Tuesday 18 January 2022 11:15 AM IST : By സ്വന്തം ലേഖകൻ

അമ്മ മരിച്ച ദുഃഖത്തിൽ നെഞ്ചുനീറി... മകൻ പാലത്തിൽ നിന്ന് ആറ്റിൽചാടി ജീവനൊടുക്കി

chathannoor-suicide

അമ്മ മരിച്ച ദുഃഖത്തിൽ മകൻ പാലത്തിൽ നിന്ന് ആറ്റിൽചാടി ജീവനൊടുക്കി. കൊല്ലം ചാത്തന്നൂർ കോയിപ്പാട് തണ്ടാന്റഴികത്ത് വീട്ടിൽ രാജശേഖരൻ ഉണ്ണിത്താന്റെ മകൻ ശ്രീരാഗാണ് (27) മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് കുമ്മല്ലൂർ പാലത്തിൽ നിന്ന് ഇത്തിക്കരയാറ്റിൽ ചാടുകയായിരുന്നു.ശ്രീരാഗിന്റെ മാതാവ് സുധർമണി (52) കഴിഞ്ഞ 12നാണ് മരിച്ചത്. ആന്ധ്രപ്രദേശിൽ കശുവണ്ടി മേഖലയിൽ ജോലി ചെയ്തിരുന്ന ശ്രീരാഗ്, അമ്മയുടെ മരണ വിവരം അറിഞ്ഞാണു നാട്ടിൽ എത്തിയത്. വെള്ളിയാഴ്ച സുധർമണിയുടെ സംസ്കാരം വീട്ടുവളപ്പിൽ നടത്തി. ഇന്ന് സഞ്ചയനമാണ്.

മാതാവിന്റെ മരണത്തെ തുടർന്നു ശ്രീരാഗ് ഏറെ ദുഃഖിതനായിരുന്നുവെന്ന് കുടുംബാംഗങ്ങൾ പറഞ്ഞു. ഇന്നലെ ഉച്ചയോടെ വീട്ടിൽ നിന്ന് കുമ്മല്ലൂർ പാലത്തിൽ എത്തി ആറ്റിലേക്കു ചാടുകയായിരുന്നു. കുറച്ച് അകലെ കക്ക വാരുന്ന ആൾ ശബ്ദം കേട്ട് നോക്കുമ്പോൾ യുവാവു വെള്ളത്തിനു മുകളിലേക്ക് പൊങ്ങിയ ശേഷം വീണ്ടും താഴുന്നത് കണ്ടു. അഗ്നിരക്ഷാസേനയും ബന്ധുക്കളും എത്തി തിരച്ചിൽ നടത്തി. പരവൂർ അഗ്നിരക്ഷാസേനയുടെ സ്കൂബ സംഘം എത്തിയപ്പോഴേക്കും ആറ്റിൽ നിന്നു ശ്രീരാഗിനെ കണ്ടെത്തി ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. മൃതശരീരം ഗവ. മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ. സഹോദരി രാഖി.

(ശ്രദ്ധിക്കുക: ആത്മഹ‌ത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക.അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പരുകൾ - 1056, 0471- 2552056)

More