Tuesday 08 November 2022 12:31 PM IST : By സ്വന്തം ലേഖകൻ

‘കാമുകൻ വിഷവസ്തു കുറിയറില്‍ അയച്ചുകൊടുത്തു; ഭാര്യ ഹോർലിക്സിലിട്ട് നൽകി’; പരാതി നല്‍കിയിട്ടും നടപടിയുണ്ടായില്ലെന്ന് കെഎസ്ആർടിസി ഡ്രൈവർ

sudheer446677

തിരുവനന്തപുരം പാറശാലയിൽ ഷാരോൺ രാജിന്റെ കൊലപാതകത്തിനു പിന്നാലെ സമാനമായ പരാതിയുമായി കെഎസ്ആർടിസി ഡ്രൈവർ രംഗത്ത്. കാമുകനൊപ്പം ചേർന്ന് ഭാര്യ ഹോർലിക്സിൽ വിഷം ചേർത്തു നൽകിയതായി നെടുവാൻവിള അയണിമൂട് സ്വദേശിയായ കെഎസ്ആർടിസി ഡ്രൈവർ സുധീറാണ് പൊലീസിൽ പരാതി നൽകിയത്. പരാതി നൽകി മാസങ്ങളായിട്ടും പൊലീസ് നടപടിയെടുത്തില്ലെന്ന് സുധീർ ആരോപിക്കുന്നു. ഷാരോൺ രാജ് വധം ചർച്ചയായതോടെയാണ് സുധീർ വീണ്ടും പരാതി ഉന്നയിച്ചത്.

2018 ജൂലൈയിൽ ഭാര്യ ഹോർലിക്സിൽ വിഷം ചേർത്തു നൽകി കൊലപ്പെടുത്താൻ ശ്രമിച്ചെന്നാണ് സുധീറിന്റെ പരാതി. ഭക്ഷണത്തിൽ നേരിയ അളവിൽ വിഷം കലർത്തി നൽകിയതോടെ പല ദിവസങ്ങളിലും അസ്വസ്ഥതയും തലവേദനയും അനുഭവപ്പെട്ട് ചികിൽസ തേടേണ്ടി വന്നു. ഒന്നര വർഷം മുൻപ് കുഴഞ്ഞു വീണതിനെ തുടർന്ന് പാറശാല ആശുപത്രിയിലെത്തിച്ചു. സ്ഥിതി മോശമായതിനെ തുടർന്ന് മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. മൂന്നു ദിവസത്തോളം തീവ്രപരിചരണ വിഭാഗത്തിൽ കിടക്കേണ്ടി വന്നതായും സുധീർ പറയുന്നു. 

ശിവകാശി സ്വദേശിയായ ഭാര്യ പിണങ്ങിപ്പോയതിനു ശേഷം വീട്ടിലെ അലമാരയിൽ നിന്ന് വിഷവസ്തു കണ്ടെടുത്തു. ഈ വിഷപദാർഥം ഭാര്യയുടെ പുരുഷ സുഹൃത്ത് തമിഴ്നാട്ടിൽനിന്ന് കുറിയറായി അയച്ചതാണെന്നതിനു തെളിവുകൾ പൊലീസില്‍ ഹാജരാക്കിയിട്ടും അന്വേഷിക്കാൻ തയാറാകുന്നില്ലെന്നും സുധീർ ആരോപിക്കുന്നു. പാറശാല പൊലീസിലാണ് ആദ്യം പരാതി നൽകിയതെന്നും സുധീര്‍ പറയുന്നു. 

Tags:
  • Spotlight