Saturday 18 January 2020 03:57 PM IST : By സ്വന്തം ലേഖകൻ

എൽഇഡി ബൾബുകൾ 49 രൂപയ്ക്ക്! വാറന്റി പിരീഡ് കഴിഞ്ഞാലും റിപ്പയർ ചെയ്ത് ഉപയോഗിക്കാം; തൊഴിലവസരം സൃഷ്ടിച്ച് ജോൺസൺ

johnson997hij

65 രൂപ നിരക്കിൽ, വിദേശത്തു നിന്ന് ഇറക്കുമതി ചെയ്തു വിൽക്കുന്ന എൽഇഡി ബൾബുകൾക്ക് പകരമായി സ്വന്തം നാട്ടിൽ ചിലവ് കുറച്ചു നിർമ്മിക്കുന്ന എൽഇഡി ബൾബുകൾ 49 രൂപയ്ക്ക് വിതരണം ചെയ്യാമെന്ന വാഗ്ദാനവുമായി ജോൺസൺ എം എ. ഇവ വാറന്റി പിരീഡ് കഴിഞ്ഞാലും റിപ്പയർ ചെയ്ത് ഉപയോഗിക്കാൻ പറ്റുന്ന രീതിയിലാണ് നിർമ്മിച്ചിരിക്കുന്നത്. എന്നാൽ നാട്ടിൽ നിരവധി പേർക്ക് തൊഴിലവസരം സൃഷ്ടിക്കുന്ന ഈ സംരംഭത്തോട് സർക്കാർ താല്പര്യം കാണിക്കുന്നില്ലെന്ന് ജോൺസൺ ആരോപിക്കുന്നു. 

ജോൺസൺ എം എ പങ്കുവച്ച കുറിപ്പ് വായിക്കാം; 

കേരളത്തിൽ KSEB യിലൂടെ ഒന്നരക്കോടി എണ്ണത്തോളം LED ബൾബുകൾ വിതരണം ചെയ്യുന്നു ഗവണ്മെന്റിന്റെ സഹായത്തോടെ, ഒന്നിന് 65 രൂപ തോതിൽ ഉപഭോക്താക്കളോട് ഈടാക്കുന്നു. ഈ ബൾബ് അതും വാറന്റി പീരിയഡ് കഴിഞ്ഞാൽ ഭൂമിയിൽ മാലിന്യം ആയി തീരുകയും ചെയ്യും. ഏകദേശം ഒരു 100 കോടി രൂപയുടെ ഇടപാട്. ഒന്നര കോടിയോളം ബൾബ് ഉണ്ടെങ്കിൽ KSEB യുടെ സഹായത്തോടെ 9W led bulb 49 രൂപയ്ക്ക് വിതരണം ചെയ്യാൻ എനിക്ക് സാധിക്കും.

നമ്മുടെ നാട്ടിലെ LED bulb നമ്മുടെ കയ്യിൽ നിന്നും അന്താരാഷ്ട്ര കുത്തകകളുടെ കയ്യിൽ അകപ്പെട്ടു പോയതിനാൽ അതിനു ഒരു പരിഹാരം എന്ന നിലയ്ക്ക്, എന്റെ സ്ഥാപനത്തിന്റെ 25ആം വാർഷികത്തോടു അനുബന്ധിച്ചു 2016 ഇൽ "നമ്മുടെ ജനതയ്ക്കു തൊഴിൽ നമ്മുടെ തന്നെ ഉപയോഗം" എന്ന സംരംഭത്തിലൂടെ വനിതാ സംരംഭകർക്ക് LED bulb നിർമ്മാണ യൂണിറ്റ് ആരംഭിക്കാനുള്ള എല്ലാ സാങ്കേതിക സഹായവും മെറ്റീരിയലും ടൂൾസും ഒക്കെ നൽകി. ഇപ്പോൾ 5 യൂണിറ്റ് പ്രവർത്തനസജ്ജം ആണ്. ഇനി അഞ്ഞൂറോളും യൂണിറ്റ് 2020-21 ലേക്ക് ആരംഭിക്കാനുള്ള പ്രവർത്തനം നടന്നു വരുന്നു, ഇതിൽ 1 യൂണിറ്റ് പഞ്ചായത്തിന്റെയും 1 യൂണിറ്റ് ബ്ലോക്ക് പഞ്ചായത്തിന്റെയും സാമ്പത്തിക സഹായത്താലാണ് ആരംഭിച്ചിരിക്കുന്നത്.

2004 ൽ LED bulb ലോകത്തിൽ ആദ്യമായി വെളിച്ചതിനായി ഉപയോഗിക്കാം എന്ന രീതിയിൽ ഞാൻ വികസിപ്പിച്ചെടുത്ത അന്ന് മുതൽ നമ്മുടെ കേരള ഗവണ്മെന്റിനോട് ഇതിന്റെ എല്ല വിശദമായ വിവരണങ്ങളും അറിയിക്കുകയും ഇത് നിർമ്മിച്ചു ജനങ്ങൾക്ക് നാൽകാൻ വേണ്ടുന്ന എല്ലാ സഹായങ്ങളും ചെയ്ത് തരണമെന്ന് അന്ന് മുതൽ ഇന്ന് വരെ ഉള്ള എല്ലാ ഭരണകർത്തകളോടും ആവശ്യപ്പെട്ടിട്ടും, മാറി മാറി വന്ന ഗവണ്മെന്റുകൾ യാതൊരു സഹായവും എനിക്ക് ചെയ്തു തന്നിട്ടില്ല. 

എന്റെ ബൾബ് ടെസ്റ്റ് ചെയ്ത് EMC kerala 2008 ൽ സർട്ടിഫിക്കറ്റ് നൽകുകയും, LED bulb ജനങ്ങൾ ഉപയോഗിക്കണം എന്ന് നിർദ്ദേശിക്കുകയും ചെയ്തതാണ്. ഇത്രയൊക്കെ വ്യക്തമായ അറിവ് ഈ ഗവണ്മെന്റിന് ഉണ്ടായിട്ടും ആരുടെയൊക്കെയോ വ്യക്തി താത്പര്യങ്ങളുടെ പേരിൽ എന്റെ ഈ ഉത്പന്നത്തെ പൂർണമായി അവഗണിച്ചു കൊണ്ട് ചൈനയിൽ വച്ച് മൊത്തമായി നിർമ്മിച്ചു കൊണ്ടു വന്ന മറ്റു വൻകിട കുത്തകകളുടെ താല്പര്യപ്രകാരം ആണ് LED bulb ഇപ്പോൾ വിതരണം ചെയ്യാൻ പോകുന്നത്. 

എന്റെ സഹകരണത്തോട് കുടി ഈ വനിതാ സംരംഭകർ നിർമ്മിക്കുന്ന LED ബൾബുകൾ സർക്കാർ ഏറ്റെടുത്ത് വിതരണം ചെയ്യണമെന്ന് ഇതിനു മുന്നേ എത്രയോ പ്രാവശ്യം ആവശ്യപ്പെട്ടിട്ടുമുണ്ട്. ഈ യൂണിറ്റുകളിൽ നിർമ്മിക്കുന്ന ബൾബ് വിതരണം ചെയ്യുകയാണെങ്കിൽ വാറന്റി പീരീഡ് കഴിഞ്ഞാലും റിപ്പയർ ചെയ്ത് ഉപയോഗിക്കാൻ പറ്റുന്ന രീതിയിൽ ആണ് നിർമ്മിച്ചിരിക്കുന്നത് അത് മാത്രമല്ല ഇന്ന് തൊഴിൽ ഇല്ലായ്മ വളരെ അധികം ഉള്ള ഈ കേരളത്തിൽ പതിനായിരക്കണക്കിന് ആൾക്കാർക്ക് തൊഴിലും നാടിന്റെ ഉന്നമനവും ഉണ്ടാക്കുന്ന ഈ പദ്ധതിയാണ് ഇന്ന് പൂർണമായും അവഗണിച്ചിരിക്കുന്നത്. 

ഞാൻ ഇതിനു എതിരെ ഏതെല്ലാം വിധത്തിൽ പൊരുതാവോ ആ വിധത്തിലൊക്കെ പൊരുതി നമ്മുടെ നാടിനു വേണ്ടി ഈ വനിതാ സംരംഭകരുടെ പദ്ധതികൾ നടപ്പിലാക്കിക്കാൻ പരിശ്രമിക്കും. അതിനു മുന്നോടി ആയിട്ടാണ് കഴിഞ്ഞ ദിവസം ഞാൻ പത്രസമ്മേളനം നടത്തി ഈ വിവരം അറിയിച്ചിരിക്കുന്നത്. KSEB യിലൂടെ നാട്ടിലെ ജനങ്ങളെ പച്ചയ്ക്ക് വഞ്ചിച്ച് വൻ ലോബികൾ നടത്തുന്ന ഈ കുതന്ത്രത്തെ നമ്മുടെ നാട്ടിലെ ജനങ്ങൾ തിരിച്ച് അറിയുകയും അതിൽ അകപ്പെടാതിരിക്കാനും ശ്രദ്ധിക്കേണ്ടതാണ്. ഇതിൽ രാഷ്ട്രീയം കലർത്താതെ നമ്മുടെ നാടിന്റെ വിഷയമായി കണ്ടു ഇതിനോട് എല്ലാവരും സഹകരിക്കണം. Johnson M A- 9744525892

ജോൺസണെ അറിയില്ലേ?

ജോൺസൺ, 75 ശതമാനം വൈകല്യം ശരീരത്തെ കീഴടക്കിയിട്ടും നിരവധി കുടുംബങ്ങൾക്ക് ആശ്രയം നൽകുന്ന സംരംഭകൻ. 13 വർഷം മുൻപ് 2005 ലാണ് അലങ്കാരത്തിനായി ഉപയോഗിച്ചിരുന്ന എൽഇഡി ബൾബുകൾ ഉപയോഗിച്ച് എന്തുകൊണ്ട് വൈദ്യുതി വിളക്ക് ഉണ്ടാക്കിക്കൂടാ എന്ന ചിന്ത ജോൺസന്റെ തലയിൽ ഉദിച്ചത്. വെറും അഞ്ചു വാട്ടില്‍ പ്രവർത്തിക്കുന്ന ചോക്ക് ഉപയോഗിച്ച് നാട്ടിലെ വോൾട്ടേജ് ക്ഷാമം പരിഹരിച്ച അയാൾ അതൊരു വെല്ലുവിളിയായി ഏറ്റെടുത്തു. നിശ്ചയദാർഢ്യത്തിന് അധികം വൈകാതെ ഫലം ലഭിച്ചു. അഞ്ചു വാട്ട് കൊണ്ടു തന്നെ പ്രകാശം വഴിഞ്ഞൊഴുകുന്ന എൽഇഡി ബൾബ് ജോൺസൺ വികസിപ്പിച്ചു. തരി ചൂടില്ല, അന്തരീക്ഷ മലിനീകരണം ഇല്ലേയില്ല.

കുട്ടിക്കാലം മുതലേ ഇലക്ട്രോണിക്സിനോടായിരുന്നു താൽപ്പര്യം. അതേക്കുറിച്ച് കിട്ടാവുന്ന പുസ്തകങ്ങളെല്ലാം വായിച്ചു. ഇരുട്ട് മാത്രമായിരുന്നു അവന്റെ ശത്രു. കേരളത്തിലെ വൈദ്യൂതീകരിക്കപ്പെടാത്ത ഗ്രാമങ്ങളുടെ പട്ടികയിലായിരുന്നു തൊണ്ണൂറുകളിലെ പെരുവണ്ണാമൂഴിയും. 1991 ലാണ് ഗ്രാമത്തിലേക്ക് വൈദ്യുതി എത്തുന്നത്. പക്ഷേ രാത്രിയിൽ ബൾബ് കത്തുന്നുണ്ടോ എന്നറിയാൻ ടോർച്ച് അടിച്ചു നോക്കേണ്ട അവസ്ഥ. വോൾട്ടേജ് ക്ഷാമം പരിഹരിക്കാൻ എന്തു ചെയ്യാൻ കഴിയും എന്ന ചിന്തയാണ് ജോൺസണെ പരീക്ഷണങ്ങളിലേക്ക് നയിച്ചത്. 

നിരന്തരമായ പരിശ്രമങ്ങള്‍ക്കൊടുവില്‍ അഞ്ചു വോള്‍ട്ടില്‍ പ്രവര്‍ത്തിക്കുന്ന ചോക്ക് ജോണ്‍സണ്‍ വികസിപ്പിച്ചെടുത്തു. തുടര്‍ന്ന് വീടിനോട് ചേര്‍ന്ന് ഒരു യൂണിറ്റുണ്ടാക്കി ട്യൂബ് ലൈറ്റ് നിർമാണം തുടങ്ങി. കുറഞ്ഞ തുകയ്ക്ക് ഗുണമേന്മയും ഗ്യാരണ്ടിയുമുള്ള ജോണ്‍സന്റെ ലൈറ്റുകള്‍ പെരുവണ്ണാമൂഴിയുടെ പ്രകാശമായി. പരീക്ഷണങ്ങൾ കൂടുതൽ മേഖലയിലേക്ക് മുന്നേറി. 30 വോള്‍ട്ടില്‍ പ്രവര്‍ത്തിക്കുന്ന സ്റ്റെബിലൈസറും അഞ്ചു വോള്‍ട്ടില്‍ പ്രവര്‍ത്തിക്കുന്ന സ്റ്റെബിലൈസറും സിഎഫ് ലാമ്പുകളുമെല്ലാം വീടിനു ചേർന്ന് തുടങ്ങിയ എം സ്‌റ്റെക് ഇലക്ട്രോ ഡിജിറ്റല്‍ ഇന്‍ഡസ്ട്രിന്റെ യൂണിറ്റിൽ നിർമിച്ചു. പരസഹായമില്ലാതെ ചലിക്കാന്‍ പോലുമാകാത്ത ജോണ്‍സണ്‍ പലരുടെയും അന്നദാതാവായി മാറി. 

പിന്നീട് ബാങ്കില്‍ നിന്ന് വായ്പയെടുത്ത് പുതിയൊരു സിഎഫ്എല്‍ യൂണിറ്റ് ആരംഭിക്കാനുള്ള നീക്കം ആരംഭിച്ചു. പരിസ്ഥിതി പ്രവർത്തകൻ കൂടിയായ ജോൺസൺ സിഎഫ് ലാമ്പിൽ ഒളിഞ്ഞിരിക്കുന്ന അപകടം മനസ്സിലാക്കിയാണ് എൽഇഡി ബൾബ് നിർമിക്കാൻ ഒരുങ്ങിയത്. പത്തു വർഷം മുൻപ് നിർമിച്ച എൽഇഡി ബൾബ് ഇപ്പോഴും വീട്ടിൽ കേടുകൂടാതെ പ്രവർത്തിക്കുന്നുണ്ട്. രണ്ടായിരത്തിലധികം രൂപയായി അന്ന് ബൾബ് നിർമിക്കാൻ. ഇപ്പോഴും താൻ നിർമിക്കുന്ന എൽഇഡി ബൾബിന് 650 രൂപയോളം ചിലവുണ്ട്. ഇതിന് ആയുസ്സ് വളരെ കൂടുതലാണ്. ബഹുരാഷ്ട്ര കമ്പനികൾ വിപണിയിൽ എത്തിക്കുന്ന രീതിയിലുള്ള വിലകുറഞ്ഞ ബൾബുകളും ജോൺസന്റെ കമ്പനി പുറത്തിറക്കുന്നുണ്ട്.

Tags:
  • Spotlight
  • Social Media Viral