Saturday 13 November 2021 11:32 AM IST : By സ്വന്തം ലേഖകൻ

കാത്തിരുന്നത് മകളുടെ ഫോൺ കോൾ, രാവിലെ അറിഞ്ഞത് മരണവാർത്ത: ബിജിലിയുടെ മരണത്തിൽ ദുരൂഹത

murder-41

കൊല്ലം കുളത്തൂപ്പുഴ സ്വദേശി നെല്ലിക്കുന്ന് തുണ്ടിൽ വീട്ടിൽ ജോൺ കോശിയുടെ ഭാര്യ ബിജിലി ബേബി (29) ഒമാനിലെ അസൈബയിൽ ദുരൂഹസാഹചര്യത്തിൽ മരിച്ചു. രണ്ടാഴ്ച മുൻപു നാട്ടിൽ നിന്നെത്തിയ യുവതിയെ വില്ലയുടെ രണ്ടാം നിലയിലെ ഗോവണിയിൽ നിന്നു വീണു മരിച്ച നിലയിലാണു കണ്ടെത്തിയത്. ഓട്ടമൊബീൽ കമ്പനി ജീവനക്കാരനായ ജോൺ ജോലി സ്ഥലത്തായിരുന്നുവെന്നാണ് വിവരം. പൊലീസ് അന്വേഷണം പുരോഗമിക്കുന്നു.

എംഎസ്‌സി നഴ്സിങ്ങിനു ശേഷം പുണെയിൽ ട്യൂട്ടറായി ജോലി നോക്കുന്നതിനിടെ 2015 ഏപ്രിൽ ആയിരുന്നു ബിജിലിയുടെ വിവാഹം. 2 വർഷത്തിനു ശേഷം ഒമാനിൽ ഭർത്താവിനടുത്തേക്കു പോയി. ഈയിടെ നാട്ടിൽ പോയ ശേഷം വീസ കാലാവധി തീരാറായതിനാൽ പുതുക്കാനായാണ് കഴിഞ്ഞമാസം 28ന് തിരികെയെത്തിയത്. കൊല്ലം ആയൂർ പെരുങ്ങള്ളൂർ കൊടിഞ്ഞിയിൽ ബിജിലി ഭവനിൽ ബേബിയുടെയും ലാലിയുടെയും മകളാണ്. ജോൺ 10 വർഷമായി ഒമാനിലാണ്.

കാത്തിരുന്നത് മകളുടെ ഫോൺവിളി

മകളുടെ ഫോൺ വിളി പ്രതീക്ഷിച്ചിരുന്ന രക്ഷിതാക്കൾ പിന്നീട് അറിഞ്ഞത് അപ്രതീക്ഷിത വിയോഗ വാർത്ത. കൊല്ലം ആയൂർ പെരുങ്ങള്ളൂർ കൊടിഞ്ഞിയിൽ ബിജിലി ഭവനിൽ ബേബിയുടെയും ലാലിയുടെയും മകൾ ബിജിലി (24 മസ്കത്തിൽ മരിച്ച വിവരം നാട്ടിലുള്ള ബന്ധുവിനെ വിദേശത്തുള്ള ബന്ധു അറിയിച്ചത് ഇന്നലെ പുലർച്ചെയാണ്. എന്നാൽ വീട്ടുകാരെ ഇക്കാര്യം അറിയിക്കാൻ കഴിയാതെ ബന്ധുക്കൾ കുഴങ്ങി. രാവിലെയാണു മരണ വിവരം കുടുംബത്തെ അറിയിച്ചത്.

കുടുംബത്തിന്റെ ഏക ആശ്രയമായിരുന്ന ബിജിലിയുടെ അപ്രതീക്ഷിത വിയോഗം ഏൽപിച്ച ആഘാതത്തിലാണ് എല്ലാവരും. വീസ പുതുക്കാൻ വേണ്ടി രണ്ടാഴ്ച മുൻപാണ് ബിജിലി മസ്കത്തിലേക്കു പോയത്. ചൊവ്വ രാത്രി കുടുംബാംഗങ്ങളോടു ഫോണിൽ സംസാരിച്ചു. മാതാപിതാക്കളെ വെള്ളി രാത്രി വിളിക്കുമെന്നും പറഞ്ഞിരുന്നു. ബിജിലിയുടെ ഏക സഹോദരി ബിജി ജന്മനാ കിടപ്പിലാണ്. വിദേശത്തായിരുന്ന പിതാവ് ബേബി കുഞ്ഞപ്പി ഹൃദയ സംബന്ധമായ അസുഖത്തെ തുടർന്ന് നാട്ടിലുണ്ട്.

ബിജിലിയുടെ മരണ വാർത്ത ഭർതൃഗൃഹമായ കുളത്തൂപ്പുഴ നെല്ലിമൂട് തുണ്ടിൽ വീട്ടിലും ആഘാതമായി. തുണ്ടിൽ വീട്ടിൽ കോശി സാമുവേൽ– അന്നമ്മ ദമ്പതികളുടെ മകൻ ജോൺ കോശിയാണ് ബിജിലിയുടെ ഭർത്താവ്. ഒന്നര വർഷം ജോൺ കോശിക്ക് ഒപ്പം മസ്കത്തിലായിരുന്നു ബിജിലി പിന്നീട് നാട്ടിലെത്തി. രണ്ടാഴ്ച മുൻപ് വീണ്ടും മസ്കത്തിലേക്ക് പോവുകയായിരുന്നു. 10 വർഷമായി മസ്കത്തിൽ സ്വകാര്യ കമ്പനിയിലെ ജീവനക്കാരനാണ് ജോൺ കോശി . ജോൺ കോശി ജോലി സ്ഥലത്തായിരുന്ന സമയത്താണു ബിജിലിയെ മരിച്ച നിലയിൽ കണ്ടെത്തിയത്.