Saturday 13 April 2019 11:20 AM IST : By സ്വന്തം ലേഖകൻ

കണക്കിൽ തിരിമറി; സ്വകാര്യ സ്ഥാപനത്തിൽ നിന്നും 52 ലക്ഷം തട്ടിയ യുവതി അറസ്റ്റിൽ

nimmi

ആലപ്പുഴ ∙ നഗരത്തിലെ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനത്തിൽനിന്ന് 52 ലക്ഷം രൂപ തട്ടിയെടുത്ത സംഭവത്തിൽ യുവതി അറസ്റ്റിൽ. സ്ഥാപനത്തിലെ അക്കൗണ്ടന്റായി ജോലി ചെയ്തിരുന്ന, ആശ്രമം വാർഡിൽ വാടകയ്ക്കു താമസിക്കുന്ന നിമ്മി ആന്റണിയെയാണ് (32) നോർത്ത് പൊലീസ് പിടികൂടിയത്. ഭർത്താവും രണ്ടാം പ്രതിയുമായ ആന്റണി റെനോൾ‍ഡ് ഒളിവിലാണ്. 2017 മേയിലാണ് ഉടമ സംഗീത് ചക്രപാണി ലോക്കൽ പൊലീസിനും തിരുവനന്തപുരം ക്രൈം ബ്രാഞ്ച് ഐജിക്കും പരാതി നൽകിയത്.

സ്ഥാപനത്തിൽ അക്കൗണ്ടന്റായിരുന്ന നിമ്മി ഫീസിന്റെ കണക്കിൽ തിരിമറി കാണിച്ചു പണം തട്ടിയിരുന്നു. സ്ഥാപനം ഉടമയുടെ വിശ്വസ്തനായി നിന്ന് ആന്റണി നടത്തിപ്പ് ഉത്തരവാദിത്തം ഏറ്റെടുത്തു. തട്ടിപ്പു പിടിക്കപ്പെട്ടതോടെ രണ്ടു പേരും ഒളിവിൽ പോയി. ഒളിവിലിരുന്നുകൊണ്ട് ജില്ലാ കോടതിയിൽ മുൻകൂർ ജാമ്യത്തിനു  ശ്രമിച്ചെങ്കിലും കോടതി തള്ളി.

ഹൈക്കോടതിയെ സമീപിച്ചതോടെ ജാമ്യം വീണ്ടും തള്ളുകയും ഉടൻ കീഴടങ്ങണമെന്നു കോടതി ഉത്തരവിടുകയും ചെയ്തു. തുടർന്നാണ് നിമ്മി പിടിലായത്. ആന്റണി വിദേശത്തേക്കു കടന്നെന്നു നോർത്ത് പൊലീസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ ശേഷം ഉപാധികളോടെ നിമ്മിക്കു ജാമ്യം അനുവദിച്ചു.