Monday 06 December 2021 04:26 PM IST : By സ്വന്തം ലേഖകൻ

പ്രണയവിവാഹം; ഗർഭിണിയായ സഹോദരിയെ കഴുത്തറുത്ത് കൊലപ്പെടുത്തി, തലയ്‌ക്കൊപ്പം അമ്മയും മകനും സെൽഫിയെടുത്തു!

Murder-Blood-Crime-Criminal-Police

കുടുംബത്തിന്റെ ഇഷ്ടത്തിന് വിരുദ്ധമായി ഒളിച്ചോടി പോയി വിവാഹം കഴിച്ചതിന് ഗർഭിണിയായ സഹോദരിയെ കഴുത്തറുത്ത് കൊലപ്പെടുത്തി പതിനെട്ടുകാരൻ. കൊലപാതകത്തിന് കൂട്ടു നിന്നത് 38 വയസ്സുകാരിയായ അമ്മയും. മഹാരാഷ്ട്ര ഔറംഗബാദ് റൂറലിലെ ലഡ്ഗാവ് ഗ്രാമത്തിലാണ് ഞെട്ടിക്കുന്ന ക്രൂരകൃത്യം നടന്നത്. സംഭവത്തിൽ പ്രതികളായ ശോഭാ ഭായി മോട്ടെയെയും മകനെയും പൊലീസ് അറസ്റ്റ് ചെയ്തു. പത്തൊമ്പതുകാരിയായ കീർത്തി അവിനാഷാണ് അതിദാരുണമായി കൊല്ലപ്പെട്ടത്. മകളുടെ അറുത്തുമാറ്റിയ തലയുമായി അമ്മയും മകനും സെൽഫിയെടുക്കുക കൂടി ചെയ്തതായി പൊലീസ് സംശയിക്കുന്നു. 

ഞായറാഴ്ച ഉച്ചയ്ക്ക് 12.30 ഓടെയാണ് സംഭവം. പ്രതികളായ ശോഭാ ഭായും മകനും മകൾ കീർത്തിയെ കാണാൻ ലാഡ്ഗാവിലെ വീട്ടിൽ എത്തിയതായിരുന്നു. ഭർത്താവിന്റെ കുടുംബത്തോടൊപ്പം അവരുടെ കൃഷിയിടത്തോട് ചേർന്നുള്ള മുറിയിലാണ് കീർത്തി താമസിച്ചിരുന്നത്. അമ്മയും മകനും ബൈക്കിൽ എത്തി. രണ്ട് മാസം ഗർഭിണിയായിരുന്നു കീർത്തി. ഫാമിൽ ജോലി ചെയ്യുകയായിരുന്ന കീർത്തി അമ്മയെയും സഹോദരനെയും കണ്ടപ്പോൾ സന്തോഷിച്ചു. അവരെ വീട്ടിനകത്തേക്ക് കൂട്ടിക്കൊണ്ടുപോയി. 

കീർത്തിയുടെ ഭർത്താവ് വീട്ടിലുണ്ടായിരുന്നുവെങ്കിലും പ്രതികളെ സംശയിച്ചില്ല. അദ്ദേഹം മറ്റൊരു മുറിയിൽ വിശ്രമിക്കുകയായിരുന്നു. പുറകിൽ നിന്ന് കീർത്തിയെ സഹോദരൻ അരിവാൾ കൊണ്ട് ആക്രമിക്കുകയായിരുന്നു. സഹോദരിയുടെ തല വെട്ടിമാറ്റിയശേഷം അമ്മയും മകനും തല പിടിച്ചുനിന്ന് സെൽഫി എടുത്തു. തുടർന്ന് ഇരുവരും ബൈക്കിൽ രക്ഷപ്പെടുകയായിരുന്നു. ഫോട്ടോ നശിപ്പിച്ചെങ്കിലും വീണ്ടെടുക്കാൻ ഫോൺ ഫോറൻസിക് ലാബിലേക്ക് അയച്ചതായി പൊലീസ് പറയുന്നു. 

ഈ വർഷം ജൂണിലാണ് കീർത്തി കോളജിലെ സുഹൃത്തായ അവിനാഷുമായി (21) ഒളിച്ചോടി വിവാഹിതരായത്. മകളെ കാണാനില്ലെന്ന് വീട്ടുകാർ പരാതി നൽകിയിരുന്നുവെങ്കിലും ഒരാഴ്ചയ്ക്ക് ശേഷം കീർത്തി പൊലീസിന് മുന്നിൽ ഹാജരാകുകയും വിവാഹത്തെക്കുറിച്ച് അറിയിക്കുകയും ചെയ്തു. കീർത്തിയുടെ പിതാവ് സഞ്ജയ് ഇതോടെ അപമാനിതനായി വീടുവിട്ടിറങ്ങി. കുറേ ദിവസങ്ങൾക്കു ശേഷം അദ്ദേഹം തിരിച്ചു വന്നു. കുറ്റകൃത്യത്തിൽ സഞ്ജയ്‌ക്ക് പങ്കുണ്ടോ എന്നറിയാൻ കൂടുതൽ അന്വേഷണം നടത്തുകയാണെന്ന് പൊലീസ് പറഞ്ഞു. എന്നാൽ ഇതുവരെ ഇയാളുടെ പങ്ക് കണ്ടെത്തിയിട്ടില്ലെന്നും പൊലീസ് പറയുന്നു. ഐപിസി സെക്ഷൻ 302 പ്രകാരമാണ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. അമ്മയെയും മകനെയും തിങ്കളാഴ്ച മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കും. 

Tags:
  • Spotlight