Saturday 02 May 2020 04:40 PM IST : By Shyama

പെട്ടിയും പാത്രവും കുപ്പിയുമായി വരുൻ സുനിൽ ഒരുക്കിയ ‘കാക്കോഫോണി’ ; ലോക്ഡൗൺ കംപോസിഷനെ പറ്റി പറഞ്ഞ് മസാല കോഫി ഗായകൻ

shyama-final

ഓ നമ്മുടെ ഒക്കെ വീട്ടിലുമുണ്ട് പത്രവും പെട്ടിയും കുപ്പിയും ഒക്കെ, അത്‌ വരുണിന്റെ വീട്ടിലെ പോലെ അല്ലെന്നു മാത്രം. അതിപ്പോ എന്താ അതിന് മാത്രം ഇത്ര പ്രതേകത എന്ന് ചോദിച്ചാൽ പറയാൻ ഒന്നേയുള്ളൂ... അവയ്ക്കല്ല ആൾക്കാണ് പ്രതേകത...

മസാല കോഫി എന്ന ബാൻഡിന്റെ സ്ഥാപകനും പേർക്കഷനിസ്റ്റും ഗായകനും ഒക്കെയായ വരുൺ സുനിൽ വീട്ടിലെ ചില സാധങ്ങൾ ഒക്കെ കൊണ്ട് തീർത്തൊരു കാക്കോഫോണിയാണ് ഇപ്പൊ സോഷ്യൽ മീഡിയയെ കണ്ണുതള്ളിക്കുന്നത്... പെട്ടി, പാത്രം, വെള്ളത്തിന്റെ ക്യാൻ...എന്നിങ്ങനെ പോകുന്നു സംഗീത ഉപകാരങ്ങളുടെ ലിസ്റ്റ്.

"ലോക്ക്ഡൗൺ ഒക്കെ കാരണം വീട്ടിലിരുന്നു വട്ടായപ്പോ തോന്നിയൊരു ഐഡിയ ആണത്. പക്ഷേ, ചെയ്തപ്പോഴാണ് സ്കൂളും പണ്ടത്തെ കൂട്ടും ഒക്കെ വീണ്ടും ഓർത്തത്.ഭവൻസ് ഗിരിനഗറിലാണ് ഞാൻ പഠിച്ചത്. അന്ന് കാക്കോഫോണി, കിച്ചൻ മ്യൂസിക് എന്ന് പറയുന്നൊരു സംഭവം ചെയ്തിട്ടുണ്ട്. ഞങ്ങൾ 8 പേർ. നാലു കൊല്ലത്തോളം ഞങ്ങൾ തന്നെയായിരുന്നു അതിന്റെ മത്സരത്തിൽ ഒന്നാമത്. അതുകഴിഞ്ഞ് ഇത്ര നാൾ കഴിഞ്ഞ് ദേ ഇപ്പോഴാണ് പിന്നെയും അതൊന്ന് വായിക്കുന്നത്.

സോഡാ ട്രേ, പത്രങ്ങൾ, ബക്കറ്റ് ഒക്കെ വെച്ച് പല ഫ്രീക്വൻസിയിലുള്ള ശബ്ദങ്ങൾ കിട്ടും അതുകൊണ്ട് ഉണ്ടാക്കുന്ന സംഗീതമാണ് കാക്കോഫോണി. അതുപോലെ തന്നെയാണ് ജലതരംഗ്...ഗ്ലാസിൽ/ പത്രത്തിൽ പല അളവിൽ വെള്ളമൊഴിച്ചു പലതരം ശബ്ദങ്ങൾ ഉണ്ടാക്കി ചെയ്യുന്നത്. ഇങ്ങനെ ജാം ചെയ്ത് വായിക്കുന്നതിൽ എനിക്ക് ആരാധന തോന്നിയിട്ടുള്ളൊരു പേർക്കഷനിസ്റ് ത്രിലോക് ഗുർത്തു ആണ്. ശിവമണി സാറിന്റെ ഒക്കെ ഗുരു.

shyama-2

ഞാനീ ചെയ്തത് പ്രാക്ടീസ് ചെയ്തിട്ടൊന്നുമല്ല മനസ്സിൽ അന്നേരം തോന്നിയ ഒരു സംഗതി അങ്ങ് വായിച്ചു എന്നേയുള്ളൂ. വീട്ടിലിരുന്നു അത്രയും കിളിപോയി എന്നും ചുരുക്കി പറയാം... (പൊട്ടിച്ചിരിയുടെ മറ്റൊരു കാക്കോഫോണി കേൾക്കാം).

ഞാൻ പ്രൊഫഷണൽ ആയി ആദ്യം വായിക്കുന്നത് ജോൺസൻ മാഷിനൊപ്പവും രാജമാണി സാറിനൊപ്പവും ഒക്കെയാണ്. പിന്നെ പല സിനിമകളിലും പിന്നണിയിലൊക്കെ വായിച്ചിട്ടുണ്ട്. ഹരിഹരൻ സാറിനൊപ്പം, വിദ്യവോക്സ്, ഗ്രാമി അവാർഡ് ജേതാവ് മോഹന വീണ വായിക്കുന്ന വിശ്വമോഹൻ ഭട്ട്, ഉസ്താദ് ഫസൽ ഖുറേഷി, പാകിസ്ഥാനിൽ നിന്നുള്ള ഫത്തേഹ് അലി ഖാൻ സഹോദരൻമാർ...അങ്ങനെ പല പ്രമുഖർക്കൊപ്പവും വായിക്കാൻ പറ്റിയിട്ടുണ്ട്... 16വർഷമായി ഇപ്പൊ ഇൻഡസ്ട്രിയിൽ.

മുംബൈയിലാണ് ഞാനും ഭാര്യയും. ഈ സമയത്ത് കേരളത്തിൽ ആയാൽ മതിയായിരുന്നു എന്ന് എന്നും തോന്നാറുണ്ട്, ഇനിയിപ്പോ പറഞ്ഞിട്ടെന്തിനാ ല്ലേ... ഹാ! ഇപ്പൊ സോണി മ്യൂസിക്കിന്റെ ആർടിസ്റ്റ് ആണ്, കുറച്ച് പാട്ടുകൾ ഇറങ്ങി ഇനിയും വരാനുണ്ട്. അടുത്തൊരു ആൽബം ചെയ്യുന്നു. ഇക്കഴിഞ്ഞ ദിവസം കാക്കോഫോണി പരീക്ഷണവും കൂടി ചെയ്തു എ.ആർ. റഹ്മാൻ സാറിന്റെ ലഗാൻ എന്ന സിനിമയിലെ ഒരു പാട്ട്... കേട്ട് നോക്കൂ...