Monday 11 March 2024 02:23 PM IST : By സ്വന്തം ലേഖകൻ

‘പകൽ ആളനക്കമില്ല, മുഴുവൻ സമയവും അടഞ്ഞുകിടക്കുന്ന വാതിൽ, രാത്രിയിൽ മാത്രം എത്തുന്ന ആളുകൾ’; ദുരൂഹത നിറഞ്ഞ വീട്

kattappana-mystery.jpg.image.845.440

കട്ടപ്പനയിലെ ഇരട്ടക്കൊലക്കേസിൽ നവജാതശിശുവിന്റെ മൃതദേഹം കണ്ടെത്താനുള്ള തിരച്ചിൽ ഇന്നും തുടരും. മുഖ്യപ്രതി നിതീഷ് മൊഴി മാറ്റി പറയുന്നത് പൊലീസിന് വെല്ലുവിളിയാണ്. കുഞ്ഞിന്റെ മൃതദേഹം കട്ടപ്പന സാഗര ജങ്ഷനിലെ വീടിന് സമീപമുള്ള തൊഴുത്തിൽ മറവ് ചെയ്‌തെന്നായിരുന്നു ആദ്യം നൽകിയ മൊഴി. തൊഴുത്തിൽ പരിശോധന നടത്തി ഒന്നും കണ്ടെത്താതെ വന്നതോടെ മൃതദേഹം ഇവിടെ നിന്ന് മാറ്റിയെന്നാണ് നിതീഷ് പൊലീസിനോട് പറഞ്ഞത്. എന്നാൽ കൂട്ട് പ്രതി വിഷ്ണു ഈ കാര്യം നിഷേധിച്ചു. അതിനാൽ വിഷ്ണുവിനെ നേരിൽ കണ്ട് ചോദ്യം ചെയ്യാനൊരുങ്ങുകയാണ് പൊലീസ്.

അതേസമയം, കട്ടപ്പനയിലെ ഇരട്ടക്കൊലപാതകങ്ങൾ നരബലിയെന്നും ആഭിചാരക്രിയകളെന്നും പ്രചരിച്ചെങ്കിലും അത്തരം വാദങ്ങളെല്ലാം പൊലീസ് തള്ളി. മാനഹാനി, തർക്കം തുടങ്ങിയ കാരണങ്ങളാണു കൊലപാതകത്തിനു കാരണമായി പൊലീസ് പറയുന്നത്. കക്കാട്ടുകടയിലെ വാടകവീട്ടിൽ പൂജകൾ നടത്തിയിരുന്നതിന്റെ ലക്ഷണങ്ങൾ കണ്ടെത്തിയതോടെയാണ് അഭ്യൂഹങ്ങൾ പ്രചരിച്ചത്.

മൃതദേഹം മറവു ചെയ്തിരുന്ന മുറിയിൽ മറ്റു വസ്തുക്കളൊന്നും ഉണ്ടായിരുന്നില്ലെങ്കിലും മറ്റു 2 മുറികളിൽ പൂജകൾ ചെയ്യാനായി കറുത്ത പ്ലാസ്റ്റിക് കൊണ്ടു മറച്ച് പ്രത്യേക ക്രമീകരണം ഒരുക്കിയിരുന്നു. ജനലുകളെല്ലാം പ്ലാസ്റ്റിക് ഷീറ്റ് കൊണ്ടു മറച്ചിരുന്നു. ഇതിൽ ഒരു മുറിയിലാണു വിജയന്റെ ഭാര്യ സുമയും മകളും കഴിഞ്ഞിരുന്നത്. വീട്ടിൽ രാത്രിയിൽ പുറത്തുനിന്നുള്ളവർ എത്താറുണ്ടായിരുന്നു എന്ന സമീപവാസികളുടെ മൊഴിയും മന്ത്രവാദ സൂചനകൾ നൽകുന്നതാണ്.

എന്നാൽ ഈ വാദങ്ങളെല്ലാം പൊലീസ് തള്ളിക്കളയുകയാണ്. മുഖ്യപ്രതിയായ നിതീഷിനു നിയമപ്രകാരം വിവാഹം ചെയ്യാതെ വിജയന്റെ മകളിൽ ഉണ്ടായ ആൺകുഞ്ഞിനെ, അഞ്ചുദിവസം മാത്രമുള്ളപ്പോൾ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തുകയായിരുന്നുവെന്നു പൊലീസ് പറയുന്നു. തർക്കത്തിനിടെയാണു വിജയനെ ഷർട്ടിൽ പിടിച്ച് വലിച്ചു നിലത്തിട്ടശേഷം നിതീഷ് ചുറ്റിക കൊണ്ടു തലയ്ക്കടിച്ച് കൊലപ്പെടുത്തിയതെന്നും പൊലീസ് പറയുന്നു. 

ദുരൂഹത നിറഞ്ഞ വീട്

പകൽ ആളനക്കമില്ല. മുഴുവൻസമയവും അടഞ്ഞുകിടക്കുന്ന വാതിൽ. രാത്രിയിൽ മാത്രം എത്തുന്ന ആളുകൾ... കക്കാട്ടുകടയിലെ വീടിനെക്കുറിച്ചു സമീപവാസികൾ പറയുന്നത് ഇങ്ങനെ. ഏഴു മാസത്തോളമായി വിഷ്ണുവും നിതീഷും ഉൾപ്പെടെ ഇവിടെ വാടകയ്ക്കു താമസിക്കുകയാണെങ്കിലും മറ്റാളുകളുമായി യാതൊരുവിധ ബന്ധങ്ങളും ഈ കുടുംബത്തിന് ഉണ്ടായിരുന്നില്ലെന്ന് അയൽവാസി ഉമ്മിക്കുന്നേൽ ജിസ് ഏബ്രഹാം പറയുന്നു. ഇന്നലെ അസ്ഥികൂടം കിട്ടിയ വീടിന്റെ 200 മീറ്റർ മാത്രം അകലെയാണ് ജിസിന്റെ വീട്. എന്നാൽ, ആ വീട്ടിൽ രണ്ടു സ്ത്രീകൾ ഉണ്ടെന്ന കാര്യം നാട്ടുകാർ അറിയുന്നത് പൊലീസ് എത്തുമ്പോൾ മാത്രമാണ്.

റോഡിൽനിന്ന് നോക്കിയാൽ കാണാത്തവിധം ഉയരത്തിലുള്ള കൽക്കെട്ടിനു പിന്നിലായാണു വീട്. വീട്ടിലേക്കു ശ്രദ്ധ കിട്ടാതിരിക്കാൻ ആക്രി സാധനങ്ങളെല്ലാം ചാക്കിൽക്കെട്ടി വീടിന്റെ പല സ്ഥലത്തായി വച്ചിട്ടുണ്ട്. അടുത്തുള്ള വീട്ടിൽനിന്നു നോക്കിയാൽപോലും മുൻഭാഗം കാണാനാവാത്ത രീതിയിലാണ്. രാത്രിയിലാണു താമസക്കാർ പുറത്തിറങ്ങിയിരുന്നത്. രാത്രിയിൽ സാധനങ്ങൾ വാങ്ങാൻ കടയിൽ പോകാനും മറ്റും മകൻ വിഷ്ണു ഇറങ്ങുമ്പോൾ ആരെങ്കിലും പരിചയപ്പെടാൻ ശ്രമിച്ചാലും ഫോണിൽ നോക്കിക്കൊണ്ടു പോകുകയാണ് ചെയ്തിരുന്നത്.

Tags:
  • Spotlight