Monday 31 July 2023 05:19 PM IST

‘എല്ലാത്തിന്റേയും സിസിടിവി ദൃശ്യങ്ങളുണ്ട്, അഫ്സാന എന്തിനാണ് ഇങ്ങനെ പറയുന്നതെന്ന് അറിയില്ല’: ആരോപണങ്ങൾക്ക് മറുപടി

Binsha Muhammed

rajappan-rawther

‘പൊലീസ് ക്രൂരമായി മർദിച്ചു, വായിൽ പെപ്പർ സ്പ്രേ അടിച്ചു. വനിതാ പൊലീസ് ഉൾപ്പെടെ ക്രൂരമായി മർദിച്ചു. പുറം അടിച്ചു കലക്കി.’ കലഞ്ഞൂരിലെ നൗഷാദ് തിരോധാനവുമായി ബന്ധപ്പെട്ട അന്വേഷണവും വെളിപ്പെടുത്തലുകളും ചൂടുപിടിക്കുമ്പോൾ പൊലീസിനെതിരെ ഗുരുതരായ ആരോപണങ്ങളാണ് അഫ്സാന ഉയർത്തിയിരിക്കുന്നത്. എന്നാൽ എല്ലാ ആരോപണങ്ങളെയും പാടെ നിഷേധിക്കുകയാണ് അന്വേഷണത്തിന് നേതൃത്വം നൽകുന്ന കോന്നി ഡിവൈഎസ്പി രാജപ്പൻ റാവുത്തർ

കഥകളും ഉപകഥകളും കൊണ്ട് സങ്കീർണമായ നൗഷാദ് തിരോധാനം വീണ്ടും ചൂടുള്ള ചർച്ചാ വിഷയമായത് നൗഷാദിന്റെ ഭാര്യ അഫ്സാനയുടെ വെളിപ്പെടുത്തലോടെയാണ്. മൊഴി പ്രകാരം ‘കൊന്നു കുഴിച്ചിടപ്പെട്ട’ നൗഷാദ് തൊടുകുഴ തൊമ്മൻകുത്തിനടുത്ത് പ്രത്യക്ഷപ്പെട്ടതോടെ കഥയിൽ ആദ്യ ട്വിസ്റ്റ് സംഭവിച്ചു. ഭാര്യയെ പേടിച്ച് രായ്ക്കുരാമാനം നാടുവിട്ടതാണെന്നുള്ള നൗഷാദിന്റെ വെളിപ്പെടുത്തലോടെ തിരോധാന കഥയ്ക്ക് കൂടുതൽ വിശ്വാസ്യത വന്നു തുടങ്ങി. അപ്പോഴും നൗഷാദിന്റെ കൊന്നു കുഴിച്ചു മൂടിയത് എന്തിനെന്ന ചോദ്യം ബാക്കിയായി. പൊലീസിന്റെ ക്രൂരമർദനത്തെത്തുടർന്നാണു നൗഷാദിനെ കൊലപ്പെടുത്തിയെന്നു സമ്മതിച്ചതെന്നു ഭാര്യ അഫ്സാനയുടെ ഒടുവിലത്തെ തുറന്നു പറച്ചിലോടെ കഥയ്ക്ക് പിന്നെയും ആന്റി ക്ലൈമാക്സ്. കുറ്റം ചെയ്തെന്നു സമ്മതിക്കാൻ പൊലീസിന്റെ ഭാഗത്തു നിന്നു അതിഭീകരമാം വിധം സമ്മർദ്ദമുണ്ടായെന്നും അഫ്സാന പറയുന്നു. എന്നാൽ ഇവയെല്ലാം നിഷേധിച്ചു രംഗത്തെത്തുകയാണ് കോന്നി ഡിവൈഎസ്പി രാജപ്പൻ റാവുത്തർ. വനിത ഓൺലൈനോടു സംസാരിക്കുകയായിരുന്നു ഡിവൈഎസ്പി.

അഫ്സാന പറയുന്നത് വാസ്തവ വിരുദ്ധം

‘ചോദ്യം ചെയ്യലിന്റേതും തെളിവെടുപ്പിന്റേതും ഉൾപ്പെടെ സകല പൊലീസ് നടപടികളുടേയും സിസിടിവി ദൃശ്യങ്ങള്‍ ഞങ്ങളുടെ പക്കലുണ്ട്. ഈ കേസിൽ ഒരു ഘട്ടത്തിലും കൊലപാതകമാണെന്ന് പൊലീസ് പറഞ്ഞിട്ടില്ല. അതിനാൽ പൊലീസിന് കുറ്റം സമ്മതിപ്പിക്കേണ്ട കാര്യവുമില്ല. നൗഷാദും അഫ്സാനയും തമ്മിൽ തർക്കങ്ങളുണ്ടായിട്ടുണ്ട്. അയാളെ ഉപദ്രവിച്ചിട്ടുമുണ്ട്. പുറത്തു നിന്നുള്ളവരുൾപ്പെടെയെത്തി നൗഷാദിനെ ഉപദ്രവിച്ചുവെന്ന് വ്യക്തമായിട്ടുണ്ട്. ഇതിനിടെ നൗഷാദ് മാനസിക ദൗർബല്യമുള്ളവരെ പോലെയാണ് പെരുമാറിയതെന്ന് അഫ്സാന പറഞ്ഞതായി കേട്ടു. അന്വേഷണ സംഘം അയാളെ കണ്ടെത്തി ചോദ്യം ചെയ്യുമ്പോൾ അങ്ങനെയൊരു പ്രശ്നമുള്ളതായി തോന്നിയില്ല. ഭാര്യാ ഭർത്താക്കൻമാർ തമ്മിലുള്ള പ്രശ്നങ്ങളും തർക്കങ്ങളും സ്വാഭാവികമാണ്. പക്ഷേ നൗഷാദ് സ്വന്തം മാതാപിതാക്കളെ പോലും വിട്ട് ഫോണ്‍ റേഞ്ച് പോലും കിട്ടാത്ത ഒരു സ്ഥലത്ത് പോയി ആരാലും അറിയപ്പെടാതെ ജീവിക്കുകയായിരുന്നു. അപ്പോൾ തന്നെ ചിന്തിച്ചു നോക്കൂ... അയാൾ എത്രമാത്രം പീഡനം സഹിച്ചിട്ടുണ്ടാകും. സഹികെട്ടായിരുന്നു ആ ഒളിച്ചോട്ടം. വരും ദിവസങ്ങളിൽ കൂടുതൽ കാര്യങ്ങൾ വ്യക്തമാകും’– ഡിവൈഎസ്പി പറയുന്നു.

noushad-case-47

പൊലീസിനെതിരെ ഗുരുതര ആരോപണങ്ങളാണ് അഫ്സാന ഉയർത്തിയത്. ‘പൊലീസ് ക്രൂരമായി മർദിച്ചുവെന്നും വായിൽ പെപ്പർ സ്പ്രേ അടിച്ചുവെന്നും അഫ്സാന ആരോപിച്ചു.

‘കേസിൽ തന്റെ പിതാവിനെ പ്രതി ചേർക്കുമെന്നും കെട്ടിത്തൂക്കുമെന്നും പറഞ്ഞു. മൃതദേഹം കുഴിച്ചിട്ടെന്നു പറഞ്ഞു കാണിച്ചതെല്ലാം പൊലീസ് ചൂണ്ടിക്കാണിച്ച സ്ഥലങ്ങളാണ്. വാടകവീട്ടിൽ എത്തിക്കുന്നതിനു മുൻപേ ആരോ വീടിനുള്ളിൽ കുഴികൾ എടുത്തിട്ടുണ്ടായിരുന്നു.  കസ്റ്റഡിയിൽ വച്ചു വനിതാ പൊലീസ് ഉൾപ്പെടെ ക്രൂരമായി മർദിച്ചു. എന്റെ പുറം അടിച്ചു കലക്കി. ശരീരമാകെ മുറിവുണ്ട്. പലതും പുറത്തു കാണിക്കാൻ വയ്യ. നൗഷാദിന് എന്തുപറ്റിയെന്നു ചോദിച്ചപ്പോൾ എനിക്കറിയില്ലെന്നാണു പറഞ്ഞത്. എന്റെ കുഞ്ഞുങ്ങളെപ്പോലും കാണിക്കില്ലെന്നു പറഞ്ഞപ്പോഴാണു കൊന്നെന്നു സമ്മതിച്ചത്. രണ്ടു ദിവസം ഭക്ഷണവും വെള്ളവും തന്നില്ല. ഉറങ്ങാൻ സമ്മതിച്ചില്ല.  പൊലീസുകാർ മുഖത്തുനോക്കി പച്ചത്തെറിയാണു വിളിച്ചത്. രാത്രി മുഴുവൻ വാഹനത്തിൽ കറക്കി പുലർച്ചെ മൂന്നു മണിക്കാണ് സ്റ്റേഷനിൽ കൊണ്ടുവന്നത്. തെളിവെടുപ്പിന് പോയപ്പോൾ പൊലീസ് പറഞ്ഞ സ്ഥലമാണു മൃതദേഹം കുഴിച്ചിട്ടെന്ന നിലയിൽ കാണിച്ചത്.’- അഫ്സാന പറയുന്നു.

കൊലക്കേസിൽ അറസ്റ്റിലായ അഫ്സാന നൗഷാദിനെ കണ്ടെത്തിയതിനു പിന്നാലെ ഇന്നലെയാണു ജാമ്യം ലഭിച്ചു നൂറനാട്ടെ വീട്ടിലെത്തിയത്. പൊലീസിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും അഫ്സാന പറഞ്ഞു.