Saturday 29 February 2020 04:17 PM IST

ഫീകരനാണവൻ കൊടും ഫീകരൻ! സലീംകുമാറിന്റെ കാൽനുറ്റാണ്ടിന്റെ കലോത്സവ റെക്കോർഡ് തകർത്ത് സേക്രഡ് ഹാർട്ടിലെ അമൽ അശോക്

Nithin Joseph

Sub Editor

amal-mimicri ഫോട്ടോ : ബേസിൽ പൗലോ

മലയാളത്തിന്റെ പ്രിയതാരം സലീംകുമാറിന്റെ പേരിൽ 25 വർഷം പഴക്കമുള്ളൊരു റെക്കോർഡ് ഉണ്ടായിരുന്നു. എം.ജി സർവകലാശാലാ കലോത്സവത്തിന്റെ ചരിത്രത്തിൽ മിമിക്രി മത്സരത്തിന് ഏറ്റവുമധികം തവണ ഒന്നാം സ്ഥാനം നേടിയ വ്യക്തി എന്ന റെക്കോർഡ്. മൂന്നു തവണയാണ് സലീംകുമാർ മിമിക്രിയുടെ രാജാവായത്. എന്നാൽ, വർഷങ്ങളോളം തകർക്കപ്പെടാതെ കിടന്ന ആ റെക്കോർഡിന് ഇന്നലെ രാത്രി വരെയേ ആയുസ്സ് ഉണ്ടായിരുന്നുള്ളൂ. ഇന്ന് പുലർച്ചെ റെക്കോർഡിന് പുതിയ അവകാശിയുണ്ടായി, തേവര സേക്രഡ് ഹാർട്ട് കോളേജിലെ ബിഎ സോഷ്യോളജി വിദ്യാർത്ഥി അമൽ അശോക്.

തൊടുപുഴയിൽ നടക്കുന്ന എം.ജി സർവകലാശാലാ കലോത്സവത്തിൽ മിമിക്രി മത്സരത്തിൽ സദസിനെ അമ്പരപ്പിച്ച പ്രകടനവുമായി അമൽ മിന്നുന്ന വിജയം സ്വന്തമാക്കി. അമലിന്റെ തുടർച്ചയായ നാലാമത്തെ കിരീടനേട്ടമാണ് ഇത്. ഇതോടെ 25 വർഷം പഴക്കമുള്ള സലീംകുമാറിന്റെ റെക്കോർഡ് ഇനി അമലിന് മാത്രം സ്വന്തം. അമലിന്റെ നേട്ടങ്ങളെക്കുറിച്ച് അറിഞ്ഞ സലീംകുമാർ, തന്റെ റെക്കോർഡ് ഇയാൾ മറികടക്കും എന്ന് മുൻപേ പ്രവചിച്ചിരുന്നു. ആ പ്രവചനം യാഥാർഥ്യമാക്കിക്കൊണ്ടാണ് അമൽ വിജയത്തിന്റെ മധുരം നുണയുന്നത്. 

_BAP3074

അങ്കമാലി ഏഴാറ്റുമുഖം സ്വദേശിയായ അമൽ മിമിക്രിയിൽ ഒട്ടേറെ നേട്ടങ്ങൾ സ്വന്തമാക്കിയിട്ടുണ്ട്. ദക്ഷിണേന്ത്യ-ദേശീയ തലങ്ങളിൽ ഒന്നാം സ്ഥാനം നേടിയ ഈ കലാകാരൻ ശ്രീലങ്കയിൽ നടന്ന ദക്ഷിണേഷ്യൻ സർവകലാശാല കലോത്സവത്തിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് മത്സരിച്ചു. അവിടെയും കപ്പടിച്ച് രാജ്യത്തിന്റെ അഭിമാനമായി ഈ ചെറുപ്പക്കാരൻ. 

സിനിമാ താരങ്ങളുടെയും രാഷ്ട്രീയനേതാക്കളുടെയും ശബ്ദങ്ങളുടെ ആവർത്തന വിരസയ്ക്കിടയിൽ ജനറേറ്റർ, മൊബൈൽ ഫോണിന്റെ വൈബ്രേഷൻ, കത്രിക, ബാഗിന്റെ സിപ്പ്, എന്നിങ്ങനെ വ്യത്യസ്തങ്ങളായ ശബ്ദങ്ങളിലൂടെയാണ് അമൽ സദസിനെ കയ്യിലെടുത്തത്. മിമിക്രിവേദികളിലെ താരമായ അമലിന്റെ മനസിൽ സിനിമ എന്ന വലിയൊരു സ്വപ്നം കൂടിയുണ്ട്. അതിനുവേണ്ടിയുള്ള പരിശ്രമത്തിലാണ് ഈ മിന്നും താരം. 

Tags:
  • Spotlight
  • Motivational Story