Wednesday 19 December 2018 05:45 PM IST

കിളിനക്കോട് പെൺകുട്ടികൾക്ക് സംഭവിച്ചത് ഇതാണ്! സോഷ്യൽ മീഡിയയിലെ ആ വൈറൽ വിഡിയോയുടെ പിന്നിലെ കഥ

Binsha Muhammed

kilinakkod

‘കിളിനക്കോട്...’ മലപ്പുറം ജില്ലയിലെ ഈ കുഞ്ഞു ഗ്രാമത്തെക്കുറിച്ചാണ് ഇന്ന് സോഷ്യൽ മീഡിയയിൽ കൊണ്ടുപിടിച്ച ചർച്ചകൾ. തിരൂരരങ്ങാടിയിലെ കോളേജിലെ ഒരു കൂട്ടം വിദ്യാർത്ഥിനികൾ പങ്കുവച്ച സെൽഫി വിഡിയോയും അതിനെച്ചുറ്റിപ്പറ്റിയുള്ള പുകിലുകളുമാണ് ഈ നാടിനെ ചർച്ചകളിൽ നിറച്ചു നിർത്തുന്നത്. പൊലീസിന്റെ ഇടപടെലിലേക്കു വരെയെത്തിയ സംഭവങ്ങളുടെ പിന്നാമ്പുറ കഥകളിലേക്ക് ‘വനിത ഓൺലൈൻ’ എത്തുമ്പോൾ അറിയാൻ കഴിഞ്ഞത് കേട്ടതിലും വലിയ സത്യം. സംഭവത്തിന്റെ നിജസ്ഥിതി വേങ്ങര എസ്ഐ സംഗീത് തന്നെ പറയട്ടെ.

‘തിരൂരങ്ങാടി പിഎസ്എംഒ കോളേജിലെ ഏഴ് വിദ്യാര്‍ത്ഥികൾ കിളിനക്കോട് ഒരു സഹപാഠിയുടെ വിവാഹത്തിനെത്തുന്നതിൽ നിന്നുമാണ് പ്രശ്നങ്ങളുടെ തുടക്കം. വിവാഹ ചടങ്ങിനിടെ സെൽഫിയെടുക്കാൻ ശ്രമിച്ച പെൺകുട്ടികളോട് ഇവിടുത്തുകാരായ ഒരു കൂട്ടംപേർ മോശമായി പെരുമാറിയത്രേ. കിളിനക്കോടുകാരിൽ നിന്നുണ്ടായ ദുരനുഭവം ഒരു സെൽഫി വിഡിയോയിലൂടെ കോളേജ് വാട്സ് ആപ് ഗ്രൂപ്പിൽ പങ്കുവയ്ക്കുകയും ചെയ്തു. അന്നാട്ടിൽ നിന്നുണ്ടായ മാനസിക വിഷമവും, നാട്ടുകാരുടെ സംസ്കാര ശൂന്യമായ ഇടപെടലുകളും വിഡിയോയിൽ വിശദമായി പറയുന്നുണ്ട്.

എന്നാൽ കൂട്ടൂകാർ മാത്രമടങ്ങുന്ന വാട്സ്ആപ് ഗ്രൂപ്പിൽ പങ്കുവച്ച വിഡിയോ ലീക്കായി സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെ കഥമാറി. നാടിനെ അപമാനിച്ചുവെന്ന പേരിൽ ഈ പെൺകുട്ടികൾക്കെതിരെ ഒരു കൂട്ടം പേർ രംഗത്തെത്തി. കിളിനക്കോടിലെ മൊഞ്ചൻമാരുടെ മറുപടി എന്ന പേരിൽ ഇതും വ്യാപകമായി ഷെയർ ചെയ്യപ്പെട്ടു. പെൺകുട്ടിക്കെതിരേ സൈബർ ആക്രമണങ്ങൾ നടത്തിയവരും കുറവില്ലായിരുന്നു. സംഭവം ഫെയ്സ്ബുക്കിലും സോഷ്യൽ മീഡിയയിലും വാട്സ് ആപ്പിലും പ്രവഹിച്ചതോടെ പെൺകുട്ടികൾളെ അപമാനിച്ചും പരിഹസിച്ചും സോഷ്യൽ മീഡിയ പോസ്റ്റുകൾ നിറഞ്ഞു. സംഭവത്തിന്റെ നിജസ്ഥിതി അറിയാതെ പെൺകുട്ടികളുടെ സ്വഭാവ ശുദ്ധിയെ ചോദ്യം ചെയ്തു കൊണ്ടുള്ളതായിരുന്നു ഒട്ടുമിക്ക പോസ്റ്റുകളും. ഇതിനു പിന്നാലെ സോഷ്യൽ മീഡിയയിലൂടെ തങ്ങളെ അപമാനിച്ചവർക്കെതിരെ പെൺകുട്ടികൾ പൊലീസിൽ പരാതി നൽകുകയായിരുന്നു.

സംഭവത്തിൽ വിവാഹ ചടങ്ങിനിടെ പെൺകുട്ടികളെ അപമാനിച്ചവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളതായി വേങ്ങര എസ്ഐ സംഗീത് ‘വനിത ഓൺലൈനോട്’ പ്രതികരിച്ചു. സോഷ്യൽ മീഡിയയിൽ പ്രചരിച്ച വിഡിയോയിലൂടെ പെൺകുട്ടികൾക്ക് മാനഹാനി ഉണ്ടായതാും പരാതിയുണ്ട്. അതുകൊണ്ടുതന്നെ ഇതു പ്രചരിപ്പിച്ചവർക്കെതിരേയും കേസ് രജിസ്റ്റർ ചെയ്യും. എന്തായാലും സോഷ്യൽ മീഡിയ പോസ്റ്റുകളും വാട്സ് ആപ്പ് ഫോർവേഡുകളും തൊണ്ട തൊടാതെ വിഴുങ്ങുന്ന സംഭവങ്ങളിലെ ഒടുവിലത്തെ ഉദാരഹണമാണ് കിളിനക്കോട് നടന്നിരിക്കുന്നത്.

സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വിഡിയോ;