Friday 28 October 2022 02:12 PM IST : By Jobin Nedumkandam

കുടകിലേക്ക് കൃഷിക്ക് പോയ റോയി എവിടെ?; 22 വർഷമായി മകനെ കാത്തിരിക്കുന്ന അച്ഛനും അമ്മയും

roy-missing-22-years-george-tresyamma-cover ജോർജ് ജോസഫ്, ത്രേസ്യാമ്മ, കാണാതായ റോയി ജോർജ്

കൂട്ടുകാരനൊപ്പം കുടകിൽ കൃഷിക്കായി പോയതാണ് റോയി ജോർജ്. 22 വർഷം മുമ്പ്. 2000 മേയ് മാസത്തിലാണ് കാണാതായത്. കാണാതാകുന്നതിന് 4 ദിവസം മുൻപ് കാപ്പിക്കുരുവും കുരുമുളകും വിറ്റതിന്റെ ബില്ലും പണവും റോയി കൃത്യമായി ജോർജിനെ ഏൽപിച്ചിരുന്നു. പോകുമ്പോൾ 25 വയസ്സായിരുന്നു റോയിക്ക്. ഒരു വർഷം കഴിഞ്ഞു കൂട്ടുകാരൻ തിരികെയെത്തിയിട്ടും റോയി വന്നില്ല. സുഹൃത്തിൽനിന്നു വിവരങ്ങൾ ജോർജ് തേടിയെങ്കിലും കുടകിലെത്തിയ ശേഷം രണ്ടായി പിരിഞ്ഞെന്ന മറുപടി മാത്രമാണ് ലഭിച്ചത്. കർണാടക ചിക്മംഗ്ലൂരിലെ ഒരു ആശുപത്രിയിൽ റോയി പരുക്കേറ്റ് 2001ൽ 20 ദിവസം ചികിത്സ തേടിയിരുന്നതായ വിവരം ലഭിച്ച് ജോർജ് അവിടെപ്പോയി. ജോർജ് അവിടെ എത്തിയപ്പോഴേയ്ക്കും റോയി ഡിസ്ചാർജായി പോയിരുന്നു. ഇതിനുശേഷം ജോർജ് സാധനങ്ങൾ വാങ്ങുന്ന പലചരക്കു കടയിലേക്കു റോയിടെതെന്ന് കരുതുന്ന ഫോൺ വന്നിരുന്നു. ജോർജ് എത്തിയപ്പോഴേക്കും ഫോൺ കട്ടായി.

പൂവത്തിനകുന്നേൽ ജോർജ് ജോസഫ് എന്ന വക്കച്ചനും ഭാര്യ ത്രേസ്യാമ്മ എന്ന ലീലാമ്മയും മകനെ കാത്തിരിക്കാൻ തുടങ്ങിയിട്ട് 22 വർഷമായി. റോയിയുടെ സഹോദരൻ റോബിനും ഭാര്യ മോൻസിക്കുമൊപ്പം നെടുങ്കണ്ടം അമ്പലപ്പാറയിലാണ് ജോർജും ത്രേസ്യാമ്മയും ഇപ്പോൾ താമസിക്കുന്നത്. ഇപ്പോൾ കൂലിപ്പണിയെടുത്താണ് ഉപജീവനം.

മകന്റെ തിരോധാനം ത്രേസ്യാമ്മയെ ആരോഗ്യപരമായി തകർത്തു കളഞ്ഞു. നീണ്ട ചികിത്സയ്ക്കുശേഷമാണ് ലീലാമ്മ സാധാരണജീവിതത്തിലേക്ക് മടങ്ങിയെത്തിയത്. ഇതിനിടെ മയിലാടുംപാറ കാരിത്തോടിൽ പുൽമേടിന് തീപിടിച്ച സമയത്ത് ജോർജിന്റെ വീടിനും തീപിടിച്ചു. വീടും വീട്ടുപകരണങ്ങളും 250 കിലോ കുരുമുളക്, 400 കിലോ കാപ്പിക്കുരു, 100 കിലോ ചുക്ക്, 8000 രൂപ എന്നിവ കത്തി നശിച്ചു. റോയിയുടെ ചിത്രങ്ങളും കുടുംബ ആൽബവും കത്തിയമർന്നു. കിടപ്പാടം നഷ്ടപ്പെട്ടു. വാടകവീട്ടിലേക്കു മാറി. ഒരിടത്തുനിന്നും സഹായം ലഭിച്ചില്ല. എന്നെങ്കിലും മകൻ തിരികെയെത്തുമെന്ന പ്രതീക്ഷയില്‍ ജോർജും ലീലാമ്മയും ഇതു വരെ കേസ് കൊടുത്തിരുന്നില്ല. പരാതി നൽകിയാൽ അന്വേഷിക്കാമെന്ന് നെടുങ്കണ്ടം സിഐ ബി. എസ്. ബിനു പറഞ്ഞു. പരാതി നൽകാനുള്ള ഓരുക്കത്തിലാണ് ജോർജും ലീലാമ്മയും.