Tuesday 07 May 2024 02:34 PM IST : By സ്വന്തം ലേഖകൻ

ഡ്രൈവറുമായുള്ള തര്‍ക്കത്തില്‍ മേയര്‍ക്കും എംഎല്‍എയ്ക്കുമെതിരെ ജാമ്യമില്ലാക്കുറ്റം; ചോദ്യം ചെയ്യാന്‍ ഒരുങ്ങി പൊലീസ്

arya-sachin876

ഡ്രൈവറുമായുള്ള തര്‍ക്കത്തില്‍ ജാമ്യമില്ലാക്കുറ്റം ചുമത്തിയതോടെ മേയര്‍ ആര്യാ രാജേന്ദ്രനെയും സച്ചിന്‍ദേവ് എംഎല്‍എയേയും ചോദ്യം ചെയ്യാന്‍ ഒരുങ്ങി പൊലീസ്. പരാതിക്കാരനായ യദുവിന്റെ വിശദമൊഴി രേഖപ്പെടുത്തിയ ശേഷമാവും ചോദ്യം ചെയ്യലിലേക്ക് കടക്കുക. അതേസമയം മെമ്മറി കാര്‍ഡ് കാണാതായതിലെ അന്വേഷണം എങ്ങുമെത്തിയില്ല.

മേയറുമായുള്ള തര്‍ക്കത്തിന് പിന്നാലെ ഡ്രൈവര്‍ പരാതി നല്‍കിയെങ്കിലും കേസെടുക്കാതിരുന്ന പൊലീസിന്റെ തീരുമാനം ഒടുവില്‍ മേയര്‍- എംഎല്‍എ ദമ്പതിമാര്‍ക്ക് കനത്ത തിരിച്ചടിയായിരിക്കുകയാണ്. ആദ്യ പരാതിയില്‍ തന്നെ കേസെടുത്തിരുന്നെങ്കില്‍ നിസാരവകുപ്പുകള്‍ ചുമത്തി വിഷയം അവസാനിപ്പിക്കാമായിരുന്നു. എന്നാല്‍ കോടതി നിര്‍ദേശപ്രകാരം കേസെടുക്കേണ്ടിവന്നതോടെ കോടതിയില്‍ യദു ഉന്നയിച്ച ആരോപണങ്ങള്‍ അനുസരിച്ച് ജാമ്യം ലഭിക്കാത്ത വകുപ്പ് ചുമത്തേണ്ടിവന്നു. 

കടുത്ത പരാ‍മര്‍ശങ്ങളും എഫ്ഐആറില്‍ ഉള്‍പ്പെടുത്താന്‍ നിര്‍ബന്ധിതരായി. സച്ചിന്‍ദേവ് എംഎല്‍എ ബസില്‍ കയറി യാത്രക്കാരെ ഇറക്കിവിട്ടെന്നും പ്രതികളായ ആര്യയും സച്ചിനും മെമ്മറി കാര്‍ഡ് തട്ടിയെടുക്കാന്‍ സമ്മര്‍ദം ചെലുത്തിയെന്നതുമാണ് കടുത്ത പരാമര്‍ശങ്ങള്‍. ജാമ്യം ലഭിക്കാത്ത കുറ്റം ചുമത്തിയതോടെ പ്രതികളെ ചോദ്യം ചെയ്യാതിരിക്കാനും പൊലീസിനാവില്ല. നാളെയോ മറ്റന്നാളോ മേയറുടെയും എംഎല്‍എയുടെയും സമയം ചോദിച്ചശേഷമാവും ചോദ്യം ചെയ്യല്‍.

ചോദ്യം ചെയ്യലിന് മുന്‍പ് മേയറുടെ പരാതിയില്‍ യദുവിനെതിരെ പരാമവധി തെളിവുകള്‍ ശേഖരിക്കാനാണ് പൊലീസിന്റെ ശ്രമം. യദു അശ്ലീല ആംഗ്യം കാണിച്ചുവെന്ന് സ്ഥിരീകരിക്കുന്ന തെളിവുകള്‍ ലഭിച്ചാല്‍ മേയര്‍ക്കും എംഎല്‍എയ്ക്കുമെതിരായ യദുവിന്റെ പരാതിയില്‍ കഴമ്പില്ലെന്ന് തെളിയിക്കാന്‍ പൊലീസിനാവും എന്നതിനാലാണ് യദുവിനെതിരായ അന്വേഷണം ഊര്‍ജിതമാക്കിയത്.

Tags:
  • Spotlight