Wednesday 09 April 2025 09:44 AM IST : By സ്വന്തം ലേഖകൻ

ഉടമയെ പിരിഞ്ഞതിന്റെ പേരിൽ മൂന്നു ദിവസം നിരാഹാരം, ആരെയും അടുപ്പിച്ചില്ല; ഒടുവില്‍ ‘അമ്മു’ തിരികെ വീട്ടിലേക്ക്...

ammu-cow

ഉടമയെ പിരിഞ്ഞതിന്റെ പേരിൽ മൂന്നു ദിവസം നിരാഹാരം. ആരെയും അടുത്തേക്കു അടുപ്പിച്ചില്ല. അമ്മു എന്നു വിളിപ്പേരുള്ള എരുമയാണ് പിണങ്ങി പട്ടിണി കിടന്നത്. സംഭവം മുൻ ഉടമ കൊടുങ്ങല്ലൂർ എടവിലങ്ങ് കുഞ്ഞയിനി പ്ലാക്കാട്ടുപുള്ളി വീട്ടിൽ സുരേഷ് പണിക്കരെ അറിയിച്ചു, അമ്മുവിനെ തിരികെ എത്തിച്ചു. കഴിഞ്ഞ കോവിഡ് കാലത്താണ് സുരേഷ് അമ്മുവിനെ വാങ്ങുന്നത്. അന്ന് ഒരു വയസ്സായിരുന്നു. ഇപ്പോൾ ആറു വയസ്സ് കഴിഞ്ഞു. സുരേഷിന്റെ വീട്ടിൽ നായയും മറ്റു മൂന്ന് എരുമകളും ഉണ്ടായിരുന്നു.

സുരേഷിന്റെ അരുമയായി അമ്മു മാറി. ഇതിനിടെ സുരേഷിന് ആരോഗ്യ പ്രശ്നങ്ങളുണ്ടായതോടെ ഇവയെ പരിപാലിക്കുന്നതിനു തടസ്സമായി. അതോടെ അമ്മുവിനെ പത്താഴക്കാട് സ്വദേശിക്കു വിൽക്കേണ്ടി വന്നു. എന്നാൽ, വീടു വിട്ടിറങ്ങേണ്ടി വന്നതിനാൽ മൂന്നു ദിവസം വെള്ളം പോലും കുടിക്കാതെ അമ്മു പട്ടിണി കിടന്നു. പുതിയ ഉടമ പരിപാലിക്കാൻ ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല. ഒടുവിൽ സുരേഷ് പണിക്കരോട് വിവരം പറഞ്ഞു തിരികെ എത്തിക്കുകയായിരുന്നു.

Tags:
  • Spotlight