Friday 11 August 2023 05:23 PM IST : By സ്വന്തം ലേഖകൻ

പ്രാർഥനാ മന്ത്രങ്ങൾ നിറഞ്ഞ ധന്യമുഹൂർത്തം; മണ്ണാറശാല അമ്മയായി സാവിത്രി അന്തർജനം, സതീദേവി അന്തർജനം ഇളയമ്മയാകും

alappuzha-savitri-andharjanam

വിശ്വാസികളുടെ പ്രാർഥനാ മന്ത്രങ്ങൾ നിറഞ്ഞ ധന്യമുഹൂർത്തത്തിൽ മണ്ണാറശാല അമ്മയായി സാവിത്രി അന്തർജനം (83) അവരോധിതയായി. ഭക്തരുടെ മനസ്സിൽ നാഗരാജാവിന്റെ മാതൃസ്ഥാനീയായ അമ്മ ഇനി മണ്ണാറശാല ക്ഷേത്രത്തിൽ നാഗോപാസന നടത്തും. സമാധിയടഞ്ഞ മണ്ണാറശാല അമ്മ ഉമാദേവി അന്തർജനത്തിന്റെ സംസ്കാര ചടങ്ങിനു മുന്നോടിയായി ആ പാദതീർഥം അഭിഷേകം ചെയ്താണു സാവിത്രി അന്തർജനം നാഗരാജ ക്ഷേത്രത്തിലെ മുഖ്യപൂജാരിണിയായി അവരോധിതയായത്.

ആയില്യപൂജ നടക്കുന്ന നിലവറ തെക്കേത്തളത്തിൽ ബുധനാഴ്ച അർധരാത്രിയിലായിരുന്നു ചടങ്ങുകൾ. മണ്ണാറശാല ഇല്ലത്തെ ഇളയ കാരണവർ എം.കെ.കേശവൻ നമ്പൂതിരി ഉമാദേവി അന്തർജനത്തിന്റെ പാദം ഉരുളിയിലെ തീർഥ ജലത്തിൽ കഴുകി. സാവിത്രി അന്തർജനത്തിന്റെ മകൻ എം.എസ്. വാസുദേവൻ നമ്പൂതിരി ആ തീർഥജലം അമ്മയുടെ ശിരസ്സിൽ അഭിഷേകം ചെയ്തു. 

അന്തരിച്ച ഉമാദേവി അന്തർജനത്തിന്റെ ഭർതൃസഹോദര പുത്രൻ പരേതനായ എം.വി.സുബ്രഹ്മണ്യൻ നമ്പൂതിരിയുടെ ഭാര്യയാണ് സാവിത്രി അന്തർജനം. കോട്ടയം കാഞ്ഞിരക്കാട്ട് ഇല്ലത്ത് ശങ്കരൻ നമ്പൂതിരിയുടെും ആര്യ അന്തർജനത്തിന്റെയും മകളാണ്. പ്രായത്തിന്റെ അവശതകൾ കൂടിയപ്പോൾ പിൻഗാമിക്കു നാഗരാജപൂജയ്ക്കു വേണ്ട മൂലമന്ത്രം ഉമാദേവി അന്തർജനം ഉപദേശിച്ചിരുന്നു.

അമ്മയുടെ സഹായിയെന്ന നിലയിൽ പൂജാകർമങ്ങളെല്ലാം പരിശീലിക്കുകയും ചെയ്തിരുന്നു. ഒരു വർഷത്തെ ദീക്ഷയ്ക്കു ശേഷമായിരിക്കും പൂജാകർമകൾ അനുഷ്ഠിക്കാൻ തുടങ്ങുക. സാവിത്രി അന്തർജനത്തിന്റെ മക്കൾ: എം.എസ്. വാസുദേവൻ, എം.എസ്.ശ്യാംസുന്ദർ, എം.എസ്.സുബ്രഹ്മണ്യൻ,എം.എസ്.ശ്രീദേവി, എം.എസ്.നാഗദാസ്, എം.എസ്.ഉഷ, എം.എസ്.ശ്രീകുമാർ, എം.എസ്.ഹരി. 

സതീദേവി അന്തർജനം ഇളയമ്മയാകും 

മണ്ണാറശാലയിലെ അമ്മയായി അവരോധിക്കപ്പെട്ട സാവിത്രി അന്തർജനത്തിന്റെ ഭർതൃസഹോദരൻ എം.കെ. പരമേശ്വരൻ നമ്പൂതിരിയുടെ പത്നി സതീദേവീ അന്തർജനം മുറപ്രകാരം ഇനി മണ്ണാറശാല ഇളയമ്മയാകും. കോട്ടയം വടക്കുമ്യാൽ ഇല്ലത്ത് ശങ്കരൻ നമ്പൂതിരിയുടെയും പാർവതി അന്തർജനത്തിന്റെയും മകളാണ്. പൂജാകർമങ്ങളിൽ അമ്മയെ സഹായിക്കുന്ന ഇളയമ്മയ്ക്കാണു മുറപ്രകാരം അടുത്ത അമ്മയാകാനുള്ള നിയോഗം. ആയില്യം നാളിൽ അമ്മ നാഗരാജാവിനെ എഴുന്നള്ളിക്കുമ്പോൾ സർപ്പയക്ഷിയെ ആനയിക്കുക ഇളയമ്മയാണ്.

Tags:
  • Spotlight