത്രീകൾ ഉണ്ട് നമ്മുടെ സമൂഹത്തിൽ. അവരുടെ കാഴ്ചപ്പാടിനോട് ബഹുമാനം മാത്രമേയുള്ളൂ ...പക്ഷെ അവരും ഈ കുറിപ്പിൽ ഉൾപ്പെടുന്നില്ല.

എന്നാൽ , അമിത വണ്ണത്തിൽ സ്വയം അപകർഷത തോന്നിയോ,ആരോഗ്യത്തിനായി വണ്ണം കുറയ്ക്കണം എന്ന് സ്വയ ബോധ്യത്തിൽ നിന്നോ , ഏതെങ്കിലും ബാഹ്യ ശക്തികളുടെ സ്വാധീനംകൊണ്ടോ(ഈ ബാഹ്യശക്തികൾ എന്നുദ്ദേശിച്ചതു ഭർത്താവ്, സുഹൃത്തുക്കൾ,ബന്ധുജനങ്ങള്‍ എല്ലാവരെയും ചേർത്താണ് കേട്ടോ...) സ്വയം ന്യായീകരിച്ചു മടുത്തിട്ടോ, പ്രസവ ശേഷം വച്ച തൂക്കം കുറയ്ക്കണം എന്ന ലക്ഷ്യത്തിനായി ശ്രമിച്ചു നോക്കിയിട്ടുള്ള , ശ്രമിച്ചുകൊണ്ടിരിക്കുന്ന, ഇനി ശ്രമികാനിരിക്കുന്ന എന്റെ എല്ലാ പെൺസുഹൃത്തുക്കൾക്കുമായാണ് ഈ കുറിപ്പ്.

കുഞ്ഞിന് ഏതാണ്ട് 1- 2 വയസ്സ് ആകുന്നത് വരെ പൊതുവേ, സ്വന്തം ശാരീരിക മാറ്റങ്ങളെ കുറിച്ച് ഒരു പരിധിവരെ ആരും ഒത്തിരി ആകുലപ്പെടാറില്ല .കാരണം നിലതൊന്നു നിൽക്കാൻ സമയം കിട്ടിയിട്ട് വേണ്ടേ....ഒന്ന് കണ്ണാടിയിൽ ശരിക്കും നോക്കാൻ പറ്റിയിട്ടു വേണ്ടെ ... എങ്ങനെയാണ് ഇരിക്കുന്നത് എന്ന് സ്വയം ഒന്ന് വിലയിരുത്താൻ..സമാധാനം ആയി ഒന്ന് കുളിക്കാനോ , വാഷ്‌റൂമിൽ പോകാനോ പോലും നേരം തികയാത്ത ശിശുപരിപാലന കർമ്മ പരിപാടിയ്ക്ക് ഇടയ്ക്കു ഇതൊക്കെ ആര് മൈൻഡ് ചെയ്യാന്‍? പാലൂട്ടലും, കൊച്ചിനെ നോട്ടവും , പിറകെയുള്ള ഓട്ടവും ഒക്കെ കൊണ്ട് പലരുടേയും വണ്ണം ഈ ഒരു കാലയളവിൽ പൂർവസ്ഥിതിയിൽ ആയേക്കാം . അടിഞ്ഞ കൊഴുപ്പൊക്കെ കത്തി പോയേക്കാം . എന്നാൽ എത്ര ഓടിയാലും കാര്യമായി ഒരു ചുക്കും ശരീരത്തിന് സംഭവിക്കാത്ത സ്ത്രീകളുമുണ്ട് . അവർക്കൊക്കെ എന്തൊക്കെ പ്രായോഗികമായി ചെയ്യാന്‍ സാധിക്കും എന്നു നോക്കാം . “പ്രസശേഷം വന്ന ശാരീരിക മാറ്റങ്ങളെ അംഗീകരിക്കുക.ഒരു കുഞ്ഞിനെ ഗർഭം ധരിച്ചു , പ്രസവിച്ചതിന്റെ അവശേഷിപ്പുകൾ ആയി നിങ്ങളുടെ ശരീരത്തിൽ വന്ന ആ പരിവർത്തനങ്ങളെ പോസിറ്റീവ് ആയി തന്നെ ഉൾക്കൊള്ളുക. എന്നാൽ ആരോഗ്യപരമായ കാരണങ്ങൾ മുൻനിറുത്തിയും,സ്വന്തം ആത്മവിശ്വാസം നിലനിർത്തുവാനും അമിതഭാരം കുറയ്ക്കാൻ ശ്രമിക്കുന്നതിൽ പരിഹസിക്കേണ്ടതായി ഒന്നും ഇല്ല എന്നു സ്വയം മനസ്സിലാക്കുക. അതിനായുള്ള പരിശ്രമങ്ങൾ ഗർഭകാലത്തു തന്നെ തുടങ്ങുക. വാരിവലിച്ചു കഴിക്കാതെ പോഷക സമൃദ്ധമായ ,കുഞ്ഞിന്റെ വളർച്ചക്ക് ആവശ്യമായ ഡയറ്റ് ഫോളോ ചെയ്യുക. ആവശ്യത്തിന് മാത്രമുള്ള തൂക്കം കൂട്ടുക.

മുലയൂട്ടുന്ന സമയത്തും വേണ്ട എക്സ്ട്രാ കലോറീസിന് ഉള്ള ഫുഡ് മാത്രം കഴിക്കുക . ഇതിനു ഗൈനെക്കോളജിസ്റ്റിന്റെയും ,ന്യൂട്രിഷനിസ്റ്റിന്റെയും ഒക്കെ ഗൈഡൻസും, സഹായവും തേടാവുന്നതാണ് . ദൈനം ദിന ജോലികൾ എല്ലാം ഏതൊരു സാധാരണ ഗർഭാവസ്ഥയിലും ചെയ്യാവുന്നതാണ് . ഓൺലൈൻ ആയി അറ്റൻഡ് ചെയ്യാവുന്ന പ്രീനേറ്റൽ യോഗ,സുമ്പ ക്ലാസ്സ് ഒക്കെ ഇന്നു ധാരാളം ഉണ്ട് ,അതും മിതമായ നിരക്കിൽ . ഒന്ന് ഗൂഗിൾ ചെയ്തു നോക്കുകയെ വേണ്ടു. സാഹചര്യം ഉണ്ടെങ്കിൽ പരീക്ഷിച്ചു നോക്കു . ആക്റ്റീവ് ആയ ശരീരത്തിൽ സുഖ പ്രസവത്തിനു സാധ്യത കൂടുതൽ ആണ്.

ഇനി പ്രസവശേഷം ഉള്ള "പ്രസവരക്ഷ' 'പ്രസവശിക്ഷ' ആയി മാറാതെ നോക്കുക. ശരീരത്തിന് ആവശ്യം ഉള്ളവ മാത്രം സപ്ലിമെന്റ് ചെയ്യുക. നെയ്യ് ചേർക്കാത്ത ലേഹ്യങ്ങൾ, പ്രസവ രക്ഷ മരുന്നുകൾ ഒക്കെ വാങ്ങാൻ കിട്ടും . നോക്കി ചൂസ് ചെയ്യുക.ഒരു സ്വിച്ച് ഇട്ടാൽ അകത്തേക്കു കഴിക്കുന്ന കലോറിയെ ദഹിപ്പിക്കാൻ ആവില്ല എന്നു മറക്കാതെ ഇരിക്കുക . പിന്നെ പറ്റുന്ന പോലെ ഉള്ള ഫിസിക്കൽ ആക്ടിവിറ്റി പ്ലാൻ ചെയ്യുക. Postnatal വിസിറ്റിനു പോകുമ്പോൾ നിങ്ങളുടെ ഗൈനെക്കോളജിസ്റ്റിനോട് ഇതേ പറ്റി ചോദിച്ചു മനസ്സിലാകുക . നടക്കുക, സ്റ്റെപ് കയറി ഇറങ്ങുക എന്നിങ്ങനെ ഉള്ളതൊക്കെ അർക്കും മനസ്സുണ്ടെങ്കിൽ ചെയ്യാവുന്നതേ ഉള്ളു.

എന്നാൽ ചില എക്സർസൈസ് സിസേറിയൻ കഴിഞ്ഞവർക്ക് ഒരു സമയപരിധി കഴിഞ്ഞേ ചെയ്യാന്‍ സാധിക്കു. ധ Postnatal weight loss ഓൺലൈൻ ക്ലാസ്സെസും ഇന്നു സുലഭമാണ്. നിങ്ങളുടെ സമയത്തിനും ,കുഞ്ഞിന്റെ രീതിക്കും, വീട്ടിലെ സാഹചര്യത്തിനും ചേർന്നു പോകുന്ന കാര്യങ്ങൾ പ്ലാൻ ചെയ്യുക. “ഞാൻ ഇപ്പൊ അങ്ങു മറിക്കും" എന്ന അപ്രാപ്യമായ ലക്ഷ്യങ്ങൾ സെറ്റ് ചെയ്തു നിരാശരാകാതെ..... പ്രാക്ടിക്കൽ ആയ, ജീവിതാവസാനം വരെ മുന്നോട്ട് കൊണ്ടു പോകാവുന്ന ഭക്ഷണ മാറ്റങ്ങളും, ജീവിതരീതി വ്യതിയാനങ്ങളും വ്യായാമങ്ങളും ശീലിക്കുക . ചിട്ടയോടുള്ള ,നിത്യേനെ ചെയ്യുന്ന ഇത്തരം കാര്യങ്ങൾ മാറ്റങ്ങൾ ഉണ്ടാക്കും . ഒറ്റരാത്രി കൊണ്ടു ഒന്നും സംഭവിക്കില്ല . ചിലപ്പോ മാസങ്ങളോ,വർഷങ്ങളോ എടുത്തേക്കാം. അതിന്റെ ഇടയിൽ ആരെങ്കിലും വീർത്തല്ലോ ,ചീർത്തല്ലോ ,പൊട്ടാറായല്ലോ എന്നൊക്കെ ഉള്ള കമന്റുമായി വന്നാൽ “പോയി നിങ്ങളുടെ പണി നോക്കു മനുഷ്യരെ " എന്നു മനസ്സിൽ അങ്ങു പറഞ്ഞേക്കുക്ക . എന്നേച്ചു വിട്ടു കൊടുക്കാതെ തുടരുക. എന്നെങ്കിലും നിങ്ങളുടെ ലക്ഷ്യത്തിൽ നിങ്ങൾ എത്തി ചേരുമെന്നേ..