Tuesday 03 October 2023 11:26 AM IST

‘എനിക്കൊരു ജന്മദിനമുണ്ടെന്നു തന്നെ അറിഞ്ഞത് 26ാം വയസ്സിലാണ്.’ മാതാ അമൃതാനന്ദമയി; അമ്മയ്ക്ക് സപ്തതി

V R Jyothish

Chief Sub Editor

amma-matha-amrithanantha-mayi-sapthathi-cover എഴുപതിന്റെ നിറവിൽ മാതാ അമൃതാനന്ദമയി; ഫോട്ടോ: ഹരികൃഷ്ണൻ

‘‘എനിക്കൊരു ജന്മദിനമുണ്ടെന്നു തന്നെ അറിഞ്ഞത് 26ാം വയസ്സിലാണ്. അന്ന് ബ്രഹ്മചാരികൾ ചേർന്നു പായസം വച്ച് ആഘോഷിച്ചു. അങ്ങനെയാണു തുടങ്ങിയത്. കഴിഞ്ഞ നാലഞ്ചു വർഷമായി വലിയ ആഘോഷങ്ങളൊന്നുമില്ലായിരുന്നു. പ്രളയവും കോവി‍ഡും കാരണം. അമ്മയ്ക്കു ജന്മദിനത്തില്‍ താൽപര്യമില്ല. ആശ്രമത്തിൽ പല സേവനപ്രവർത്തനങ്ങളും തുടങ്ങുന്നത് ഈ ദിവസമാണ്. അതുകൊണ്ടാണ് അമ്മ എതിരൊന്നും പറയാത്തത്. എന്താണ് അമ്മ അറിഞ്ഞ ഏറ്റവും വലിയ സന്തോഷം? അമ്മയ്ക്കായി പ്രത്യേകമൊരു സന്തോഷമില്ല. മക്കളുെട സന്തോഷം കാണുമ്പോൾ അമ്മ സന്തോഷിക്കുന്നു. മക്കളുടെ ദുഃഖത്തിൽ അമ്മയും ദുഃഖിക്കുന്നു. അമ്മമാരെല്ലാം അങ്ങനെയല്ലേ?’’

എഴുപതാം ജന്മദിനത്തോട് അനുബന്ധിച്ച് ‘വനിത’യ്ക്കു നൽകിയ പ്രത്യേക അഭിമുഖത്തിൽ മാതാ അമൃതാനന്ദമയി പറഞ്ഞു.

അമ്മ പൂർവാശ്രമം ഓർക്കാറുണ്ടോ?

matha-amrithanantha-mayi-sapthathi-amma-devoiees അമ്മ ആശ്രമത്തിൽ വന്ന കുട്ടികളോടൊപ്പം, മാതാ അമൃതാനന്ദമയിയുടെ അമ്മ (ഫയൽ ചിത്രം)

പൂർവാശ്രമമല്ലേ നമ്മുടെ ജീവിതത്തിന്റെ അടിസ്ഥാനം. ഞാൻ തീരെ ചെറുപ്പമായിരുന്നപ്പോൾ തന്നെ എന്റെ അമ്മ രോഗിയായി. നെഞ്ചുവേദനയുണ്ടായിരുന്നു. അങ്ങനെ ജോലികളൊന്നും ചെയ്യാൻ വയ്യാതായി. വീട്ടിൽ പശുവും ആടും കോഴിയുമൊക്കെയുണ്ടായിരുന്നു. അമ്മയ്ക്ക് ചിട്ടിയുണ്ടായിരുന്നു. കൃഷിയുണ്ടായിരുന്നു. എന്തു ജോലി െചയ്താലും വൃത്തിയും ശ്രദ്ധയും അമ്മയ്ക്കു നിർബന്ധമായിരുന്നു. അമ്മിയിൽ അരയ്ക്കുമ്പോഴും ആഹാരം വിളമ്പുമ്പോഴും സംസാരിക്കരുത് എന്നു പറയും. ഉടുപ്പിൽ കുത്തുന്ന ഒരു പിന്നിനു വേണ്ടി അടികൊണ്ട ആളാണു ഞാൻ. കഴുകുമ്പോൾ പിന്ന് ഉടുപ്പിൽ കൊരുത്തിടും. ഒരിക്കൽ കഴുകുന്നതിനിടയിൽ അതു പോയി. അന്ന് അടി കിട്ടി. പിന്നെ പിന്ന് പോയത് അമ്മയെ അറിയിച്ചില്ല. കള്ളിമുള്ളിന്റെ മുള്ളെടുത്ത് ഉടുപ്പിൽ കുത്തിവച്ചാണ് സ്കൂളിൽ പോയിരുന്നത്. ഇന്ന് ഞാൻ എന്തു ജോലി ചെയ്താലും ആ വൃത്തിയും ശ്രദ്ധയും കൊണ്ടുവരാൻ ശ്രമിക്കുന്നു.

അമ്മയെ പലരും ദൈവമായും അവതാരമായും കാണുന്നു. അമ്മ എങ്ങനെയാണ് അമ്മയെ കാണുന്നത്?

ഞാനൊരു അമ്മയാണെന്നു മാത്രമേ കരുതുന്നുള്ളു. പക്ഷേ, എന്റെ മുന്നിൽ വരുന്നവരെ ഈശ്വരനായിട്ടാണ് ഞാ ൻ കരുതുന്നത്. അതുകൊണ്ടു ദൈവത്തിനോട് എന്നപോലെ ഞാൻ അവരോടു പെരുമാറുന്നു. അവർ എന്നെ എന്തായി കാണുന്നു എന്നു ഞാൻ നോക്കാറില്ല.

matha-amrithanantha-mayi-sapthathi-vanitha-cover

അഭിമുഖത്തിന്റെ പൂർണരൂപം ഒക്ടോബർ ഓന്നാം ലക്കം വനിതയിൽ വായിക്കാം.