Saturday 16 June 2018 05:25 PM IST

‘വെടിയൊച്ച കേട്ട് നോമ്പു തുറന്നു, അന്ന് ഉമ്മയുടെ കയ്യിൽ നിന്ന് നല്ല അടിയും കിട്ടി...’

Roopa Thayabji

Sub Editor

1

സാക്ഷരതാ ക്ലാസിൽ നിന്നു പഠിച്ചുപാസ്സായി രാഷ്ട്രപതിയുടെ കയ്യിൽ നിന്ന് പുരസ്കാരം നേടിയ 89 വയസ്സുകാരി കുനിയിൽ അലുംകണ്ടി കദീശുമ്മ പെരുന്നാൾ അനുഭവങ്ങൾ പങ്കുവയ്ക്കുന്നു.

അന്നത്തെ കാലത്ത് വീട്ടിലൊക്കെ ദാരിദ്ര്യവും കഷ്ടപ്പാടുമല്ലേ. മക്കളെ സ്കൂളിൽ വിടാനുള്ള ഗതിയൊന്നും ബാപ്പയ്ക്കും ഉമ്മയ്ക്കുമില്ല, മദ്രസയിൽ നിന്ന് ഖുർആൻ ഓതാൻ നല്ലോണം പഠിച്ചു. അന്നും പെരുന്നാളാകുന്നതും നോക്കിയിരിക്കും ഞങ്ങൾ. പുതിയ കുപ്പായം  കിട്ടുന്നതായിരുന്നു ഏറ്റവും സന്തോഷം. കുറച്ചുദിവസം  മുൻപേ തന്നെ ഞങ്ങൾ ‘കിണ്ടൻ തുണി’ എന്നു വിളിച്ചിരുന്ന പുള്ളിത്തുണി വാങ്ങി മുറിച്ച് ഉമ്മ കൈകൊണ്ട്  ഉടുപ്പു തുന്നിതരും. കിണ്ടൻ തുണിയുടെ തന്നെ ഒരു കഷണമാണ് തട്ടമിടാനും തരുക. പെരുന്നാളിന്റെ  തലേന്ന് മൈലാഞ്ചിയില അരച്ച് കയ്യിലിടും. കുപ്പായത്തിലൊന്നും പറ്റാതിരിക്കാൻ പൊതിഞ്ഞുകെട്ടിയാണ് കിടക്കുക.

ആരുടെ  കൈയ്യിലാണ് കൂടുതൽ ചോപ്പുള്ളത് എന്നു നോക്കാൻ പിറ്റേന്ന് മത്സരമാണ്. ഇതു കാണുമ്പോൾ ഉപ്പ കളിയായി പറയും, ‘‘ഇനി ചോറു കഴിച്ചില്ലെങ്കിലും കുഴപ്പമില്ല, കൈ നല്ലോണം ചോന്നല്ലോ’’ എന്ന്. അന്നൊക്കെ കൂടുതൽ സമയം ഭക്ഷണം  കഴിക്കാതെയിരിക്കണം എന്നതായിരുന്നു വിശ്വാസം. പുലർച്ചെ മൂന്നിനല്ല, രാത്രി 12നാണ് അത്താഴം കഴിക്കുക. വെളുപ്പിനുണർന്ന് നിസ്കരിക്കുകയേയുള്ളൂ. ഉപ്പയ്ക്ക് ഇക്കാര്യത്തിൽ വലിയ നിഷ്ഠയായിരുന്നു, സമയം 12 കഴിഞ്ഞുപോയാൽ ഭക്ഷണമേ കഴിക്കില്ല. നോമ്പുതുറ സമയത്ത് അയൽവീടുകളിലേക്കൊക്കെ പങ്ക് കൊടുത്തയയ്ക്കും.

പെരുന്നാളിന്റെയന്ന് രാവിലെ ആണുങ്ങൾ കുളിച്ചു പുതിയ കുപ്പായമിട്ട് പള്ളിയിലേക്കു പോകും, ഉച്ചയ്ക്ക് വിഭവസമൃദ്ധമായ തീൻമേശ ഒരുക്കാനുള്ള തിരക്കിലാകും പെണ്ണുങ്ങൾ. പെരുന്നാളിനു കുളിച്ചുവയ്ക്കുക എന്നൊരു ചൊല്ല് തന്നെയുണ്ട്, എന്നുവച്ചാൽ കുളിച്ചുവന്ന ശേഷമേ ആഹാരം ഉണ്ടാക്കൂ. 14 ാം വയസ്സിലായിരുന്നു എന്റെ കല്യാണം. ഏറാൻതൊടി ബീരാൻ കുട്ടിയുടെ ഭാര്യയായി കോഴിക്കോടുകാരിയായ ഞാൻ മലപ്പുറം ജില്ലയിലെ അരിക്കോടേക്ക് വന്നു.

ഏഴാം വയസ്സില്‍ നോമ്പെടുത്ത് തുടങ്ങിയതാണ്. ഈ കാലത്തിനിടയ്ക്ക് രണ്ടുതവണയേ നോമ്പ് പിടിക്കാതെ ഇരുന്നിട്ടുള്ളൂ, ആദ്യത്തേത് കുറച്ചു തമാശയാണ്. രണ്ടാമത്തേത് വലിയ സന്തോഷമുള്ള കാര്യവും. അന്ന് അടുത്തൊന്നും പള്ളിയില്ല, നോമ്പുതുറക്കാനും പുലർച്ചയ്ക്ക് എണീക്കാനുമൊക്കെ വെടിയൊച്ചയാണ് കേൾക്കുക. അന്നെനിക്ക് ഒൻപതോ പത്തോ വയസ്സ് പ്രായം. ഉമ്മയോടാപ്പം പറമ്പിൽ പയറുകൃഷി ചെയ്യുകയാണ്. അടുത്ത വീട്ടുകാർ പ്രാവിനെ വെടിവച്ച ശബ്ദം കേട്ടപ്പോൾ നോമ്പ് തുറക്കാൻ നേരമായെന്നോർത്ത് ഞാൻ പയറെടുത്ത് കഴിച്ചു. കുറച്ചുകഴിഞ്ഞ് ശരിക്കുമുള്ള വെടിയൊച്ച കേട്ടപ്പോഴാണ് അബദ്ധം മനസ്സിലായത്. അന്ന് ഉമ്മയുടെ കയ്യിൽ നിന്ന് നല്ല അടി കിട്ടി.

വർഷങ്ങൾ കഴിഞ്ഞ്, അഞ്ച് ആൺമക്കളായ ശേഷം ഭർത്താവ് മരിച്ചു. മക്കളുടെയൊക്കെ നിക്കാഹ് കഴിഞ്ഞ കാലത്ത് ഞാൻ സാക്ഷരതാ ക്ലാസിൽ ചേർന്നു. നാലാം ക്ലാസ് തുല്യതാ പരീക്ഷയ്ക്ക് മലപ്പുറം ജില്ലയിൽ നിന്ന് ഞാനും കുറേപ്പേരും പരീക്ഷയെഴുതി. കുറച്ചുദിവസം കഴിഞ്ഞപ്പോൾ അടുത്ത വിശേഷം, ഞങ്ങളുടെ കീഴുപറമ്പ് പഞ്ചായത്തിലാണ് ഏറ്റവും കൂടുതൽ വിജയം. അതിനാൽ എന്നെ രാഷ്ട്രപതി ഭവനിലേക്ക് വിരുന്നിനു ക്ഷണിച്ചിരിക്കുന്നു. 2011ലാണ് അത്. അതുമൊരു നോമ്പുകാലമാണ്. 28 ാം നോമ്പിന്റെയന്നാണ് ഡൽഹിക്ക് വണ്ടി കയറിയത്. ആറേഴു ദിവസത്തെ യാത്രയും സ്വീകരണവും വിരുന്നുമൊക്കെ കഴിഞ്ഞ് നാട്ടിലെത്തിയപ്പോഴേക്കും പെരുന്നാൾ കഴിഞ്ഞിരുന്നു. ആ നോമ്പ് പിന്നീട് വീട്ടി.’