Saturday 05 September 2020 04:06 PM IST

പാർവതിയുടെ ഫേവറിറ്റ് ലിസ്റ്റിൽ ഇടം നേടിയ ഇൻസ്റ്റാ താരം ; ഇതാണ് മൈക്കാ എന്ന ‘മൈക്കാവിഡ്മിക്’

Shyama

Sub Editor

micaaa

ശരിക്കും എന്റെ പേര് മൈക്കാ ജൊമൈക്ക് മൈക്കിൾ... ഇത് പറഞ്ഞ് നാക്കുളുക്കണ്ടാ എന്നോർത്താണ് micawidmic എന്ന് പെയ്ജിന് പേരിട്ടത്... എങ്ങനേണ്ട്??

നോട്ടിഫിക്കേഷൻസ് മലയാളം പറഞ്ഞാൽ, പല തരം റൂം മെയ്റ്റുകൾ, അടിസ്ഥാനമില്ലാത്ത പുകഴ്ത്തലുകൾ, പലതരം ഇൻസ്റ്റാബയോ, യൂട്യൂബ് കമന്റ് സെക്ഷൻ.... ഇങ്ങനെ ചിരിക്കുന്നതും ചിന്തിപ്പിക്കുന്നതുമായ കണ്ടെന്റുകളുടെ വിളനിലമാണ് ഇൻസ്റ്റഗ്രാമിലെ ‘മൈക്കാവിത്ത്മൈക്ക്’ എന്ന് പെയ്ജ്. ഈയിടെ നടി പാർവതി തന്റെ ഇഷ്ടപ്പെട്ട പെയ്ജുകളിലൊന്നായി പറഞ്ഞത് മൈക്കയുടെ ഈ പെയ്ജിനെ പറ്റിയാണ്. ഓസ്ട്രേലിയയിൽ നിന്ന് എം.ബി.എ. കഴിഞ്ഞ മൈക്ക എങ്ങെനയാണ് കണ്ടന്റ് ക്രിയേറ്ററായതെന്നും എങ്ങനെ ഇത്ര ചർച്ചാ വിഷയങ്ങളായ കണ്ടെന്റുകൾ ഉണ്ടാക്കുന്നുവെന്നും ഒക്കെ നമുക്കൊന്ന് ചോദിച്ചറിയാം...

‘‘എന്റെ ശരിക്ക് പേരാണ് മൈക്ക, വീട്ടുകാരിട്ട പേരാണ്. പലർക്കും എന്റെ പെയ്ജിന്റെ പേര് മാത്രമേ അറിയൂ. അത് തന്നെ സന്തോഷം!ബാംഗ്ലൂരിൽ ബി.കോം പഠിക്കുന്ന സമയത്തൊക്കെ കലാപരമായ കാര്യങ്ങളിലും നല്ല ആക്ടീവായിരുന്നു. യൂത്ത്ഫെസ്റ്റിവലിലൊക്കെ പങ്കെടുത്ത് ദേശിയ തലത്തിൽ വരെ പോയിട്ടുണ്ട്. ബിരുദത്തിരു ശേഷം ഉപരിപഠനത്തിനായി ഓസ്ട്രേലിയ്ക്ക് പോയപ്പോ അവിടെ നമുക്ക് മറ്റ് കലാപരമായ കഴിവുകൾ പ്രകടിപ്പിക്കാനുള്ള അവസരമുണ്ടായിരുന്നില്ല. എന്തെങ്കിലുമൊക്കെ ചെയ്യണം എന്ന ആഗ്രഹത്തിലാണ് ഇൻസ്റ്റാ പെയ്ജ് തുടങ്ങുന്നത്. ആദ്യം എന്റെ പേഴ്സണൽ പ്രൊഫൈൽ ആയിരുന്നു. ഞാൻ ജനിച്ചു വളർന്നതൊക്കെ ബഹറൈനിലായിരുന്നു. എനിക്കും എന്റെ സുഹൃത്തുക്കൾക്കും റിലേറ്റ് ചെയ്യാവുന്ന കാര്യങ്ങളാണ് അദ്യം ചെയ്തിട്ടിരുന്നത്. അത്യാവശ്യം ആളുകൾ വന്നു തുടങ്ങിയതോടെയാണ് എനിക്ക് സമൂഹത്തോട് പറയാനുള്ള കാര്യങ്ങൾ കൂടി പറഞ്ഞു തുടങ്ങുന്നത്. ഇതൊക്കെ ഞാൻ വെറുതേ പറഞ്ഞാൽ ചിലപ്പോൾ ഇത്രയും ആളുകൾ കേൾക്കില്ല. അതാണ് നർമത്തിലൂടെ പറയുന്നത്.

കുറേ കൺടെന്റുകൾ പൊതുവായിട്ടുള്ളതാണ്, അതൊക്കെ ഡെവലപ്പ് ചെയ്തെടുക്കുന്നു. ചില പോസ്റ്റിനു വേണ്ട ആശയങ്ങൾ പല രൂപത്തിൽ മനസിലുണ്ടാകും അതൊക്കെ ചേർത്ത് വച്ച് ഒന്നാക്കും. ഇന്ന് ഇന്ന കാര്യം പറയണം എന്നു കരുതി അതിനു വേണ്ടി കുത്തിയിരുന്ന് കണ്ടെന്റുകൾ ചെയ്യാറില്ല. എനിക്ക് പറയണം എന്ന് തോന്നുന്നതാണ് ഞാൻ ചെയ്യുന്നത്. പഠിക്കുന്ന സമയത്ത് മൂകാഭിനയും ഒക്കെ ചെയ്തിരുന്നു. അതുകൊണ്ട് തന്നെ വൈൻസ്/വീഡിയോ കണ്ടെന്റ് ചെയ്യാനാണ് കൂടുതൽ ഇഷ്ടം.

പതുക്കെയാണെങ്കിലും ഇവിടെ മാറ്റങ്ങൾ വരുന്നുണ്ട്

പാർവതി മാം ഒരു ഇൻർവ്യൂവിനിടെ എന്റെ പെയ്ജിനെ കുറിച്ച് പറഞ്ഞത് ശരിക്കും വലിയൊരു അംഗീകാരമായി തന്നെ കാണുന്നു. വളരെ മികച്ചൊരു നടി എന്നതിലുപരി അവരുടെ പേഴ്സനാലിറ്റിയെ ഇഷ്ടപ്പെടുകയും ബഹുമാനിക്കുകയും ചെയ്യുന്നൊരാളാണ് ഞാൻ. പണ്ടൊക്ക മാം എന്തെങ്കിലും പറഞ്ഞാൽ അത് എന്തുകൊണ്ട് അങ്ങനെ പറഞ്ഞു, അങ്ങനെയൊരു പ്രശ്നം നമുക്കിടയിലുണ്ടോ ഉണ്ടെങ്കിൽ അതെങ്ങനെ പരിഹരിക്കാം എന്നൊക്കെ ചിന്തിക്കുന്നതിനു പകരം ആ വ്യക്തിയെ വ്യക്തിപരമായി ആക്ഷേപിക്കുകയും ട്രോളുകയും ഒക്കെ ചെയ്തിരുന്നു. അതിനൊക്കെ മാറ്റം വരുന്നുണ്ട്. ഇപ്പോ സിനിമയിലെ സ്ത്രീവിരുദ്ധതയെ കുറിച്ചൊക്കെ തുറന്ന് പറയുന്ന തുറന്ന് എഴുതുന്ന എത്രയോ ആൾക്കാരുണ്ട്. അതു കൊണ്ട് തന്നെ ഒരു ആവശ്യമില്ലാതെ ഒരു പെണ്ണിനെ തല്ലുന്നതൊക്കെ സ്ക്രീനിൽ കണ്ടാൽ കൈയടിക്കുന്നതിനു പകരം ആളുകൾ വെട്ടിത്തുറന്ന് ചോദിക്കും.

സമൂഹത്തിൽ മാറ്റം വരുത്താനുള്ള കാര്യങ്ങളെ പറ്റി പറയുമ്പോൾ വലിയൊരു ശതമാനം ആളുകളും ആദ്യം അതിനെ എതിർക്കുകയാണ് ചെയ്യുക. പാവാട എന്ന് വിളിക്കുന്നവരും, നീ പെൺപിള്ളാരുടെ സപ്പോർട്ട് കിട്ടാനല്ലേ ഈ ഷോ കാണിക്കുന്നത് എന്നൊക്കെ പറയുന്നവരുമുണ്ട്. അവർ പറഞ്ഞോട്ടേ, അതിൽ പലരും ഫെയ്ക്് അക്കൗണ്ടുകളായിരുക്കും. ഞാൻ എന്താണ് ചെയ്യുന്നതെന്ന് ആത്രയും ധൈര്യമില്ലാത്തവർ പറഞ്ഞു തരുന്നതിനെക്കാൾ നന്നായി എനിക്കറിയാം. അതുകൊണ്ട് അതൊന്നും കാര്യമായി ബാധിക്കാറില്ല. അതിനേക്കാളേറെ കുറേ ആളുകൾ പ്രത്യേകിച്ചും യുവ തലമുറ ധൈര്യമായി മുന്നോട്ട് വരികയും സപ്പോർട്ട് ചെയ്യുകയും ചെയ്യുന്നുണ്ട്..ഞാൻ ചെയ്ത ‘ടൈപ്സ് ഓഫ് മല്ലു സെക്സിസം’ എന്നൊരു കണ്ടെന്റാണ് ആദ്യം വൈറലായത്. അതിനൊക്കെ നല്ല പ്രതികരമാണ് കിട്ടിയത്. തുല്യത വേണം ഇപ്പോഴുള്ള കാര്യങ്ങൾക്ക് മാറ്റം വരണം എന്ന് ചിന്തിക്കുന്ന ആളുകളുടെ എണ്ണം കൂടുകയേയുള്ളൂ, കുറയില്ല. അത് എല്ലാ കാലത്തും അങ്ങനെ തന്നെയാണ്.

ഒരുപാട് നല്ല കണ്ടെന്റ് ക്രിയേറ്റേഴ്സ് ഇപ്പോൾ വരുന്നുണ്ട്. മല്ലു അനലിസ്റ്റ് ആണ് എനിക്ക് വ്യക്തിപരമായി ഇഷ്ടമുള്ളൊരു പെയ്ജ്. വളരെ ക്യൂട്ട് ആയി ബി.ജി.എം. ഒക്കെ ഇട്ട് സ്ത്രീവിരുദ്ധതയും മറ്റും കരുതലിന്റെ ഭാഗമാണെന്ന തരത്തിൽ അവതരിപ്പിക്കുന്നവരേയും ഇക്കൂട്ടത്തിൽ കാണാം. അതൊക്കെ ഒരു സമൂഹത്തെ മുഴുവനായി പിന്നോട്ട് വലിക്കുകയേ ചെയ്യൂ. എന്റെ നല്ല വിമർശകർ സുഹൃത്തുക്കൾ തന്നെയാണ്. വീട്ടുകാരുടെ സപ്പോർട്ട് എപ്പോഴുമുണ്ട്. പുറത്തുള്ളവർ പറഞ്ഞിട്ടാണ് ഞാനിത്രയും കണ്ടെന്റുകൾ ചെയ്യുന്നെന്ന് അവർ ആദ്യമായി അറിയുന്നത്. ഇനിയിപ്പോ ജോലിയാണ് എല്ലാവരുടേയും ഫോക്കസ്. തൃശ്ശൂർ നെല്ലിക്കുന്ന് സ്വദേശിയാണ് മൈക്ക. എം.ബി.എ. കഴിഞ്ഞിപ്പോ ജോബ് ഹണ്ടിലാണ് കക്ഷി.

Tags:
  • Spotlight