Wednesday 16 April 2025 10:04 AM IST : By സ്വന്തം ലേഖകൻ

‘ഞാൻ മരിച്ചാൽ അവൾക്ക് താങ്ങാൻ കഴിയില്ല, അവളെ വിട്ടിട്ട് പോകാൻ പറ്റില്ല’; മക്കളെ മുറിയിൽ പൂട്ടിയിട്ട് ഭാര്യയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി ഭർത്താവ്

lisha-jilson

വിഷുദിനത്തിൽ കൽപറ്റ പനമരം കേളമംഗലം പ്രദേശം ഉണർന്നത് നടുക്കുന്ന വാർത്ത കേട്ട്. ഉറങ്ങിക്കിടന്ന മക്കളുടെ മുറിയുടെ വാതിൽ പുറത്തുനിന്ന് അടച്ച ശേഷം ഭാര്യയെ ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തിയ ഭർത്താവ് ശേഷം ആത്മഹത്യയ്ക്കു ശ്രമിച്ചു. ലിഷ (35) ആണ് മരിച്ചത്. ഭർത്താവ് ജിൽസനെ (42) കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

നാട്ടുകാരുടെ പ്രിയപ്പെട്ടവളും കുടുംബശ്രീ പ്രവർത്തനങ്ങളിൽ അടക്കം ചുറുചുറുക്കോടെ നിന്നയാളുമായിരുന്നു മാഞ്ചിറയിൽ ജിൽസന്റെ ഭാര്യ ലിഷ. ലിഷയുടെ ചേതനയറ്റ ശരീരം വീട്ടിനുള്ളിലെ കിടപ്പുമുറിയിലായിരുന്നു. മറ്റൊരു കിടപ്പുമുറിയിൽ ഉറങ്ങിക്കിടക്കുന്ന രണ്ടു മക്കളെയും വീടിനു പിന്നിലെ മുറ്റത്ത് പാതി ജീവനോടെ കിടക്കുന്ന ജിൽസനെയുമാണ് സംഭവമറിഞ്ഞ് ആദ്യം എത്തിയ ബന്ധുക്കൾക്കും നാട്ടുകാർക്കും കണ്ടത്. 

കടബാധ്യത മൂലം മരിക്കുന്നു എന്ന കുറിപ്പ് തീൻമേശയിലും കണ്ടെത്തി. നേരം വാട്ടർ അതോറിറ്റി ജീവനക്കാരനായ ജിൽസൺ ഉറങ്ങിക്കിടക്കുകയായിരുന്ന ഭാര്യ ലിഷയെ ഫോണിന്റെ ചാർജിങ് കേബിളും ഷാളും ഉപയോഗിച്ച് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം ആത്മഹത്യയ്ക്ക് ശ്രമിച്ചതായാണ് വിവരം. 

കൃത്യത്തിനു മുൻപ് അർധരാത്രി ഇയാൾ സുഹൃത്തിന് അയച്ച സന്ദേശത്തിൽനിന്നാണു ലിഷയുടേതു കൊലപാതകമാണെന്ന സൂചന ബന്ധുക്കൾക്കും സമീപവാസികൾക്കും ലഭിച്ചത്. സുഹൃത്തിന് അയച്ച സന്ദേശങ്ങളിലും ആത്മഹത്യക്കുറിപ്പിലും ഉള്ളത് കടബാധ്യത മൂലം ഭാര്യയെ കൊന്ന് ജീവനൊടുക്കുന്നു എന്നാണ്. മക്കളുടെ കാര്യം നോക്കണമെന്നും പറയുന്നു.

മദ്യത്തിൽ വിഷം ചേർത്ത് കഴിച്ചതായും തൂങ്ങി മരിക്കുന്നതിനായി മരത്തിന് മുകളിൽ കയറി കുരുക്കിട്ട് ഇരിക്കുകയാണെന്നും സന്ദേശത്തിലുണ്ട്.‘സ്ഥലം വിൽപന നടക്കുന്നില്ല. കുറെ കടങ്ങൾ ഉണ്ട്. മരിക്കാതെ രക്ഷയില്ല. ഞാൻ മരിച്ചാൽ അവൾക്ക് താങ്ങാൻ കഴിയില്ല. അവളെ വിട്ടിട്ട് പോകാൻ പറ്റില്ല. അതുകൊണ്ടാ അവളെ കൊന്നത്. അവൾക്ക് സുഖമില്ല. അവളുടെ രോഗം മാറില്ല’ ഈ വോയ്സ് എല്ലാവരെയും കേൾപ്പിക്കണമെന്നും പറയുന്നുണ്ട്. 

വിഷം കഴിച്ച് കയറിൽ തൂങ്ങിയെങ്കിലും കയർപൊട്ടി നിലത്തു വീണതായും നടുവ് വേദനിക്കുന്നതായും വീണ ശേഷം കൈ ഞരമ്പ് മുറിച്ചെന്നും എന്നാൽ അത് വേണ്ട രീതിയിൽ മുറിഞ്ഞില്ലെന്നും മറ്റൊരു ശബ്ദസന്ദേശത്തിൽ പറയുന്നു. കോഴിക്കോട് സ്വകാര്യ ആശുപത്രിയിലുള്ള ജിൽസൺ അപകടനില തരണം ചെയ്തതായാണ് വിവരം. ലിഷയുടെ സംസ്കാരം നടത്തി. സംഭവത്തിൽ കേണിച്ചിറ പൊലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു. ജിൽസൺ ആരോഗ്യം വീണ്ടെടുത്ത ശേഷം പൊലീസ് മറ്റു നടപടികളിലേക്കു കടക്കും.

നടവയൽ കുന്നപള്ളിയിൽ പരേതനായ മാനുവലിന്റെയും ഏലിക്കുട്ടിയുടെയും മകളാണ് ലിഷ. മക്കൾ: ആൽഫി, ഡേവിഡ്. സഹോദരങ്ങൾ: ബെന്നി, സൂസമ്മ, മേഴ്സി, സിസ്റ്റർ ഗ്രേസ്, ഫാ. ജയ്സൺ, ബിനീഷ്.

Tags:
  • Spotlight