Tuesday 19 March 2019 11:45 AM IST : By സ്വന്തം ലേഖകൻ

വീരമൃത്യു വരിച്ച സൈനികരുടെ കുടുംബാംഗങ്ങൾക്ക് മുടങ്ങാതെ കത്തുകളെഴുതി വാച്ച്‍മാന്‍; നിറഞ്ഞ സ്നേഹത്തിന് കയ്യടി!

jithendra-singh Image Courtesy: Times of India

കഴിഞ്ഞ 20 വർഷമായി വീരമൃത്യു വരിച്ച പട്ടാളക്കാരുടെ കുടുംബാംഗങ്ങൾക്ക് കത്തെഴുതിക്കൊണ്ടിരിക്കുകയാണ് ഒരു മനുഷ്യൻ. സൂറത്തിലെ സ്വകാര്യ സ്ഥാപനത്തിലെ സെക്യൂരിറ്റി ജീവനക്കാരനായ ജിതേന്ദ്ര സിങ് ഗുജ്ജാറാണ് മറ്റുള്ളവരിൽ നിന്നും വ്യത്യസ്തനായ ആ മനുഷ്യൻ. എല്ലാവരും സ്വന്തം സുഖത്തിനായി തിരക്ക് പിടിച്ചു ഓടുമ്പോൾ മറ്റുള്ളവരുടെ ദുഃഖത്തിൽ പങ്കുചേരുകയാണ് ജിതേന്ദ്ര സിങ്. 

ഭര്‍ത്താവിന് ഭ്രാന്താണെന്നാണ് ജിതേന്ദ്ര സിങ്ങിന്റെ ഭാര്യ പറയുന്നത്. പക്ഷേ, അതൊന്നും ജിതേന്ദ്രന് പ്രശ്നമല്ല. വീര സൈനികരുടെ ചിത്രങ്ങൾ അദ്ദേഹത്തിന്റെ വീട്ടുചുമരിൽ സ്ഥാപിച്ചിട്ടുണ്ട്. ഇത് കൂടാതെ സൈനികരെ കുറിച്ചുള്ള വിവരങ്ങൾ ഡാറ്റാബേസ് ആയി സൂക്ഷിക്കുന്നുമുണ്ട്. 

ഒന്നാം ലോകമഹായുദ്ധകാലം മുതൽ മരണമടഞ്ഞ പട്ടാളക്കാരുടെ വിവരങ്ങൾ ജിതേന്ദ്ര സിങ്ങിന്റെ പക്കലുണ്ട്. അദ്ദേഹത്തിന്റെ കൈവശമുള്ള പത്രക്കട്ടിങ്ങുകൾക്ക് മാത്രം 900 കിലോഗ്രാം തൂക്കമുണ്ട്. ചിലപ്പോൾ തങ്ങളുടെ പ്രിയപ്പെട്ടവരെക്കുറിച്ചുള്ള വിവരങ്ങൾ തേടി പട്ടാളക്കാരുടെ കുടുംബാംഗങ്ങൾ ഇദ്ദേഹത്തെ തേടിയെത്താറുണ്ട്. ഒരു ദിവസം 30 മുതൽ 50 വരെ ഫോൺകോളുകള്‍ തന്നെ തേടിയെത്താറുണ്ടെന്ന് ജിതേന്ദ്ര സിങ്ങ് പറയുന്നു. 

സൈന്യത്തിൽ ചേരണമെന്ന ആഗ്രഹത്തിൽ നിന്നാണ് ജിതേന്ദ്രന് പാട്ടാളക്കാരോട് ബഹുമാനവും  ഇഷ്ടവും വർധിച്ചത്. പക്ഷേ, പട്ടാളക്കാരനാകാനുള്ള ഉയരം ജിതേന്ദ്രന് ഉണ്ടായിരുന്നില്ല. ഒടുവിൽ ആ മോഹം ഉപേക്ഷിക്കേണ്ടി വന്നു. പത്തൊമ്പതാമത്തെ വയസിൽ ആരംഭിച്ചതാണ് കത്തെഴുതുന്ന ശീലം. കാർഗിൽ യുദ്ധത്തിൽ രക്തസാക്ഷിയായ പട്ടാളക്കാരിലൊരാൾക്ക് വന്ന കത്ത് ജിതേന്ദ്ര സിങ്ങ് കാണാനിടയായി. അദ്ദേഹത്തിന്റെ മകന് കത്തെഴുതണമെന്ന് തോന്നി. അങ്ങനെയാണ് കത്തെഴുത്ത് ഒരു ശീലമാക്കി മാറ്റിയത്.