Friday 21 June 2024 03:03 PM IST

‘പറ്റുന്നപോലെ പഠിക്കൂ... അനാവശ്യ ടെൻഷൻ വേണ്ട’: മകൾക്ക് സ്ട്രെസ് കൊടുക്കാത്ത അച്ഛനും അമ്മയും: മേഘയുടെ വിജയരഹസ്യം

Anjaly Anilkumar

Content Editor, Vanitha

megha-1 അച്ഛൻ ആർ.എസ്. അനിൽകുമാർ, അമ്മ എസ്.എൽ. സന്ധ്യാറാണി, അനുജത്തി നയന എന്നിവർക്കൊപ്പം മേഘ

പത്താംക്ലാസ്സിൽ മികച്ച വിജയം നേടിയ കുട്ടികൾ സദാസമയവും പഠിക്കുകയായിരുന്നോ? പത്താം ക്ലാസ്സിലേക്കു കടക്കുന്ന മക്കളുടെ അച്ഛനമ്മമാർക്കു വഴികാട്ടുകയാണ് ഈ വർഷം മിന്നും വിജയം നേടിയ നാലുപേർ. അവരുടെ പഠനരീതികൾ അറിയാം

പത്താം ക്ലാസ്സിലാണെന്ന് ഓർമ വേണം. നിന്റെ ജീവിതത്തിലെ ആദ്യ വഴിത്തിരിവു സംഭവിക്കാൻ പോകുകയാണ്. അതുകൊണ്ട് ഉള്ള സമയത്തു നാലക്ഷരം ഇരുന്നു പഠിക്കാൻ നോക്ക്. ’ ഈ ഡയലോഗ് പറയാത്ത അച്ഛനമ്മമാരും കേൾക്കാത്ത പത്താംക്ലാസ്സുകാരും ചുരുക്കമാകും. ‌

എന്നാൽ, ‘ഞങ്ങളെ ഓർത്തു ടെൻഷൻ അടിക്കല്ലേ. എല്ലാത്തിനും കൃത്യമായ പ്ലാനുണ്ട് ’ എന്നാണു കുട്ടികൾ പറയുന്നത്. പറച്ചിൽ മാത്രമല്ല, എങ്ങനെ പഠിക്കണം, എത്ര മണിക്കൂർ പഠിക്കണം, ഏതൊക്കെ വിഷയങ്ങൾക്കു പ്രത്യേക ശ്രദ്ധവേണം തുടങ്ങി പരീക്ഷാചോദ്യങ്ങളെ എങ്ങനെ സമീപിക്കണം എന്നുവരെ കൃത്യമായ ധാരണ നമ്മുടെ കുട്ടികൾക്കുണ്ട്.

ഈ വർഷത്തെ പത്താം ക്ലാസ് പരീക്ഷയി ൽ മിന്നും വിജയം കരസ്ഥമാക്കിയ നാല് മിടുക്കിക്കുട്ടികൾ അവരുടെ പഠന രീതികളും സക്സസ് മന്ത്രയും പങ്കുവയ്ക്കുന്നു.

വേണം,സ്മാർട്ട് വർക് :മേഘ

പരീക്ഷയ്ക്ക് ഒരു മാസം ബാക്കിയുള്ളപ്പോഴും ടെൻഷൻ വേണ്ടേ, വേണ്ട എന്നാണ് മേഘ പറയുന്നത്. ‘‘ മനസ്സിരുത്തി പഠിച്ചാൽ പാഠഭാഗങ്ങൾ കൃത്യമായി പൂർത്തിയാക്കാൻ സാധിക്കും. പരീക്ഷയ്ക്ക് ഒരു മാസം മുൻപാണു സീരിയസായി പഠിക്കാൻ തുടങ്ങിയത്.

സ്കൂളിലും ട്യൂഷൻ ക്ലാസ്സിലും ടീച്ചർമാർ പഠിപ്പിക്കുമ്പോൾ ശ്രദ്ധിച്ചിരിക്കും. രാത്രി പഠിക്കാനാണ് എനിക്കിഷ്ടം. പകൽ പഠിക്കുന്നതിനേക്കാൾ കൂടുതൽ ഏകാഗ്രത രാത്രിയിൽ കിട്ടും. രാത്രി പത്തു മണി മുതൽ വെളുപ്പിന് ര ണ്ടു മണിവരെ പഠിക്കും. ഇതിനിടയില്‍ 15 മിനിറ്റ് ദൈർഘ്യമുള്ള ഇടവേളകൾ എടുക്കാറുണ്ട്. മനസ്സ് ഒന്ന് റിഫ്രഷ് ചെയ്യാനാണിത്.’’

കൂളാകാൻ കൂൾ ഓഫ് ടൈം

പരീക്ഷാ ദിവസങ്ങളിൽ രാവിലെ പ്രധാന ഭാഗങ്ങൾ റിവൈസ് ചെയ്യും. മാർക്ക് നേടാൻ ഈ റിവിഷൻ ഒരുപാടു സഹായിച്ചിട്ടുണ്ട്. കുറച്ചു ടെൻഷൻ ഉണ്ടായിരുന്നു. അതകറ്റിയത് അവസാന നിമിഷ കംപെയിൻ സ്റ്റഡി ആണ്.

പരീക്ഷയ്ക്കു തൊട്ടുമുൻപു കൂട്ടുകാരികളുമായി ഒരുമിച്ചിരുന്നു പ്രധാന ചോദ്യങ്ങളും അവയുടെ ഉത്തരങ്ങളും ചർച്ച ചെയ്യും. മറന്നുപോയതോ വിട്ടുപോയതോ ആയ ഭാഗങ്ങൾ ഓർത്തെടുക്കാനുള്ള ടെക്നിക് ആയിരുന്നു അത്.

megha-2

വിട്ടുപോയ ഭാഗം മുഴുവനായി വായിച്ചെടുക്കാൻ സമയം കിട്ടിയെന്നു വരില്ല. അപ്പോൾ ആരെങ്കിലും ഒരാൾ ആ ഉത്തരത്തിലെ പ്രധാന പോയിന്റുകൾ രസകരമായ രീതിയിലോ കോഡുകളിലൂടെയോ പറയും. ഇതു മറ്റുള്ളവർ ശ്രദ്ധയോടെ കേട്ടിരിക്കും. ഇങ്ങനെ അവസാനനിമിഷം പഠിച്ചെടുത്ത ചോദ്യങ്ങൾ പരീക്ഷയ്ക്കു വന്നിട്ടുണ്ട്. എത്രയൊക്കെ തയാറെടുപ്പുകളോടെ ഹാളിലേക്കു കയറിയാലും കൃത്യമായി സമയം വിനിയോഗിച്ചില്ലെങ്കിൽ പ്രശ്നമാകും. കൂൾ ഓഫ് ടൈമിൽ ചോദ്യങ്ങൾ നന്നായി വായിച്ചു മനസ്സിലാക്കും. ഉത്തരമെഴുതാനുള്ള മുന്നൊരുക്കമാണു കൂൾ ഓഫ് ടൈമിൽ നടക്കുക. നന്നായി അറിയുന്ന ചോദ്യങ്ങൾ മാർക്ക് ചെയ്യും. ഉറപ്പുള്ളവ എഴുതി തുടങ്ങും.

വേഗത്തിൽ ഉത്തരം എഴുതാൻ സാധിക്കുമ്പോള്‍ നമുക്ക് ആത്മവിശ്വാസം കിട്ടും. ഇതിനുശേഷമേ സംശയമുള്ളതോ, ആലോചിക്കാൻ സമയം വേണ്ടതോ ആയ ചോദ്യങ്ങളിലേക്കു കടക്കാറുള്ളൂ. പരീക്ഷ എഴുതിക്കഴിഞ്ഞാൽ ഉത്തരങ്ങൾ ഒന്നുകൂടി വായിച്ച് എല്ലാ ചോദ്യങ്ങളും അറ്റന്‍ഡ് ചെയ്തു എന്ന് ഉറപ്പുവരുത്തിയിരുന്നു.

പാട്ടു കേൾക്കുന്നതും വ്യായാമം ചെയ്യുന്നതും പരീക്ഷാനാളുകളിലെ സ്ട്രെസ് നന്നായി കുറച്ചു. അച്ഛന്‍ ആർ‌.എസ്. അനിൽകുമാറും അമ്മ സന്ധ്യ അനിലും വളരെ കൂൾ ആയിരുന്നു. അതുകൊണ്ടു വീട്ടിൽ നിന്നു പ്രഷർ നേരിടേണ്ടി വന്നതുമില്ല.

‘പറ്റുന്നപോലെയൊക്കെ പഠിച്ചാൽ മതി. അനാവശ്യമായി ടെൻഷൻ അടിക്കരുത്’ എന്ന് അവർ ഇടയ്ക്കിടെ ഓർമിപ്പിച്ചു കൊണ്ടേയിരുന്നു.’’

(തുടരും)