Thursday 22 November 2018 03:59 PM IST : By സ്വന്തം ലേഖകൻ

‘ക്ലാസിൽ മുള്ളിയെന്നു പറഞ്ഞ് അവളെ കളിയാക്കി’; ആദ്യ ആർത്തവത്തിന്റെ പേരിൽ കരഞ്ഞ ആ മൂന്നാംക്ലാസുകാരി; നന്മക്കഥ

periods പ്രതീകാത്മക ചിത്രം

സ്ത്രീ സമത്വവും സ്വാതന്ത്ര്യവും ആഘോഷിക്കുന്ന കാലമാണിത്. പെണ്ണിന്റെ സ്വത്വവും നിലനിൽപ്പും പൊതിഞ്ഞു പിടിക്കുന്ന ആങ്ങളമാരുടെ കാലം. പക്ഷേ കാലമെത്ര പുരോഗമിച്ചിട്ടും ആർത്തവ അശുദ്ധിയുടെ പേര് പറഞ്ഞ് പെണ്ണിനെ ഓരം ചേർത്ത് നിർത്തുന്നവർ കുറവല്ലെന്നു വേണം കരുതാൻ. അജ്ഞത കൊണ്ടോ ഉള്ളിൽ ഉറഞ്ഞു കിടക്കുന്ന യാഥാസ്ഥിതികത തികട്ടി വരുന്നതു കൊണ്ടോ ആണ് ഇത്തരം ഒറ്റപ്പെടുത്തലുകൾ ആവർത്തിക്കുന്നതെന്ന് വ്യക്തം.

ആർത്തവത്തിന്റെ പേരിൽ വേണ്ടത് കളിയാക്കലുകളോ കുത്തുവാക്കുകളോ അല്ല, മറിച്ച് കരുതലാണ് വേണ്ടതെന്ന് ഓർമ്മിപ്പിക്കുകയാണ് അധ്യാപിക കൂടിയായ സൗമ്യ രാധാകൃഷ്ണൻ. ജോലി നോക്കുന്ന സ്കൂളിലെ മൂന്നാം ക്ലാസുകാരിക്ക് ജീവിതത്തിൽ ആദ്യമായി ആർത്തവം വന്നപ്പോഴുണ്ടായ അനുഭവത്തിൽ നിന്നുമാണ് സൗമ്യയുടെ കുറിപ്പ്. പക്വതയുറക്കാത്ത പ്രായത്തിൽ ആർത്തവം വന്നതും അതിന്റെ പേരിൽ അവൾ കേൾക്കേണ്ടി വന്ന കളിയാക്കലുകളും സൗമ്യ കുറിപ്പിൽ അടിവരയിടുന്നു. സഹപാഠികളുടെ കളിയാക്കലുകൾ കുറ്റബോധത്തിലേക്ക് വഴിമാറുന്നിടത്താണ് കുറിപ്പ് അവസാനിക്കുന്നത്. ആർത്തവത്തിന്റെ പേരിലുള്ള മനുഷ്യവിരുദ്ധ ആചാരങ്ങളെ കടപുഴക്കിയെറിയാൻ വരും തലമുറയെയാണ് പ്രാപ്തരാക്കേണ്ടതെന്നും കുറിപ്പിൽ വ്യക്തമാക്കുന്നു.

സൗമ്യയുടെ ഫെയ്സ്ബുക്ക് കുറിപ്പ് വായിക്കാം;

ടീച്ചറേ അവള്‍ക്ക് പിരീഡ്സ് ആയി. ആദ്യായിട്ടാ. അവളറിഞ്ഞില്ല. ഡ്രസ്സിലൊക്കെ ആയി. അത് ആണ്‍കുട്ടികള്‍ കണ്ടു. അവര്‍ അവള്‍ ഡ്രസ്സില്‍ മൂത്രമൊഴിച്ചതാണെന്നും പറഞ്ഞ് അവര്‍ കളിയാക്കി.// തുടർന്നുവായിക്കുക.

ഇങ്ങനെയാവണം അധ്യാപകർ. മനുഷ്യവിരുദ്ധആചാരങ്ങളെ കടപുഴക്കിയെറിയാൻ വരുംതലമുറയെ പ്രാപ്തരാക്കുന്നവർ ആവണം അവർ. അല്ലാതെ മതവെറി മനസ്സിലിട്ട് പുകച്ചു പുറത്തുചാടിച്ചു പേരക്കുട്ടിയെ കയ്യിൽതൂക്കി സമരമുഖം സൃഷ്ടിച്ചു കൊണ്ട്നടക്കുന്നവർ അല്ല അധ്യാപകർ.

Soumya Radhakrishnan writes

#ആർപ്പോആർത്തവം
??????????

ബി.എഡ് കഴിഞ്ഞ ഉടനായതുകൊണ്ടും എക്സ്പീരിയന്‍സ് ഇല്ലാത്തകൊണ്ടും ആദ്യമായിട്ട് പഠിപ്പിക്കാന്‍ പോയ സ്കൂളില്‍‍ ചെറിയ ക്ലാസുകളിലാ പഠിപ്പിക്കാന്‍ തന്നിരുന്നത്. രണ്ടു മുതല്‍ ഏഴുവരെ ഉള്ള ക്ലാസുകള്‍. ഒരുദിവസം മൂന്നാം ക്ലാസിലേക്ക് കയറിച്ചെല്ലുമ്പോ അവിടെയാകെ പതിവില്ലാത്ത ഒരു ബഹളം. എല്ലാവരെയും അടക്കി ഇരുത്തിയ ശേഷം കാര്യം ചോദിക്കുമ്പോ ഒരു പെണ്‍കുട്ടി എഴുന്നേറ്റ് എന്‍റെ അടുത്ത് വന്ന് രഹസ്യമായി പറയുവാ: "ടീച്ചറേ അവള്‍ക്ക് പിരീഡ്സ് ആയി. ആദ്യായിട്ടാ. അവളറിഞ്ഞില്ല. ഡ്രസ്സിലൊക്കെ ആയി. അത് ആണ്‍കുട്ടികള്‍ കണ്ടു. അവര്‍ അവള്‍ ഡ്രസ്സില്‍ മൂത്രമൊഴിച്ചതാണെന്നും പറഞ്ഞ് അവര്‍ കളിയാക്കി. ഞാനവളെ ക്ലാസിനു പുറത്ത് ഇറക്കി ടോയ്ലറ്റില്‍ കൊണ്ടോകാന്‍ നോക്കി. അപ്പോഴേക്കും അവള്‍ കരച്ചില്‍ തുടങ്ങി." എന്നു പറഞ്ഞു.

അപ്പോഴാണ്ണ് ക്ലാസിലെ ഒരു ബെഞ്ചില് കര‍ഞ്ഞ്‍ കണ്ണൊക്കെ കലങ്ങി ഇരിക്കുന്ന കുഞ്ഞാമിനയെ (സാങ്കല്‍പിക പേര്‍) കാണുന്നത്. സത്യമായും ഞാന്‍ ഞെട്ടി! വല്ലാതെ സങ്കടവും വന്നു. അതിനു കാരണങ്ങള്‍ പലതായിരുന്നു. ഒന്നാമത് അവളൊരു കൊച്ചുകുട്ടിയായിരുന്നു. ആര്‍ത്തവമൊക്കെ ഉണ്ടാകാനുള്ള പക്വത അവളുടെ ശരീരത്തിനായിട്ടുണ്ടെന്നു തോന്നുകയേ ഇല്ല, അത്രയ്ക്ക് കൊച്ചുകുട്ടി.ആദ്യം എന്നോടുവന്നു സംസാരിച്ച ആ കുട്ടിയെ കൂട്ടി അവളെ ടോയ്ലെറ്റിലേക്ക് വിട്ടു.

ആര്‍ത്തവത്തെക്കുറിച്ചൊക്കെ പരസ്യമായി മൂന്നാം ക്ലാസിലെ കുട്ടികളോട് പറഞ്ഞാല്‍ അബദ്ധമാകുമോ എന്ന ശങ്ക കാരണം കുട്ടികളോട് പൊതുവായി ചിലത് സംസാരിച്ചു. "നിങ്ങളിലാര്‍ക്കെങ്കിലും വയറിളക്കം വന്നു. അറിയാതെ അത് പോയി എന്നു വിചാരിക്ക്. അതാര്‍ക്കും സംഭവിക്കാലോ, നിങ്ങള്‍ക്കും എനിക്കും സംഭവിക്കാം. അങ്ങനൊക്കെ വന്നാ കൂട്ടുകാരെ കളിയാക്കാവോ? നിങ്ങള്‍ക്കാ നാളെ ഇങ്ങനെ വരുന്നതെങ്കിലോ? ബാക്കിയുള്ള നമ്മളൊക്കെക്കൂടി കളിയാക്കിയാ നിങ്ങള്‍ക്ക് എന്തുതോന്നും? അവരെ സഹായിക്കുകയല്ലേ വേണ്ടത്. ഇപ്പോ അവളെയും കൊണ്ടുപോയ രഹനയെ (സാങ്കല്‍പിക പേര്‍) കണ്ടില്ലേ...അങ്ങനെ വേണം കുട്ടികളായാല്‍. ഒപ്പം ഉള്ളവരെ കഷ്ടകാലത്തില്‍ സഹായിക്കണം. വേണ്ടേ?" എന്ന് ഞാന്‍ ചോദിക്കുമ്പോ എല്ലാവരും കുറ്റബോധംകൊണ്ട് തലയൊക്കെ കുമ്പിട്ട് ഇരിപ്പായിരുന്നു. "അതുകൊണ്ട് നമുക്കവള്‍ തിരിച്ചു വരുമ്പോ കളിയാക്കിയതിന്‍ സോറി പറയാം. എന്താ പറയൂലേ?" എന്നു ചോദിച്ചു. എല്ലാവരും "പറയാം" എന്ന് ഒറ്റശ്വാസത്തില്‍ പറഞ്ഞു.

അവര്‍ മടങ്ങിയെത്തി ക്ലാസിലേക്ക് കയറിയപ്പോത്തന്നെ എന്നെ അമ്പരപ്പിച്ചുകൊണ്ട് കുട്ടികളൊക്കെ എഴുന്നേറ്റ് നിന്ന് "ആമിനാ സോറി" എന്ന് പറഞ്ഞു. അവളുടെ മുഖത്തെ സങ്കടവും ജാള്യതയും മാറി പുഞ്ചിരിച്ചു.