Thursday 01 February 2024 10:17 AM IST : By സ്വന്തം ലേഖകൻ

ചെറിയ കാഴ്ചശേഷിയുള്ള വലതുകണ്ണിനോട് പുസ്തകങ്ങൾ ചേർത്തുപിടിച്ച് പഠനം; വെല്ലുവിളികളെ അതിജീവിച്ച മഹേഷ് ഇന്ന് കോളജ് അധ്യാപകന്‍!

kottayam-pala-g-mahesh-kumar

വെല്ലുവിളികളെ പരാജയപ്പെടുത്തി വള്ളിച്ചിറ നീലനാൽ ജി. മഹേഷ് കുമാർ (34) കോളജ് അധ്യാപകനായി. കാഴ്ചയുടെയും കേൾവിയുടെയും കുറവുകളെ അതിജീവിച്ചാണ് മഹേഷ് വിജയങ്ങൾ എത്തിപ്പിടിച്ചത്. നാട്ടകം ഗവ. ആർട്സ് ആൻഡ് സയൻസ് കോളജിൽ പൊളിറ്റിക്കൽ സയൻസിൽ അസി. പ്രഫസറായാണു നിയമനം. 28 ശതമാനം കേൾവിയും വലതുകണ്ണിന് 25 ശതമാനം മാത്രം കാഴ്ചശക്തിയുമുള്ള മഹേഷിന്റെ കൈപ്പിടിയിലായിരുന്നു എന്നും വിജയങ്ങൾ.

കോളജ് അധ്യാപകർക്കുള്ള പിഎസ്‌സി പരീക്ഷ വിജയിച്ച മഹേഷ് ഇന്നലെയാണ് കോളജ് അധ്യാപകനായി ജോലിയിൽ പ്രവേശിച്ചത്. കാളകെട്ടി അസീസി അന്ധ ബധിര സ്കൂളിലായിരുന്നു 7 വരെ പഠനം. തുടർന്ന് 10 വരെ ആലുവ ചൊവ്വര സ്കൂളിലായിരുന്നു. പാലാ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ നിന്ന് പ്ലസ് ടു മികച്ച നിലയിൽ വിജയിച്ചു.

റാങ്കോടെയായിരുന്നു പാലാ സെന്റ് തോമസ് കോളജിൽ നിന്ന് ബിരുദ, ബിരുദാനന്തര പഠനം പൂർത്തിയാക്കിയത്. കൊച്ചിൻ സർവകലാശാല സെന്ററിൽ നിന്ന് പൊളിറ്റിക്കൽ സയൻസിൽ നെറ്റ് നേടി. പാഠ്യേതര വിഷയങ്ങളിലും മഹേഷ് മികവ് പുലർത്തി. റവന്യു വകുപ്പിലും കണ്ണൂർ സർവകലാശാലയിലും ജോലി ചെയ്തിട്ടുണ്ട്.

കാഴ്ച ലഭിക്കാനായി ഒട്ടേറെ ചികിത്സകൾ നടത്തിയിട്ടും ഫലമുണ്ടായില്ല. എന്നാൽ, പ്രതിസന്ധികളിൽ തളരാതെ വിജയങ്ങൾ ഒന്നൊന്നായി സ്വന്തമാക്കുകയായിരുന്നു മഹേഷ്. ചെറിയ കാഴ്ചശേഷിയുള്ള വലതു കണ്ണിനോട് പുസ്തകങ്ങൾ ചേർത്തു പിടിച്ചായിരുന്നു മഹേഷിന്റെ പഠനം. വള്ളിച്ചിറ നീലനാൽ ഗോപകുമാറിന്റെയും ബീനയുടെയും മകനാണ്. സഹോദരൻ മനോജ് സൈനികനാണ്.

Tags:
  • Spotlight
  • Motivational Story
  • Inspirational Story