Tuesday 23 February 2021 04:20 PM IST

‘ഇനി വീട്ടിലെ ഒരു പണിയും ചെയ്യിക്കില്ല’: മേയറാകുന്നതിന്റെ തലേന്നാൾ അമ്മയെക്കൊണ്ടു സത്യപ്രതിജ്ഞ ചെയ്യിച്ചു: വീട്ടിലെ ചെല്ലക്കുട്ടി ആര്യ

Tency Jacob

Sub Editor

arya-rajendran

ആ വീടിനിപ്പോഴും അമ്പരപ്പു മാറിയിട്ടില്ല. വീട്ടിലെ ചെല്ലക്കുട്ടി, ഇരുപത്തിയൊന്നു വയസ്സുകാരി ആര്യ രാജേന്ദ്രൻ, കേരളത്തിൽ 100 വാർഡുകളുള്ള ഏക നഗരമായ തിരുവനന്തപുരം ഭരിക്കുന്ന മേയറാണ്. ‘ഉള്ള സൗകര്യത്തിലിരിക്കൂ’ എന്നു പറഞ്ഞ് ആര്യ അകത്തേക്കു പോയി. ആര്യയ്ക്കു കിട്ടിയ ട്രോഫികൾ മേശയുടെ ഒരരുകിലേക്കു മാറ്റിവച്ച് അച്ഛൻ രാജേന്ദ്രൻ മകളുടെ ചുരിദാർ ഇസ്തിരിയിടാൻ തുടങ്ങി. അമ്മ ശ്രീലത അടുക്കളയിൽ തിരക്കിലാണ്. നിനച്ചിരിക്കാതെ വന്ന സ്ഥാനലബ്ധി വീട്ടാലാരെയും ഭ്രമിപ്പിച്ചിട്ടില്ല. ‘പഠിച്ചു ഞങ്ങൾ നല്ലവരാകും, ജയിച്ചു ഞങ്ങൾ മുന്നേറും, പടുത്തുയർത്തും ഭാരതമണ്ണിൽ സമത്വസുന്ദര നവലോകം’ എന്ന മുദ്രാവാക്യം ആവേശമുണർത്തിയവൾ ക്ക് ഇങ്ങനെയാകാനേ കഴിയൂ.

7-AM

‘‘ഒരു സുഹൃത്താണ് വിളിച്ചു പറയുന്നത്.‘ആര്യയെ മേയർ സ്ഥാനത്തേക്കു പരിഗണിക്കാൻ പാർട്ടി സെക്രട്ടറിയേറ്റ് തീരുമാനിച്ചിട്ടുണ്ട്.’ എന്ന്. അപ്പോഴേക്കും ടിവിയിൽ സ്ക്രോൾ വന്നുതുടങ്ങി. പിന്നാലെ മാധ്യമങ്ങൾ വീട്ടിലെത്തി. പാർട്ടിയിൽ നിന്നു വിളിച്ചു പറയാത്തതുകൊണ്ട് ആദ്യമൊക്കെ ഞാൻ ആ നിലയിൽ തന്നെയാണു സംസാരിച്ചത്.’’ ഈറൻ മുടി കെട്ടുന്നതിനിടയിലാണ് ആര്യയുടെ സംസാരം.

അമ്മ കൊണ്ടുവന്ന ചായ, നിന്നനിൽപ്പിൽ കുടിച്ചു തീർത്തു. ‘‘രാവിലെ ഒരു ചായ കുടിച്ചാൽ ഉഷാറായി.’’ ഒരു കുഞ്ഞുപൊട്ടു കൂടി തൊട്ടു. ചുരിദാറിനു മീതെ ഷാൾ വിരിച്ചിട്ടു. ഒരുക്കം പൂർത്തിയായി ബാഗും ഫയലുകളുമെടുത്തു ഇറങ്ങി. ‘‘വാർഡിൽ രണ്ടുപേർ മരിച്ചിട്ടുണ്ട്. അവിടേക്കു പോകണം. ഇന്ന് ആദ്യ ദിനമല്ലേ, അതിന്റെ തിരക്കുകളുണ്ട്.’’

മേയറുടെ ഒൗദ്യോഗിക വാഹനം വീട്ടുമുറ്റത്തെത്തില്ല. റോഡിൽ നിന്നു വീട്ടിലേക്കുള്ള ഇടവഴി ഒരു ബൈക്കിനു ഞെരുങ്ങി കടന്നുപോകാനുള്ളതേയുള്ളൂ. ‘‘അച്ഛന്റെ ബൈക്കിന്റെ പിന്നിലാണ് യാത്രകൾ മുഴുവൻ. ഇവിടെയുള്ളവർക്ക് ഞാൻ അച്ഛന്റെ ബൈക്കിനു പിന്നിൽ പറ്റിപിടിച്ചിരിക്കുന്ന ആ പഴയ കുട്ടിയാണ്.’’

വ്യക്തതയോടെയാണ് സംസാരം. കുട്ടിക്കാലം മുതൽ നി രന്തരം സമൂഹത്തിൽ ഇടപെട്ടതിന്റെ കരുത്തും അനുഭവവും കൊണ്ടുള്ള ദൃഢവിശ്വാസമാണ് ആര്യയുടെ മുഖത്തും വാക്കുകളിലും.

8.30-AM

മരണവീട്ടിൽ നിന്നിറങ്ങുമ്പോഴെ മേയറുടെ ഔദ്യോഗിക വാഹനം അടുത്തേക്കു വന്നു. ചുറ്റും കൂടിയവരോടു ചിരിച്ചു കുശലം പറഞ്ഞു കാറിനുള്ളിലേക്ക്. ‘‘മന്ത്രി കടകംപള്ളി സുരേന്ദ്രനോടൊപ്പമാണ് ഇന്നത്തെ പ്രാതൽ. അതിനു ശേഷം പത്തുമണിക്കു ഓഫിസിൽ കാണാം.’’

ഓഫിസിലെത്തിയപ്പോൾ അവിടെ അനുമോദിക്കാനെത്തിയവരുടെ തിരക്കാണ്. ‘‘അടിച്ചു പൊളിച്ചു നടക്കേണ്ട പ്രായത്തിൽ ഇത്ര വലിയ ഉത്തരവാദിത്വം എടുക്കണോ എന്ന് ചിലർ ചോദിക്കുന്നല്ലോ?’’ വിമർശകരുടെ ചോദ്യങ്ങൾ ചൂണ്ടികാണിച്ചപ്പോൾ ഒരു അസ്വസ്ഥതയും ആ മുഖത്തില്ല. ‘‘എനിക്ക് രാഷ്ട്രീയ പ്രവർത്തനം സാമൂഹികസേവനമാണ്. കുട്ടിക്കാലം മുതലേ എന്റെ സന്തോഷം ഇത്തരം പ്രവർത്തനങ്ങളിലാണ്. തിരഞ്ഞെടുപ്പിൽ എതിർചേരിക്കാരുടെ പ്രധാന ആയുധം എന്നെ ജയിപ്പിച്ചാൽ ഉടനെത്തന്നെ ഉപതിരഞ്ഞെടുപ്പ് നേരിടേണ്ടി വരും എന്നതായിരുന്നു. വിവാഹം കഴിഞ്ഞു ഞാൻ പോകുമെന്നാണ് അവർ ഉദ്ദേശിച്ചത്.’’ ആശംസകൾ നേരാനെത്തിയവരെ ചിരിച്ചു യാത്രയാക്കുമ്പോൾ ഓരോരുത്തരെയും ഓർമപ്പെടുത്തുന്നുണ്ട്. ‘‘കൂടെയുണ്ടാകണം’’

‘‘തിരഞ്ഞെടുപ്പു മുന്നിൽക്കണ്ട് വളരെ ഗൗരവത്തോടെ സംസാരിക്കാൻ ശ്രമിച്ചതല്ല. ഇങ്ങനെയാണ് ഞാൻ. ജീവിത ത്തിൽ എന്തൊക്കെ സംഭവിച്ചാലും ആര്യ എന്ന വ്യക്തി ഇ ങ്ങനെതന്നെയാണ്. സംഘടനാ പ്രവർത്തനങ്ങളിലും അനുഭ വങ്ങളിലും നിന്നുമാണ് നിങ്ങൾ ചൂണ്ടികാണിക്കുന്ന ഈ പ ക്വത രൂപപ്പെട്ടു വന്നത്.’’ ആര്യയുടെ മുഖത്ത് വൻഭൂരിപക്ഷമുള്ള ചിരി തെളിഞ്ഞു.

10.30-AM

ഇതിനിടയിൽ മേയറുടെ മുന്നിലേക്കു വന്ന ചില ഫയലുകൾ സസൂക്ഷ്മം വായിച്ചു നോക്കുന്നുണ്ട്. അൽപനേരത്തേക്ക്് എല്ലാം അരികിലേക്ക് ഒതുക്കിവച്ച് ആർജവത്തോടെ സംസാ രിച്ചു തുടങ്ങി.

‘‘ഞാനിപ്പോഴും ബാലസംഘം സംസ്ഥാന പ്രസിഡന്റും എസ്എഫ്ഐ സംസ്ഥാന കമ്മിറ്റി അംഗവുമാണ്. പത്തുവ യസ്സുള്ളപ്പോഴാണ് ബാലസംഘത്തിൽ ചേരുന്നത്. ഏട്ടൻ അരവിന്ദിന്റെ കൂടെയാണ് മീറ്റിങ്ങുകൾക്കെല്ലാം പോകുന്നത്.ഓട്ടമൊബീൽ എ‍ൻജിനീയറിങ് കഴിഞ്ഞ് അബുദാബിയിൽ ജോലി ചെയ്യുകയാണ് ഏട്ടൻ.

മുടവൻമുഗൾ വാർഡിൽ നാലുപേർക്ക് പാർട്ടി മെമ്പർഷിപ്പുള്ള ഏക വീട് ഞങ്ങളുടേതാണ്. അതുകൊണ്ടു തന്നെ തി രഞ്ഞെടുപ്പുകാലമൊക്കെ വീട്ടിൽ ആഘോഷമാണ്. നേര ത്തെ എഴുന്നേറ്റു തയാറായി വീടും പൂട്ടി ഇറങ്ങും. ഒടുവിൽ അനിയത്തി തിരഞ്ഞെടുപ്പിനു നിന്നപ്പോൾ ഏട്ടൻ ഗൾഫിലുമായി. അതിന്റെയൊരു നിസഹായതയുണ്ടായിരുന്നു കക്ഷിക്ക്. മേയറായി പരിഗണിക്കുന്നുവെന്നൊക്കെ കേട്ടപ്പോൾ ‘എന്താ ണ് അവിടെ നടന്നുകൊണ്ടിരിക്കുന്നതെന്ന്’ ഇടയ്ക്കിടെ ഫോ ൺ ചെയ്തു ചോദിക്കും.’’

പിറ്റേന്നത്തെ ഷെഡ്യൂളിൽ ഉൾപ്പെടുത്തേണ്ട പ്രോഗ്രാമുകളെ കുറിച്ചു സംസാരിക്കാൻ സ്റ്റാഫ് ഗിരീഷ് എത്തി. എല്ലാത്തിനും കൃത്യതയും വ്യക്തതയുമുള്ള മറുപടികൾ.

‘‘ഈ കോവിഡ് കാലത്തും ബാലസംഘത്തിലെ കുട്ടിക ൾക്കിടയിലായിരുന്നു പ്രവർത്തനങ്ങൾ. ഒരു കുട്ടിയുടെ മാന സികാവസ്ഥ മനസ്സിലാക്കാൻ കഴിയുന്ന ഒരാൾക്ക് എല്ലാ വി ഭാഗത്തിലെ ആളുകളെയും മനസ്സിലാക്കാൻ കഴിയും എന്നാണ് എന്റെ വിശ്വാസം.’’ ഒരു കുട്ടിയുടെ ആവേശം ആര്യയുടെ മു ഖത്തു നിറഞ്ഞു.

11-AM

കോർപറേഷൻ മുൻകൈ എടുത്തു നടത്തിയ പച്ചക്കറി കൃ ഷിയുടെ ആദ്യ വിളവെടുപ്പിനു മന്ത്രിക്കൊപ്പം മേയറും പ ങ്കെടുക്കണം. ‘‘വീട്ടിലെ കൃഷി പ്രോത്സാഹിപ്പിക്കേണ്ടതുണ്ട്. അതുപോലെ മാലിന്യസംസ്കരണത്തിനും അടിയന്തരമായി പോംവഴി കണ്ടെത്തണം. അതുകൊണ്ടുണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങൾ ഏറെയാണ്.’’

വീണ്ടും ഓഫിസിലെത്തിയപ്പോൾ വൈകി. ആര്യയെക്കാൾ തിരക്കിലാണ് ആര്യയുടെ ഫോൺ. കൂട്ടുകാരിയുടെ വിളി വന്നപ്പോൾ ഒരു നിമിഷം ഗൗരവഭാവം വിട്ടു സൗഹൃദച്ചിരിയിലായി.ചുരുങ്ങിയ സമയം കൊണ്ടു വിശേഷങ്ങൾ പറഞ്ഞു ഫോൺ വച്ചെങ്കിലും തെളിച്ചം മുഖത്തു പറ്റിക്കൂടി നിന്നു.

‘‘കോളജിലെ കൂട്ടുകാരൊക്കെ ആവേശത്തിലാണ്. രാഷ്ട്രീയത്തിലുള്ളതുകൊണ്ടു കൗൺസലറായി മത്സരിക്കുന്നു എന്നറിഞ്ഞപ്പോൾ അവരദ്ഭുതപ്പെട്ടില്ല. പക്ഷേ, മേയറായപ്പോൾ അതിശയം. ക്ലാസിൽ കൂട്ടുകാർ എന്നെ ഓർക്കുക ന ന്നായി സംസാരിക്കുന്ന കുട്ടി എന്നായിരിക്കും.

ജീവിതത്തിൽ തെറ്റുപറ്റിയാൽ പോലും പങ്കു വയ്ക്കുന്നത് കൂട്ടുകാരി അർച്ചനയോടാണ്. ഡിസംബർ ഇരുപത്തിനാലാം തീയതി അവളുടെ പിറന്നാളിനു വീട്ടിൽ പോയിരുന്നു. അന്നു കൗൺസലറായിട്ടേയുള്ളൂ. ‘കൗൺസലറായി വന്ന ആൾ ഇ നി വരുന്നതു മേയറായിട്ടാണല്ലോ’ എന്നവൾ ഇപ്പോൾ കളിയാക്കുന്നുണ്ട്. ‘ഒാൾ സെയിന്റ്സ് കോളജ് ഫോർ വുമണി’ൽ രണ്ടാം വർഷ ബിരുദ വിദ്യാർഥിയാണ് ആര്യ.

കണക്കിനോടുള്ള ഇഷ്ടം കൊണ്ടാണ് ബിഎസ്‌സി മാ ത്‌സ് എടുത്തത്. ഡിഗ്രി കഴിഞ്ഞു പബ്ലിക് അഡ്മിനിസ്ട്രേഷ നിൽ എംബിഎ ചെയ്യണമെന്നുണ്ട്. അല്ലെങ്കിൽ എംഎസ്ഡബ്ല്യു. രാവിലെ എഴുന്നേൽക്കാൻ മടിയുള്ള കൂട്ടത്തിലാണ് ഞാ ൻ. അതുകൊണ്ടു രാത്രി വൈകിയാണ് പഠിത്തം. പഠിക്കുന്നത് ജോലി കിട്ടാൻ വേണ്ടിയല്ല, അറിവു കിട്ടാനാണെന്നു മാത്രം.

arya-1 ചിത്രങ്ങൾ: ശ്രീകാന്ത് കളരിക്കൽ

11.30-AM

പ്രസ് മീറ്റിനു സമയമായെന്ന് ഓഫിസ് സ്റ്റാഫ് വന്നു ഓർമിപ്പിച്ചു. തയാറാണെന്ന മട്ടിൽ തലയാട്ടിയശേഷം പറഞ്ഞു വ ന്നത് പൂർത്തിയാക്കി.

‘‘സ്ത്രീക്കോ പുരുഷനോ പ്രത്യേക പ്രായപരിധിയിലു ള്ളവർക്കോ വേണ്ടി മാറ്റി വയ്ക്കേണ്ടതല്ല രാഷ്ട്രീയം. ഏതു കാര്യത്തിലായിരുന്നാലും ഇഷ്ടമുള്ളതു ചെയ്യാൻ പെൺകുട്ടികൾക്കു തന്റേടമുണ്ടാകണം.അതുപോലെ ‘നോ’ പറയാനും പഠിക്കണം. ഇതൊക്കെ ചെയ്താൽ പെൺകുട്ടികൾ സൂപ്പറായില്ലേ.’’ തംസ് അപ് മാത്രമല്ല, സൂപ്പർ ചിരി മുഖത്തു വിടർത്തു കയും ചെയ്തു.

‘‘സ്ത്രീകൾ വീടുകൾക്കുള്ളിൽ അടഞ്ഞു കിടക്കേണ്ടവ രല്ല. എല്ലാവർക്കും എല്ലാ കാര്യങ്ങളിലും തുല്യതയുണ്ടാകണം എന്ന കാര്യത്തിൽ സം ശയമൊന്നുമില്ല.’’ മുടിയൊന്നൊതുക്കി കേസരി ഹാളിലേക്ക്. അവിടെയാണ് മീറ്റ് ദ് പ്രസ് നടക്കുന്നത്. പ്രോഗ്രാം കഴി‍ഞ്ഞതും കോട്ടൺ ഹിൽ സ്കൂളിൽ നടക്കുന്ന നിർഭയ ദിനത്തിന്റെ ചടങ്ങിൽ പങ്കെടുക്കാനായി തിരക്കിലായി. തിരിച്ചു ഓഫിസിലെത്തിയപ്പോൾ നാലു കഴിഞ്ഞു.

‘‘ഇന്നു നിർഭയ ദിനമാണ്. സ്ത്രീകൾക്കെതിരെയും കുട്ടി കൾക്കെതിരെയുമുള്ള അതിക്രമങ്ങൾ ഇല്ലാതായെങ്കിൽ എ ന്നു ചിന്തിച്ചിട്ടുണ്ട്. അതിനു നല്ല നിയമങ്ങളുണ്ടാകണം. സ മൂഹത്തിലെ താഴെത്തട്ടിലുള്ളവർക്കു വേണ്ടി, കർഷകർക്കു വേണ്ടി, തൊഴിലാളികൾക്കു വേണ്ടിയെല്ലാം പ്രവർത്തിക്കുന്ന പ്രസ്ഥാനമാണ് ഇടതുപക്ഷം. ആളെക്കണ്ടു നിലപാടെടുക്കുകയല്ല മറിച്ചു നിലപാടുകൾ കണ്ട് ആളുകൾ കൂടുകയാണ്. അവിടെ ഒരു നേതാവും മറ്റുള്ളവരാൽ നിയന്ത്രിക്കപ്പെടേണ്ടി വരില്ല എന്നാണ് വിശ്വസിക്കുന്നത്.’’

5.30-PM

‘‘ഇനി വീട്ടിലേക്കാണ്. അവിടെ അമ്മയുടെ ഓഫിസിലുള്ളവ ർ അനുമോദിക്കാൻ വരുന്നുണ്ട്.’’ ആര്യയുടെ അമ്മ ശ്രീലത പതിനെട്ടു വർഷമായി എൽഐസി ഏജന്റാണ്. അച്ഛൻ രാജേന്ദ്രൻ ദിവസക്കൂലി വ്യവസ്ഥയിൽ ഇലക്ട്രീഷ്യനായി ജോ ലി ചെയ്യുന്നു.

‌വീട്ടിലെത്തിയപ്പോൾ അമ്മയുടെ സുഹൃത്തുക്കൾ കാത്തിരിക്കുകയാണ്. എല്ലാവരും ചിരപരിചിതരാണ് ആര്യയ്ക്ക്. അ തിന്റെ അടുപ്പത്തിൽ തന്നെയാണ് പെരുമാറ്റം.

‘‘ഞങ്ങൾ ചെറുതിലേ കാണുന്ന മോളാണ്. ഞങ്ങളുടെ സ്വന്തം കുട്ടി.’’ അമ്മയുടെ അടുത്ത സുഹൃത്ത് വിജയകുമാരി ചേച്ചി വിശേഷങ്ങൾ പറഞ്ഞു തുടങ്ങി. ‘‘ഓഫിസിൽ നിന്നു ടൂറൊക്കെ പോകുമ്പോൾ ആര്യയാണ് ആസ്ഥാന പാട്ടുകാരി. ഏഴു വയസ്സു തൊട്ടു സംഗീതവും വയലിനുമൊക്കെ പഠിച്ചിരുന്നു. തിരക്കായപ്പോൾ അതൊക്കെ മാറ്റിവച്ചു. കാർമൽ സ്കൂളിലെ ബാൻഡ് ലീഡറായിരുന്നു ആര്യ. പ്ലസ്ടുവിനു പഠിക്കുമ്പോൾ സംസ്ഥാനതല യുവജനോത്സവത്തിൽ നാടകത്തിൽ വില്ലന്റെ വേഷത്തിൽ അഭിനയിച്ച് എ ഗ്രേഡ് നേടിയിട്ടുണ്ട്.’’

മകളെക്കുറിച്ചു പറയുമ്പോഴൊക്കെയും അച്ഛന്റെയും അമ്മയുടെയും കണ്ണുനിറഞ്ഞു. സന്തോഷകരച്ചിൽ ആരും കാണാതിരിക്കാൻ അച്ഛൻ മാറിനിന്നപ്പോൾ മകൾ ഉച്ചത്തിൽ കളി പറഞ്ഞു.‘അച്ഛൻ കരയാൻ സ്ഥലം നോക്കുവാണോ?’

‘‘വീട്ടിൽ ഞാനിപ്പോഴും കുറുമ്പുകൾ കാണിച്ചു നടക്കുന്ന, തമാശ കൗണ്ടറുകൾ അടിക്കുന്ന ചെല്ലക്കുട്ടിയാണ്. മേയറായി സത്യപ്രതിജ്ഞ ചെയ്യുന്നതിന്റെ തലേന്നു ഞാൻ അമ്മയെക്കൊണ്ടു സത്യപ്രതിജ്‍ഞ ചെയ്യിച്ചു. ‘ഇനി എന്നെക്കൊണ്ടു വീട്ടിലെ ഒരു പണിയും ചെയ്യിക്കില്ലെന്ന്’. എന്നാലും എന്റെ ഉടുപ്പുകളൊക്കെ ഞാൻ തന്നെയാണ് കഴുകുക. ഒന്നും പ്രതീക്ഷിച്ചല്ല രാഷ്ട്രീയത്തിൽ പ്രവർത്തിക്കുന്നത്. അതുകൊണ്ടുതന്നെ ഒരു സ്ഥാനലബ്ധിയിലും അമിത ആഹ്ലാദം തോന്നിയിട്ടില്ല. അച്ഛൻ സ്ഥലം വാങ്ങി വീടു വച്ചെങ്കിലും സാമ്പത്തിക ബാധ്യത വന്നപ്പോൾ അതു വിറ്റു. ഇപ്പോൾ ഒൻപതു വർഷമായി ഈ വാടകവീട്ടിലാണ്. അച്ഛനും അമ്മയും അധ്വാനിച്ചു ജീവിക്കുന്ന ഒരു സാധാരണ കുടുംബമാണ് ഞങ്ങളുടേത്.

ഞാൻ എന്നെ തന്നെ വിളിക്കുന്ന പേരാണ് ‘ഫൈറ്റർ’. എ ന്തെങ്കിലും പ്രതിസന്ധിയുണ്ടാകുമ്പോഴും വിഷമം വരുമ്പോഴേല്ലാം മനസ്സിൽ ‘ഫൈറ്റർ’ എന്നു ഉരുവിട്ടുകൊണ്ടേയിരിക്കും.ഞാൻ പൊതു ഇടങ്ങളിൽ കൈരണ്ടും മുന്നിൽ കെട്ടി നിൽക്കാറില്ല. ഭയത്തെ നേരിടാനുള്ള തയാറെടുപ്പിന്റെ ലക്ഷണമാണത്. പിന്നിൽ കൈകൾ കെട്ടി നിൽക്കാനാഗ്രഹിക്കുന്ന വ്യക്തിയാണ്. ‘പ്രശ്നങ്ങൾ വരട്ടെ നോക്കാം’ എന്നു നിർഭയം ചിന്തിക്കുന്നവരാണ് അങ്ങനെ നിൽക്കുന്നത്.’’

നോക്കി നിൽക്കേ കേരളരാഷ്ട്രീയത്തിലെ ആ ചുണക്കുട്ടി ക്യാമറയുടെ ഫ്രെയിമിൽ നിന്ന് ‘ലെഫ്റ്റ്’ ആയി. തിക്കും തിരക്കും കൂട്ടാതെ ക്ഷമയോടെ കാത്തു നിൽക്കുന്ന ഒരുകൂട്ടം ആളുകൾക്ക് ഇടയിലേക്ക് തന്നെതന്നെ ‘ആഡ്’ ചെയ്ത് കൈകൾ പിന്നിൽകെട്ടി സംസാരിച്ചു തുടങ്ങി.

ഫോട്ടോ: ശ്രീകാന്ത് കളരിക്കൽ