Friday 29 June 2018 01:46 PM IST

രോഗലക്ഷണം ഗൂഗിൾ ചെയ്ത് സ്വന്തമായി ചികിത്സ നടത്തുന്നവർ ഇഡിയറ്റ് സിൻഡ്രോം ബാധിച്ചവർ!

Roopa Thayabji

Sub Editor

medicine-google

വണ്ണം കുറയ്ക്കാൻ മരുന്ന് കഴിച്ച യുവാവ് രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടിയതിനെ തുടർന്ന് മരണപ്പെട്ടു. കഴിഞ്ഞ ആഴ്ചകളിൽ കേരളം ഞെട്ടിയ വാർത്തയാണിത്. 90 കിലോഗ്രാം ഭാരമുണ്ടായിരുന്ന കട്ടപ്പന സ്വദേശി മനു എസ്. നായർ എന്ന 25കാരന് മരണസമയത്ത് 50 കിലോയായിരുന്നു തൂക്കം. തടി കുറയുന്നതിനാണോ പ്രമേഹം കുറയുന്നതിനാണോ മനു മരുന്ന് കഴിച്ചതെന്ന് ഇതുവരെ സ്ഥിരീകരിക്കാനായിട്ടില്ല എന്നു പൊലീസ് പറയുന്നു. തടി കുറയുന്നതിനായി മരുന്നു കഴിച്ചതിനെ തുടർന്നു പ്രമേഹം കൂടിയാണു മനു മരിച്ചതെന്നാണ് ആരോപണം. പോസ്റ്റുമോർട്ടം റിപ്പോർട്ടു ലഭിച്ചാൽ മാത്രമേ മരണകാരണം വ്യക്തമാകൂ.

ഈ വാർത്ത വിരൽചൂണ്ടുന്ന മറ്റൊന്നു കൂടിയുണ്ട്. കുറച്ച് ഷുഗർ കൂടിയാലെന്താ, വണ്ണം കുറയ്ക്കുന്ന ആ മരുന്ന് ഏതാ??? എന്ന് അന്വേഷിക്കുന്ന മലയാളിയുടെ മനോഭാവം. വണ്ണം കുറയ്ക്കാൻ പച്ചിലമരുന്ന്, കാൻസറിന് ഒറ്റമൂലി, സ്ത്രീകൾക്ക് ശരീരപുഷ്ടിക്കും പുരുഷൻമാർക്ക് ലൈംഗികശക്തി വർധിക്കാനും ചികിത്സ... ആധികാരികത ഇല്ലെങ്കിൽ പോലും പാർശ്വഫലമോ കഠിനമായ ചിട്ടകളോ ഇല്ലെന്ന ടാഗ്‍‌ലൈൻ കണ്ടാൽ മലയാളി മൂക്കുംകുത്തി വീഴും. ആ വീഴ്ചയിൽ വലിയ ആഘാതമുണ്ടാകാതിരിക്കാൻ തുടർന്ന് വായിക്കാം.

പ്രമേഹത്തിന് ലഡു ചികിത്സ

ഫാസ്റ്റ് ഫൂഡും ശീതളപാനീയങ്ങളും ലൈഫ്സ്റ്റൈലിന്റെ ഭാഗമായപ്പോൾ കൂട്ടുവന്നതാണ് ജീവിതശൈലീ രോഗങ്ങൾ. ഐ.എം.എ സംസ്ഥാന പ്രസിഡന്റ്  ഡോ.ശ്രീജിത് എൻ കുമാർ പറയുന്നത് കേൾക്കാം. ‘‘ശാസ്ത്രം പുരോഗമിക്കുമ്പോഴും ശാസ്ത്രബോധം നഷ്ടപ്പെട്ടതു പോലെ പെരുമാറുന്നവരാണ് നമ്മൾ. എറണാകുളത്ത് ലഡുവും തേനും കൊടുത്ത് പ്രമേഹം ചികിത്സിക്കുന്ന വൈദ്യനുണ്ട്. കുറേ കാശ് പോയി രക്തത്തിലെ പഞ്ചസാരയുടെ അളവ് വളരെയധികം മൂർഛിച്ച് തിരിച്ചെത്തിയവരെ നേരിട്ടറിയാം. പേരോ പരാതിയോ ഇവർക്കില്ല, കാരണം കാശു പോയാലും മാനം കളയാൻ വയ്യ. ശരീരത്തിലെ മൂന്ന് ഭാഗങ്ങളിൽ തൊട്ട് പ്രമേഹം ചികിത്സിക്കുന്ന വൈദ്യനുണ്ട്. ഇയാളുടെ അടുത്ത് ചികിത്സ തേടി 11 കിലോഗ്രാം ഭാരം കുറഞ്ഞ രോഗിക്ക് ഷുഗർ ലെവൽ നാലിരട്ടിയാണ് കൂടിയത്. വ്യായാമവും ഭക്ഷണനിയന്ത്രണവും നല്ല മാറ്റം വരുത്തുമെന്നിരിക്കേ അധ്വാനിക്കാൻ ആർക്കും മനസില്ല. പിന്നെ കുറുക്കുവഴി തേടുകയായി.’’

കരൾ രോഗം വന്ന് ചില പ്രമുഖർ മരണപ്പെട്ടതോടെ രണ്ടു സ്മോളടിക്കുന്നവർക്കൊക്കെ ഇരിക്കപ്പൊറുതി ഇല്ലാതായി. ഇതു മുതലെടുത്താണ് തട്ടിപ്പുകാർ രംഗത്തെത്തിയത്. കരൾ രോഗം വരാതിരിക്കാൻ മരുന്ന് കൊടുക്കുന്നവർക്ക് ഡിമാൻഡ് കൂടി. മദ്യപിക്കുന്നത് പ്രശ്നമല്ല, മരുന്ന് പതിവായി കഴിച്ചാൽ മതി എന്ന വാചകത്തിൽ മയങ്ങിയാൽ അതുമതി രോഗിയാകാനെന്ന് പൊതുജനാരോഗ്യ വിദഗ്ധനും പ്രശസ്ത ന്യൂറോസർജനുമായ ഡോ.ബി. ഇക്ബാൽ പറയുന്നു. ‘‘ശാസ്ത്രീയമായ ചികിത്സാ രീതികൾ നിലവിലുള്ളപ്പോൾ തന്നെ സർവരോഗ സംഹാരികളായ മരുന്നുകളുടെ പരസ്യത്തിനു പിന്നാലെ പോകുന്ന സാക്ഷരരാണ് മലയാളികൾ. ഷോർട്ട് കട്ടാണ് വേണ്ടത്. ഒരാൾ മരിച്ചപ്പോഴാണ് ഇതു പുറത്തുവന്നതെങ്കിൽ മരിക്കാതെ തന്നെ ഇരകളാകുന്ന നിരവധി പേരുണ്ട്. കേരളത്തിൽ അടുത്തിടെ മരണപ്പെട്ട പല പ്രശസ്തരുടെയും കാര്യം നേരിട്ടറിയാം. പലരും ഉചിതമായ ചികിത്സ സ്വീകരിക്കാതെ അശാസ്ത്രീയ ചികിത്സ തേടിയവരായിരുന്നു. വചനപ്രഘോഷണവും രോഗശാന്തി ശുശ്രൂഷയും തേടി പോകുന്ന സ്ത്രീകളുടെ എണ്ണവും ഇന്ന് വളരെ വലുതാണ്. ആധുനിക ചികിത്സയോടുണ്ടാകുന്ന വിദ്വേഷത്തിന്റെ പേരിൽ മറ്റ് ചികിത്സ തേടുകയല്ല വേണ്ടത്.’’

മന്ത്രവാദമല്ല, ‘യന്ത്ര’വാദം

മൊബൈൽ റേഡിയേഷനിൽ നിന്ന് സംരക്ഷണം നൽകുന്ന അടിവസ്ത്രവുമായി ജർമൻ കമ്പനി. പുരുഷൻമാർ മൊബൈൽ ഫോൺ പോക്കറ്റിലിടുന്നതിലൂടെ ഉണ്ടാകുന്ന വന്ധ്യത പരിഹരിക്കാൻ ഈ അടിവസ്ത്രം ധരിക്കുന്നതിലൂടെ കഴിയുമെന്നാണ് വാഗ്ദാനം. പരസ്യം കണ്ടാൽ തന്നെ ആരും വീണുപോകും. അതാണ് ടെക്നിക്. എന്തിനേറെ പറയുന്നു. ‘വയർലെസ് ഇന്റർനെറ്റ് സിഗ്നൽ എയർ പാത്ത് കണ്ടീഷണർ’ പോലും ഇന്ന് ടിന്നിലടച്ച് വിപണിയിലുണ്ട്. വെറുതേ വായുവിൽ സ്പ്രേ ചെയ്താൽ ഇന്റർനെറ്റിന് സ്പീഡ് കൂടുമത്രേ. ജൻമനാ ബുദ്ധിവളർച്ച ഇല്ലാത്ത കുട്ടികളെ ടെക്നോളജിയുടെ കൂട്ടുപിടിച്ച് കാശ് പിടുങ്ങുന്നവരും കുറവല്ലെന്ന് പ്രശസ്ത മനശാസ്ത്രജ്ഞൻ ഡോ. സി.ജെ. ജോൺ പറയുന്നു.

‘‘മന്ത്രവാദമല്ല, ‘യന്ത്ര’വാദമാണ് ഇവരുടെ ടെക്നിക്. ചില പ്രകാശരശ്മികൾ തലയിലേക്ക് കടത്തിവിട്ട് തലച്ചോറിലെ കോശങ്ങളെ ഉത്തേജിപ്പിക്കുന്നു എന്നതാണ് ആദ്യ ടെക്നിക്. ചില കല്ലുകൾ ഇട്ടുവച്ച വെള്ളം കുടിപ്പിക്കും. കമ്പ്യൂട്ടറിന്റെ സഹായത്തോടെയും പറ്റിക്കൽസുണ്ട്. ചില ഗെയിമുകൾ കളിപ്പിക്കും. വിശ്വാസം ജനിപ്പിക്കാനായി വിറ്റാമിൻ ഗുളികകളും ഫുഡി സപ്ലിമെന്റുകളും കുറിച്ചു നൽകും. മൂന്നുലക്ഷം രൂപ വരെ ഇത്തരം തട്ടിപ്പുവൈദ്യന് കൊടുത്ത് അവസാനം രക്ഷയില്ലാതെ മനഃശാസ്ത്രജ്ഞനെ തേടിയെത്തിയവരും കൊച്ചിയിലുണ്ട്. ഇവരുടെ പരാതിയെ തുടർന്ന് വ്യാജവൈദ്യനെ പൊലിസ് അറസ്റ്റ് ചെയ്തിരുന്നു.’’

ആഹാരം, സർവം മായം

പാലിൽ മായം, പച്ചക്കറിയിൽ കീടനാശിനി, പ്ലാസ്റ്റിക് അരി, ചൈനീസ് മുട്ട, നോൺ വെജ് ഐസ്ക്രീം... വാട്ട്സ് ആപ്പിലും ഫേസ്ബുക്കിലും ഷെയർ ചെയ്യപ്പെടുന്ന മെസേജുകൾ വായിച്ചാൽ പച്ചവെള്ളം പോലും പ്രതിക്കൂട്ടിലാകും. ഇതിനൊക്കെ അങ്ങ് അമേരിക്കയിലും ഉഗാണ്ടയിലും നടത്തിയ പരീക്ഷണങ്ങളുടെ വീഡിയോ സഹിതമാണ് പോസ്റ്റ്. ആരാണ് വിശ്വസിച്ചു പോകാത്തത്. വാക്സിനേഷനെ സംബന്ധിച്ചും ഇത്തരം പോസ്റ്റുകൾ നിരവധി പ്രത്യക്ഷപ്പെടാറുണ്ട്. വർഷങ്ങൾക്ക് മുമ്പ് തന്നെ കേരളത്തിൽ നിന്ന് ഇല്ലാതായ ഡിഫ്തീരിയ രോഗം ഈയിടെ ഒരാളുടെ ജീവനെടുത്തത് ഈ പ്രചരണത്തിന്റെ തിരിച്ചടിയാണെന്ന് ഡോ. ശ്രീജിത് എൻ. കുമാർ പറയുന്നു.

‘‘ആരോഗ്യ കാര്യങ്ങൾക്കായി മെഡിക്കൽ ക്വാളിഫൈഡായ വ്യക്തി നേരിട്ടോ എഴുതിയോ പ്രസിദ്ധീകരിക്കുന്ന കാര്യങ്ങൾ മാത്രമേ പരിഗണിക്കാവൂ. ഇതിനു സോഷ്യൽ മീഡിയയെയോ ഫോർവേഡഡ് മെസേജുകളെയോ ആശ്രയിക്കുന്നത് ശുദ്ധ മണ്ടത്തരമാണ്. ഹൃദ്രോഗത്തിനോ കൊളസ്ട്രോളിനോ മരുന്നു വേണ്ടാത്ത ചികിത്സ എന്ന മെസേജ് ഇതേ രോഗമുള്ള ബന്ധുവിനോ സുഹൃത്തിനോ ഫോർവേഡ് ചെയ്യുന്നത് മറ്റൊരർഥത്തിൽ അയാൾക്ക് ജീവഹാനി വരുത്തുന്നതിന് തുല്യമാണ്. ആഹാരം, ശീതള പാനീയങ്ങൾ എന്നിവയിലെ തട്ടിപ്പ്, കെമിക്കൽ കണ്ടന്റ് എന്നിങ്ങനെ മെസേജുകൾ ഏതെങ്കിലും അംഗീകൃത സംഘടനകൾ സോഷ്യൽ മീഡിയ വഴി പ്രചരിപ്പിക്കുന്നതായി അറിവില്ല. അഥവാ അങ്ങനെ പ്രചരിപ്പിക്കുന്നുണ്ടെങ്കിൽ അത് അവരുടെ വെബ്സൈറ്റിലും ഫേസ്ബുക്ക് പേജിലും ലഭ്യമായിരിക്കും. ക്രോസ് ചെക്ക് ചെയ്യാതെ ഇവ വിശ്വസിക്കുകയോ പരീക്ഷിക്കുകയോ ഫോർവേഡ് ചെയ്യുകയോ ചെയ്യരുത്.’’

വൃക്ക രോഗത്തിന് ഒറ്റമൂലി ചികിത്സ തേടി നാഗർകോവിലിൽ പോയതാണ് അങ്കമാലി സ്വദേശിയായ 58കാരൻ. ആറുമാസത്തെ ചികിത്സ. ഒരു ദിവസം കട്ടിലിൽ നിന്ന് എഴുന്നേൽക്കാൻ സാധിക്കാത്ത അവസ്ഥയിലാണ് ഇദ്ദേഹത്തെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചത്. പരിശോധനയിൽ ഇയാളുടെ ഹൃദയവും കരളും വൃക്കകളും 80 ശതമാനവും പ്രവർത്തനക്ഷമമല്ല എന്നു കണ്ടെത്തി. സർക്കാർ ഡോക്ടറെ കണ്ട് മരുന്ന് കഴിച്ചിരുന്നത് പൂർണമായി നിർത്തി, ഒറ്റമൂലി ചികിത്സ തേടിപ്പോയ ഇയാൾക്ക് പിന്നീട് കഷ്ടിച്ച് ഒന്നര വർഷം കൂടിയേ ആയുസ്സുണ്ടായുള്ളൂ.

പാർശ്വഫലമില്ല

മരുന്നു പ്രചാരകർ പിടിച്ചുനിൽക്കുന്നത് പാർശ്വഫലമില്ല എന്ന പരസ്യവാചകത്തിലാണ്. മോഡേൺ മെഡിസിന് സൈഡ് എഫക്ടുണ്ട് എന്ന പ്രചരണവും ശക്തമാണ്. എന്നാൽ സൈഡ് എഫക്ടില്ലാത്ത യാതൊരു വസ്തുവും സൂര്യനു കീഴിലില്ല. ഡോക്ടർ ഒരു മരുന്ന് കുറിക്കുമ്പോൾ അതിന്റെ പാർശ്വഫലം കൂടി പരിഗണിക്കും. പക്ഷേ, ‘ലൊടുക്ക്’ മരുന്നുകൾക്ക് എന്തൊക്കെ പാർശ്വഫലമുണ്ടെന്ന് ആർക്കറിയാം. അറിയില്ല എന്നു കരുതി പാർശ്വഫലമില്ല എന്നു പറയുന്നത് വലിയ അപകടമാണ്.

ആസ്ത്മയ്ക്ക് പൊടി ചികിത്സ നടത്തി ഹൈപ്പർ ടെൻഷനും ഡയബറ്റിസും വൃക്ക രോഗവും വന്ന രോഗിയെ പറ്റി പ്രമുഖ ഡോക്ടറും പൊതുജനാരോഗ്യ വിദഗ്ധനുമായ ഡോ.ടൈറ്റസ് ശങ്കരമംഗലം പറയുന്നത് കേൾക്കൂ. ‘‘മുമ്പ് കുറച്ചുകാലം ചികിത്സ നടത്തി രോഗം ഭേദമായില്ലെന്നു കണ്ട് പച്ചിലമരുന്നിന് പിന്നാലെ പോകുകയായിരുന്നു അയാൾ. പിന്നീട് രോഗം മൂർഛിച്ചപ്പോൾ എന്റെയടുത്ത് തിരിച്ചെത്തി. തലമുടി വളരാനോ മുഖം വെളുക്കാനോ മരുന്നു പുരട്ടിയതുകൊണ്ട് വലിയ ഭവിഷ്യത്തില്ലെന്നു കരുതാം. പക്ഷേ, ഉള്ളിലേക്ക് കഴിക്കുന്ന മരുന്നുകളുടെ സുരക്ഷിതത്വം ആരാണ് ഉറപ്പുതരുന്നത്. വീട്ടുചികിത്സകളൊന്നും ഫലം തരില്ലെന്നതാണ് വാസ്തവം. മാത്രമല്ല, പാർശ്വഫലങ്ങളുമുണ്ട്. മറ്റു മരുന്നുകളോടൊപ്പം കഴിക്കുകയാണെങ്കിൽ തിരിച്ചടി ഇരട്ടിയായിരിക്കും.’’

കുറേ മരുന്ന് കഴിച്ച് മടുത്തവരെ വീഴ്ത്തുന്ന മറ്റൊരു വിദ്യയാണ് മരുന്നില്ലാതെ ചികിത്സ എന്ന വാഗ്ദാനം. ശാസ്ത്രീയത അന്യം നിന്നുപോകുന്ന ഈ വാഗ്ദാനങ്ങളും മെസേജുകളും തെറ്റായ വ്യാഖ്യാനങ്ങൾ പ്രചരിപ്പിക്കാനും ആൾട്ടർനേറ്റ് മെഡിസിനെ പ്രമോട്ട് ചെയ്യാനും ഫോർവേ‍ഡ് ചെയ്യപ്പെടുന്നു. ചെപ്പടിവിദ്യകളുടെ പിന്നാലെ പോകുന്ന മലയാളിമനാണ് ഇതിനു കാരണമെന്നും ഡോ.ടൈറ്റസ് ശങ്കരമംഗലം പറയുന്നു. ‘‘പച്ചമരുന്നിന് ഗുണമാണോ ദോഷമാണോ ഫലമെന്ന് ശാസ്ത്രീയമായി ഇതുവരെ തെളിയിക്കപ്പെട്ടിട്ടില്ല. നമ്മൾ ദൈനംദിനം ഉപയോഗിക്കുന്ന സാധനങ്ങൾ പോലും ചില പ്രത്യേക സാഹചര്യങ്ങളിൽ രോഗം വഷളാക്കും. ഹൃദയസംബന്ധമായ രോഗത്തിനു മരുന്ന് കഴിക്കുന്നവർ ഉദാഹരണം. കൊളസ്ട്രോൾ കുറയ്ക്കാനെന്നും പറഞ്ഞ് വെളുത്തുള്ളിയും ഇഞ്ചിയും അമിതമായി കഴിക്കുന്നത് ഇവർക്ക് ബ്ലീഡിങ്ങുണ്ടാക്കും.’’ പച്ചത്തക്കാളി കൊണ്ട് വെരിക്കോസ് വെയിൻ മാറിയവരോ കാന്താരി ചികിത്സ കൊണ്ട് കൊളസ്ട്രോൾ കുറഞ്ഞവരോ എത്ര പേരുണ്ട് ഈ നാട്ടിൽ.

സ്വയംചികിത്സ  പാടില്ല

അതിവേഗം, അത്ഭുതം പോലെ എന്നൊരു ടാഗ്‌ലൈൻ കണ്ടാൽ എന്ത് പ്രലോഭനത്തിനും വശംവദരാകാൻ മലയാളിക്ക് മടിയില്ല. ചിട്ടയോടെ കാത്തിരുന്ന് നേടേണ്ട മെലിഞ്ഞ ശരീരത്തിനായി എളുപ്പവഴി തേടുകയാണ്. എങ്ങനെയും ശരിയാക്കണമെന്ന അക്ഷമ കലർന്ന ആവേശമാണ് കുറുക്കുവഴികൾ തേടുന്നതിനു പിന്നിലെന്ന് ഡോ. സി.ജെ. ജോൺ പറയുന്നു.

‘‘രഹസ്യസ്വഭാവം കിട്ടുന്നു എന്നതും ഇത്തരം ചികിത്സയുടെ ഒരു ദോഷമാണ്. ലൈംഗിക രോഗങ്ങൾക്കും ലൈംഗികശക്തിക്കും രഹസ്യചികിത്സ തേടുന്നവർ പറ്റിക്കപ്പെട്ടാലും പുറത്തു പറയില്ല. യുക്തിയില്ലാത്ത ഈ ചികിത്സയിൽ എങ്ങനെ പെട്ടു എന്ന പഴി കേൾക്കാതിരിക്കാനാണ് സംഗതി രഹസ്യമാക്കി വയ്ക്കുന്നത്. പറ്റിക്കപ്പെട്ടവർ അത് തുറന്നുപറയുകയും മറ്റുള്ളവർ കൂടി ചതിക്കപ്പെടാതെ നോക്കുകയുമാണ് ഇതിന് ഒരു വഴി. പക്ഷേ, ആരും ഇതിന് മുന്നോട്ടു വരില്ല. സ്വയംകേന്ദ്രീകൃത സമൂഹത്തിലേക്ക് നാം ഒതുങ്ങുന്നതാണ് ഇതിന്റെ പ്രധാന കാരണം. ഇമേജ് വർധിപ്പിക്കാൻ വഴികൾ തേടേണ്ടതില്ല. നിങ്ങളുടെ പെരുമാറ്റമാണ് അതുണ്ടാക്കുന്നത്. ’’

ഡ്രഗ്സ് ആൻഡ് മോ‍ഡേൺ മെഡിസിൻസ് ആക്ട് പ്രകാരം മരുന്നുകൾക്കോ ഡോക്ടർമാരോ പരസ്യം ചെയ്യാൻ പാടില്ല. ഈ നിയന്ത്രണം മറ്റ് മെഡിക്കൽ ശാഖകൾക്കില്ല. ഫുഡ് സപ്ലിമെന്റ് എന്നു പറഞ്ഞുവരുന്ന പരസ്യങ്ങളെ നിയന്ത്രിക്കാനുള്ള നിയമവുമില്ല. സോഷ്യൽ മീഡിയയിലൂടെ പ്രചരിക്കുന്ന ആരോഗ്യ മെസേജുകളുടെ കള്ളത്തരം പൊളിക്കാൻ സോഷ്യൽ മീഡിയ തന്നെ ശ്രമിക്കുന്നുമുണ്ട്. HOAX BASHERS, പരോപകാര കിംവദന്തികൾ എന്നിങ്ങനെയുള്ള ഫേസ്ബുക്ക് ഗ്രൂപ്പുകളിൽ പ്രമുഖർ പങ്കെടുക്കുന്ന ചർച്ചകൾ വരുന്നുണ്ട്. പക്ഷേ, ഇത് ആരും കണക്കിലെടുക്കുന്നില്ല.

ആരോഗ്യസംബന്ധമായ ഉപദേശങ്ങൾക്ക് അംഗീകൃത ഡോക്ടർമാരെ തന്നെ സമീപിക്കുക, അവരുടെ നിർദേശത്തോടെ മാത്രമേ മരുന്നുകൾ ഉപയോഗിക്കാവൂ. രോഗലക്ഷണം ഗൂഗിളിൽ സെർച്ച് ചെയ്ത് സ്വയംചികിത്സ നടത്തുമ്പോൾ വിവരം നൽകിയ വെബ്സൈറ്റിന്റെ ആധികാരികതയിൽ എന്താണ് ഉറപ്പുള്ളത്. ഫോർവേഡ് ചെയ്യപ്പെട്ട് കിട്ടുന്ന ആരോഗ്യപരീക്ഷണം സ്വന്തം ശരീരത്തിൽ നടത്താൻ എന്ത് ഉറപ്പാണുള്ളത്. ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ നൽകുന്ന സന്ദേശം എന്ന തലക്കെട്ടോടെ ശീതളപാനീയങ്ങളിലെ കീടനാശിനിയുെട അളവ് ഈയിടെ പ്രചരിക്കുകയുണ്ടായി. കീടനാശിനിയുടെ അളവ് ഉണ്ടോ ഇല്ലയോ എന്നതിന് മറുപടി വ്യക്തമല്ലെങ്കിലും മെസേജിനു പിന്നിൽ ഐ.എം.എയ്ക്കോ സംഘടനയിലെ ആർക്കെങ്കിലുമോ ബന്ധമില്ല. ഐ.എം.എ ഇത്തരം മെസേജുകൾ അയയ്ക്കാറില്ലെന്നും ഡോ.ശ്രീജിത് എൻ കുമാർ വനിതയോട് പറഞ്ഞു.

ഇഡിയറ്റ് സിൻഡ്രോം

രോഗലക്ഷണം ഗൂഗിളിൽ സെർച്ച് ചെയ്ത് ചികിത്സ സ്വയം തീരുമാനിക്കുന്നവർ ഇഡിയറ്റ് സിൻഡ്രോം ബാധിച്ചവരാണെന്ന് ഡോ. സി.ജെ. ജോൺ പറയുന്നു. ‘‘ഇൻർനെറ്റ് ഡിറൈവ്ഡ് ഇൻഫർമേഷൻ ഒബ്സ്ട്രക്ടിങ് ട്രീറ്റ്മെന്റ് സിൻഡ്രോം (ഇഡിയറ്റ് സിൻഡ്രോം) എന്നാണ് ഇതിന്റെ മുഴുവൻ പേര്. മരുന്ന് കുറിക്കുമ്പോൾ തന്നെ ഗൂഗിളിൽ സെർച്ച് ചെയ്ത് പാർശ്വഫലം കണ്ടെത്തി ചികിത്സ ഉപേക്ഷിക്കുന്നവരാണ് ഈ ഗണത്തിൽ പെടുന്നത്. ടെക്കികളും പുതിയ ജനറേഷനും ഇതിന്റെ വഴിയിലാണ്.’’ ചികിത്സ തടയുന്നതും സ്വയംചികിത്സ നടത്തുന്നതും വലിയ അപകടങ്ങളിലെത്തിക്കുമെന്നിരിക്കേ അറിഞ്ഞുകൊണ്ടു തന്നെ അപകടത്തിൽ ചാടാൻ പലർക്കും പേടിയില്ല.

‘പരാതിപ്പെടേണ്ടത് കൺസ്യൂമർ ഫോറത്തിൽ’- അഡ്വ. പ്രേംസൺ പോൾ (എറണാകുളം ജില്ലാ അഡി. പബ്ലിക് പ്രോസിക്യൂട്ടർ)

മരുന്നുകളോ സൗന്ദര്യവർധക വസ്തുക്കളോ ഉപയോഗിച്ചുള്ള തട്ടിപ്പിന് ഇരയായാൽ കൺസ്യൂമർ ഫോറത്തിലാണ് പരാതി നൽകേണ്ടത്. മെഡിക്കൽ നെഗ്ലിജൻസ്, അൺഫെയർ ട്രേഡ് പ്രാക്ടീസ്, ഡെഫിഷ്യൻസി ഇൻ സർവീസ് എന്നീ വകുപ്പുകൾ പ്രകാരം പരാതിക്കാരന് നേരിട്ടോ വക്കീൽ മുഖേനയോ കേസ് ഫയൽ ചെയ്യാം. 20 ലക്ഷം രൂപ വരെ നഷ്ടപരിഹാരം വേണ്ട കേസുകൾ ജില്ലാ ഫോറത്തിലും ഒരു കോടി രൂപ വരെയുള്ളവ സംസ്ഥാന ഫോറത്തിലും ഒരു കോടിക്ക് മേലുള്ള കേസുകൾ ദേശീയ ഫോറത്തിലും നൽകണം.

നഷ്ടപരിഹാരം വിധിച്ച കേസിൽ പിഴ നൽകാതിരിക്കുകയോ സ്റ്റേ വാങ്ങാതിരിക്കുകയോ ചെയ്താൽ പ്രതിക്കെതിരേ വാറണ്ട് പുറപ്പെടുവിക്കും. പിഴയൊടുക്കാതിരുന്നാൽ ഒരു വർഷം വരെ പ്രതിയെ ജുഡീഷ്യൽ കസ്റ്റഡിയിൽ വയ്ക്കാം. ജുഡിഷ്യൽ കസ്റ്റഡിയിലിരിക്കുന്ന പ്രതിക്കെതിരായ കേസിൽ മറ്റൊരു കോടതിക്കും ഇടപെടാനാകില്ല എന്നതാണ് പ്രധാന കാര്യം. ഫോർവേഡഡ് മെസേജുകളും ആരോഗ്യപരീക്ഷണവും സംബന്ധിച്ച് ഐ.ടി. ആക്ടിലെ വകുപ്പുകൾ കൂടി ഇതിൽ ഉൾപ്പെടുത്താം.

‘നിയന്ത്രണം നിർബന്ധം’- വി.കെ. ആദർശ് (സോഷ്യൽ മീഡിയ വിദഗ്ധൻ)


പ്രിന്റിലോ ടെലിവിഷനിലോ വരുന്ന പരസ്യങ്ങൾക്ക് ഒരു നിശ്ചിത തുക ഈടാക്കും. ഇവ അഡ്വർടൈസിങ് സ്റ്റാൻഡേർഡ് കൗൺസിൽ ഓഫ് ഇന്ത്യയുടെ ചട്ടങ്ങൾ പ്രകാരമാണ് പ്രസിദ്ധീകരിക്കുന്നതും. എന്നാൽ ഓൺലൈൻ മാധ്യമങ്ങളിലെ പരസ്യങ്ങൾക്കും ഫോർവേഡഡ് മെസേജുകൾക്കും ഇത്തരം നിയന്ത്രണങ്ങളൊന്നുമില്ല. പ്രസിദ്ധീകരിക്കാൻ മാത്രമല്ല, ഷെയർ ചെയ്യാനും കാശുചെലവില്ല. അതാണ് ദുരുപയോഗത്തിനും കാരണം.

മൾട്ടിലെവൽ മാർക്കറ്റിങ്ങിനും ഇതിൽ കളികളുണ്ട്. നിങ്ങൾ ഉപയോഗിക്കുന്ന മരുന്നിനായി മറ്റു രണ്ടുപേരെ പരിചയപ്പെടുത്തിയാൽ 50 ശതമാനം ഡിസ്കൗണ്ട് എന്നിങ്ങനെയുള്ള തന്ത്രങ്ങളാണ് അവര്‍ പയറ്റുന്നത്. അശ്ലീല ചിത്രങ്ങൾ സൈബർ മാധ്യമങ്ങളിൽ അപ്‌ലോ‌ഡ് ചെയ്യുന്നത് നിയമവിധേയമാക്കിയതു പോലെ ഇത്തരം പ്രചാരണങ്ങളും നിയന്ത്രിക്കണം. മരുന്നുകളുടെ ഗുണം വിവരിച്ച് പരസ്യം വരുന്നതും ഇല്ലാത്ത ഗുണം ഉണ്ടെന്നു കാണിച്ച് പരസ്യം ചെയ്യുന്നതും ഫുഡ് സപ്ലിമെന്റുകളുടെ പരസ്യം വരുന്നതും നിയമവിധേയമാക്കണം. വ്യക്തിപരമായി 100 ശതമാനം ഉറപ്പുള്ള കാര്യങ്ങൾ മാത്രമേ ഷെയർ ചെയ്യാവൂ. അതാണ് സോഷ്യൽ മീഡിയ ഉപയോഗിക്കുന്നവർ പാലിക്കേണ്ട ഏറ്റവും പ്രധാന മുൻകരുതൽ.

‘പരാതി കിട്ടിയാൽ അന്വേഷിക്കും’- എൻ. വിനയകുമാരൻ നായർ (അസിസ്റ്റന്റ് കമ്മിഷണർ, പൊലിസ് ഹൈടെക് സെൽ)

ആരോഗ്യസംബന്ധമായ ഫോർവേഡഡ് മെസേജുകൾ പരീക്ഷിച്ച് പറ്റിക്കപ്പെട്ടു എന്ന തരത്തിൽ ഹൈടെക് സെല്ലിന് ഇതുവരെ പരാതികളൊന്നും ലഭിച്ചിട്ടില്ല. അതുകൊണ്ടു തന്നെ ഇത്തരം സൈറ്റുകളെ കുറിച്ച് അന്വേഷിക്കേണ്ട സാഹചര്യവും ഉണ്ടായിട്ടില്ല. പക്ഷേ, ഒരു കാര്യം ഉറപ്പിച്ചു പറയാം. ഇത്തരത്തിൽ ലക്ഷക്കണക്കിനു വിവരങ്ങൾ ഇന്റർനെറ്റിലൂടെയും സോഷ്യൽ മീഡിയയിലൂടെയും ഷെയർ ചെയ്യപ്പെടുന്നുണ്ട്. അവയുടെ ആധികാരികത സംബന്ധിച്ച് ഒരു ഉറപ്പും നൽകാനാകില്ല. സംശയമുള്ള വെബ്സൈറ്റിനെ സംബന്ധിച്ച് നേരത്തേ പരാതികളെന്തെങ്കിലും ഉണ്ടായിട്ടുണ്ടോ എന്നറിയാൻ complaintsindia.com  എന്ന ലിങ്കിൽ നോക്കാം.

രോഗലക്ഷണങ്ങളോ ആരോഗ്യകാര്യങ്ങളോ എന്നു മാത്രമല്ല ഏത് വിവരവും വിശ്വസിക്കുന്നതിന് ആധികാരികത വേണം. വെബ്സൈറ്റുകളുടെ ആധികാരികത പരിശോധിക്കാൻ കേരളാ പൊലിസ് ആശ്രയിക്കുന്ന വെബ്സൈറ്റാണ് www.centralops.net. ഏത് വെബ്സൈറ്റിന്റെയും വിശദ വിവരങ്ങൾ ഇതിൽ ലഭിക്കും. ആധികാരികത ഇല്ലാത്ത വിവരങ്ങൾ പരീക്ഷിക്കാതിരിക്കുകയേ പോംവഴിയുള്ളൂ.