Wednesday 17 July 2019 01:08 PM IST : By സ്വന്തം ലേഖകൻ

‘കുട്ടിത്താറാവെന്ന് കളിയാക്കൽ’; ആറു മാസം കൊണ്ട് 51 കിലോ കുറച്ച് പ്രതികാരം; ജൊവാന സൂപ്പർ മോഡലായ കഥ

joanna

‘മുറിവിൽ മുളകു പുരട്ടും പോലെയായിരിക്കും ആ കളിയാക്കലുകൾ. നിങ്ങളുടെ ശരീര ഭാരത്തെക്കുറിച്ചും കിതപ്പിക്കുന്ന നിങ്ങളുടെ രൂപത്തെക്കുറിച്ചും അവർ ആവർത്തിച്ചു പറഞ്ഞു കൊണ്ടേയിരിക്കും. കെട്ടു പൊട്ടിയ പട്ടം പോലെ പറക്കുന്ന ശരീര വണ്ണം നിങ്ങളെ മറ്റുള്ളളർക്കു മുന്നിൽ കോമാളിയാക്കും. എന്തിനേറെ പറയണം, മനസു നീറ്റുന്ന ആ പരിഹാസ ശരങ്ങൾക്കൊടുവിൽ മരിച്ചു കളഞ്ഞാലോ എന്നു വരെ നിങ്ങൾ ചിന്തിക്കും. മടുപ്പിന്റേയും നിരാശയുടേയും നടുവിൽ നിന്നും കൊണ്ടായിരിക്കും നിങ്ങൾ ആ തീരുമാനം എടുക്കുക. നിങ്ങളുടെ ശരീരം അപ്പോൾ നിങ്ങള്‍ പറയുന്നത് അനുസരിക്കും.’

ജൊവാന ജോസഫ് എന്ന 22കാരി പെണ്ണ് കൗമാര കാലത്ത് അനുഭവിച്ചു തീർത്ത വേദനയുടെ ലഘുചിത്രമാണ് മേൽ കുറിച്ചത്. ശരീരഭാരത്തിന്റെ പേരിൽ കുത്തുവാക്കുകളും പരിഹാസങ്ങളും കേട്ടു വളർന്ന ഭൂതകാലം. മനസു മടുത്തപ്പോഴാണ് ജൊവാന രണ്ടും കൽപ്പിച്ചിറങ്ങിയത്. പൊണ്ണത്തടിയെ പടിയടച്ചു പിണ്ഡ‍ം വയ്ക്കുക തന്നെ. കളിയാക്കലുകൾക്ക് നടുവിൽ നിന്നു കൊണ്ട് പൊണ്ണത്തടിയെ പടികടത്താൻ ഇറങ്ങിത്തിരിച്ച അവളുടെ അധ്വാനം വെറുതെയായില്ല. 51 കിലോ പുഷ്പം പോലെയാണ് ആ ശരീരത്തിൽ നിന്നും തോൽവി സമ്മതിച്ച് ഇറങ്ങിപ്പോയത്. തീർന്നില്ല കഥ, തടിച്ചിയെന്നും, ആനയെന്നുമൊക്കെ വിളിച്ച് കളിയാക്കിവരുടെ മുന്നിൽ സൂപ്പർ മോഡലായി അവള്‍ പുനരവതരിച്ചു, അക്കഥയാണ് ഇനി പറയാൻ പോകുന്നത്.

പതിനഞ്ചിന്റെ പടിവാതിൽക്കലെത്തി നിന്നപ്പോളെ ജൊവാനയുടെ ഭാരം സെഞ്ച്വറിയടിച്ചിരുന്നു. 104 കിലോ നോട്ട് ഔട്ട്. അവിടെ നിന്നാണ് ജൊവാന തിരിച്ചു നടന്നത്. അതും ആറു മാസമെന്ന താരതമ്യേന ചെറിയ കാലയളവ് മാത്രം എടുത്ത് കൊണ്ട്.

ഭക്ഷണത്തിൽ നിന്നു തുടങ്ങി പരീക്ഷണപർവ്വം. പാസ്തയും ബർഗറും ചോക്ലേറ്റും ഓയിലി ഫുഡും ‘ഫ്രണ്ട്സ് ലിസ്റ്റില്‍’ നിന്ന് ആദ്യമേ ഗെറ്റ് ഔട്ടായി. പ്രഭാത ഭക്ഷണത്തിന് കടിഞ്ഞാണിട്ട് തന്നെ തുടങ്ങി. ഒരു കപ്പ് ഓറഞ്ച് ജ്യൂസിലും രണ്ട് സ്ലൈസ് ബ്രഡിലും ബ്രേക്ക് ഫാസ്റ്റ് ശുഭം. കൊതിപ്പിച്ച് പണ്ടാരമടക്കുന്ന ഉച്ച നേരത്ത് ഇഷ്ടഭക്ഷണങ്ങളെ നിലയ്ക്കു നിർത്തി. എണ്ണയിൽ വറുത്ത് കോരിയ ചിക്കനും ബീഫിനും പകരം അവിച്ച ചിക്കനും മീനും മുട്ടയും മെനുവിൽ ഇടം പിടിച്ചു. കൂട്ടിന് ഒരു ബൗൾ ചോറും. ഹെൽതി വെജിറ്റബിൾ സാലഡ് കൂടിയായപ്പോൾ ലഞ്ചും നിലയ്ക്കു നിന്നു. ഏഴ് മണിക്ക് മുന്നേ ഡിന്നറു കൂടി ഒതുക്കിയപ്പോൾ കാര്യങ്ങൾ ഏകദേശം വരുതിയിലായി. വെജിറ്റബിൾ കറിയും ചപ്പാത്തിയുമായി രാത്രി ഭക്ഷണം ഒതുങ്ങി.

കൃത്യതയാർന്ന വർക്ക് ഔട്ടായിരുന്നു അടുത്ത കടമ്പ. വർക്ക് ഔട്ട് റൊട്ടീൻ ആപ്ലിക്കേഷനുകൾ ഫോണിൽ ഡൗൺ ലോഡ് ചെയ്ത് വീട്ടിൽ തന്നെ ഒരു മിനി ജിം തയ്യാറാക്കിയ. 5 കിലോ വീതമുള്ള 2 ഡംബലുകളിലായി പിന്നെയുള്ള മൽപ്പിടുത്തം. യോഗയും ജിമ്മും ഒരു ദിവസം പോലും മുടക്കിയിട്ടില്ല എന്നുള്ളതാണ് യാഥാർത്ഥ്യം. രണ്ട് മണിക്കൂർ ജോഗിങ്ങ് കൂടിയായപ്പോൾ ആ പാക്കേജ് പൂർത്തിയായി.

ദിവസങ്ങൾ ആഴ്ചകളായപ്പോൾ ശരീരം ഞാൻ പറഞ്ഞത് അനുസരിച്ചു തുടങ്ങി. 3 മുതൽ 8 കിലോ വരെ ആദ്യം പുഷ്പം പോലെ പടിയിറങ്ങിപ്പോയി. ചീറ്റ് ഡേ പോലും ഇല്ലാതെ ഡയറ്റും വർക്ക് ഔട്ടും കർശനമാക്കിയപ്പോൾ ഭാരം പുഷ്പം പോലെ പിൻവാങ്ങി തുടങ്ങി. പറഞ്ഞാൽ വിശ്വസിക്കില്ല, ആറ് മാസം കൊണ്ട് 51 കിലോയാണ് എന്റെ ശരീരത്തിൽ നിന്നും പടിയിറങ്ങി പോയത്.

മറ്റൊരു തരത്തിൽ കളിയാക്കലുകളിൽ നിന്നും കുത്തുവാക്കുകളില്‍ നിന്നുമുള്ള എന്റെയീ യാത്ര എന്റെ നേട്ടങ്ങളുടെ അടയാളപ്പെടുത്തൽ കൂടിയാണ്. തോറ്റുപിൻവാങ്ങിയ ശരീര ഭാരം എനിക്ക് പുതിയ നേട്ടങ്ങൾ കൊണ്ടു തന്നു. മിസ് ഇന്ത്യ വേൾഡ് വൈഡ് റണ്ണർ അപ് സ്ഥാനം പോലും ആ നേട്ടങ്ങളിലെ തിളക്കമുള്ള അധ്യായങ്ങളാണ്.–ജൊവാന പറഞ്ഞു നിർത്തുന്നു.

നിലവിൽ മലേഷ്യയിലെ തിരക്കേറിയ മോഡലുകളിൽ ഒരാളാണ് 22കാരിയായ ജൊവാന.

Tags:
  • Diet Tips
  • Glam Up
  • Inspirational Story