Thursday 27 March 2025 04:22 PM IST : By സ്വന്തം ലേഖകൻ

‘ശരീരഭാഗങ്ങള്‍ ഡ്രമ്മില്‍ മണ്ണിട്ട് മൂടി തൈ നടുകയായിരുന്നു ലക്ഷ്യം, എന്നാല്‍ സിമന്റ് നിറച്ചതോടെ അബദ്ധം പറ്റി’; സൗരഭിനെ കൊലപ്പെടുത്തിയത് ഭാര്യയും കാമുകനും

meerut-shocking-details

മീററ്റില്‍ മര്‍ച്ചന്റ് നേവി ഉദ്യോഗസ്ഥനെ കൊലപ്പെടുത്തിയത് ഭാര്യയും കാമുകനും. മാര്‍ച്ച് നാലിനാണ് ഭര്‍ത്താവായ മര്‍ച്ചന്റ് നേവി ഉദ്യോഗസ്ഥന്‍ സൗരഭ് രജ്പുതിനെ ഭാര്യ മുസ്കാനും കാമുകന്‍ സാഹില്‍ ശുക്ലയും ചേര്‍ന്ന് കൊലപ്പെടുത്തിയത്. ഭക്ഷണത്തില്‍ ഉറക്കുഗുളിക കലര്‍ത്തി ഉറക്കിയ ശേഷം കത്തി ഉപയോഗിച്ച് കുത്തികൊലപ്പെടുത്തുകയായിരുന്നു. ശേഷം മൃതദേഹം 15 കഷണങ്ങളാക്കി വീപ്പയിലിട്ട് സിമെന്റ് നിറച്ചു മൂടുകയായിരുന്നു. 

കൊലപാതകം നടന്ന് രണ്ടാഴ്ചയോളം കഴിഞ്ഞാണ് മൃതദേഹം കണ്ടെത്തിയതും പ്രതികളെ കസ്റ്റഡിയിലെടുത്തതും. മുസ്‌കാനും സാഹിലും മയക്കുമരുന്നിനു അടിമകളായിരുന്നുവെന്ന് പൊലീസ് പറയുന്നു. കൊലപാതകത്തിന് ശേഷം തിരിച്ചറിയാതിരിക്കാനാണ് സൗരഭിന്റെ  മൃതദേഹം വികൃതമാക്കിയതെന്ന് ഭാര്യ മുസ്കാന്‍ റസ്തോഗിയും സാഹില്‍ ശുക്ലയും പൊലീസിനോട് സമ്മതിച്ചു. 

വിരലടയാളങ്ങൾ വഴി പോലീസിന് സൗരഭിനെ തിരിച്ചറിയാതിരിക്കാൻ കൈത്തണ്ട മുറിച്ചുമാറ്റിയതായും ചോദ്യം ചെയ്യലിൽ ഇരുവരും സമ്മതിച്ചു. തലയില്ലാത്ത മൃതദേഹം തിരിച്ചറിയില്ലെന്ന് കരുതിയാണ് കഴുത്തറുത്ത് കൊലപ്പെടുത്തിയതെന്നും ഇരുവരും പറഞ്ഞു.

കുറ്റകൃത്യത്തിനു എട്ട് ദിവസം മുമ്പാണ് സൗരഭിന്റെ ഭാര്യയും മുഖ്യപ്രതിയുമായ മുസ്‌കാൻ റസ്‌തോഗി 800 രൂപയ്ക്ക് രണ്ട് കത്തികൾ വാങ്ങിയത്. എന്നാല്‍ കൃത്യം നിര്‍വഹിക്കാന്‍ തനിക്ക് സാധിക്കുമോ ഉറപ്പില്ലായിരുന്നെന്ന് മുസ്കാന്‍ പറഞ്ഞു. അതിനാല്‍ എങ്ങിനെ കുത്തണമെന്ന് പലവട്ടം പരിശീലിച്ചു. ശേഷം ഒരു കട്ട്-ത്രൂ റേസർ വാങ്ങിയാണ് സൗരഭിന്റെ തലയറുക്കുന്നത്. 

ബെഡ്ഷീറ്റുകളിലും തലയിണകളിലും ബാത്ത്റൂം ടൈലുകളിലും ടാപ്പിലും രക്തക്കറകൾ ഫോറൻസിക് സംഘം കണ്ടെത്തിയിട്ടുണ്ട്. സൗരഭിന്റെ ശരീരഭാഗങ്ങള്‍ ഡ്രമ്മില്‍ മണ്ണിട്ട് മൂടി ഒരു തൈ നടുക എന്നതായിരുന്നു ഇരുവരുടേയും ആദ്യത്തെ പദ്ധതി. എന്നാല്‍ ദുർഗന്ധം വമിക്കുന്ന് കരുതി മുസ്‌കാനും സാഹിലും മൃതദേഹം മറവു ചെയ്യാൻ സിമന്റാണ് നല്ലതെന്ന് തീരുമാനിച്ചു. 

എന്നാല്‍ സിമന്റ് നിറച്ച ശേഷം അത് നീക്കം ചെയ്യാന്‍ നോക്കിയപ്പോളാണ് അബദ്ധം പിണഞ്ഞതായി ഇരുവരും അറിഞ്ഞത്. ഭാരം കാരണം ഡ്രം ഉയര്‍ത്താന്‍ കഴിയാത്ത അവസ്ഥയിലായിരുന്നു. ചുമട്ടുതൊഴിലാളികളെ എത്തിച്ചെങ്കിലും അവര്‍ക്കും ഡ്രം ഉയര്‍ത്താനായില്ല. പരിഭ്രാന്തയായ മുസ്കാന്‍ തുടര്‍ന്ന് വീട്ടിലെത്തി സൗരഭിനെ കൊന്നത് താനാണെന്ന് രക്ഷിതാക്കളോട് പറയുകയായിരുന്നു. 

മകളുടെ ജന്മദിനം ആഘോഷിക്കാനാണ് സൗരഭ് ലണ്ടനില്‍ നിന്ന് മീററ്റിലെത്തിയത്. സൗരഭിന്റെ ലണ്ടൻ വിസ കാലാവധി അവസാനിക്കാറായിരുന്നു. സന്ദർശന വേളയിൽ അത് പുതുക്കാൻ സൗരഭ് കരുതിയിരുന്നതായും ഒപ്പം ഭാര്യയെയും മകളെയും തന്നോടൊപ്പം ലണ്ടനിലേക്ക് കൊണ്ടുപോകാനും ആഗ്രഹിച്ചിരുന്നതായും പൊലീസ് പറയുന്നു. എന്നാല്‍ മുസ്കാന്‍ എതിര്‍ത്തു. 

സാഹിലുമായി മുസ്കാന് ബന്ധമുണ്ടെന്ന് സൗരഭിന് അറിയാമായിരുന്നു. ഇതോടെ വിവാഹ ബന്ധം പിരിയാന്‍ തീരുമാനിച്ചെങ്കിലും മകളുടെ ഭാവി ഓര്‍ത്ത് സൗരഭ് പിന്മാറുകയായിരുന്നു. എന്നാല്‍ ഇത്തവണ മീററ്റിലെത്തിയ സൗരഭ് മകളെ കൂടെ കൊണ്ടുപോകാൻ തീരുമാനിക്കുകയും അവൾക്ക് പാസ്‌പോർട്ടിന് അപേക്ഷിക്കുകയും ചെയ്തിരുന്നു.

Tags:
  • Spotlight