തിരുവനന്തപുരം മേയറും കെഎസ്ആര്‍ടിസി ഡ്രൈവറുമായുള്ള തര്‍ക്കത്തില്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കും എതിരെയുള്ള പരാതിയില്‍ കേസെടുക്കില്ല. ഡ്രൈവര്‍ മോശമായി പെരുമാറിയതിനാല്‍ ബസ് തടഞ്ഞെന്നാണ് പൊലീസ് ന്യായീകരണം. പരാതി നല്‍കുന്നത് കെഎസ്ആര്‍ടിസിയും ഒഴിവാക്കി. ബസ് തടഞ്ഞ് ട്രിപ്പ് മുടക്കിയെന്നായിരുന്നു ഡ്രൈവര്‍ യദുവിന്റെ പരാതി.
അതേസമയം, ഡ്രൈവർ എച്ച്.എൽ. യദുവിനെ ഉടൻ പിരിച്ചുവിടില്ല. എന്നാൽ ജോലിക്ക് കയറ്റുകയുമില്ല. കെഎസ്ആർടിസിയുടേതാണ് വിചിത്ര നടപടി. മേയർ ഗതാഗതമന്ത്രിയോട് പരാതിപെട്ടതിന്റെ അടിസ്ഥാനത്തിൽ കെഎസ്ആര്‍ടിസി എംഡി പ്രാഥമിക അന്വേഷണം നടത്തി. ഡ്രൈവറെ പിന്തുണച്ചാണ് സഹപ്രവർത്തകർ മൊഴി നൽകിയത്.
ഇതോടെയാണ് പിരിച്ചുവിടൽ നടപടി വേണ്ടെന്ന് ഗതാഗത മന്ത്രി തീരുമാനിച്ചത്. എന്നാൽ മേയർ പരാതി പറഞ്ഞതിനാൽ പൂർണമായി തിരിച്ചെടുക്കാനും സാധിക്കില്ല. ഇതോടെയാണ് പൊലീസ് അന്വേഷണം കഴിയും വരെ ജോലിയിൽ നിന്ന് മാറ്റിനിർത്താൻ തീരുമാനിച്ചത്.