Friday 02 November 2018 12:31 PM IST : By സ്വന്തം ലേഖകൻ

‘പത്തു വരെ പഠിക്കുവല്ലിയോ, എന്നിട്ട് ജോലിക്കു പോകും’; ഇംഗ്ലീഷ് ചാനലിനോട് കാർത്ത്യായനിയമ്മ–വിഡിയോ

viral-video

‘പ്രായത്തോട് പ്രായമായില്ലേ...ഇനി പഠിച്ചിട്ട് എന്തെടുക്കാനാണ്.’ പഠനം പാതി വഴിക്കാക്കുന്നവർ സ്ഥിരം മൊഴിയുന്നൊരു എക്സ്ക്യൂസാണിത്. ‘പിന്നേ...പഠിച്ചിട്ട് കലക്ടറാകാൻ പോകുവല്ലേ?’ എന്ന പഴകിപ്പൊളിഞ്ഞ കമന്റ് വേറെയുമുണ്ടാകും.

അത്തരക്കാർ ഈ മുത്തശ്ശി പറയുന്നതൊന്നു കേൾക്കണം. വേച്ചു വേച്ചു നടക്കുന്നതിനിടയ്ക്കും തൊണ്ണൂറ്റിയാറുകാരി കാർത്ത്യായനി അമ്മ തന്റേടത്തോടെ പറയുകയാണ്. ‘കമ്പ്യൂട്ടർ കൂടി പഠിക്കാൻ പോണം, ചുമ്മാതിരിക്കുന്ന സമയത്ത് കമ്പ്യൂട്ടറേൽ അടിക്കാമല്ലോ? ഇനി വല്ല ജോലിയും കിട്ടിയാൽ അതിനും പോകും...’

ആളെ പ്രത്യേകിച്ച് പരിചയപ്പെടുത്തേണ്ടതില്ലല്ലോ?, സംസ്ഥാനത്തെ തന്നെ ഉയർന്ന മാർക്കോടെ നാലാം ക്ലാസ് തുല്യത പരീക്ഷ പാസായ കാർത്ത്യായനി അമ്മയെക്കുറിച്ച് തന്നെയാണ് പറഞ്ഞ് വരുന്നത്. സാക്ഷരതാ മിഷൻ പുറത്തിറക്കിയ പരീക്ഷാഫലത്തിൽ നൂറിൽ 98 മാർക്കോടെയാണ് ഇൗ 96കാരി മിടുക്കി മുത്തശ്ശി പാസായിരിക്കുന്നത്.

സാക്ഷര കേരളത്തിന്റെ മുഖശ്രീയായി മാറിയ മുത്തശ്ശി സംസ്ഥാന സർക്കാരിന്റെ ആദരമേറ്റു വാങ്ങിയ ശേഷം പറഞ്ഞ ഈ വാക്കുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. എൻഡിടിവി റിപ്പോർട്ടറുടെ ചോദ്യങ്ങൾക്കാണ് 96 വയസിന്റെ ചെറുപ്പത്തോടെ കാർത്ത്യായനി അമ്മയുടെ ഉത്തരം. 

‘ഇത് കഴിഞ്ഞിട്ടും ഞാൻ പഠിക്കുവല്ലിയോ? പത്തുവരെ പഠിക്കണമെന്നാണ് എന്റെ വിചാരം. പിള്ളേര് എഴുതുന്നത് കണ്ടപ്പോൾ എനിക്കും ആശ തോന്നി. ഞാൻ എഴുതിന്നിടത്തോളം മാർക്ക് എനിക്ക് കിട്ടുമെന്ന് ഉറപ്പായിരുന്നു.’ പ്രായം തളർത്താത ആ ആത്മവിശ്വാസത്തിന്റെ വാക്കുകൾ അങ്ങനെ പോകുന്നു.

റെക്കോഡിന്റെ പെരുമയും പേറുന്നുണ്ട് കാർത്ത്യായനി അമ്മയുടെ ഈ വിജയം. ഈ പ്രായത്തിലും മുത്തശ്ശി നേടിയ ഉയർന്ന മാർക്ക് റെക്കോർഡാണെന്നും സാക്ഷരതാ മിഷൻ സാക്ഷ്യപ്പെടുത്തുന്നു. 

42,933 പേരെഴുതിയ പരീക്ഷയിൽ ഏറ്റവും പ്രായമുള്ള പരീക്ഷാർഥിയായിരുന്നു കാര്യത്ത്യായനിയമ്മ. സംസ്ഥാന സാക്ഷരാതാ മിഷന്റെ അക്ഷരലക്ഷം പദ്ധതിയുടെ ഭാഗമായിരുന്നു ഇൗ പരീക്ഷ. ഇതിൽ ഫലം പ്രഖ്യാപിച്ചപ്പോൾ 99.08 ആണ് വിജയശതമാനം. 43,330 പേർ പരീക്ഷയെഴുതിയതിൽ 42,933പേരും വിജയിച്ചു എന്നത് പദ്ധതിയുടെ മികവിലേക്കും വിരൽചൂണ്ടുന്നു. മലയാള മനോരമയിൽ പ്രസിദ്ധീകരിച്ച ചിത്രത്തിൽ കാർത്ത്യായനിയമ്മയുടെ അടുത്തിരുന്ന് പരീക്ഷയെഴുതിയ ഹരിപ്പാട് സ്വദേശി രാമചന്ദ്രൻ പിള്ളയ്ക്ക് നൂറിൽ 88 മാർക്കാണ് ലഭിച്ചത്. 

ഇരുവരുടെയും പരീക്ഷാ വിജയത്തോടെ സോഷ്യൽ ലോകത്തും താരമായിരിക്കുകയാണ് വീണ്ടും. ഒന്നാം റാങ്കിന്റെ ആവേശത്തിലാണ് കാര്‍ത്യായനിയമ്മൂമ്മ ക്യാമറകളുടെ വെള്ളിവെളിച്ചത്തിലേക്ക് നടന്നെത്തിയത്. ചുറ്റും കൂടിയ മാധ്യമങ്ങളോട് ആഹ്ളാദം മറച്ചുവച്ചില്ല. പിന്നെ കുട്ടികള്‍ സ്റ്റേജിലെത്തുന്ന അതേ ആവേശത്തോടെ മുഖ്യമന്ത്രിയുടെ അടുത്തെത്തി, ഒന്നാം സമ്മാനം വാങ്ങാന്‍.