Wednesday 06 March 2024 10:59 AM IST : By സ്വന്തം ലേഖകൻ

‘അകത്തേക്കു നാട്ടുകാരെ കൂട്ടിവരണം’ എന്നെഴുതിയ കുറിപ്പ്: കണ്ടത് ചോരമരവിക്കും കാഴ്ച: അരുംകൊലയ്ക്കു പിന്നില്‍ സാമ്പത്തിക പ്രതിസന്ധി

pala-incident-2

ഏഴു മാസം പ്രായമായ കുഞ്ഞുൾപ്പെടെ അഞ്ചംഗ കുടുംബത്തെ വാടകവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. പൂവരണി കൊച്ചുകൊട്ടാരത്തു വാടകയ്ക്കു താമസിക്കുന്ന ഉരുളികുന്നം ഞണ്ടുപാറ കുടിലിപ്പറമ്പിൽ ജയ്സൺ തോമസ് (44), ഭാര്യ മരീന (29), മക്കളായ ജെറാൾഡ് (4), ജെറീന (2), ജെറിൽ (7 മാസം) എന്നിവരാണു മരിച്ചത്. ഭാര്യയെ തലയ്ക്കടിച്ചും മക്കളെ ശ്വാസംമുട്ടിച്ചും കൊലപ്പെടുത്തിയശേഷം ജയ്‌സൺ ജീവനൊടുക്കുകയായിരുന്നെന്നു പൊലീസ് പറഞ്ഞു. സാമ്പത്തികപ്രതിസന്ധിയാണു കാരണമെന്നാണു പൊലീസിന്റെ പ്രാഥമിക നിഗമനം. ജയ്‌സണും കുടുംബവും 15 മാസമായി വാടകയ്ക്കാണു താമസം. റബർപാൽ സംഭരണ സ്ഥാപനത്തിൽ ഡ്രൈവറായി ജോലി ചെയ്യുകയാണ് ജയ്‌സൺ. മരീന ഇളങ്ങുളം കളരിക്കൽ കുടുംബാംഗമാണ്. ബി‌എസ്‌സി നഴ്‌സിങ് പൂർത്തിയാക്കിയിരുന്നു. മരീനയുടെയും കുട്ടികളുടെയും മൃതദേഹങ്ങൾ കിടപ്പുമുറിയിലെ കട്ടിലിലാണു കണ്ടെത്തിയത്. ജയ്‌സണെ തൂങ്ങിമരിച്ച നിലയിലാണു കണ്ടെത്തിയത്. രാവിലെ എട്ടോടെയാണു സംഭവം പുറത്തറിഞ്ഞത്. ഭാര്യയെ തലയ്ക്കടിച്ചു കൊന്നശേഷമാണു ജയ്സൺ മക്കളെ ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തിയതെന്നു പൊലീസ് പറഞ്ഞു. മരീന, ജെറാൾഡ് എന്നിവരുടെ കഴുത്തിൽ കയർ ഉപയോഗിച്ച് മുറുക്കിയതിന്റെ പാടുണ്ട്. മരീനയുടെ നെറ്റിയിലും ജെറാൾഡിന്റെ തലയിലും ചുറ്റിക കൊണ്ട് അടിച്ചതിന്റെ അടയാളങ്ങളുമുണ്ട്. മുറിയിൽ നിന്നു ചുറ്റിക കണ്ടെടുത്തു.

ഇന്നലെ രാവിലെ 7നു സഹോദരൻ ജിസിനെ ഫോണിൽ വിളിച്ച് വീട്ടിലേക്കെത്തണമെന്നു ജയ്സൺ ആവശ്യപ്പെട്ടിരുന്നു. ജയ്‌സൺ ജോലിക്കു പോകുമ്പോൾ ഭാര്യയ്ക്കും മക്കൾക്കും സഹായത്തിനായി സഹോദരനെയും ഭാര്യയെയും ഇടയ്ക്കിടെ വീട്ടിലേക്കു വിളിക്കാറുണ്ടായിരുന്നു. ഇരുവരും ഇന്നലെ രാവിലെ എട്ടോടെ എത്തിയപ്പോൾ വീടിന്റെ മുൻവശത്തെ വാതിലിനു സമീപത്തു നിന്ന് ‘അകത്തേക്കു നാട്ടുകാരെയും കൂട്ടി വരണം’ എന്നെഴുതിയ കുറിപ്പ് കിട്ടി. തുടർന്നാണു മൃതദേഹങ്ങൾ കണ്ടെത്തിയത്. വീടിനകത്തു നിന്ന് 2 കുറിപ്പുകൾ കൂടി പൊലീസിനു ലഭിച്ചു. ഒന്നിൽ അമ്മയുടെ അടുത്തേക്കു പോകുന്നുവെന്നും ഫോൺ ചേട്ടനു നൽകണമെന്നും എഴുതിയിട്ടുണ്ട്. മറ്റൊന്നിൽ വീട്ടുടമയോട്, സാധനങ്ങൾ സഹോദരങ്ങൾക്കു കൈമാറണമെന്നാണു പറഞ്ഞിട്ടുള്ളത്. ജില്ലാ പൊലീസ് മേധാവി കെ.കാർത്തിക്, പാലാ ഡിവൈഎസ്പി കെ.സദൻ എന്നിവർ ഉൾപ്പെടെ പൊലീസ് സംഘം സ്ഥലത്തെത്തി. പോസ്റ്റ്മോർട്ടത്തിനുശേഷം ഉരുളികുന്നം സെന്റ് ജോർജ് പള്ളിയിൽ മൃതദേഹങ്ങൾ സംസ്കരിച്ചു.