Friday 03 August 2018 02:51 PM IST

കുടിക്കാൻ ഒരു തുള്ളിവെള്ളമില്ല, അരിയുണ്ടെങ്കിലും പട്ടിണി, ജീവനു ഭീഷണിയായി വിഷപ്പാമ്പുകളും; കുട്ടനാടിന്റെ അവസ്ഥ ഇപ്പോൾ ഇങ്ങനെയാണ്

Binsha Muhammed

kurranad-cover

മുട്ടറ്റം വെള്ളത്തിൽ മുങ്ങാം കുഴിയുടുമ്പോഴും തായ്‍ലാൻഡിലെ താം ലുവാഗ് ഗുഹാ രക്ഷാപ്രവർത്തനത്തെ പറ്റിയാണ് മലയാളിക്ക് ആശങ്ക. അയൽപക്കക്കാരന്റെ വീടും കിടക്കാടവും വെള്ളം കയറി നശിച്ചപ്പോഴും നമ്മൾ കുലുങ്ങിയില്ല. ശീതീകരിച്ച മുറിയിലുന്ന് സൊമാലിയയിലെ അഭയാർത്ഥി ക്യാമ്പിലെ പട്ടിണിയെ പറ്റി വ്യാകുലപ്പെടുകയായിരുന്നു അഭിനവ മലയാളി.

‘കൺമുന്നിലുള്ള ജീവിതം കാണാതെ യുഎസ്–ഉത്തരകൊറിയ മിസൈൽ പരീക്ഷണത്തെപ്പറ്റി സംസാരിച്ചിട്ടെന്തു കാര്യം ചേട്ടാ....വെയിലുദിക്കാത്ത നാലു ചുമുകൾക്കുള്ളിലിരുന്നിട്ട് മഴ സ്റ്റാറ്റസുകളും മഴയുടെ കാൽപ്പനിക ഭാവവും മാറി മാറി പകർത്തുന്ന മലയാളീ...വലപ്പോഴുമെങ്കിലും ഒന്ന് പുറത്തേക്കിറങ്ങണം.  സോഷ്യൽ മീഡിയ നോട്ടിഫിക്കേഷനും ചൂടുപിടിച്ച ചർച്ചകൾക്കുമപ്പുറം ചില ജീവിതങ്ങളുണ്ട്. കാലവർഷം നൽകിയ വേദനയുടെ കയ്പുനീരും കുടിച്ച് ദിനങ്ങൾ തള്ളി നീക്കുന്ന കുറച്ചു ജീവിതങ്ങൾ. അന്നു വരെ നിങ്ങൾ ആകുലപ്പെട്ട സോഷ്യൽ മീഡിയ വിഷയങ്ങളൊന്നും നിങ്ങൾക്കൊരു വിഷയമേ അല്ലാതാകും.’

alp-3

കുട്ടനാട്ടിലെ വട്ടക്കായലിന്റെ തീരത്ത് ചേർത്തു നിർത്തിയ ബോട്ടിലിരുന്ന് ഇതു പറയുമ്പോൾ ജസ്റ്റിൻ ഫെർണാണ്ടസിന്റെ മുഖത്ത് നിറഞ്ഞ ചാരിതാർഥ്യം. ഇത്തിരിക്കാര്യങ്ങൾ ചെയ്യുമ്പോഴും ഒത്തിരി പെരുമ നടിക്കുന്ന മലയാളിയുടെ പ്രതിനിധിയല്ല ജസ്റ്റിൻ. ഇടിച്ചു കുത്തി പെയ്ത കാലവർഷം കുട്ടനാട്ടിനെ വെള്ളത്തിൽ മുക്കിയപ്പോൾ അവര്‍ക്ക് മുന്നിൽ സാന്ത്വന സ്പർശമായി എത്തിയവരുടെ കൂട്ടത്തിൽ ആ ചെറുപ്പക്കാരനുമുണ്ടായിരുന്നു. സ്വന്തം നിലയ്ക്ക് നീട്ടിയ സഹായ ഹസ്തം ഇന്നൊരു ബൃഹത് സംരംഭമായി മാറിയതിന്റെ അഭിമാനമാണ് ആ മുഖത്ത്. ആരാലും അറിയപ്പെടാതെ, കരുണയുടെ ഒരു കരവും നീളാതെ നിന്ന കുട്ടനാട്ടിലെ ഗ്രാമങ്ങളിൽ ഒമ്പത് ലക്ഷത്തിൽപ്പരം രൂപയുടെ സഹായം എത്തിക്കാൻ ഈ ചെറുപ്പക്കാരന് കഴിഞ്ഞെങ്കിൽ അതൊരു ചെറിയ കാര്യമല്ല. ജസ്റ്റിന്റെ ബോട്ടിന്റെ വരവിനായി വഴിക്കണ്ണുമായ് നിന്ന നൂറു കണക്കിന് കുടുംബങ്ങൾ, അവരേറ്റു വാങ്ങിയ കാരുണ്യങ്ങൾ അതെല്ലാം ഹൃദയം തൊടുന്ന നിമിഷമായ് മാറിയതെങ്ങനെ? ആലപ്പുഴയിൽ ഡിജെ കളിച്ചു നടന്ന ഈ ഫ്രീക്ക് പയ്യൻ എന്തിനിതെല്ലാം ചെയ്തു, എല്ലാത്തിനും മറുപടി ജസ്റ്റിൻ തന്നെ പറയുന്നു.

alp-1

‘ഹെലികോപ്റ്ററിൽ വരുന്ന ഭക്ഷണപ്പൊതികൾക്കായി കാത്തിരിക്കുന്ന ആഫ്രിക്കക്കാരുടെ നൊമ്പരപ്പെടുത്തുന്ന ചിത്രങ്ങൾ കണ്ട് നമ്മൾ ചോദിക്കും. നമ്മളൊക്കെ പുണ്യം ചെയ്തവരാണല്ലേ...?എന്നാൽ പുണ്യം ചെയ്യാത്ത ചില ജന്മങ്ങളുണ്ട് നമ്മുടെ ഈ കൊച്ചു കേരളത്തിൽ, കൃത്യമായി പറഞ്ഞാൽ കുട്ടനാട്ടിൽ. മഴയുടെ രൗദ്രഭാവം അടുത്തറിഞ്ഞ സാധാരണക്കാരിൽ സാധാരണക്കാരാണവർ. കുട്ടനാടിന്റെ കായലോര ഭംഗിയിൽ മാത്രം കണ്ണെറിയുന്ന നമ്മൾക്ക് അവർ അന്യമായിരിക്കും. പക്ഷേ ഈ മഴക്കാലത്ത് അവർ പങ്കുവച്ച വേദനകൾ, അവരുടെ ദുരിതക്കാഴ്ച്ചകൾ അതു മാത്രം മതി നമ്മളെ അസ്വസ്ഥമാക്കാൻ– ജസ്റ്റിന്റെ ആമുഖം

ദുരിതാശ്വാസ ക്യാമ്പുകളുടെയും സന്നദ്ധ സഹായങ്ങളുടെയും ഏഴയലത്ത് പോലും എത്തിനോക്കാനാകാത്ത കുറേ കുടുംബങ്ങളുണ്ട് കുട്ടനാട്ടിൽ. അത്തരക്കാരെ തെര‍ഞ്ഞു പിടിച്ച് അവർക്കിടയിലേക്ക് സഹായവുമായി പോകണമെന്ന ചിന്തയെ സഹായമനസ്കത എന്നു പറഞ്ഞ് കൊച്ചാക്കാൻ ഞാനാഗ്രഹിക്കുന്നില്ല. അതിന് ‘കടമ’ എന്ന ഒറ്റവാക്കിലെ വിശേഷണം തന്നെ ധാരാളം.

കയാക്കിംഗ് വശമുണ്ടെനിക്ക് ആ ധൈര്യത്തിലാണ് സഹായവുമായി ഇറങ്ങിത്തിരിച്ചത്. പക്ഷേ ഈ കാലാവസ്ഥയിൽ ഒരു വള്ളം പോലും പുറത്തിറക്കുന്നത് അപകടമാണെന്ന് ബോധ്യമായി. അങ്ങനെ വാടകയ്ക്കൊരു ബോട്ടെടുത്ത് തിരിക്കുകയാണ്.

alp-5

ചുറ്റും വെള്ളം നിറയുമ്പോഴും ഒരിറ്റു വെള്ളം പോലും ഇറക്കാൻ കഴിയുന്നില്ല എന്നത് കുട്ടനാടിന്റെ തലമുറകളുടെ ദുര്യോഗമാണ്. കുടിവെള്ളക്ഷാമവും പട്ടിണിയും രൂക്ഷമായ പ്രദേശങ്ങളിൽ സ്വന്തം നിലയിൽ സഹായമെത്തിച്ചു തുടങ്ങി. മഴയായതോടെ പലർക്കും ജോലിയില്ല, കാശില്ല ഇനി അഥവാ ഉണ്ടെങ്കിൽ തന്നെ വള്ളവുമായി പുറത്തേക്കിറങ്ങാൻ കഴിഞ്ഞെങ്കിലല്ലേ കാര്യമുള്ളൂ? കർഷകരുടെയും സാധാരണ കൂലിപ്പണിക്കാരുടെയും ദുരിതങ്ങൾ സിനിമയിൽ മാത്രം കണ്ടിട്ടുള്ളവർക്ക് ഒരുപക്ഷേ ഈ കാഴ്ചകൾ ദഹിച്ചെന്നു തന്നെ വരില്ല. പക്ഷേ അതാണ് സത്യം. ഹൃദയം തൊടുന്ന സത്യം–ജസ്റ്റിൻ വേദനിപ്പിക്കുന്ന ആ കാഴ്ചകളുടെ ഓർമ്മയിൽ.

alp-2

ഒറ്റമുറി വീടിന്റെ ഓരത്ത് ബഞ്ചിനു മേൽ ബഞ്ച് പിടിച്ചിട്ട് കൂനിക്കൂടി ഇരിക്കുന്നവരെ അവിടെ കാണാം. പലയിടത്തും കക്കൂസ് മാലിന്യവും ചുറ്റും നിറഞ്ഞ വെള്ളവും ഏതെന്ന് തിരിച്ചറിയാൻ പോലുമാകില്ല. പലരും സാംക്രമിക രോഗത്തിന്റെ പിടിയിലാണ്. വെള്ളം കയറി കാടും മേടും വേർതിരിക്കാനാകാത്ത മേഖലകളിൽ പലർക്കും ഭീഷണി വിഷപ്പാമ്പുകളാണ്. അങ്ങനെ നിരവധി പേരാണ് മരണത്തിന് കീഴടങ്ങിയിരിക്കുന്നത്. വൃത്തിഹീനമായ സാഹചര്യത്തിൽ ജീവിച്ച് പലരുടെയും കാലുകളിൽ ‘വളംകടി’ പിടിപ്പെട്ടു കഴിഞ്ഞു. കാലിന് സ്വാധീനമില്ലാത്ത ഒരു പതിമൂന്നുകാരിക്കൊപ്പം വെള്ളം നിറഞ്ഞ ഒറ്റമുറി വീട്ടിൽ പരക്കം പോയുന്ന ഒരു മുത്തശ്ശിയെയും ഞാൻ കണ്ടു. ആ കാഴ്ചകൾ ഓർത്താൽ നെഞ്ചു പിടയും.

ബിസ്ക്കറ്റ്. ബ്രെഡ്, വെള്ളം, പുതപ്പ് എന്നിങ്ങനെയായിരുന്നു സഹായം. ക്യൂ നിന്നും തിക്കിത്തിരക്കിയും സഹായങ്ങൾ പറ്റുന്ന കുട്ടനാട്ടുകാരുടെ ദുരിത ജീവിതത്തിനോളം വരില്ല ഒരു സൊമാലിയയുമെന്ന് ഒരു നിമിഷം ചിന്തിച്ചു പോയി. സഹായമെത്തിച്ച പ്രദേശത്തു നിന്നും പോസ്റ്റ് ചെയ്ത ഫെയ്സ്ബുക്ക് വിഡിയോയാണ് കൂടുതൽ പേര്‍ക്ക് സഹായ സംരംഭത്തിൽ ഒപ്പം ചേരാൻ പ്രചോദനമായത്. ആദ്യമാദ്യം കടം വാങ്ങിയായിരുന്നു സഹായങ്ങൾ സ്വരൂപിച്ചത്. പിന്നീട് കൂടുതൽ പേർ ഞങ്ങളോടൊപ്പം കൈ കോർത്തു. ചിലർ കാശിന്റെ രൂപത്തിൽ മറ്റു ചിലർ അവശ്യ സാധനങ്ങളുടെ രൂപത്തിൽ. അങ്ങനെ 9 ലക്ഷം രൂപ വരെ സമാഹരിക്കാൻ ഞങ്ങളുടെ ഈ ഉദ്യമത്തിനായി.

alp-4

എന്റെ ഈ ഉദ്യമം പത്ത് പേരറിയണമെന്ന് എനിക്ക് നിർബന്ധമുണ്ട്. അത് പേരെടുക്കാനല്ല. ഇങ്ങനെയും ചില ജീവിതങ്ങൾ ഉണ്ടെന്ന് പലരെയും ഓർമ്മിപ്പിക്കാനാണ് ഈ ശ്രമം. ഒരു കൈ കൊടുക്കുന്നത് മറു കൈ അറിയരുതെന്നാണ് ദൈവ വചനം. പക്ഷേ കരുണയുടെ കരം പിടിക്കുന്ന നൂറു കൈകൾ കോർത്തു പിടിക്കാൻ ഇത് മറ്റുള്ളരെ അറിയിക്കുക തന്നെ വേണം. കർമ്മം കൊണ്ടും സാഹചര്യങ്ങൾ കൊണ്ടും ചിലർ നമ്മുടെ കൂടപ്പിറപ്പാകും. അതു തന്നെയാണ് ഈ സത്ക്കർമ്മങ്ങൾക്കുള്ള പ്രചോദനവും. ചുറ്റമുള്ളന്റെ കണ്ണീർ കാണാത്ത നമ്മുടെ ജീവിതം എങ്ങനെയാണ് അർത്ഥപൂർണമാകുന്നത്–ജസ്റ്റിൻ പഴയ ചോദ്യം ആവർത്തിച്ചു.

kt മഴക്കെടുതിയിലെ കുട്ടനാട്; കുട്ടനാടിന്റെ ദുരിത ജീവിതത്തിന്റെ നേർസാക്ഷ്യമായി സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ചിത്രം