Thursday 02 May 2024 12:55 PM IST

‘രക്ഷയില്ല, ഞാന്‍ പോവാണ് മല്ലികേ...’ എന്നാണോ പറഞ്ഞത്?’: വാതിലടയും സുകുവേട്ടന്റെ ആ നോട്ടം: അവസാന കാഴ്ച

Vijeesh Gopinath

Senior Sub Editor

mallika-sukumaran-41

കരുതൽ, പ്രണയം, ജീവിതം

ജീവിതത്തിലെ ഏറ്റവും വിലപ്പെട്ടതായി മനസ്സില്‍ നിറയുന്ന രംഗം സുകുവേട്ടന്‍ എന്‍റെ ജീവിതത്തിലേക്കു കടന്നുവന്ന മുഹൂര്‍ത്തമാണ്. ഇവിടം വരെയെത്താനും നിങ്ങളുടെയെല്ലാം ‘േചച്ചീ...’ എന്ന സ്നേഹത്തോെടയുള്ള വിളി കേള്‍ക്കാനും ഒക്കെ കാരണമായത് ആ വരവാണ്.

നിഴലേ നീ സാക്ഷി എന്ന സിനിമയുടെ ലൊക്കേഷനില്‍ വച്ചാണു വിവാഹം കഴിക്കാൻ താൽപര്യമുണ്ടെന്ന കാര്യം സുകുവേട്ടന്‍ എന്നോടു പറയുന്നത്. ഒന്നിച്ചഭിനയിച്ച ചില സിനിമകളുെട െസറ്റില്‍ വച്ചു ചോദിച്ചിട്ടുണ്ട്, ‘എന്തിനാണ് ഒറ്റയ്ക്ക് മദ്രാസിൽ കഴിയുന്നത്, തിരിച്ചു വീട്ടിലേക്കു പൊയ്ക്കൂടേ? അച്ഛനും അമ്മയും കാത്തിരിക്കുന്നുണ്ടാകും. എന്തു സഹായവും ഞാൻ നൽകാം.’ എന്നൊക്കെ.

അഞ്ചുവർഷമാകാൻ പോകുന്നു അച്ഛനെയും അമ്മയെയും കണ്ടിട്ട്, ഒന്നു മിണ്ടിയിട്ട്. വീടുവിട്ടിറങ്ങുമ്പോൾ ഉ ടൻ തിരികെ വീട്ടിലേക്കു പോകാനാകും എന്നാണു കരുതിയത്. സുകുവേട്ടൻ പറഞ്ഞതു കേട്ടപ്പോൾ എനിക്കും തോന്നിത്തുടങ്ങിയിരുന്നു അച്ഛനെയും അമ്മയെയും ഒന്നു കാണണമെന്ന്.

‘നിഴലേ നീ സാക്ഷി’യുടെ ഷൂട്ടിങ് ഹൈദരാബാദിൽ തുടങ്ങിയ സമയം. എനിക്കൊപ്പം അന്നു സഹായിയായി കോഴിക്കോട്ടുകാരി സൗദാമിനിയുണ്ട്. ഞങ്ങൾ മുറിയിൽ സംസാരിച്ചിരിക്കുമ്പോൾ കോളിങ് ബെൽ മുഴങ്ങി. കുതിരവട്ടം പപ്പുച്ചേട്ടനാണ്. തൊട്ടുചേര്‍ന്നു സുകുവേട്ടന്‍. ‘നിന്നോട് സുകുവിന് ഒരു കാര്യം പറയാനുണ്ട്.’ എന്നു പപ്പുച്ചേട്ടൻ പറഞ്ഞതു കേട്ടു ഞാൻ സുകുവേട്ടനെ നോക്കി.

സിനിമയിലെ അതേ ഗൗരവത്തോടെ അദ്ദേഹം പറഞ്ഞു. ‘വിരോധമില്ലെങ്കിൽ ഞാൻ നിങ്ങളെ വിവാഹം കഴിക്കാം. വീട്ടിൽ ചെന്ന് അച്ഛനോടും അമ്മയോടും സംസാരിച്ച്, അവരുടെ സമ്മതത്തോടെ മതി വിവാഹം. മറുപടി ആലോചിച്ചു പറഞ്ഞാൽ മതി.’

ഞാൻ ഞെട്ടിപ്പോയി. അദ്ദേഹം അന്നു വലിയ താരമാണ്. ‘ശംഖുപുഷ്പം’ എന്ന സൂപ്പര്‍ ഹിറ്റ് സിനിമയിലൊക്കെ അഭിനയിച്ചു താരാകാശത്തിലേക്ക് ഉയർന്നു പൊങ്ങുകയാണ്. അതിനിടയിൽ ഈ വിവാഹവാർത്ത വന്നാല്‍...

ഞെട്ടൽ മറച്ചു വയ്ക്കാതെ ഞാൻ പറഞ്ഞു. ‘സുകുവേട്ടന്റെ വീട്ടിൽ ഇതറിഞ്ഞാൽ എന്തായിരിക്കും അവസ്ഥ എ ന്നോർത്തിട്ടുണ്ടോ? വീട്ടുകാർ മാത്രമല്ല എടപ്പാളിലെ (മലപ്പുറം ജില്ലയിലെ എടപ്പാളിലാണ് സുകുമാരന്റെ തറവാട്) നാട്ടുകാരും കൂടി ചേര്‍ന്ന് എന്നെ തല്ലിക്കൊല്ലും.’ പകുതി തമാശ കൂടി ചേര്‍ത്തു ഞാൻ കാര്യം പറഞ്ഞു.

അപ്പോൾ സിനിമയിലെ പോലെ അടുത്ത ഡയലോഗ്. ‘അതു ഞാൻ നോക്കിക്കോളാം. നിങ്ങൾക്കു സമ്മതമാണെങ്കിൽ അതു പറഞ്ഞാൽ മതി. അച്ഛന്റെയും അമ്മയുടെയും അടുത്തേക്കു മടങ്ങിപ്പോണം. ഇനി ഒറ്റയ്ക്ക് മദിരാശിയിൽ കിടന്നു കഷ്ടപ്പെടണ്ട.’

അന്ന് ആ ഹോട്ടലിന്റെ വരാന്തയിൽ അദ്ദേഹത്തിന്റെ മുഖത്തേക്കു മാത്രം നോക്കി നിന്നത് ഇപ്പോഴും ഒാർമയുണ്ട്. കാഴ്ചയെ മറച്ചു കൊണ്ട് കണ്ണു നിറഞ്ഞു പോയി. അതു കണ്ട് അദ്ദേഹത്തിന്റെ അടുത്ത ഡയലോഗ്, ‘നിങ്ങളെന്തിനാണു കണ്ണു നിറയ്ക്കുന്നത്. ഈ കോന്തനെ വേണ്ട എ ന്നു വച്ചിട്ടാണോ?’ ചിരിച്ചു കൊണ്ട് അദ്ദേഹവും പപ്പുച്ചേട്ടനും തിരികെ നടന്നു പോയി.

അതുവരെ പിടിച്ചു വച്ച കരച്ചിൽ മുറിക്കുള്ളില്‍ കയറിയതോെട പൊട്ടിപ്പോയി. എന്നെക്കുറിച്ച് എല്ലാം അറിഞ്ഞിട്ടും വിവാഹം കഴി‍ക്കാൻ ഒരാള്‍ തയാറാകുന്നു. അതിനു മുന്നേ എന്നെ അച്ഛന്റെയും അമ്മയുടെയും അടുത്ത് ഏൽ‌പ്പിക്കാൻ മുൻകയ്യെടുക്കുന്നു. മനുഷ്യത്വം എന്ന വാക്കിന്റെ രൂപമാണ് സുകുവേട്ടൻ എന്നു തിരിച്ചറിഞ്ഞ നിമിഷമായിരുന്നു അത്.

സിനിമയിലെ ആദ്യ രംഗം

സിനിമയിലേക്കു വന്നതാണ് എെന്‍റ ജീവിതത്തിലെ ഏറ്റവും വലിയ വഴിത്തിരിവ്. സിനിമയെക്കുറിച്ചോര്‍ക്കുമ്പോള്‍ ആദ്യം മനസ്സിലേക്കു വരുന്നത് അരവിന്ദൻ സാർ സംവിധാനം ചെയ്ത ‘ഉത്തരായന’വും അതിലെ നായികാവേഷവുമാണ്. ‍സിനിമ എന്താണെന്നു മനസ്സിലാക്കിയിട്ടൊന്നുമല്ല ഞാൻ ക്യാമറയ്ക്കു മുന്നിൽ എത്തിയത്.

ഒരു ദിവസം പ്രശസ്ത നാടകകൃത്ത് തിക്കോടിയന്‍ സാർ എന്നെ കാണാൻ വന്നു. തിരിച്ചിറങ്ങാന്‍ നേരം ചോദിച്ചു, ‘സ്കൂളിൽ ഡാൻസും പാട്ടിലുമൊക്കെയുണ്ടായിരുന്നല്ലോ. എന്റെ സുഹൃത്ത് പട്ടത്തുവിള ഒരു സിനിമ എടുക്കുന്നുണ്ട്. അരവിന്ദൻ ആണു സംവിധാനം. അദ്ദേഹത്തിന്റെ ആദ്യ സിനിമയാണ്. നായികയായി അഭിനയിക്കാമോ? നായികയെന്നു കേട്ടു മുഴുനീള വേഷമെന്നൊന്നും വിചാരിക്കരുത്. മൂന്നോ നാലോ സീൻ.’

ഡോ.മോഹൻദാസ് ആണു നായകന്‍. അദ്ദേഹത്തിന്റെ മുറപ്പെണ്ണിന്റെ വേഷമാണെനിക്ക്. ഇടവഴിയിലൂടെ സൈക്കിൾ ചവിട്ടി വരുമ്പോൾ എന്നെ കാണുന്നതാണ് ആദ്യ േഷാട്ട്. അദ്ദേഹം പറയും, ‘രാധേ നീ അവിടെ നിന്നേ...’ ഒ ന്നു രണ്ടു ഡയലോഗിനു ശേഷം, ‘വീട്ടിൽ അന്വേഷിക്കുന്നുണ്ടാകും ഞാൻ പോകുന്നു.’ എന്നു പറഞ്ഞു തിരികെ നടക്കണം.

പേടിച്ചും പരിഭ്രമിച്ചും പറഞ്ഞതു പോലൊക്കെ ചെയ്തു. പിന്നെ, പതിയെ അരവിന്ദൻ സാറിന്റെ അടുത്തു ചെന്നു ചോദിച്ചു, ‘ഇങ്ങനെ മതിയോ?’ അദ്ദേഹം വളരെ പതുക്കെ എന്തോ പറഞ്ഞു. എന്റെ പരിഭ്രമം കൂടിയായപ്പോൾ ഒന്നും മനസ്സിലായില്ല. ഒടുവിൽ തിക്കോടിയൻ സാർ വന്നു പറഞ്ഞു തന്നു. ‘നന്നായി ചെയ്തു. മിടുക്കി. ഇതുപോലെ അഭിനയിച്ചാൽ മതി.’

അതായിരുന്നു തുടക്കം. പിന്നെ ഡബിങ് ആർട്ടിസ്റ്റായും നായിക, ഉപനായിക തുടങ്ങിയ വേഷങ്ങളായും സിനിമയില്‍ തന്നെ.

എല്ലാവരും കരഞ്ഞ മടങ്ങിവരവ്

ആ കാഴ്ചയും കണ്ണില്‍ നിന്നു മായില്ല. സങ്കടം കൊണ്ടുകവിളുകൾ വിറച്ചു നിര്‍നിമേഷനായി നോക്കി നില്‍ക്കുന്ന അച്ഛന്‍. ‘ശ്രീ പത്മനാഭാ... എന്റെ മോള് വന്നോ’ എന്ന നിലവിളിയോെട വീട്ടിനുള്ളില്‍ നിന്നു പാഞ്ഞു വരുന്ന അമ്മ. അവര്‍ക്കു മുന്നില്‍ നിറകണ്ണുകളോെട ഞാന്‍.

സുകുവേട്ടന്‍ ജീവിതത്തിലേക്കു ക്ഷണിച്ച ശേഷമാണ് ഈ സംഭവം. ശ്രീകുമാരൻതമ്പിസാറിന്റെ സിനിമയിൽ അഭിനയിക്കാന്‍ തിരുവനന്തപുരത്തെത്തിയതാണ്. പാരമൗണ്ട് ഹോട്ടലിലാണു താമസം. ഒരു ദിവസം അമ്മാവന്റെ മകൾ എന്നെ കാണാൻ വന്നു. ആറ്റുകാൽ ക്ഷേത്രത്തിൽ പോയി പ്രസാദവുമായാണു വന്നത്. എെന്‍റ അമ്മ പറഞ്ഞിട്ടാണു വഴിപാടു നടത്തിയതെന്നും സിനിമയിലെങ്കിലും കാണാമല്ലോ എന്നോർത്തു ഞാനഭിനയിച്ച സിനിമകളെല്ലാം കാണാൻ അമ്മ പോകാറുണ്ടെന്നും ചേച്ചി പറഞ്ഞതു കേട്ട് എെന്‍റ കണ്ണു നിറഞ്ഞു. വീട്ടിൽ പോയി അച്ഛനെയും അമ്മയെയും കാണ‍ണമെന്നും തോന്നി.

േചച്ചി വന്ന വിവരം അറിഞ്ഞ് സുകുേവട്ടന്‍ എന്നോടു പറഞ്ഞു, ‘ഞാന്‍ തമ്പിസാറിനോടു സംസാരിച്ച് മല്ലികയെ ഒരു ദിവസം ഫ്രീ ആക്കാം. അന്നു വീട്ടിലേക്കു േപാകാം. എ ന്റെ കാറിൽ പോയാൽ മതി.’

mallika-2

അഞ്ചു ദിവസം കഴിഞ്ഞു ചേച്ചി വീണ്ടും ഹോട്ടലില്‍ വന്നു. സുകുവേട്ടന്റെ ഇളം പച്ച നിറത്തിലുള്ള അംബാസഡർ കാറുമായി ഡ്രൈവർ തങ്കച്ചൻ റെഡി. കാറിന്റെ നമ്പർ പോലും ഒാർമയുണ്ട്. കെആര്‍ടി 699.

ഞങ്ങളുടെ വീടിനു രണ്ടു ഗേറ്റ് ഉണ്ട്. വലിയ ഗേറ്റു വഴി കാർ അകത്തു ചെല്ലും. അടുത്തതു ചെറിയ ഗേറ്റ്. കാർ മതിലിനു പുറത്തിട്ട് ഞാൻ ചെറിയ ഗേറ്റ് വഴി അകത്തേക്കു കയറി. ചാരുകസേരയിൽ കിടന്ന് അച്ഛന്‍ പത്രം വായിക്കുന്നുണ്ട്. പരസ്പരം കണ്ടിട്ടു നാലു വർഷവും പതിനൊന്നുമാസവും. ദൂരെ നിന്നു നടന്നു വരുന്ന എന്നെ അച്ഛനു പെട്ടെന്നു മനസ്സിലായില്ല. ഉമ്മറത്തേക്കു കയറിയപ്പോൾ ഞെട്ടലോടെ അച്ഛൻ എഴുന്നേറ്റു. മുഖത്തു സങ്കടവും വിഷമവും ഇരച്ചെത്തി. കരച്ചിൽ‌ പിടിച്ചു നിർത്തിയതുകൊണ്ടാകാം അച്ഛന്റെ കവിൾ വിറയ്ക്കുന്നുണ്ട്.

ഇളയമകളായതിന്‍റെ വാത്സല്യത്തില്‍ എന്നെ ‘മല്ലാ...’ എന്ന ഒാമനപ്പേരില്‍ വിളിച്ചിരുന്ന അച്ഛനാണു കരച്ചിലടക്കി മുന്നില്‍ നില്‍ക്കുന്നത്. എനിക്ക് എന്തു പറയണമെന്നറിയില്ല. ഞാന്‍ പെട്ടെന്ന് അച്ഛന്റെ കാലിൽ തൊട്ടുതൊ ഴുതു. എന്നിട്ടു വിറയാര്‍ന്ന ശബ്ദത്തില്‍ പറഞ്ഞു, ‘അച്ഛന്റെ മോൾക്ക് ഒരബദ്ധം പറ്റി. ജാതകദോഷം എന്നു കരുതണം.’ അച്ഛനൊന്നും മിണ്ടിയില്ല. ഉമ്മറത്ത് എെന്‍റ ശബ്ദം കേട്ട് ‘എന്റെ ശ്രീപത്മനാഭാ...’ എന്നു വിളിച്ചു കരഞ്ഞു കൊണ്ട് അമ്മ ഒാടിയെത്തി.

അന്നേരം അച്ഛൻ ചോദിച്ചു, ‘നിൻെറ ജീവിതം എങ്ങനെ പോകുന്നു?’

എനിക്ക് ഉത്തരം മുട്ടി. വിക്കി വിക്കി മറുപടി പറഞ്ഞു, ‘സിനിമകളില്‍ അഭിനയിക്കുന്നുണ്ട്. അദ്ദേഹവും അഭിനയിക്കുകയാണ്. വീട്ടിലേക്കു വല്ലപ്പോഴും വരും.’

അച്ഛന്‍റെ അടുത്ത േചാദ്യത്തിനു മൂർച്ച അല്‍പം കൂടുതലായിരുന്നു. ‘ജീവിതകാലം മുഴുവൻ നോക്കിക്കോളും എന്നു നീ തന്നെയല്ലേ പറഞ്ഞത്. എന്നിട്ട്...?’

എനിക്കു മറുപടിയില്ല. പരാജിതയായാണു നിൽക്കുന്നത്. വീടുവിട്ട് ഇറങ്ങുമ്പോൾ പറഞ്ഞതെല്ലാം തെറ്റിപ്പോയിരിക്കുന്നു. അച്ഛന്‍ വീണ്ടും പറഞ്ഞു, ‘എന്റെ മകളായി ഇനിയും ഈ വീട്ടിൽ പഴയതു പോലെ ജീവിക്കാമെങ്കില്‍ ഹോട്ടലിൽ നിന്നു ബാഗുമെടുത്ത് ഇങ്ങോട്ട് ഇന്നു പോരേ,

ഒരു െകാടുങ്കാറ്റു ശമിക്കുന്നതിന്‍റെ ശാന്തത അവിെട നിറയുന്നത് അനുഭവിച്ച നിമിഷമായിരുന്നു അത്. അമ്മയുെട മുന്നില്‍ ഞാന്‍ പഴയ െകാച്ചുകുട്ടിയായി. അച്ഛന്‍റെ പ്രിയപ്പെട്ട ‘മല്ലനായി.’

mallika-poornima

വയ്യ മല്ലികേ എന്നാണോ...

പല വേര്‍പാടുകളും ഞാന്‍ കണ്ടിട്ടുണ്ട്. പക്ഷേ, എനിക്കു കരുത്തും സാന്ത്വനവും പകര്‍ന്ന സുകുവേട്ടന്‍റെ വേര്‍പാടു ജീവിതത്തിലെ അടുത്ത മൂഹുര്‍ത്തമാണ്.

സുകുവേട്ടൻ അത്ര വേഗം എല്ലാവരെയും വിട്ടു പോകുമെന്ന തോന്നൽ എനിക്കെന്നല്ല ആര്‍ക്കുമുണ്ടായിരുന്നില്ല. മൂന്നാറിൽ നിന്നു തോളുവേദനയുമായാണ് കൊച്ചിയിലെത്തിയത്. ആശുപത്രിയില്‍ ചെന്നപ്പോള്‍ അവര്‍ െഎസിയുവിൽ കിടത്തി. നാലു ദിവസം കഴിഞ്ഞു മുറിയിലേക്കു മാറ്റി. പെട്ടെന്നു തന്നെ പഴയ ജീവിതത്തിലേക്കു സുകുവേട്ടൻ തിരികെ വരികയായിരുന്നു.

ഒരു ദിവസം ആശുപത്രിയില്‍ വന്ന ജനാർദനൻ ചേട്ടനോട് തമാശയായി പറഞ്ഞു, ‘ചുമ്മാതാ, എനിക്കൊരു കുഴപ്പവുമില്ല. ഞാൻ സിഗരറ്റ് വലിക്കാതിരിക്കാൻ ഇവൾ വെറുതെ പിടിച്ച് ആശുപത്രിയില്‍ കിടത്തിയിരിക്കുന്നതാ...’

അന്ന് ഉച്ചയ്ക്കു പത്രം വായിക്കുന്നതിനിടയില്‍ പെട്ടെന്നു കണ്ണട മാറ്റി വച്ചിട്ടു പറഞ്ഞു, ‘ആ തോളുവേദന പിന്നെയും വരുന്നു. കുറച്ചു നടന്നു നോക്കാം ...’

പയ്യെ എഴുന്നേറ്റ് എന്റെ തോളിൽ പിടിച്ചു നടന്നു തുടങ്ങി. തോളിൽ കൈ വല്ലാതെ മുറുകുന്നത് ഞാനറിഞ്ഞു, ‘സിസ്റ്ററേ’ എന്നു ഞാനുറക്കെ വിളിച്ചു. അവർ വീൽചെയറുമായി ഒാടിയെത്തി. സുകുവേട്ടനെയും വീല്‍െചയറിലിരുത്തി െഎസിയുവിേലക്കു പാഞ്ഞു. ഞാന്‍ പിന്നാലെ ഒാടിച്ചെന്നു. െഎസിയുവിലേക്ക് കയറി വാതിലടയും മുന്‍പ് എെന്‍റ നേരെ തിരിഞ്ഞു മുഖം കൊണ്ട് എന്തോ ആംഗ്യം കാണിച്ചു. ‘രക്ഷയില്ല, ഞാന്‍ പോവാണ് മല്ലികേ...’ എന്നാണോ പറഞ്ഞത്? അതായിരുന്നു അവസാന കാഴ്ച.

അഞ്ചാറുമാസം കരച്ചിൽ തന്നെയായിരുന്നു. ഞാനും അമ്മയും കൂടി ഇരുന്നു കരയും. പിന്നീടു ഞാൻ തിരിച്ചറിഞ്ഞു എെന്‍റ ഈ തളര്‍ച്ച ഇന്ദ്രനെയും രാജുവിനെയും ബാധിക്കുന്നുണ്ട്. പത്തിലും പന്ത്രണ്ടിലും പഠിക്കുന്ന കുഞ്ഞുങ്ങൾ. അവരുെട ഉത്തരവാദിത്തം മുഴുവനും എെന്‍റ കയ്യിലാണ്. ഞാന്‍ തളര്‍ന്നാല്‍ അവര്‍ തകരും.

സുകുവേട്ടന്റെ ചില വാക്കുകളാണ് എനിക്കു കരുത്തുതന്നത്. അദ്ദേഹം പല തവണ പറഞ്ഞിരുന്നു, ‘നമ്മുടെ മക്കളെ പഠിപ്പിച്ചു മിടുക്കരാക്കണം. പിന്നെ, വളർന്നു കല്യാണമൊക്കെ കഴിയുമ്പോള്‍ അവർക്ക് അവരുടേതായ ജീവിതം ഉണ്ടാകും. അതിൽ കയറി ഇടപെടരുത്. നിനക്കു ജീവിക്കാനുള്ളതു ഞാനുണ്ടാക്കിയിട്ടിട്ടുണ്ട്.’ വളരെയേറെ ദീർഘവീക്ഷണമുള്ള വ്യക്തിയായിരുന്നു അദ്ദേഹം. ഇന്ദ്രനും രാജുവും ഇടയ്ക്കു പറയും, ‘അമ്മ സ്ട്രോങ്ങല്ലായിരുന്നെങ്കിൽ ഞങ്ങൾ ഈ നിലയിൽ ആകില്ലായിരുന്നു...’

വിജീഷ് ഗോപിനാഥ്

ഫോട്ടോ: ശ്രീകാന്ത് കളരിക്കൽ