Friday 22 February 2019 11:39 AM IST : By സ്വന്തം ലേഖകൻ

വാഹനാപകടത്തിൽ മരിച്ചുപോയെന്നു കരുതിയ സഹോദരൻ തിരിച്ചുവന്നു; ആഹ്ലാദമടക്കാനാവാതെ ബന്ധുക്കൾ!

kollam-chandrakanth

കൊട്ടാരക്കരയിൽ വാഹനാപകടത്തിൽ മരിച്ചു പോയെന്നു കരുതിയ സഹോദരൻ ജീവിച്ചിരിക്കുന്ന വിവരം സഹോദരിക്ക് അവിശ്വസനീയമായിരുന്നു. പ്രിയ സഹോദരൻ ചന്ദ്രകാന്ത് തിരികെ എത്തുമെന്ന പ്രതീക്ഷ നശിച്ചതിനെ തുടർന്ന്  മരണാനന്തര കർമങ്ങളും പൂർത്തിയാക്കിയിരുന്നു. 

2009 ലാണ് മഹാരാഷ്ട്രയിലെ സാംഗലി ജില്ലക്കാരനായ ചന്ദ്രകാന്തിനെ (70 ) തിരുവനന്തപുരം മെഡിക്കൽ കോളജിൽനിന്നു കലയപുരം ജോസും സംഘവും ഏറ്റെടുത്തത്. ട്രക്ക് ഡ്രൈവറായിരുന്ന ചന്ദ്രകാന്തിന് തിരുവനന്തപുരത്തുണ്ടായ  അപകടത്തിൽ ഗുരുതര പരുക്കേറ്റ്  നാട്ടുകാരും പൊലീസും ചേർന്ന് ആശുപത്രിയിൽ എത്തിച്ചു. മരണത്തെ മുഖാമുഖം കണ്ടെങ്കിലും ചികിത്സയിലൂടെ  ജീവിതത്തിലേക്കു മടങ്ങിയെത്തി. 

പക്ഷേ, ഓർമകൾക്കു മങ്ങലേറ്റു. കാലിനു ചലനശേഷിയും കുറഞ്ഞു. മെഡിക്കൽ കോളേജ് സൂപ്രണ്ടിന്റെ നിർദേശ പ്രകാരം ആശ്രയ ഏറ്റെടുത്തു. ചികിത്സയും പരിചരണവും ഓർമകൾക്ക് തെളിച്ചം നൽകി. ഗ്രാമത്തെക്കുറിച്ചു  വിവരം ലഭിച്ചതിനാൽ മഹാരാഷ്ട്രയിലുള്ള സഹോദരി സുശീലയെയും കുടുംബാംഗങ്ങളെയും കണ്ടെത്തുകയായിരുന്നു.

അപകടത്തിൽ ചന്ദ്രകാന്ത് മരിച്ചെന്ന വിവരമായിരുന്നു നേരത്തേ വീട്ടുകാർക്ക് ലഭിച്ചത്. ജീവിച്ചിരിക്കുന്നുവെന്ന് അറിഞ്ഞതോടെ അവർ ആഹ്ലാദത്തിലായി. സഹോദരി പുത്രൻ ദാദാസോ പാണ്ഡുരംഗ് ഷിൻഡെയും  കുടുംബാംഗങ്ങളും കലയപുരം സങ്കേതത്തിലെത്തി ചന്ദ്രകാന്തിനെ കൂട്ടിക്കൊണ്ടു പോയി. സങ്കേതം മാനേജിങ് ഡയറക്ടർ കലയപുരം ജോസ് യാത്രയയപ്പ് നൽകി.