Tuesday 28 June 2022 12:13 PM IST : By സ്വന്തം ലേഖകൻ

‘മധുവിനെ പിടികൂടിയത് കാട്ടിൽ നിന്ന്, ഇല്ലാക്കഥകളാണ് പ്രചരിപ്പിക്കുന്നത്’; കേസ് നടത്താൻ സർക്കാരിന് താൽപര്യമില്ലെന്ന് മധുവിന്റെ കുടുംബം

madhu-atttapppaadii

ആദിവാസി യുവാവ് മധു കൊല്ലപ്പെട്ടതിനു പിന്നിൽ ‍വൻ ഗൂഢാലോചനയുണ്ടെന്നും കേസ് നടത്താൻ സർക്കാരിനു താൽപര്യമില്ലെന്നും മധുവിന്റെ ബന്ധുക്കളും സമരസമിതിയും ആരോപിച്ചു. മുക്കാലിയിലെ കടയിൽ നിന്നു സാധനങ്ങൾ മോഷ്ടിച്ചതിനാണു മർദിച്ചു കൊലപ്പെടുത്തിയതെന്നാണു പറയുന്നത്. എന്നാൽ, മധുവിനെ പിടികൂടിയത് കാട്ടിൽ നിന്നാണ്. ഇല്ലാക്കഥകളാണു പ്രചരിപ്പിക്കുന്നത്. മധു കള്ളനാണെങ്കിൽ പൊലീസ് കേസ് വേണ്ടേ? ഒരു പരാതി മാത്രമാണുണ്ടായിരുന്നത്.

അതു കോടതി തീർപ്പാക്കുകയും ചെയ്തതാണ്. മധു കൊല്ലപ്പെട്ടതിനു ശേഷമാണു കഥകൾ പ്രചരിക്കാൻ തുടങ്ങിയത്. ഇതു ബോധപൂർവമാണ്. കൊല്ലപ്പെടുന്നതിന് ഒന്നര വർഷം മുൻപു മധു താമസിക്കുന്ന ഗുഹയിൽ എത്തിയ സംഘം നെറ്റിയിൽ തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തിയതായും ഇതിലൊരാൾ മുക്കാലിക്കാരനാണെന്നും മധു പറഞ്ഞിട്ടുണ്ടെന്നും അമ്മ മല്ലിയും സഹോദരി സരസുവും പറഞ്ഞു. കേസ് നടത്തുന്നതിന് സർക്കാരിനു താൽപര്യമില്ലെന്നാണു മനസ്സിലാകുന്നതെന്നു മധുനീതി സമരസമിതി ചെയർമാൻ പി.എം. മാർസൻ പറഞ്ഞു.

സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർമാർക്ക് സർക്കാർ ഓണറേറിയം ഉൾപ്പെടെ ഒരു സഹായവും നൽകുന്നില്ല. രേഖകളുടെ പകർപ്പ് എടുക്കാൻ കുറഞ്ഞത് ഒരു ലക്ഷം രൂപയെങ്കിലും ചെലവായിട്ടുണ്ടാകും. സർക്കാരിനു താൽപര്യമുള്ള പല കേസുകൾക്കും ലക്ഷങ്ങൾ മുടക്കുന്നുണ്ട്. മധുനീതി സമര സമിതിയുടെ നേതൃത്വത്തിൽ 29ന് വൈകിട്ട് 5 മണിക്ക് മണ്ണാർക്കാട് ആശുപത്രിപ്പടിയിൽ ഐക്യദാർഢ്യ സദസ്സും വിശദീകരണ പൊതുയോഗവും നടത്തുമെന്നു കൺവീനർ കെ.കാർത്തികേയൻ, വൈസ് ചെയർമാൻ മാരിയപ്പൻ നീലിപ്പാറ എന്നിവർ പറഞ്ഞു. സി.ആർ. നീലകണ്ഠൻ ഉദ്ഘാടനം ചെയ്യും.

Tags:
  • Spotlight