Wednesday 02 April 2025 10:06 AM IST : By സ്വന്തം ലേഖകൻ

പനിയും ഉയർന്ന രക്തസമ്മർദവും, ബസ് ഡ്രൈവർ തളർന്നു വീണു; യാത്രക്കാരൻ വാഹനം ഓടിച്ച് ആശുപത്രിയിലെത്തിച്ചു! നന്ദി വാക്ക് പോലും കേൾക്കാതെ പോയി...

ksrtc-bus-driver

യാത്രയ്ക്കിടെ കെഎസ്ആർടിസി ബസ് ഡ്രൈവർ തളർന്നു വീണു, വാഹനം റോഡരികിൽ ഒതുക്കി നിർത്താനായത് 56 യാത്രക്കാരുടെ ജീവന് തുണയായി. ബസിൽ സഞ്ചരിച്ചിരുന്നവരിലൊരാൾ ബസ് ഓടിച്ച് ഡ്രൈവറെ പെട്ടെന്ന് ആശുപത്രിയിലെത്തിച്ചത് ഡ്രൈവർക്കും രക്ഷയായി. ഒരു നന്ദി വാക്കു കേൾക്കാൻ പോലും കാത്തു നിൽക്കാതെ ഇദ്ദേഹവും മറ്റു യാത്രക്കാരോടൊപ്പം ആശുപത്രിയിൽ നിന്നു പോയി. 

ഇരിങ്ങാലക്കുട ഡിപ്പോയിലെ മുണ്ടക്കയം–തൃശൂർ–എറണാകുളം റൂട്ടിൽ ഓടുന്ന ഫാസ്റ്റ് പാസഞ്ചർ ബസിലെ ഡ്രൈവർ ഇന്നലെ വൈകിട്ട് അഞ്ചരയോടെ നെടുമ്പാശേരി കരിയാട് കവലയ്ക്ക് സമീപമാണു തളർ‌ച്ച അനുഭവപ്പെട്ടതിനെ തുടർന്ന് ബസ് പണിപ്പെട്ട് നിർത്തിയത്. ബസ് നിർത്തി സീറ്റിലേക്ക് തളർന്നു വീഴുകയായിരുന്നു ഡ്രൈവർ. 

കണ്ടക്ടറും മറ്റു യാത്രക്കാരും ചേർന്ന് ഡ്രൈവറെ ആശുപത്രിയിലെത്തിക്കാൻ വാഹനം അന്വേഷിച്ചെങ്കിലും പെട്ടെന്ന് കിട്ടിയില്ല. തുടർന്ന് ബസിൽ തന്നെ ഉണ്ടായിരുന്ന ഹെവി ഡ്രൈവിങ് ലൈസൻസ് ഉള്ള യാത്രക്കാരൻ ബസ് ആശുപത്രിയിലേക്ക് ഓടിക്കാമെന്ന് അറിയിക്കുകയായിരുന്നു. ബസ് ഏതാനും കിലോമീറ്ററുകൾ അപ്പുറത്തുള്ള ദേശം സിഎ ആശുപത്രിയിൽ എത്തിച്ച് ഡ്രൈവറെ പ്രവേശിപ്പിച്ചു.

പനിയും ഉയർന്ന രക്തസമ്മർദവും ഷുഗർനില താഴ്ന്നതുമായിരുന്നു തളർച്ചയുടെ കാരണമെന്ന് കണ്ടെത്തി. ബസ് ആശുപത്രിയിലെത്തിച്ച ശേഷം മറ്റു യാത്രക്കാർ മറ്റു ബസുകളിൽ പോയതിനോടൊപ്പം ബസ് ഓടിച്ച യാത്രക്കാരനും പോയി. ഒരു നന്ദി പറയാൻ ഡ്രൈവറും മറ്റും അന്വേഷിച്ചെങ്കിലും അതിനൊന്നും കാക്കാതെ തന്നെ അദ്ദേഹം പോവുകയായിരുന്നു. 

രാത്രിയോടെ ഡ്രൈവറുടെ ആരോഗ്യ നില മെച്ചപ്പെട്ടു. മുണ്ടക്കയത്ത് നിന്ന് ബസ് ഓടിച്ചു തൃശൂരിലെത്തി അവിടെ നിന്ന് എറണാകുളത്തേക്ക് പോകവേയായിരുന്നു ഡ്രൈവർക്ക് ക്ഷീണം അനുഭവപ്പെട്ടത്.

Tags:
  • Spotlight