വാദമായാലും വിവാദമായാലും എറ്റവും അധികം എഴുതപ്പെട്ട കലാകാരന്മാരിലൊരാളാണ് യേശുദാസ്. ആലപിച്ച മലയാള ഗാനങ്ങളുടെ പദസൂചിക പുസ്തകമായാൽ അത് മലയാള ചലചിത്ര ഗാനങ്ങളുടെ ചരിത്രമാകും. 12 ഭാഷകളിലായി ആലപിച്ചത് എഴുപതിനായിരം ഗാനങ്ങൾ! അതിൽ തന്നെ അയ്യായിരത്തിലധികം മലയാള ഗാനങ്ങൾ. ആയിരം പൗർണമി ചന്ദ്രികയെ തൊട്ടു വിളിച്ച ശോഭയിൽ ഇന്ന് 84 തികയുന്നു, ശതാഭിഷേകം.
“കോർത്തു നീയൊരീണത്തിന്റെ നൂലിൽ
എഴിലുമേറെ മർത്ത്യ സ്വരം .”
“ എവിടേയും”
(യേശുദാസിന്)
കെ.ജി. ശങ്കരപ്പിള്ള.
കുറെ നാൾ മുൻപ് യേശുദാസിന്റെ ആലാപനത്തിലെ മൂന്ന് ഘട്ടങ്ങളിലെ, ആറ് പതിറ്റാണ്ടിൽ ആ ശബ്ദത്തിനുണ്ടായ മാറ്റങ്ങൾ വിശകലനം ചെയ്തg യേശുദാസ് പാടിയ മലയാള ഗാനങ്ങൾ മാനവസ്വനഗ്രാഹി വിഷയത്തിൽ വിദ്ഗ്ധനായ ലാരിംഗോളജിസ്റ്റ് ഡോ. ആർ ജയകുമാർ തിരഞ്ഞെടുത്തു. 1968 ൽ പാടിയ യക്ഷിയിലെ “ സ്വർണച്ചാമരം വീശിയെത്തുന്ന തൊട്ട് 2016 ലെ “കാടണിയും കാൽച്ചിലമ്പ്’’ വരെയുള്ള ഗാനങ്ങൾ . .
അദ്ദേഹത്തിന്റെ ചില രസകരമായ നിരീക്ഷണങ്ങളിങ്ങനെ
മൂക്കടഞ്ഞിരിക്കുമ്പോൾ പാടിയ ഗാനമാണ് ‘പൗർണമി ചന്ദിക തൊട്ടുവിളിച്ചു’ എന്ന ഹിറ്റ് ഗാനം. ചുണ്ടനക്കി സിനിമയിൽ പ്രേമഗായകൻ നസീർ പാടിയ ആ ഗാനത്തിലും, ജലദോഷത്തിലും പ്രണയം വരുത്താൻ അദ്ദേഹത്തിന് കഴിഞ്ഞു. ഇനി ആ പാട്ട് നിങ്ങൾ കേട്ടു നോക്കു . പതിഞ്ഞ ശബ്ദത്തിൽ നിങ്ങളിൽ പ്രണയം വന്നെത്തും.
1960-1970, 1980-1990, പിന്നെ ഇതുവരെയുള്ള കാലം
മൂന്ന് ഘട്ടങ്ങൾ യേശുദാസിന്റെ ആലാപന ചരിത്രത്തിലുണ്ട്. 70 കളോടെ ഏത് ആലാപനവും ഉച്ചസ്ഥായിൽ ഉലയാത്ത സ്വരമായി. ഒരു ഗായകന്റെ ഒഴുകിയൊഴുകി വലുതാവുന്ന ഭാവവും താളവും ഭംഗിയും മാറുന്ന സ്വരസഞ്ചാരം പൂർണത പ്രാപിച്ച ഗായകനാണ് യേശുദാസ്.
ദേവരാജൻ മാഷോട് ഒരിക്കൽ ചോദിച്ചു.ആരാണ് മികച്ച ഗായകൻ ?
‘സംശയമെന്ത്?’ പിന്നെ പറഞ്ഞു. ‘ഒന്നാമൻ യേശുദാസ്. രണ്ടാമനും, മൂന്നാമനും അയാൾ തന്നെ. നാലാമൻ ജയചന്ദ്രൻ, പിന്നെ പത്തു വരെ യേശുദാസ് തന്നെ.’
നൂറിലധികം ഗായകരെ പാടിച്ച ആളാണ് ദേവരാജൻ മാഷ്. പറയാൻ സർവഥാ അർഹൻ. ആ റാങ്ക് ലിസ്റ്റ് 100% ശരിയാണെന്ന് നമ്മൾ കേട്ടുകൊണ്ടിരിക്കുന്നു.
ഗ്രാമഫോൺ മുതൽ എം.പി 3 വരെ പാട്ട് കേൾക്കാനായി വന്നെത്തി. ഒരു വരി തെറ്റിയാൽ മൊത്തം പാട്ട് വീണ്ടും എടുക്കേണ്ട പഴയ കാലത്തിൽ നിന്ന് ഒരു വരി മാത്രം പാടി, ആ ഗാനം പിന്നെ അടുത്ത വർഷം പൂർത്തിയാക്കുന്ന റെക്കോഡിംങ്ങ് സംവിധാനം വരെയായി സാങ്കേതിക വളർച്ച. പക്ഷെ, യേശുദാസിന്റെ ആലാപനത്തിന് മാത്രം മാറ്റമില്ല. എപ്പോഴും സാങ്കേതിക വിദ്യയെ മറി കടന്നു അദ്ദേഹത്തിന്റെ സ്വരസിദ്ധി. റേഡിയോ, ടേപ്പ് റിക്കോർഡർ, ടിവി., സിഡി. പ്ലെയർ, എംപി3... ഇതിലൊക്കെ കാലങ്ങളായി ആ നാദം മലയാളി കേൾക്കുന്നു.
സമ്മേളനം തുടങ്ങും മുൻപ് കേൾക്കുന്ന പാട്ട്, സിനിമ തുടങ്ങും മുൻപ് യേശുദാസിന്റെ പാട്ട്. ഇടവേളയിലും കേൾക്കുന്നത് മറ്റൊരു ഗാനം. അമ്പലത്തിലും ഇത് തന്നെ കേൾക്കാം അങ്ങനെ മലയാളിയുടെ നിത്യജീവിതത്തിന്റെ ഭാഗമായി മാറിയ ഒരു പ്രതിഭാസമായി യേശുദാസ്.
1970 കളിൽ ആദ്യമായി HMV പുറത്തിറക്കിയ റെക്കോഡിലൂടെ പ്രചരിച്ച യേശുദാസിന്റെ അയ്യപ്പ ഭക്തി ഗാനങ്ങൾ ശബരിമല തീർഥാടനത്തിന്റെ ഭാഗമായി മാറി. ശബരിമലയിലെ കർപ്പൂരാഴിയും, ശരംകുത്തിയുമൊക്കെ, നേരിൽ കാണും മുൻപേ, യേശുദാസിന്റെ ആലാപനത്തിലൂടെയാണ് തീർഥാടകർ അറിഞ്ഞത്. മലയാള ഭക്തി ഗാന കസെറ്റ് വിൽപനയിൽ റെക്കോഡ് സൃഷ്ടിച്ച ‘ഗംഗയാറു പിറക്കുന്നു’ എന്നത് ഈ ഇപ്പോഴും എറ്റവും കൂടുതൽ വിറ്റ് പോകുന്ന ഗാന സമാഹാരമാണ്.
റേഡിയോ താരമായിരുന്ന, പോയ അര നൂറ്റാണ്ടിൽ, പാടിയത് : യേശുദാസ് എന്ന് ഒരിക്കലെങ്കിലും കേൾക്കാത്ത മലയാളിയുണ്ടോ? അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടാവാം പക്ഷേ, താൻ പാടുന്ന പാട്ടിന്റെ പൂർണതക്ക് വേണ്ടി നൂറു ശതമാനം നിലകൊള്ളുന്ന ഗായകനാണെന്ന് പലപ്പോഴും തെളിയിച്ചിട്ടുണ്ട് യേശുദാസ്. ഒരിക്കൽ പാടി സ്റ്റുഡിയോയിൽ നിന്ന് വീട്ടിൽ പോയി അർദ്ധരാത്രിക്ക് തിരികെ വന്നു താൻ പാടിയത് തൃപ്തിയായില്ല ഒന്നു കൂടി എടുക്കാം എന്ന് പറഞ്ഞു പാടിയ സംഭവങ്ങൾ പോലുമുണ്ട്.
നെടുമുടി ഒരിക്കൽ പറഞ്ഞ സംഭവമാണ്. ഒരിക്കൽ നെടുമുടിവേണു വിമാനത്തിൽ യാത്ര ചെയ്യുമ്പോൾ യേശുദാസും അതേ വിമാനത്തിലുണ്ടെന്നറിഞ്ഞപ്പോൾ കാണാനായി തന്റെ സീറ്റിൽ നിന്നേഴുന്നേറ്റ് അദ്ദേഹത്തിനടുത്തേക്ക് ചെന്നു. അദേഹം കണ്ണടച്ചു എന്തൊ മൂളുകയാണ്. പക്ഷേ അസ്വസ്ഥനായി ഇടയ്ക്ക് ഛെ! ഛെഎന്ന് പറയുന്നുണ്ട്. നെടുമുടി ചോദിച്ചു.’ എന്ത് പറ്റി ദാസേട്ടാ?’
അദ്ദേഹം കണ്ണ് തുറന്ന് നോക്കി. ചെറു ചിരിയോടെ പറഞ്ഞു,‘‘ഒന്നുമില്ല വേണു ഒരു കീർത്തനം പാടുകയായിരുന്നു , എയർ പോക്കറ്റിൽ പെട്ട് വിമാനം കുലുങ്ങുമ്പോൾ ശ്രുതിഭംഗം വരുന്നു. അതിന്റെ ഒരു അസ്വസ്ഥത.’’ ഭൂമിയിലും ആകാശത്തിലും സംഗീതമെന്ന സമുദ്രത്തിലാഴുന്ന ഗായകൻ!
ഒരു പാട്ട് കേൾവിക്കാരൻ എങ്ങനെ സ്വീകരിക്കുവെന്ന് ഏറ്റവും നന്നായി അറിയാവുന്ന യേശുദാസിനെപ്പോലെ ഒരു ഗായകനുമില്ല. അത് അറിഞ്ഞ്, വരിയും ഈണവും നിലവാരമില്ലാത്തവ ഗാനങ്ങൾ തന്റെ ആലാപനത്തിലൂടെ ജനപ്രിയമാക്കിയിട്ടുണ്ട്. ആറ് പതിറ്റാണ്ടായി പതിനായിരക്കണക്കിനു ഗാനമേളകളിൽ നിന്നു കിട്ടിയ അനുഭവ സമ്പത്ത്, ഒരു പാട്ട് പാടിയാൽ മലയാളി എങ്ങനെ അതു മനസിലേറ്റു വാങ്ങുമെന്ന് അദ്ദേഹത്തിനറിയാം. അത് കൃത്യമായി ആലാപനത്തിൽ കാത്ത് സൂക്ഷിക്കുന്നു.
‘‘ആയിരം ഗാനങ്ങള്‍ തന്‍ ആനന്ദലഹരിയിൽ ഞാനലിഞ്ഞലിഞ്ഞപ്പോള്‍ അനശ്വരനായ്...’’