Saturday 27 January 2024 03:49 PM IST : By സ്വന്തം ലേഖകൻ

നാലു വയസു വരെ ഓടിക്കളിച്ച മുറ്റത്തേക്ക് ജിയന്നയെത്തി, പതിവ് കളിചിരികൾ ഇല്ലാതെ..; കേസിലെ ദുരൂഹത നീക്കണം, കണ്ണീരോടെ കുടുംബം

jiyannah-death-27.jpg.image.845.440

ബെംഗളൂരുവിൽ സ്കൂൾ കെട്ടിടത്തിന് മുകളിൽ നിന്ന് വീണ് നാലുവയസ്സുകാരി മരിച്ച കേസിലെ ദുരൂഹത നീക്കണമെന്ന് കുടുംബം. ഒളിവിൽ പോയ ഒന്നാം പ്രതിയായ പ്രിൻസിപ്പലിനെ ഉടൻ കണ്ടെത്തണമെന്നും മുത്തച്ഛൻ ടോമി ജോസഫ് ആവശ്യപ്പെട്ടു. ജന്മനാടായ കോട്ടയം പൊന്തൻപുഴയിൽ എത്തിച്ച ജിയന്നയുടെ മൃതദേഹം സംസ്കരിച്ചു. 

നാലു വയസുവരെ ഓടിക്കളിച്ച വീട്ടുമുറ്റത്തേക്ക് ജിയന്ന തിരികെ എത്തി. ഇത്തവണ പതിവ് കളിചിരികൾ ഉണ്ടായില്ല. അനക്കമറ്റ് വെള്ളയുടുപ്പിട്ട് ഒരു മാലാഖയെപ്പോലെ അവൾ ഉറങ്ങി. കണമലയിലെ അമ്മ വീട്ടിൽ അർദ്ധരാത്രി എത്തിച്ച് പൊതുദർശനം പൂർത്തിയാക്കിയ മൃതദേഹം രാവിലെയാണ് പൊന്തൻപുഴയിലെ കുടുംബവീട്ടിൽ എത്തിച്ചത്. പൊന്നുമോളുടെ മരണത്തിൽ നെഞ്ച് നീറുമ്പോഴും പരാതികൾ കൂടുതൽ സ്ഥലത്ത് അറിയിച്ചു നടപടി ഉറപ്പിക്കാനാണ് കുടുംബത്തിന്റെ തീരുമാനം. 

12 മണിയോടെ വീട്ടിലെ പ്രാർത്ഥനകൾ പൂർത്തിയാക്കിയ ശേഷം കരിമ്പനക്കുളം വിമലഹൃദയ പള്ളിയിലേക്കുള്ള  വിലാപയാത്രയിൽ നൂറുകണക്കിനാളുകൾ പങ്കെടുത്തു. ഒളിവിൽ പോയ ഡൽഹി പ്രീ പബ്ലിക് സ്കൂളിന്റെ പ്രിൻസിപ്പൽ കോട്ടയം സ്വദേശി തോമസ് ചെറിയാന് വേണ്ടിയുള്ള തിരച്ചിൽ പുരോഗമിക്കുകയാണ്. അന്വേഷണം വേഗത്തിൽ ആക്കാൻ ആവശ്യപ്പെട്ടുകൊണ്ട് കുടുംബം മുഖ്യമന്ത്രി പിണറായി വിജയനും ഡിജിപിക്കും പരാതി നൽകും. 

Tags:
  • Spotlight