Wednesday 29 September 2021 10:43 AM IST : By സ്വന്തം ലേഖകൻ

അച്ഛന്റെ നെറ്റിയിൽ അന്ത്യചുംബനം, നഷ്ടത്തിന്റെ ആഴം തിരിച്ചറിയാനാകാത്ത പ്രായത്തിലും വിതുമ്പി കുഞ്ഞുങ്ങൾ; നൊമ്പരക്കാഴ്ച

kannur-wild-elephant-attack-death-story.jpg.image.845.440

കരഞ്ഞു തളർന്ന ജുവാൻ, ആന്റിയുടെ തോളിൽ തളർന്നുകിടന്നു. അന്ത്യചുംബനത്തിനായി അച്ഛന്റെ നെറ്റിയിൽ മുഖമമർത്തിയ കുഞ്ഞു ജുവലിന്റെ മുഖം വാടി... വള്ളിത്തോട് പെരിങ്കരിയിൽ കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട ഇരിട്ടി ചെങ്ങഴശ്ശേരിൽ ജസ്റ്റിന്റെ (38) അന്ത്യശുശ്രൂഷകൾ സെന്റ് അൽഫോൻസ പള്ളിയിൽ നടക്കുമ്പോൾ നൊമ്പരപ്പെടുത്തുന്ന കാഴ്ചയായിരുന്നു ജസ്റ്റിന്റെ കുഞ്ഞുമക്കൾ. പരുക്കേറ്റ് ചികിത്സയിലുള്ള ഇവരുടെ അമ്മ ജിനി ആശുപത്രിയിലായതിനാൽ ഇരുവരെയും ചേർത്തു നിർത്തി ആശ്വസിപ്പിച്ചത് ബന്ധുക്കളാണ്.

നഷ്ടത്തിന്റെ ആഴം തിരിച്ചറിയാത്ത പ്രായത്തിലും കുഞ്ഞുങ്ങൾ വിതുമ്പി. വൻ ജനാവലിയുടെ സാന്നിധ്യത്തിലായിരുന്നു ജസ്റ്റിന്റെ സംസ്കാരം. തലശ്ശേരി അതിരൂപത ആർച്ച് ബിഷപ് മാർ. ജോർജ് ഞറളക്കാട്ട് അന്ത്യകർമങ്ങൾക്കു നേതൃത്വം നൽകി. കഴിഞ്ഞ ഞായറാഴ്ച രാവിലെ ജസ്റ്റിനും ഭാര്യ ജിനിയും ബൈക്കിൽ പള്ളിയിലേക്ക് പോകും വഴിയായിരുന്നു വീടിനു സമീപത്തുവച്ച് കാട്ടാന ആക്രമിച്ചത്.

പരുക്കുകളോടെ കണ്ണൂർ ആസ്റ്റർ മിംസ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ജിനിയുടെ ആരോഗ്യനിലയിൽ പുരോഗതി. രണ്ടു ദിവസത്തിനു ശേഷം ആശുപത്രി വിടനാകുമെന്നാണു പ്രതീക്ഷിക്കുന്നത്. ജസ്റ്റിന്റെ മൃതദേഹം തിങ്കളാഴ്ച വൈകിട്ട് പെരിങ്കരിയിലുള്ള തറവാട്ടു വീട്ടിൽ പൊതുദർശനത്തിന് വച്ചതു മുതൽ നാടിന്റെ നാനാഭാഗത്തുനിന്നും അന്ത്യോപചാരം അർപ്പിക്കുന്നതിനായി ജനങ്ങൾ ഒഴുകിയെത്തി. തലശ്ശേരി സഹായമെത്രാൻ മാർ ജോസഫ് പാംപ്ലാനി മന്ത്രി എം.വി.ഗോവിന്ദൻ, കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ,

വി. ശിവദാസൻ എംപി, എംഎൽഎമാരായ സജീവ് ജോസഫ്, കെ.കെ.ശൈലജ, സണ്ണി ജോസഫ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി.ദിവ്യ, വൈസ് പ്രസിഡന്റ് ബിനോയ് കുര്യൻ, പായം പഞ്ചായത്ത് പ്രസിഡന്റ് പി.രജനി, ഉളിക്കൽ പഞ്ചായത്ത് പ്രസിഡന്റ് പി.സി.ഷാജി തുടങ്ങി ഒട്ടേറെ ജനപ്രതിനിധികളും രാഷ്ട്രീയ–സാമുദായിക നേതാക്കളും അന്ത്യോപചാരം അർപ്പിക്കാൻ എത്തിയിരുന്നു.

Tags:
  • Spotlight