Wednesday 12 June 2024 03:02 PM IST : By സ്വന്തം ലേഖകൻ

രാത്രിയിൽ ദേഹമാകെ എണ്ണതേച്ച് അർധനഗ്നരായി വരും; മോഷണത്തിനിടെ പിടിക്കപ്പെടുമെന്ന് ഉറപ്പായാൽ കൊല്ലും! ഞെട്ടിച്ച് കാമാക്ഷിപുരത്തെ കള്ളന്മാർ

tamil-nadu-robbers

മോഷണത്തിനിടെ പിടിക്കപ്പെടുമെന്ന് ഉറപ്പായാൽ കൊലപാതകത്തിനു മടിക്കാത്ത ക്രൂരരായ ക്രിമിനൽ സംഘം. ആക്രി കച്ചവടക്കാരെന്ന രീതിയിൽ വീടുകൾ നിരീക്ഷിക്കും. രാത്രിയിൽ ദേഹമാകെ എണ്ണതേച്ച് വസ്ത്രം ധരിക്കാതെ ഇടവഴികളിലൂടെ വീടുകളിലെത്തി മോഷണം നടത്തും. ആളൊഴിഞ്ഞ പാടത്തോ പറമ്പിലോ പുലർച്ചെവരെ കിടക്കും. പിന്നീട് വേഷം മാറി ട്രെയിനിലോ ബസിലോ തമിഴ്നാട്ടിലേക്ക്.

കോട്ടയം രാമപുരത്തെ വീട്ടിൽ ഉറങ്ങിക്കിടന്ന വീട്ടമ്മയുടെ വളകൾ അറുത്തു മാറ്റിയ സംഘത്തെ തിരക്കി തേനിയിലെ തിരുട്ടുഗ്രാമത്തിലെത്തിയ പൊലീസ് സംഘം നടത്തിയത് അതിസാഹസികമായ ഓപ്പറേഷൻ. പതിവിനു വിരുദ്ധമായി 30 പൊലീസുകാർ ആയുധങ്ങളുമായാണ് ഗ്രാമത്തിൽ കടന്നത്. 2 ദിവസം രാത്രിയും പകലുമായി നടത്തിയ ഓപ്പറേഷൻ ഇങ്ങനെ:

പുതുവേലി ചോരക്കുഴി ഭാഗത്തെ വീടിന്റെ അടുക്കള ഭാഗത്തുള്ള ഗ്രില്ലിന്റെ പൂട്ടും അടുക്കള വാതിലും കുത്തിത്തുറന്ന് സംഘം അകത്തു കയറി. കിടപ്പു മുറിയിൽ ഉറങ്ങിക്കിടന്ന മധ്യവയസ്കയുടെ കയ്യിൽ കിടന്ന രണ്ടു വളകൾ അറുത്തെടുത്തു. ഇതരസംസ്ഥാന തൊഴിലാളികളെയാണ് പൊലീസ് ആദ്യം സംശയിച്ചത്. ജില്ലയിലെ വിവിധ സ്റ്റേഷനുകളിൽ സമാനമായ രീതിയിൽ നടന്ന മോഷണങ്ങൾ പരിശോധിച്ചു.

മോഷ്ടാക്കളുടെ രീതികൾ വിലയിരുത്തി. ജില്ലയിൽ മുൻപ് മോഷണം നടത്തിയ വേലൻ, സന്തോഷ് എന്നിവരുടെ സംഘമാണ് കുറ്റക‍ൃത്യത്തിനു പിന്നിലെന്ന് മനസ്സിലായി. ഇവരെ പിടികൂടി ചോദ്യം ചെയ്തപ്പോൾ സംഘാംഗങ്ങൾ തേനി കാമാക്ഷിപുരത്ത് ഉള്ളവരാണെന്ന് തിരിച്ചറിഞ്ഞു.

∙ കാമാക്ഷിപുരം അഥവാ തിരുട്ടുഗ്രാമം

നൂറോളം വീടുകളുള്ള ഗ്രാമം. ദുഷ്കരമായ വഴികൾ. ഗ്രാമത്തിൽ ചെറിയ പൊലീസ് സംഘവുമായുള്ള ഓപ്പറേഷൻ നടക്കില്ലെന്നു ബോധ്യമായി. കോട്ടയം എസ്പി കെ.കാർത്തിക് തേനിയിലെ ഉന്നത പൊലീസ് ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ടു. 30 അംഗ കേരള പൊലീസ് സംഘത്തെ തയാറാക്കി. ആവശ്യമായ ആയുധങ്ങൾ നൽകി. തമിഴ്നാട് പൊലീസ് ഉദ്യോഗസ്ഥരുമായി നിരന്തരം ബന്ധപ്പെട്ട എസ്പി ഓപ്പറേഷനു നേതൃത്വം നൽകി.

രണ്ടു ദിവസം മുൻപ് തമിഴ്നാട് പൊലീസിന്റെ സഹായത്തോടെ തിരുട്ടുഗ്രാമത്തിലെത്തിയ പൊലീസ് വീടുകൾ പരിശോധിച്ചു. നാൽപതോളം പുരുഷൻമാർ അപ്പോഴേക്കും ഗ്രാമത്തിൽനിന്ന് കടന്നിരുന്നു. മോഷ്ടിച്ച സ്വർണവും യാത്രയ്ക്ക് ഉപയോഗിച്ച ബൈക്കും കണ്ടെടുത്തു. സംഘത്തിലെ മൂന്നു പേരുടെ ഫോട്ടോയും ലഭിച്ചു. മോഷണത്തെക്കുറിച്ച് മാധ്യമങ്ങളിൽ വരുന്ന വാർത്തകൾ സംഘം നിരന്തരം പരിശോധിച്ചിരുന്നതായി ഗ്രാമത്തിൽനിന്ന് കണ്ടെടുത്ത ഫോണിൽനിന്ന് പൊലീസിനു മനസ്സിലായി. സംഘത്തിലെ മൂന്നു പേർക്കായുള്ള അന്വേഷണം നടക്കുന്നു.

മോഷണത്തിനിടെ കൊലപാതകത്തിനു മടിക്കാത്ത സംഘമാണിതെന്നു എസ്പി കാർത്തിക് മനോരമ ഓൺലൈനോട് പറഞ്ഞു. ജോലിക്കായി എത്തുമ്പോള്‍ വീടുകൾ കണ്ടെത്തും. പിന്നീട് തമിഴ്നാട്ടിൽനിന്ന് കൂടുതൽ ആളുകളെ വിളിച്ചുവരുത്തി മോഷണം നടത്തും. സിസിടിവി ഒഴിവാക്കാൻ ഇടവഴികളിലൂടെ ബസ് സ്റ്റാൻഡിലോ റെയിൽവേ സ്റ്റേഷനിലോ എത്തി തമിഴ്നാട്ടിലേക്ക് കടക്കും.

Tags:
  • Spotlight