Thursday 13 August 2020 05:04 PM IST : By സ്വന്തം ലേഖകൻ

പതിനാറുകാരിക്ക് വിഷംകലർത്തിയ ഐസ്ക്രീം നൽകിയത് സഹോദരൻ; കാരണം ഞെട്ടിക്കുന്നത്

ksgd

കാസര്‍കോട് ബളാൽ അരിങ്കല്ലിൽ പതിനാറുകാരിയെ സഹോദരൻ വിഷം കൊടുത്തു കൊന്നു. സഹോദരൻ ആൽബിൻ (22) ഐസ് ക്രീമിൽ വിഷം കലർത്തി ആൻമേരിയെ കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് വെളിപ്പെടുത്തി. ഈമാസം അഞ്ചിനാണ് ഓലിക്കൽ ബെന്നി– ബെസി ദമ്പതികളുടെ മകൾ ആൻ മേരി (16) മരിച്ചത്. ആല്‍ബില്‍ മാതാപിതാക്കളേയും കൊലപ്പെടുത്താനും ശ്രമിച്ചെന്നും പൊലീസ് അറിയിച്ചു.

ഛർദ്ദിയും വയറിളക്കവും ബാധിച്ചതിനെത്തുടര്‍ന്നാണ് ആൻമേരിയെ വെള്ളരിക്കുണ്ടിലെ സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്. ആശുപത്രി പരിശോധനയിൽ കുട്ടിക്ക് കരളിന് പ്രശ്നമുണ്ടെന്നും മഞ്ഞപ്പിത്തം ബാധിച്ചുവെന്നും കണ്ടെത്തി. ജില്ലാ ആശുപത്രിയിലേക്ക് പ്രവേശിപ്പിുപ്പിക്കുമ്പോഴേക്കും നില വഷളായി. പിറ്റേന്നു ഡിസ്ചാർജ് വാങ്ങി നാടൻ ചികിത്സ ആരംഭിച്ചു. ബുധനാഴ്ച അസുഖം കൂടി ചെറുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ച ഉടൻ മരിക്കുകയായിരുന്നു. സ്വാഭാവിക മരണമെന്നായിരുന്നു നേരത്തെ പറഞ്ഞിരുന്നത്.

തൊട്ടു പിന്നാലെയാണു പിതാവ് ബെന്നിയെ ഛർദിയെ തുടർന്ന് പയ്യന്നൂർ സ്വകാര്യാശുപത്രിയിലും പിന്നീട് കോഴിക്കോട് സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചത്. അമ്മ ബെസിയും മകൻ ആൽബിനും കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു . മാതാപിതാക്കളുടെ സ്രവ പരിശോധന നടത്തിയപ്പോഴാണ് ശരീരത്തിൽ വിഷാംശം കണ്ടെത്തിയത്. ആൻമേരിയുടെ രക്ത പരിശോധനയിലും എലിവിഷത്തിന്റെ അംശം കണ്ടെത്തിയിട്ടുണ്ട്. സംഭവത്തിനു നാലു ദിവസം മുൻപു ബെന്നിയുടെ വീട്ടിൽ ഐസ്ക്രീം ഉണ്ടാക്കിയിരുന്നു. അന്നു തന്നെ പിതാവും മകളും കഴിച്ചു.

കുടുബംത്തിലെ ഒരാള്‍ക്ക് മാത്രം ആരോഗ്യപ്രശ്നങ്ങളൊന്നുമില്ലെന്നത് ഡോക്ടര്‍മാരിൽ സംശയം ജനിപ്പിച്ചു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കൊടുംക്രൂരതയുടെ ചുരുളഴിഞ്ഞത്. കുടുംബത്തെ അപ്പാടെ ഇല്ലാതാക്കാനാണ് ആല്‍ബില്‍ ലക്ഷ്യമിട്ടതെന്ന് പൊലീസ് പറയുന്നു. സ്വൈര്യജീവിതത്തിന് പണം കണ്ടെത്താൻ ആൽബിൻ സ്വത്ത് കൈക്കലാക്കാന്‍ ലക്ഷ്യമിട്ടെന്നു പൊലീസ് വിശദീകരിച്ചു.

അച്ഛനും അമ്മയും ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ചികിത്സയിലാണ്. അച്ഛൻ ബെന്നിയുടെ നില അതീവഗുരുതരമെന്നാണ് സൂചന. രഹസ്യ ബന്ധങ്ങൾ തുടരുന്നതിന് കുടുംബം തടസമെന്ന തോന്നലാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസ് പറയുന്നത്. 

പൊലീസ് ബെന്നിയുടെ വീട്ടിലെത്തി ഐസ്ക്രീം ഉണ്ടാക്കാൻ ഉപയോഗിച്ചു ബാക്കിവന്ന സാധനങ്ങൾ കസ്റ്റഡിയിലെടുത്ത ശേഷം വീട് പൂട്ടി സീൽ ചെയ്തു.