Saturday 24 August 2019 09:53 AM IST : By സ്വന്തം ലേഖകൻ

പ്രളയകാലത്ത്, ആരെന്നു വെളിപ്പെടുത്താതെ ചാക്ക് ചുമന്ന കലക്ടർ രാജി വച്ചു! കണ്ണന്‍ ഗോപിനാഥന്‍ ഐഎഎസ് രാജിക്കത്ത് നൽകി

kannan-new

കഴിഞ്ഞ വർഷത്തെ പ്രളയകാലത്ത്, ആരെന്നു വെളിപ്പെടുത്താതെ, സംഭരണ കേന്ദ്രത്തിൽ ദുരിതാശ്വാസ പ്രവർത്തകർക്കൊപ്പം ചാക്ക് ചുമന്ന കണ്ണൻ ഗോപിനാഥൻ ഐ.എ.എസ് രാജിക്കത്ത് നൽകിയെന്ന വാർത്തയുടെ ഞെട്ടലിലാണ് ഏവരും. പ്രളയത്തിന്റെ ഒന്നാമാണ്ട് തികയുന്ന വേളയിൽ പുറത്തു വരുന്ന ഈ വാർത്ത ആരിലും അമ്പരപ്പുണ്ടാക്കും.

കോട്ടയം പുതുപ്പള്ളി സ്വദേശിയാണ് കണ്ണന്‍ ഗോപിനാഥന്‍ ഐഎഎസ്. 2012 ബാച്ചിലെ ഉദ്യോഗസ്ഥനായ കണ്ണൻ ദാദ്ര നഗര്‍ ഹവേലിയിലെ കലക്ടറാണ്. നഗരവികസനം, വൈദ്യുതി, കൃഷി തുടങ്ങിയ സുപ്രധാന വകുപ്പുകളുടെ ചുമതലയും കണ്ണനുണ്ട്. എന്നാൽ ഐഎഎസ് പദവിയിലിരുന്ന് കൊണ്ട് തന്റെ ആശയങ്ങൾ സ്വതന്ത്ര്യമായി ആവിഷ്ക്കരിക്കാൻ സാധിക്കാത്തതിനാലാണ് കണ്ണൻ രാജിക്ക് ഒരുങ്ങുന്നതെന്ന് അടുത്ത വൃത്തങ്ങൾ അറിയിച്ചു. രാജിക്കത്ത് നൽകിയെന്നുള്ളത് കണ്ണൻ ഗോപിനാഥൻ സ്ഥിരീകരിച്ചിട്ടുണ്ട്. രാജി അപേക്ഷ ഇതുവരെ സ്വീകരിച്ചിട്ടില്ല.

കണ്ണൻ ഗോപിനാഥനെ രാജി വാർത്ത ഇതിനോടകം സമൂഹമാധ്യമത്തിൽ വലിയ ചർച്ചയായിക്കഴിഞ്ഞു.

ജോലിയില്‍നിന്നു അവധിയെടുത്താണ് കലക്ടർ കഴിഞ്ഞ വർഷം ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടത്. എറണാകുളം ജില്ലയിലെ സംഭരണ കേന്ദ്രങ്ങളുടെ ചുമതലയുള്ള കലക്ടര്‍ മുഹമ്മദ് സഫീറുള്ളയും സബ് കലക്ടര്‍ പ്രജ്ഞാല്‍ പട്ടീലും കെബിപിഎസ് സന്ദര്‍ശിച്ചപ്പോഴാണ് അതുവരെ കൂടെ പണിയെടുത്തിരുന്നത് ദാദ്ര നഗര്‍ ഹവേലി കലക്ടര്‍ കണ്ണന്‍ ഗോപിനാഥനാണെന്ന് എല്ലാവരും തിരിച്ചറിയുന്നത്.

സ്വന്തം ബാച്ചുകാരന്‍ ജില്ലാ കലക്ടര്‍ ആയിരിക്കുന്ന ആലപ്പുഴയില്‍ പോയിട്ടു പോലും ആരെന്നു വെളിപ്പെടുത്താതെ തന്നാൽ കഴിയുന്ന പോലെ പ്രവര്‍ത്തിച്ച ശേഷമാണ് കണ്ണന്‍ എറണാകുളത്ത് എത്തിയത്.

എന്തായാലും കണ്ണന്റെ രാജി വാർത്ത വരുമ്പോൾ, കണ്ണനെ പിന്തുണച്ച് നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്.