Monday 15 April 2024 11:04 AM IST : By സ്വന്തം ലേഖകൻ

‘മക്കളെപ്പോലെ അപ്പ വളർത്തിയ കന്നുകാലികളെ അമ്മ വിൽക്കാൻ പോവാണോ?’; അപ്പന്റെ മരണം... പതറാതെ മാത്യു: അതിജീവനം

mathew-cow-boy

വെള്ളിയാമറ്റത്തിറങ്ങി വഴി ചോദിക്കാനൊരുങ്ങി. അതിനു മുൻപേ നാട്ടുകാർ ഇങ്ങോട്ടു ചോദിച്ചു. ‘മാത്യു ബെന്നിയുടെ വീട് അല്ലയോ. അറക്കുളം റോഡിലൂടെ നേരേ പോയാട്ടെ. റോഡരുകിൽ തന്നെ കാണാം, കിഴക്കേപ്പറമ്പിൽ എന്നാ വീട്ടുപേര്...’ നാട്ടുകാർക്കറിയാം. അപരിചിതർ ആരെങ്കിലും വഴി തിരക്കി വന്നാൽ അതു മാത്യുവിന്റെ വീടായിരിക്കുമെന്ന്.

ഈ ജനുവരി മാസം രണ്ടാം തീയതിയാണ് ആ വാർത്ത പരക്കുന്നത്. തൊടുപുഴ വെള്ളിയാമറ്റം കറുകപ്പള്ളി കിഴക്കേപ്പറമ്പിൽ മാത്യു ബെന്നി എന്ന പത്താംക്ലാസ് വിദ്യാർഥിയുടെ കന്നുകാലികൾക്കു ഭക്ഷ്യവിഷബാധയേറ്റു. 13 എണ്ണം ചത്തു. ബാക്കിയുള്ളവ കിടപ്പിലായി. ഗൃഹനാഥനെ അകാലത്തിൽ നഷ്ടപ്പെട്ട ആ കുടുംബത്തിന് അതു വലിയ ആഘാതമായി. അ വരുടെ ഏക വരുമാനമാർഗമാണു വഴിമുട്ടിയത്. വാർത്തയറിഞ്ഞതും നാടാകെ മാത്യുവിനൊപ്പം ചേർന്നു. സഹായവാഗ്ദാനങ്ങൾ പല കോണുകളിൽ നിന്നുമെത്തി. അക്കൂട്ടത്തിൽ മമ്മൂട്ടിയും യൂസഫലിയും ജയറാമും പൃഥ്വിരാജുമൊക്കെയുണ്ട്. ഇപ്പോഴും പലരും വിളിക്കുന്നു. ആശ്വസിപ്പിക്കുന്നു. എങ്കിലും പറമ്പിന്റെ തെക്കേ അറ്റത്തേക്കു നോക്കുമ്പോൾ, ഇളകിയ പച്ചമണ്ണു കാണുമ്പോൾ മാത്യുവിന് ഉള്ളിലൊരു നീറ്റലാണ്.

ഒരു ദിവസം കൊണ്ടല്ല മാത്യു ഇത്രയും പ്രശസ്തനായത്. മികച്ച ബാല ക്ഷീരകർഷകൻ എന്ന നിലയി ൽ ഇടുക്കിക്കാർക്കു പരിചിതനാണ്. ഇടുക്കിയുടെ ക ർഷകമിത്ര അവാർഡും ക്ഷീരവികസന വകുപ്പിന്റെ അവാർഡും പ്രാദേശികമായ മറ്റ് അനേകം അവാർഡുകളും പതിനഞ്ചു വയസ്സിനുള്ളിൽ മാത്യുവിനെ തേടിയെത്തിയിട്ടുണ്ട്. ഏഴാംക്ലാസ്സിൽ പഠിക്കുമ്പോഴാണ് അപ്പൻ ബെന്നിയുടെ മരണം. അതിനുശേഷം അമ്മയും രണ്ടു സഹോദരങ്ങളും മുത്തച്ഛനും അടങ്ങുന്ന ആ കുടുംബത്തിനു തണലായതു പന്ത്രണ്ടുകാരനായ മാത്യുവാണ്. ആ ജീവിതപോരാട്ടത്തിനു മേലാണു വിധിയുടെ ര ണ്ടാമത്തെ പരീക്ഷണം. കിഴക്കേപ്പറമ്പിൽ വീട്ടിന്റെ സ്വീകരണമുറിയിൽ ബെന്നിയുടെ ചില്ലിട്ട ചിത്രമുണ്ട്. തൊട്ടടുത്ത് ബൈബിൾ. പിന്നെ, നിറയെ അവാർഡ് ശിൽപങ്ങൾ.

ആ ഒക്ടോബർ രാത്രിയിൽ

കിഴക്കേപ്പറമ്പിൽ മാത്യു എന്ന മുത്തച്ഛന് പ്രായം നൂറ്. അതിന്റെ അവശതകളും ഒാർമക്കുറവുമുണ്ട്. പക്ഷേ, നര വീഴാത്ത കർഷകന്റെ ഊർജം വാക്കുകളിലുണ്ട്. പാറപ്പുറത്ത് മണ്ണു കൊണ്ടു തട വച്ച് കപ്പയും ഇഞ്ചിയും പച്ചക്കറികളും വിളയിച്ചു തുടങ്ങിയ അനുഭവക്കരുത്തുണ്ട്. കാർഷിക വരുമാനം കൊണ്ടാണ് ഒൻപതു മക്കളെയും വളർത്തിയത്. എട്ടാമത്തെ മകനായിരുന്നു ബെന്നി. അപ്പനെപ്പോലെ തന്നെ തികഞ്ഞ കർഷകൻ.

പറമ്പിൽ കുറച്ചു റബർ മരങ്ങൾ, അതിനിടയ്ക്കു തേനീച്ചക്കൂടുകൾ, കുരുമുളക്, പച്ചക്കറികൾ, ഇ‍ഞ്ചി, ചേനയും ചേമ്പും പിന്നെ പശുക്കളും. രാത്രി പത്തുമണി വരെ പറമ്പിലും തൊഴുത്തിലുമായി അധ്വാനിക്കുന്നതായിരുന്നു ബെന്നിയുടെ ശീലം. മൂന്നു വർഷം മുൻപുള്ള ഒക്ടോബർ രാത്രി ഉറങ്ങാനുള്ള തയാറെടുപ്പിലായിരുന്നു ബെന്നിയും കുടുംബവും. പെട്ടെന്ന് ബെന്നിക്ക് എന്തോ അസ്വസ്ഥത തോന്നി. തലവേദനയെടുക്കുന്നു എന്നാണ് ആദ്യം പറഞ്ഞത്. പന്ത്രണ്ടു മണിയോടെ അസുഖം കൂടി. ഉടൻതന്നെ മുതലക്കുളത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ബെന്നിക്ക് അന്ന് വയസ്സ് അൻപത്. രക്താതിമർദം കൂടി തലച്ചോറിലെ ഞരമ്പ് പൊട്ടിയതായിരുന്നു മരണകാരണം. മൂത്തമകൻ ജോർജ് പത്താംക്ലാസ്സിൽ. രണ്ടാമൻ മാത്യു ഏഴാംക്ലാസ്സിലും മൂന്നാമത്തെ കുട്ടി റോസ്മേരി ആറാം ക്ലാസ്സിലും.

തൊടുപുഴയ്ക്കടുത്തു മുതലക്കോടത്തു പൊട്ടംപ്ലായ്ക്കൽ കുടുംബാംഗമാണ് മാത്യുവിന്റെ അമ്മ ഷൈനി. ബി കോം ഫസ്റ്റ് ക്ലാസ്സിൽ പാസ്സായ ഷൈനി വിവാഹശേഷം ബെന്നിക്കൊപ്പം കൃഷിജോലികളിൽ സജീവമായി. ബെന്നിക്കും ഷൈനിക്കും ആദ്യം പിറന്നത് ഇരട്ടക്കുട്ടികളായിരുന്നു. ഒരാണും ഒരു പെണ്ണും. പെൺകുട്ടി പ്രസവം കഴിഞ്ഞ് ഉടനെ മരിച്ചു. ആൺകുട്ടിയും രക്ഷപെടുമെന്ന് ഉറപ്പില്ലെന്നു ഡോക്ടർമാർ പറഞ്ഞു. ഷൈനി കുഞ്ഞിനെ ഗിവർഗീസ് പുണ്യാളന്റെ പേരു ചൊല്ലി വിളിച്ചു പ്രാർഥിച്ചു. ആ അപേക്ഷ ദൈവം കേട്ടു. അതുകൊണ്ടാണ് അപ്പാപ്പന്റെ പേരിടുന്ന പതിവ് മാറ്റി മൂത്തമകന് ജോർജ് എന്നു പേരിട്ടത്. അങ്ങനെ പൈതൃകത്തിന്റെ അടയാളമായ പേര് രണ്ടാമനായി പിറന്ന മാത്യുവിനു കിട്ടി.

അപ്പന്റെ നിഴലായി മാത്യു

ബെന്നി മരിച്ച രാത്രിയാണ് മാത്യു എന്ന ഏഴാംക്ലാസ്സുകാരന്റെ ധൈര്യം എല്ലാവർക്കും ബോധ്യപ്പെട്ടത്. ആ രാത്രി ഷൈനി ഓർക്കുന്നതിങ്ങനെ; ‘‘പന്ത്രണ്ടു മണി കഴിഞ്ഞപ്പോഴാണു ബെന്നിച്ചനു രോഗം കലശലായത്. എന്തു െചയ്യണമെന്നറിയാെത നിലവിളിക്കുകയായിരുന്നു ഞങ്ങൾ. തൊട്ടടുത്തു വീടുകളൊന്നുമില്ല. ഞങ്ങൾ നോക്കുമ്പോൾ മാത്യുവിനെയും കാണാനില്ല. ഒരു കിലോമീറ്റർ അപ്പുറത്തുബെന്നിച്ചന്റെ സഹോദരങ്ങൾ താമസമുണ്ട്. ആ അർധരാത്രി അവൻ ഓടി അവിടെയെത്തി. അവരെ വിളിച്ചുണർത്തിക്കൊണ്ടുവന്നു.

അങ്ങനെയാണു ബെന്നിച്ചനെ ആശുപത്രിയിലാക്കുന്നത്. അപ്പോഴൊന്നും അപ്പ ഇനി ഇല്ലെന്ന് ഞങ്ങളാരും അറിഞ്ഞിരുന്നില്ല.’’ അപ്പയുടെ മരണം മാത്യുവിനെ ഉലച്ചെങ്കിലും സമയോചിതമായ തീരുമാനമെടുത്തു കുടുംബത്തെ കൂടെ നിർത്തി. ആ കഥ പറഞ്ഞതും ൈഷനി തന്നെ; െബന്നി മരിച്ചതിന്റെ മൂന്നാം ദിവസം ഭാര്യ ഷൈനി സഹോദരങ്ങളോടു പറഞ്ഞു; ‘തൊഴുത്തിൽ നിൽക്കുന്ന കന്നുകാലികളെ വിറ്റ് ഒഴിവാക്കിത്തരണം. അവയെ നോക്കാൻ ഇനി ആരാണ് ഉള്ളത്?’കാലികളെ വിൽക്കുന്നതിനെക്കുറിച്ചുള്ള ചർച്ച നടക്കുമ്പോൾ മാത്യുവും അടുത്തുണ്ടായിരുന്നു. അന്നു രാത്രി മാത്യു അമ്മയോടു ചോദിച്ചു;

mathew-cow-boy-3

‘മക്കളെപ്പോലെ അപ്പ വളർത്തിയ കന്നുകാലികളെ വിൽക്കാൻ അമ്മ തീരുമാനിച്ചോ?’

‘പിന്നെ, നമ്മൾ എന്തു ചെയ്യും? ഇവറ്റകളെ ആരു നോക്കും.?’ ഷൈനിയുടെ നിസ്സഹായതയ്ക്കു മുന്നിൽ മാത്യു പൊട്ടിക്കരഞ്ഞു.‘അമ്മേ... കാലികളെ ഞാൻ നോക്കിക്കൊള്ളാം. അതിനെ വിൽക്കേണ്ടാ.’ ഷൈനിക്കു മുന്നിൽ അ പ്പോൾ തെളിഞ്ഞത് ഭർത്താവിന്റെ മണ്ണുണങ്ങാത്ത കല്ലറയായിരുന്നു. മാത്യുവിനെ കെട്ടിപ്പിടിച്ച് ആ അമ്മ വിതുമ്പി. നാലു വയസ്സുള്ളപ്പോഴേ അപ്പന്റെ നിഴലായി മാത്യുവും ഉണ്ടായിരുന്നു. പുല്ലരിയാനും കാലിക്കു കാടി കൊടുക്കാനും തൊഴുത്തു വൃത്തിയാക്കാനുമൊക്കെ എപ്പോഴും അ പ്പന്റെ കൂടെ തന്നെ. അതു കണ്ട് ചേട്ടൻ ജോർജും അനുജത്തി റോസ് മേരിയും ഒപ്പം ചേരും.

mathew-cow-boy-4

ആ പ്രായത്തിലുള്ള കുട്ടികളുെട ഇഷ്ടമായിരുന്നില്ല ഈ മൂന്നുപേർക്കും. ഷൈനി ഇപ്പോഴതു ൈദവത്തിന്റെ പ ദ്ധതിയായാണു കാണുന്നത്. ഒരുപക്ഷേ, നേരത്തെ പോകേണ്ടി വരുമെന്ന് ബെന്നിക്ക് അറിയാമായിരുന്നതുപോലെ. മക്കളെ അധ്വാനം പഠിപ്പിച്ചു ജീവിക്കാൻ പ്രാപ്തരാക്കിയ പോലെ. അമ്മയ്ക്കു കൊടുത്ത വാക്ക് മാത്യു പാലിച്ചു. രാവിലെ നാലുമണിക്ക് എഴുന്നേൽക്കും. ചാണകം വാരി തൊഴുത്തു വൃത്തിയാക്കും. പശുക്കളെ കുളിപ്പിക്കും. അപ്പോഴേക്കും അമ്മയും സഹോദരങ്ങളുമെത്തും. പിന്നെ, കറവയാണ്. ആറേഴു കറവപ്പശുക്കൾ ഉണ്ടായിരുന്നു അന്ന്. കറവയും മാത്യുവിന്റെ കുഞ്ഞു ൈകകൾ കൊണ്ടുതന്നെ.

ഈ ഇത്തിരിക്കുഞ്ഞനു മുന്നിൽ പശുക്കളൊക്കെ വാത്സല്യത്തോടെ ചുരത്തിക്കൊടുക്കും. 80 ലീറ്ററോളം പാല് കിട്ടുന്ന സമയമുണ്ടായിരുന്നു. പാൽ അയൽവീടുകളിലും സൊസൈറ്റിയിലും കൊടുക്കും.

മിക്ക ദിവസങ്ങളിലും കാലികളെ തൊട്ടടുത്തുള്ള വയലിൽ കൊണ്ടുപോയി കെട്ടും. അവിടെ ഇളംപുല്ല് ധാരാളമുണ്ടാകും. അപ്പോഴേക്കും മാത്യുവിന് സ്കൂൾ സമയമാകും. സ്കൂൾ വിട്ടുവന്നാൽ നേരെ പാടത്തേക്ക് പോകും. കാലികളെ തൊഴുത്തിലെത്തിക്കും. എന്തുകൊണ്ടാണു കന്നുകാലികളെ കൊടുക്കുന്ന കാര്യം പറഞ്ഞപ്പോൾ കരഞ്ഞതെന്നു ചോദിച്ചപ്പോൾ മാത്യു പറഞ്ഞതിങ്ങനെ; ‘‘പശുവായാലും മൂരിയായാലും എല്ലാം ഇവിെട ജനിച്ചു വളർന്നതാണ്. ഓരോരുത്തരും ജനിച്ചു വീഴുന്നത് ഞാൻ കണ്ടിരുന്നു. അവർക്കൊക്കെ പേരിട്ടത് ഞങ്ങൾ മൂന്നുപേരും ചേർന്നാണ്. വീട്ടിലെ അംഗങ്ങളായിരുന്നു അവരും. അതുകൊണ്ടാണ്.’’ ആ വാചകം പൂർത്തിയാക്കാൻ മാത്യുവിനു കഴിയുന്നില്ല. പറമ്പിന്റെ തെക്കേമൂലയിലേക്കു സങ്കടത്തോടെ നോക്കുക മാത്രം ചെയ്തു അവൻ. ആ സങ്കടങ്ങളുടെ ആഴം കൊണ്ടാണ് മാത്യുവും ഷൈനിയും സംഭവദിവസം ആശുപത്രിയിലായത്.

mathew-cow-8

‘‘കന്നുകാലികളെക്കൊണ്ടാണു ഞങ്ങൾ ഇത്രയുംനാ ൾ ജീവിച്ചത്. മറ്റു കൃഷിയിൽ നിന്നുള്ള വരുമാനം മാറ്റിവച്ചു. ചിട്ടി കെട്ടിയും മറ്റും കൂട്ടിവച്ച തുക കൊണ്ടാണു ബെന്നിച്ചൻ ഈ വീടു വച്ചത്. എന്നിട്ടും രണ്ടു വർഷത്തിൽ കൂടുതൽ ഈ പുതിയ വീട്ടിൽ താമസിക്കാൻ വിധി അദ്ദേഹത്തെ അനുവദിച്ചില്ല.’’ ഷൈനിയുടെ വാക്കുകൾ മുറിയുന്നു.

22 കന്നുകാലികളുമായാണു മാത്യുവിന്റെ ജീവിതം മുന്നോട്ടു പോയിരുന്നത്. അതിൽ 13 എണ്ണമാണു ഭക്ഷ്യവിഷബാധയേറ്റു പോയത്. ബാക്കിയുള്ളവ ജീവിതത്തിലേക്കു വന്നുകൊണ്ടിരിക്കുന്നു. മാത്യുവിന്റെ തൊഴുത്തിൽ ഇപ്പോൾ പഴയതുപോലെ സന്തോഷമില്ല. പി.ജെ. ജോസഫ് കൊടുത്ത പുതിയ പശു തൊഴുത്തിലുണ്ട്. മൂന്നു മാസം ഗർഭിണിയാണ് അവൾ.

കർഷകനായി അറിയപ്പെടുന്നതു മാത്യു ആണെങ്കിലും ചേട്ടൻ ജോർജിന്റെയും അനുജത്തി റോസ് മേരിയു െടയും സപ്പോർട്ട് മാത്യുവിന് ഉണ്ട്. ഈ മൂന്നംഗ സംഘം ഒരുമിച്ചാണ് കന്നുകാലികളെ പരിചരിക്കുന്നത്. ന്യൂ ജനറേഷൻ മക്കളെപ്പോലെ വൈകിയുറങ്ങി, വൈകിയുണരുന്ന കുട്ടികളല്ല ഈ വീട്ടിലുള്ളത്. വെട്ടിമറ്റം വിമല പബ്ലിക് സ്കൂളിലെ പത്താംക്ലാസ് വിദ്യാർഥിയാണ് മാത്യു. സഹോദരി റോസ് മേരി ഇതേ സ്കൂളിൽ ഒൻപതാംക്ലാസിൽ.

ഈ അത്യാഹിതം നടന്നപ്പോൾ സ്നേഹത്തോടെ ഓടിയെത്തിയവരെയെല്ലാം മനസ്സു നിറഞ്ഞ് ഓർക്കുന്നുണ്ട് മാത്യു. സംസ്ഥാന മൃഗസംരക്ഷണവകുപ്പു മന്ത്രി ചിഞ്ചുറാണിയെ നേരത്തെ തന്നെ മാത്യുവിന് അറിയാം. ബെന്നി മരിച്ചസമയത്തു പശുവിനെ കെട്ടാൻ തൊഴുത്ത് ഇല്ലെന്നു പ രാതി പറഞ്ഞപ്പോൾ മിൽമ വഴി ഒന്നരലക്ഷം രൂപ തൊഴുത്തു കെട്ടാൻ മന്ത്രി അനുവദിച്ചു. ഈ അത്യാഹിതം ഉണ്ടായപ്പോഴും മന്ത്രി മാത്യുവിനെ വിളിച്ചു. വേണ്ട സഹായങ്ങ ൾ നൽകി. പഠിച്ചു മൃഗഡോക്ടർ ആകണമെന്നാണു മാത്യുവിന്റെ മോഹം. ‘‘എന്തെല്ലാം അഗ്നിപരീക്ഷണങ്ങളാണ് എന്റെ മോൻ നേരിടേണ്ടി വരുന്നത്. ദൈവം അവന് അതിജീവിക്കാനുള്ള ശക്തി കൊടുക്കണേ എന്നേയുള്ളു പ്രാർഥന’’ ഷൈനി നിറകണ്ണുകളോടെ പറഞ്ഞു.

കിഴക്കേപ്പറമ്പിൽ വീടിന്റെ ഉമ്മറത്തിരുന്നു മുത്തച്ഛ ൻ മാത്യു കൊച്ചുമകനെ നോക്കി, പ്രായം തൊടാത്ത പ്രതീക്ഷയുടെ തിളക്കത്തോടെ.

വി.ആർ. ജ്യോതിഷ്

ഫോട്ടോ: ശ്രീകാന്ത് കളരിക്കൽ