Wednesday 20 October 2021 11:40 AM IST : By സ്വന്തം ലേഖകൻ

‘ശരീരം പുകഞ്ഞു കത്തുന്ന പോലെ, പുരികവും കൺപീലിയും പോയ എന്റെ രൂപം വല്ലാതെ ഭയപ്പെടുത്തി’: കാൻസര്‍ വേദന: കുറിപ്പ്

lakshmi

ചില വേദനകളുണ്ട്. അത് അനുഭവിക്കുന്നവർക്കേ അതിന്റെ ആഴവും പരപ്പും അറിയാനാകൂ. കാൻസറെന്ന വില്ലനു മുന്നിൽ ശരീരവും മനസും അടിയറവ് വയ്ക്കേണ്ടി വരുന്ന ജീവിതങ്ങൾക്കും അത്തരം ചില വേദനകളുടെ കഥപറയാനുണ്ടാകും. അനുഭവിച്ചവർക്കല്ലാതെ മറ്റാർക്കും മനസിലാകാത്ത വലിയ വേദനകളുടെ കഥ. ആ കഥ കേട്ട് കണ്ണീർ പൊഴിക്കാനേ പലർക്കുമാകൂ. കാൻസർ ചികിത്സയുടെ ഭാഗമായുള്ള കീമോയിൽ വെന്തുരുകിയ അനുഭവം വികാരനിർഭരമായി കുറിക്കുകയാണ് ലക്ഷ്മി ജയൻ നായര്‍. സഹനത്തിന്റെയും വേദനകളുടേയും ആശുപത്രിവാസം ലക്ഷ്മിയുടെ വാക്കുകളിൽ വരച്ചിടുമ്പോൾ കണ്ണീരോടെയല്ലാതെ വായിച്ചു തീർക്കാനാകില്ല.

ഫെയ്സ്ബുക്ക് കുറിപ്പ് വായിക്കാം:

ട്രീറ്റ്മെന്റിന്റെ 25% കഴിഞ്ഞു.ട്യൂബ്സ്‌ മാറ്റി. Staples എടുത്തു മാറ്റി. കുറ്റം പറയരുതല്ലോ കാണാൻ നല്ല രസം ആയിരുന്നു. ശരീരത്തിൽ ഒരു റെയിൽവേ ട്രാക്ക്. അപ്പോൾ ഞാൻ ഒരുപാട് വിഷമിച്ചിരുന്നു. Dissolved സ്റ്റിച്ചസ് ഇട്ടാൽ ഇത് തിരിച്ചു എടുക്കണ്ട വേദന കൂടി ഉണ്ടാവില്ലായിരുന്നല്ലോ എന്നോർത്ത്. പക്ഷേ ഇപ്പോൾ ആ വ്യത്യാസം അറിയാം. കാരണം സർജറി ചെയ്തതിന്റെ ഒരു പാട് പോലും ഇപ്പൊ കാണാൻ പറ്റില്ല.

അടുത്തത് chemo ആണ്. ഡോക്ടർ 6 monthly chemo ആണ് പറഞ്ഞത്. കൂട്ടത്തിൽ chemoport ഇടാനും പറഞ്ഞു.

(chemo port is a small, implantable reservoir with a thin silicone tube that attaches to a vein. The main advantage of this vein-access device is that chemotherapy medications can be delivered directly into the port rather than a vein, eliminating the need for needle sticks.

കഴുത്തിനു താഴെ വെയ്നിനോട് ചേരുന്ന നേർത്ത സിലിക്കൺ ട്യൂബുള്ള ഒരു ചെറിയ, ഇംപ്ലാന്റബിൾ റിസർവോയറാണ് കീമോ പോർട്ട്. ഇതിന്റെ പ്രധാന പ്രയോജനം കീമോതെറാപ്പി മരുന്നുകൾ നേരിട്ട് എത്തിക്കാം എന്നതാണ് , സൂചി സ്റ്റിക്കുകളുടെ ആവശ്യം ഇല്ലാതാക്കുന്നു എന്നതാണ്.)

പക്ഷേ വീണ്ടും ഒരു സർജറി ചെയ്യാനുള്ള പേടി കൊണ്ട് വെയിനിൽ കൂടി chemo കൊടുത്താൽ മതി എന്ന് ഞാൻ പറഞ്ഞു. ഞാൻ നോക്കുമ്പോൾ കൈയിൽ ആവശ്യത്തിന് vein കാണുന്നുണ്ട്. എണ്ണി നോക്കി, എങ്ങനെ പോയാലും 6 vein ഉണ്ടാകും. അങ്ങനെ ഒരാശ്വാസത്തിൽ ഞാൻ chemo തുടങ്ങി. ബ്ലീച്ചിങ് പൌഡറിനെ ഓർമിപ്പിക്കുന്ന രീതിയിൽ ഗന്ധം ഉള്ള ഒരു ചുവപ്പ് കളർ മരുന്ന് ആയിരുന്നു.(പേര് ചേർക്കുന്നില്ല ).രണ്ട് ദിവസത്തെ chemo ക്ക് ശേഷം എനിക്കും ഞാൻ ഉപയോഗിക്കുന്ന മുറിക്കും വസ്ത്രങ്ങൾക്കും എല്ലാം ആ ഗന്ധം ആയിരുന്നു.

ശരീരത്തിലൂടെ ആസിഡ് പോലെ പൊള്ളി ഇറങ്ങുന്ന ഒരു medicine ആയിരുന്നു എന്റെ അറിവിൽ chemo medicine. ഇത് പക്ഷേ ശാന്തമായി ശരീരത്തിലൂടെ ഒഴുകി. ഒന്നും അറിഞ്ഞില്ല. ഡിസ്ചാർജ് ചെയ്യുന്ന സമയത്തു ഡോക്ടർ വന്നു. തമിഴൻ ആയിരുന്നു അദ്ദേഹം.

"പതിനഞ്ചു ദിവസം കഴിയുമ്പോൾ മുടി പോയിതുടങ്ങും. പേടിക്കേണ്ട, തിരിച്ചു വരാൻ ഉള്ളതാണ്. മാനസികമായി തയ്യാർ എടുക്കണം. പിടിച്ചു നിൽക്കണം "തമിഴ് കലർന്ന ഇംഗ്ലീഷിൽ അദ്ദേഹം പറഞ്ഞു.

ആദ്യത്തെ chemo കഴിഞ്ഞു വീട്ടിൽ എത്തി. അപ്പോഴാണ് ശരിക്കും മനസ്സിൽ ആകുന്നത്, മുൻപ് ശാന്തനായി സിരകളിൽ കൂടി ഒഴുകിയത് ആസിഡിനെകാൾ മാരകമായിരുന്ന ഒന്നായിരുന്നു എന്ന്. ശരീരം മുഴുവനും പുകഞ്ഞു കത്താൻ തുടങ്ങി. ബാംഗ്ലൂർ നഗരത്തിലെ തണുപ്പിലും എന്റെ ശരീരം ചുട്ട് പഴുത്തു. എല്ല് നുറുങ്ങുന്ന വേദനയിൽ വീണ്ടും ഒരു ICU വാസം. വേദനക്കിടയിൽ ഇടയ്ക്കെപ്പോഴോ മിന്നി മായുന്ന ഓർമ്മ. കുറച്ചു ദിവസം കഴിഞ്ഞു മറ്റൊന്നും ചെയ്യാനില്ല ഇത് കീമോയുടെ സൈഡ് എഫക്ട് ആണ് എന്ന് പറഞ്ഞു ഡിസ്ചാർജ് ചെയ്തു.

പിന്നീടുള്ള ദിവസങ്ങളിൽ bed spread നനച്ച് ദേഹത്തും തലയിലും ചുറ്റി ആയിരുന്നു ഉറങ്ങിയിരുന്നത്.മണിക്കൂറുകൾ കൊണ്ട് ഉണങ്ങുന്ന ഷീറ്റ് വീണ്ടും വീണ്ടും നനച്ച് പുതയ്ക്കുമായിരുന്നു.ഒരു AC ക്ക് പോലും അതിൽ നിന്ന് രക്ഷപ്പെടുത്താൻ പറ്റുമായിരുന്നില്ല.

ഒരു ദിവസം ഉറക്കം ഉണരുമ്പോൾ ഞാൻ കാണുന്നത് കുറച്ചു കുറച്ചായി അടർന്നു വീഴുന്ന എന്റെ തലമുടി ആണ്. പിന്നീട് അങ്ങോട്ട് എന്റെ വീട്ടിൽ എല്ലായിടത്തും എന്റെ മുടിച്ചുരുളുകൾ കൊണ്ട് നിറഞ്ഞു. അവസാനം അങ്ങിങ്ങായി കുറച്ചു മുടി മാത്രം ഉണ്ടായിരുന്ന എന്നെ എനിക്ക് തന്നെ മനസ്സിൽ ആകാതെ വന്നു. പുരികവും കൺപീലികളും കൂടി പോയ എന്റെ രൂപം എന്നെ വല്ലാതെ ഭയപ്പെടുത്തി.

"കുറച്ചു മുടി ആണെങ്ങിൽ പോലും തലയിൽ ഇരുന്നാൽ വേദന കൂടും. ഷേവ് ചെയ്തു കളയുന്നത് ആണ് നല്ലത് "ഡോക്ടർ പറഞ്ഞുകൊണ്ടേയിരുന്നു. Cancer ട്രീറ്റ്മെന്റ് തുടങ്ങിയതിനു ശേഷം മാനസികമായി പിടി വിട്ട് പോയ കുറച്ചു സന്ദർഭങ്ങളെ ഉണ്ടായിട്ടുള്ളൂ. അതിൽ ഒന്നായിരുന്നു ഷേവ് ചെയ്യാൻ വേണ്ടി ഞാൻ അടുത്തുള്ള പാർലറിൽ പോയപ്പോൾ ഉണ്ടായതു.അത്രയും നാൾ പൊന്നു പോലെ വളർത്തിയ മുടി പറിച്ചു മാറ്റുമ്പോൾ ഞാൻ പൊട്ടിക്കരഞ്ഞു. ചുറ്റും ഉണ്ടായിരുന്നവർ സഹതാപത്തോടെ നോക്കിക്കൊണ്ടിരുന്നു. ആരൊക്കെയോ husbandനോട് എന്തൊക്കെയോ ചോദിക്കുന്നുണ്ട്. തലയിൽ മുഴുവനും ഷാൾ വെച്ച് ഞാൻ മൂടി. മറ്റുള്ളവർ തിരിച്ചറിയാതിരിക്കാൻ മുഖവും മൂടി.എന്റെ കണ്ണുകൾ മാത്രമേ പുറത്ത് കാണുമായിരുന്നുള്ളു. അങ്ങനെ ഒരു മാസം.

അടുത്ത പ്രാവശ്യം ഞാൻ ഹോസ്പിറ്റലിൽ പോകുമ്പോൾ എന്റെ അടുത്ത് വന്നിരുന്ന ഒരു മാലാഖകുട്ടി എന്റെ പല തീരുമാനങ്ങളും തെറ്റാണെന്നു ബോധ്യപ്പെടുത്തി. മൂന്ന് വയസുള്ള bone cancer വന്ന ഒരു കുഞ്ഞ്. കാലിന്റെ തുടയിലെ എല്ല് പൊട്ടി പുറത്ത് വന്നിട്ട് നടക്കാൻ പോലും കഴിയാത്ത ഒരു കുഞ്ഞ്. ഞാനും എന്റെ രോഗം ഉൾക്കൊണ്ടു. Cancer എന്ന് പറയുമ്പോൾ മുടിയിലായ്മ ആണെന്ന് അറിയാമാരുന്നെങ്കിൽ കൂടി ഉൾക്കൊള്ളാൻ കുറച്ചു സമയം വേണ്ടി വന്നു പിന്നീട് ഒരിക്കൽ പോലും അത്യാവശ്യ ഘട്ടങ്ങളിൽ അല്ലാതെ ഞാൻ എന്റെ തല കവർ ചെയ്തിട്ടില്ല.

അങ്ങനെ കലണ്ടറിൽ ആറു കീമോ കഴിയുന്ന സമയവും കുറിച്ച് കാത്തിരുന്ന എന്നോട് നാലാമത്തെ കീമോ കഴിഞ്ഞപ്പോൾ ഡോക്ടർ പറഞ്ഞു "ബാക്കി രണ്ടു കീമോ എന്നുള്ളത് പന്ത്രണ്ട് ആക്കുകയാണ്. അതും ആഴ്ചയിൽ ഒന്ന് വെച്ച്. പേടിക്കേണ്ട സൈഡ് എഫക്ടസ് കുറവായിരിക്കും "

ശരിക്കും പറഞ്ഞാൽ കണ്ണിൽ ഇരുട്ട് കയറുന്നത് പോലെ തോന്നി. പക്ഷേ ഒന്നും ചെയ്യാൻ പറ്റുമായിരുന്നില്ല.

ആ പന്ത്രണ്ട് ആഴ്ച്ചകൾ ആയിരുന്നു ഏറ്റവും കൂടുതൽ എന്നെ വിഷമിപ്പിച്ചത്. എല്ലാ ചൊവ്വാഴ്ചയും കീമോ.കൗണ്ടും platelets കുറഞ്ഞു അടുത്ത ആഴ്ചയിലെ കീമോ മുടങ്ങാതിരിക്കാൻ ഒരാഴ്ച മുഴുവനും steroids കുത്തി ഇടും.

അപ്പോഴാണ് ശരിക്കും മനസ്സിൽ ആകുന്നത്. ഓരോ പ്രാവിശ്യം chemo കഴിയുമ്പോഴും അത് കൊടുത്ത ഞരമ്പും ചുറ്റും ഉള്ള ഞരമ്പും കരിഞ്ഞുണങ്ങും. പിന്നീട് അങ്ങോട്ട് vein കിട്ടാതെ ആയി. എന്റെ authorised നേഴ്സ് ആയ അഖിലും ആഷ്മയും ഒന്നര മണിക്കൂർ വരെ ക്ഷമയോടെ എന്റെ vein കിട്ടാൻ വേണ്ടി ശ്രമിക്കുമായിരുന്നു. പത്തു പതിനഞ്ചു പ്രാവിശ്യം വരെ കുത്തിയിട്ടും ഞരമ്പ് കിട്ടാതെ എന്റെ വിരലുകളിൽ കൂടി കീമോ തരുമായിരുന്നു. ഞാൻ കരയുന്നതിൽ കൂടുതൽ അവർ വിഷമിച്ചിട്ടുണ്ട്. ഓരോ പ്രാവിശ്യം കുത്തി ശരിയാകാതെ വരുമ്പോഴും അവരുടെ കണ്ണുകളും നിറഞ്ഞിരുന്നു.

ഓർമ്മ പോലും ശരിക്കില്ലാതെ പന്ത്രണ്ട് ആഴ്ച്ചകൾ. കീമോയുടെ അധ്യായം അവിടെ കഴിഞ്ഞു.പതിനഞ്ചു ദിവസം ഇടവേള.

പിന്നെ ഒരുമാസത്തെ റേഡിയേഷൻ.അത് പ്രതേക തരം rays നമ്മുടെ എഫക്റ്റഡ് ആയ ഭാഗത്തേക്ക് കടത്തി വിടുകയാണ് ചെയ്യുന്നത്. ഒട്ടും വേദന ഉണ്ടാവില്ല. പക്ഷേ അതിന് ശേഷം ശരീരം പൊള്ളി കരിഞ്ഞു വരും. പിന്നീട് കുറച്ചു മാസങ്ങൾക്കു ശേഷം ശരിയാവുകയും ചെയ്യും. ഞാൻ തമാശക്ക് പറഞ്ഞിരുന്നത് എന്റെ ശരീരം grilled chicken പോലെ ആക്കിയല്ലോ ഡോക്ടർ എന്നായിരുന്നു.

അങ്ങനെ സഹനത്തിന്റെ ഒന്നരവർഷം.

പിന്നെ സാധരണ രീതിയിൽ ഉള്ള check അപ്പുകൾ. ആദ്യം എല്ലാ മാസവും പിന്നീട് മൂന്ന് മാസത്തിൽ ഒരിക്കൽ പിന്നെ ആറു മാസത്തിൽ ഒരിക്കൽ. പിന്നീട് കൊല്ലത്തിൽ ഒരിക്കൽ ആവും.

ഒരിക്കലും ആരെയും ഭയപ്പെടുത്താൻ വേണ്ടി അല്ല ഞാൻ അനുഭവക്കുറിപ്പ് എഴുതിയത്.മറിച്ചു ആർക്കും ഇത് പോലെ ഒരു അനുഭവം ഉണ്ടാവരുത് എന്ന് അർത്മാർത്ഥമായി ആഗ്രഹിക്കുന്നത് കൊണ്ടാണ്.