Tuesday 27 October 2020 11:29 AM IST : By സ്വന്തം ലേഖകൻ

കാരണമില്ലാതെ ആ കുട്ടികളുടെ ആത്മഹത്യകള്‍; ഈ കണക്കുകള്‍ ആശങ്കപ്പെടുത്തുന്നത്; ഡോക്ടറുടെ നിരീക്ഷണം; കുറിപ്പ്

suicide-cases-teen

കൃത്യമായ കാരണങ്ങള്‍ രേഖപ്പെടുത്താതെ പോകുന്ന കുട്ടികളുടെ ആത്മഹത്യ വാര്‍ത്തകളില്‍ ആശങ്ക രേഖപ്പെടുത്തുകയാണ് ഡോ. സിജെ ജോണ്‍. കുട്ടികളുടെ ആത്മഹത്യകളെ കുറിച്ച് പഠനം നടത്തിയ ഒരു കമ്മിറ്റിക്ക് നൂറ്റി അന്‍പത്തി എട്ട് സംഭവങ്ങളില്‍ നാല്‍പത്തി ഒന്നിലും കാരണം കണ്ടെത്താന്‍ കഴിഞ്ഞില്ല എന്ന വസ്തുത മുന്‍നിര്‍ത്തിയാണ് മനോരോഗ വിദഗ്ധന്‍ കൂടിയായ ഡോ. ജോണിന്റെ വിലയിരുത്തല്‍. 

ഫെയ്‌സ്ബുക്ക് കുറിപ്പ് വായിക്കാം;

കുട്ടികളുടെ ആത്മഹത്യകളെ കുറിച്ച് പഠനം നടത്തിയ ഒരു കമ്മിറ്റിക്ക് നൂറ്റി അന്‍പത്തി എട്ട് സംഭവങ്ങളില്‍ നാല്‍പത്തി ഒന്നിലും കാരണം കണ്ടെത്താന്‍ കഴിഞ്ഞില്ല പോലും. ഇരുപത്തിയാറ്‌ ശതമാനം. ഗവേഷണ ബുദ്ധിയോടെ സമീപിക്കുന്ന കമ്മിറ്റിക്ക് പറ്റാത്തത് മാതാ പിതാക്കളും അധ്യാപകരും കണ്ടെത്തണമെന്ന് പറയുന്നതിൽ ഒരു പ്രശ്നമില്ലേ?

കാരണം കണ്ടെത്താന്‍ പോന്ന പരീശീലനം ഫീല്‍ഡില്‍ പ്രവർത്തിച്ച ടീമിന് നല്‍കിയാല്‍ ഇതൊക്കെ സാധ്യമാണ്. ആത്മഹത്യ
ഗവേഷണത്തിനുള്ള അംഗീകരിക്കപ്പെട്ട ടൂള്‍ ഉപയോഗിക്കണം. പരീശീലനം വേണം. പോലീസ് എഫ്. ഐ. ആറില്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തില്‍ പരിമിതി വരാം. വ്യത്യസ്ത ഘടകങ്ങളുടെ സ്വാധീനമുള്ള ആത്മഹത്യാ പ്രതിഭാസത്തെ ഒറ്റ ഘടകത്തിലേക്ക് ചുരുക്കി ലളിതമാക്കുന്നത് ഇത് കൊണ്ടാണ്. കുട്ടികളുടെ ആത്മഹത്യകളുടെ കാരണം തേടുന്ന പഠനത്തിൽ ഇരുപത്തിയാറ്‌ ശതമാനത്തില്‍ കാരണം കണ്ടെത്തിയില്ലെന്ന നിരീക്ഷണം നിരാശ ഉണ്ടാക്കുന്നു. അതിന്റെ പശ്ചാത്തലത്തില്‍ വേണം കുട്ടികളുടെ ആത്മഹത്യ തടയാനുള്ള നിര്‍ദ്ദേശങ്ങളെയും കാണുവാന്‍.

എന്താണ്‌ കാരണം എന്നറിയാതെ എങ്ങനെ തടയും? കാരണം പറയുവാൻ മാതാ പിതാക്കൾ കാണിച്ച വിമുഖത ഒരു ഒഴിവ് പറച്ചിലാണ്. അത് ഇല്ലാതാക്കി കാരണം കണ്ടെത്തുന്നതാണ്‌ ഗവേഷണം. രണ്ട് മാസം കൊണ്ട് ഒരു വഴിപാട് പോലെ ചെയ്യേണ്ടത് അല്ല ഇത്.കാരണം കണ്ടെത്താൻ കഴിയാത്ത ആ നാല്‍പത്തി ഒന്ന് കേസുകളിൾ ഒരു ശാസ്ത്രീയ ഗവേഷണ ടീമിനെ കൊണ്ട് പഠനം നടത്തി കാരണം കണ്ടെത്താൻ കഴിയുമെന്ന് ഉറപ്പാണ്.
(ഡോ :സി. ജെ. ജോൺ)