രണ്ട് പെൺമക്കളോടൊപ്പം യുവതി വാടക വീടിനുള്ളിൽ മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തി ജീവനൊടുക്കി. കരുനാഗപ്പള്ളി ആദിനാട് തെക്ക് പുത്തൻവീട്ടിൽ പ്രവാസിയായ ഗിരീഷ് ആനന്ദന്റെ ഭാര്യ താര ജി.കൃഷ്ണ(36), മക്കളായ ടി.അനാമിക (7), ടി.ആത്മിക (ഒന്നര) എന്നിവരാണു മരിച്ചത്. കുടുംബ ഓഹരി പ്രശ്നമാണു മരണകാരണമെന്നു പൊലീസ് പറഞ്ഞു. യുവതിയുടെ ആത്മഹത്യക്കുറിപ്പ് പൊലീസിന് ലഭിച്ചിട്ടുണ്ട്.
ഇന്നലെ തന്നെ ഇവരുടെ പ്രശ്നത്തിൽ കരുനാഗപ്പള്ളി പൊലീസ് രണ്ടുതവണ ഇടപെട്ടിരുന്നു. കുവൈത്തിൽ ജോലി നോക്കുന്ന ഗിരീഷ് ഇന്നു നാട്ടിലെത്താനിരിക്കെയാണ് അമ്മയും മക്കളും ജീവനൊടുക്കിയത്. ഓച്ചിറ വയനകം കൈപ്പള്ളിൽ കുടുംബാംഗമാണ് താര. ഇന്നലെ 3.30ന് ആദിനാട് വടക്ക് കൊച്ചു മാംമൂട് ജംക്‌ഷന് വടക്ക് ഭാഗത്ത് സന്ദീപ് സോമന്റെ ഉടമസ്ഥതയിലുള്ള സൗപർണിക എന്ന വാടക വീട്ടിലായിരുന്നു സംഭവം.
ഒന്നര വർഷമായി താരയും കുടുംബവും ഇവിടെ വാടകയ്ക്കു താമസിക്കുകയായിരുന്നു. മക്കളോടൊപ്പം വീട്ടിലുണ്ടായിരുന്ന താര ജി. കൃഷ്ണയുടെ പിതാവ് ഗോപാലകൃഷ്ണൻ സമീപത്തെ കടയിൽ ചായ കുടിക്കാൻ പോയ സമയത്താണു വീടിന്റെ കിടപ്പു മുറിയിൽ മക്കളെയും കൂട്ടി താര മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തിയത്.
വീട്ടിൽ നിന്ന് നിലവിളിയും പുകയും ഉയർന്നതോടെ നാട്ടുകാർ കിടപ്പുമുറിയുടെ കതക് തകർത്ത് അകത്തു കയറി മൂന്നുപേരെയും പുറത്തെത്തിക്കുകയായിരുന്നു. അഗ്നിരക്ഷാ സേന എത്തിയാണു മുറിയിലെ തീ പൂർണമായി അണച്ചത്. പൊലീസിനു ലഭിച്ച ആത്മഹത്യക്കുറിപ്പിൽ ഭർത്താവിന്റെ കുടുംബ ഓഹരി പ്രശ്നങ്ങളും സാമ്പത്തിക പ്രശ്നങ്ങളും സൂചിപ്പിച്ചിട്ടുണ്ട്.
ഇന്നലെ 12ന് താര ഗിരീഷിന്റെ കാട്ടിൽ കടവിന് സമീപമുള്ള കുടുംബ വീട്ടിലെത്തി കുടുംബ വീട്ടിൽ ഭർത്താവിന്റെ സഹോദരനും കുടുംബവും താമസിക്കുന്നതിനെച്ചൊല്ലി തർക്കം ഉണ്ടായതായി പൊലീസ് പറയുന്നു. ഗിരീഷിന്റെ സഹോദരൻ കരുനാഗപ്പള്ളി പൊലീസിൽ അറിയിച്ചതിനെ തുടർന്ന് പൊലീസ് എത്തി താരയെ ആശ്വസിപ്പിച്ചു വാടക വീട്ടിലേക്ക് അയച്ചു. പിന്നീട് വിദേശത്തുള്ള ഗിരീഷ് സഹോദരനെ ഫോണിൽ വിളിച്ച് താര ആത്മഹത്യാ ഭീഷണി മുഴക്കുന്നതായി അറിയിച്ചതിനെ തുടർന്ന് സഹോദരൻ വീണ്ടും കരുനാഗപ്പള്ളി പൊലീസിനെ വിവരം അറിയിക്കുകയും വനിതാ സെല്ലിലെ ഉദ്യോഗസ്ഥർ താര താമസിക്കുന്ന വീട്ടിലെത്തുകയും ചെയ്തിരുന്നു.
ഗിരീഷ് നാട്ടിലെത്തിയ ശേഷം പൊലീസിൽ പരാതി നൽകിയാൽ ഇരുവരെയും പൊലീസ് സ്റ്റേഷനിൽ വിളിച്ചു വരുത്തി പ്രശ്നപരിഹാരത്തിന് ശ്രമിക്കാം എന്നു പറഞ്ഞ് പൊലീസ് തിരികെ പോയതിന് പിന്നാലെയാണ് ആത്മഹത്യ ശ്രമം നടന്നത്. മൂന്നു പേരുടെയും മൃതദേഹങ്ങൾ ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ. കരുനാഗപ്പള്ളി എഎസ്പി അഞ്ജലി ഭാവന വീട്ടിലെത്തി പരിശോധന നടത്തി. തങ്കമണിയാണു താര ജി.കൃഷ്ണന്റെ മാതാവ്. അനാമിക പുതിയകാവ് അമൃത വിശ്വവിദ്യാ പീഠത്തിലെ ഒന്നാം ക്ലാസ് വിദ്യാർഥിയാണ്.
നീറിപ്പുകയുന്ന കാഴ്ചയിൽ നടുങ്ങി നാട്
നിഷ്കളങ്കരായ രണ്ടു കുരുന്നുകളുടെ കളി ചിരി നിമിഷ നേരം കൊണ്ട് നിലവിളിയും പുകയുമായത് ഓർക്കാനാവാതെ നാട്ടുകാർ. വിദേശത്തുനിന്ന് മക്കൾക്ക് കളിപ്പാട്ടങ്ങളും പുത്തൻ ഉടുപ്പുകളുമായി എത്തുന്ന പിതാവിനെ കാണാതെ കൺമണികൾ യാത്രയായി. അവസാന നിമിഷവും അമ്മയും മക്കളും ഇണ പിരിയാതെ യാത്രയായി.
ആദിനാട് വടക്ക് വാടക വീട്ടിൽ തീകൊളുത്തി ജീവനൊടുക്കിയ താര ജി. കൃഷ്ണന്റെയും മക്കളായ അനാമികയുടെയും ആത്മികയുടെയും ദുരന്തത്തിൽ വിങ്ങലോടെ കഴിയുകയാണ് നാട്. മൂത്ത കുട്ടി ഒന്നാം ക്ലാസുകാരി അനാമിക ഒന്നര വയസ്സുള്ള ഇളയ കുട്ടിയെ തോളിലേറ്റിയാണു കളിപ്പിക്കുന്നത്. മിക്കപ്പോഴും ചേച്ചിയുടെ കൈയിൽ അനുജത്തി കാണും. സ്കൂളിൽ നിന്നെത്തിയാൽ ഇവർ രണ്ടുപേരും മതിൽകെട്ടിനുള്ളിൽ ഒരുമിച്ചു കളിക്കുന്നത് അയൽവാസികൾക്കു പതിവു കാഴ്ചയായിരുന്നു.
മാസങ്ങൾക്ക് മുൻപാണ് ആത്മികയുടെ ഒന്നാം പിറന്നാൾ ആഘോഷിച്ചത്. ഒന്നര വർഷമായി ആദിനാട് കൊച്ചു മാംമൂട് ജംക്‌ഷന് സമീപമുള്ള വാടക വീട്ടിൽ അമ്മയും മക്കളും താമസിക്കുന്നു. വളരെ ശാന്തമായിട്ടാണു കുടുംബം കഴിഞ്ഞിരുന്നത്. കുട്ടികൾ റോഡിലൂടെ പോകുന്ന മിക്ക അയൽക്കാരുമായും സൗഹൃദത്തിലായിരുന്നു. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി പിതാവ് ഗിരീഷ് ആനന്ദൻ നാട്ടിലെത്തുന്ന വിവരം കുട്ടികൾ അയൽക്കാരോട് പറയുമായിരുന്നു.
വാടകവീട് ഒരു വർഷത്തേക്കു കൂടി വേണമെന്ന് വീട്ടുടമസ്ഥനോട് ആവശ്യപ്പെട്ടിരുന്നു. ഗിരീഷ് വന്ന ശേഷം വീടിന്റെ വാടക കരാർ പുതുക്കാനിരിക്കുകയായിരുന്നു. ഗിരീഷ് അവധിക്ക് നാട്ടിലെത്തുമ്പോൾ കുടുംബ വീട്ടിലേക്ക് താമസം മാറ്റുകയോ, മറ്റൊരു വീട് നിർമിച്ച് താമസിക്കാനോ ആയിരുന്നു മോഹം. എല്ലാ മോഹങ്ങളും ബാക്കിയാക്കി അമ്മയുടെയും മക്കളുടെ മരണം ആദിനാട് വടക്ക് ഗ്രാമത്തെ കണ്ണീരിലാഴ്ത്തി