Saturday 03 June 2023 10:49 AM IST

‘അന്ന് ധരിച്ചിരുന്നത് ട്രാക്ക് പാന്റും ഫുൾകൈ ഹുഡിയും, അതിൽ എന്ത് ലൈംഗിക സുഖമാണ് അയാൾ കണ്ടെത്തിയത്’: നന്ദിത പ്രതികരിക്കുന്നു

Binsha Muhammed

nandita-mastaani

തല്ലാനും തലോടാനും തരംപോലെ ചായാനും ചരിയാനും കഴിയുന്ന ഒന്നാണ് സോഷ്യൽ മീഡിയ. അമ്മയെ തല്ലിയാൽ രണ്ടാണ് പക്ഷമെങ്കിൽ സോഷ്യൽ മീഡിയയിൽ പത്തു പേരുണ്ടാകും. ഒരിക്കൽ പിന്തുണച്ചവർ നേരം ഇരുട്ടിവെളുക്കുമ്പോൾ സൗകര്യം പോലെ അടുത്ത കൊമ്പിലേക്ക് ചായും. കൊച്ചിയിൽ കെഎസ്ആർടിസി ബസിൽ നഗ്നത പ്രദർശനം നടത്തിയ വ്യക്തിക്കെതിരെ ഉശിരോടെ പ്രതികരിച്ച നന്ദിത ശങ്കരയെന്ന ഇരുപത്തിമൂന്നുകാരിക്ക് സോഷ്യൽ മീഡിയ നൽകിയ പിന്തുണ നാം കണ്ടതാണ്. എന്നാൽ ദിവസങ്ങൾ കഴിഞ്ഞുപോകേ സോഷ്യൽ‌ മീ‍ഡിയയിൽ പുതിയൊരു വിഭാഗം ഉടലെടുത്തു. നന്ദിതയുടെ വസ്ത്രധാരണമായിരുന്നു അവർക്ക് പ്രശ്നം. ‘ഇങ്ങനെ മോഡേണായി വസ്ത്രം ധരിച്ചാൽ ആരായാലും മോശമായി പെരുമാറുമെന്ന്’ പറഞ്ഞ സദാചാരക്കാർ ഒരുവശത്ത്. മറുവശത്താകട്ടെ നന്ദിതയുടേത് വൈറലാകാനുള്ള ‘ഷോ ഓഫ്’ ആണെന്ന് വരെ പറഞ്ഞു കളഞ്ഞു സോഷ്യൽ മീഡിയ. സമാന്തര ചർച്ചകൾ കൊഴുക്കുന്നതിനിടെ കേസിൽ അകത്തുപോയ സവാദിന് സ്വീകരണം കൊടുക്കാൻ വരെ ഒരു കൂട്ടം മുന്നിട്ടിറങ്ങിയിരിക്കുകയാണ്. വിഷയം വീണ്ടും കൊടുമ്പിരി കൊണ്ട ചർച്ചകൾക്ക് വഴിവയ്ക്കുമ്പോൾ സദാചാരക്കാർക്കും സോഷ്യല്‍ മീഡിയയിൽ വിധികുറിക്കുന്ന ജഡ്ജിമാർക്കും ‘വനിത ഓൺലൈനിലൂടെ’ മറുപടി നൽകുകയാണ് നന്ദിത ശങ്കര.

തളരില്ല... ഇനിയും ഉയരും ശബ്ദം

നന്ദിത നടത്തിയത് ഹണി ട്രാപ്പെന്ന് പറയുന്നു. മെൻസ് അസോസിയേഷൻ അയാൾക്ക് സ്വീകരണം കൊടുക്കുന്നു. ഇൻസ്റ്റഗ്രാമിൽ ഞാനിട്ട ചിത്രങ്ങൾ വലിച്ചുകീറി പോസ്റ്റ്മോർട്ടം ചെയ്ത് ഞാൻ മോശക്കാരിയാണെന്ന് പറയുന്നു. എന്തൊക്കെയാണ് ഇവിടെ സംഭവിക്കുന്നത്. അന്നു നടന്ന സംഭവങ്ങളില്‍ ഞാൻ നടത്തിയ പ്രതികരണം പൂർണ ബോധ്യത്തിൽ നിന്നുള്ളതാണ്. ഞാൻ നേരിട്ട ലൈംഗിക അതിക്രമം എനിക്കു മാത്രം മനസിലാകുന്നതാണ്. പക്ഷേ അതിന്റെ പേരിൽ ഇപ്പോൾ നടക്കുന്ന ‘വെളുപ്പിക്കലുകൾ’, സോഷ്യല്‍ മീഡിയയിൽ നടത്തുന്ന സൈബർ ബുള്ളിയിങ്ങുകൾ അത് താങ്ങാവുന്നതിനും അപ്പുറമായിരിക്കുകയാണ്. എന്റെ സ്ഥാനത്ത് വേറെ ആരെങ്കിലും ആയുന്നെങ്കിൽ ഒരുപക്ഷേ ആത്മഹത്യ ചെയ്തേനെ.– നന്ദിത പറയുന്നു.

ഞാൻ നടത്തിയത് ഹണി ട്രാപ്പാണെന്ന് പറഞ്ഞ വ്യക്തിക്കെതിരെ കേസു കൊടുത്തിട്ടുണ്ട്. പക്ഷേ അവിടെ തീരുന്നില്ല പ്രശ്നം. എന്നെ മോശക്കാരിയാക്കുന്ന സോഷ്യൽ മീഡിയ പ്രതികരണങ്ങൾ നൽകുന്നൊരു ട്രോമയുണ്ട്, അതെനിക്ക് താങ്ങാവുന്നതിനും അപ്പുറമായിരിക്കുന്നു.

ഇൻസ്റ്റഗ്രാം പേജുകളിൽ ഞാനിട്ട ഫൊട്ടോ കണ്ടിട്ടാണ് ഞാൻ മോശക്കാരിയാണെന്നും പോക്കു കേസാണെന്നുമൊക്കെ പറയുന്നത്. എന്നെ ഇഷ്ടമല്ലെങ്കിൽ എന്റെ സോഷ്യൽ മീഡിയ ഫീഡുകൾ നിങ്ങളിലെ സദാചാര വാദിക്ക് ദഹിക്കുന്നില്ലെങ്കിൽ ബ്ലോക്ക് ചെയ്ത് പോകണം. അല്ലാതെ എന്റെ ചിത്രങ്ങളെടുത്ത് വച്ച് കീറിമുറിക്കാനും വിധി കൽപ്പിക്കാനാണ് ഭാവമെങ്കിൽ ഇനിയും നിയമപരമായി മുന്നോട്ടു പോകും. കാരണം ഇപ്പോൾ സോഷ്യൽ മീഡിയയിൽ എന്നെ ആക്രമിക്കുന്ന ആരുടെയും വീട്ടിൽ പോയിട്ടില്ല ഞാന്‍ ഫൊട്ടോഷൂട്ട് നടത്തിയത്. തന്റേടത്തോടെ പ്രതികരിക്കും.

ഇനി എന്റെ വസ്ത്രം. ഒരു ട്രാക്ക് പാന്റും ഹുഡിയും ധരിച്ചാണ് ഞാൻ അന്ന് ബസിൽ യാത്ര ചെയ്തത്. അതിൽ എന്തു ലൈംഗിക ആകർഷണമാണ് അയാൾ കണ്ടത്. അതു കണ്ടിട്ടാണ് അയാൾക്ക് എന്നോട് ലൈംഗിക അതിക്രമം കാണിക്കാൻ തോന്നിയതെങ്കിൽ ഞാന്‍ വീണ്ടും പറയുന്നു അയാൾ ഒരു ‘ഹാബിച്വൽ മൊളസ്റ്റർ’ ആണ്. ഇതെന്റെ മാത്രം അനുഭവമല്ല, സവാദ് എന്ന വ്യക്തിയിൽ നിന്നും മോശം അനുഭവം നേരിട്ട പതിനഞ്ചോളം പെൺകുട്ടികൾ എനിക്ക് പേഴ്സണലി മെസേജ് അയച്ചിരുന്നു. പലർക്കും അന്നു പ്രതികരിക്കാന്‍ കഴിഞ്ഞില്ലെന്നുള്ള പരിഭവമായിരുന്നു. എന്റെ കമന്റ് ബോക്സിലും പലരും അയാളിൽ നിന്നും മോശം അനുഭവം നേരിട്ട സംഭവം വിവരിച്ചെത്തി.

savad-nandhitha

അയാളുടെ മാനസികാവസ്ഥ മനസിലാക്കണം, അയാൾക്കൊരു കുടുംബമുണ്ട് എന്നൊക്കെ പറഞ്ഞ് പലരും ഈ സംഭവത്തെ ലഘൂകരിക്കാൻ എത്തുന്നുണ്ട്. ലൈംഗിക അതിക്രമം കാട്ടിയ വ്യക്തിയുടെ മാനസികാവസ്ഥ ഞാനെന്തിന് ഗൗനിക്കണം ഞാൻ അത് അറിയേണ്ട കാര്യമില്ല. ബസിൽ നടന്ന സംഭവത്തിന്റെ ആഘാതത്തിൽ നിന്നും ഞാൻ മൂവ് ഓൺ ചെയ്തു കഴിഞ്ഞു. പക്ഷേ വേദനിപ്പിക്കുന്ന മറ്റൊന്ന് എന്നെ മോശക്കാരിയാക്കിക്കൊണ്ടുള്ള സോഷ്യൽ മീഡിയ പ്രതികരണങ്ങളാണ്. അന്ന് ബസിൽ നിന്നും നേരിട്ടതിനേക്കാളും പത്തിരട്ടി വലുപ്പത്തിലുള്ള ജഡ്ജ്മെന്റുകളാണ് ഇപ്പോൾ സംഭവിച്ചു കൊണ്ടിരിക്കുന്നത്. ഒരു പെണ്ണിനേയും അവളുടെ മാനത്തേയും മുന്‍നിർത്തി സോഷ്യൽ മീഡിയയിൽ നടക്കുന്ന കൊത്തിവലിക്കലുകൾ കാണുമ്പോൾ അന്നു ബസിൽ നടന്ന സംഭവം എത്രയോ ചെറുതെന്ന് തോന്നിപ്പോകുകയാണ്. സംസ്കാരമില്ലാത്ത ഇത്തരക്കാരോട് പുച്ഛം മാത്രം. ഇനിയും ഇത്തരക്കാർക്കെതിരെ ശബ്ദം ഉയർത്തുക തന്നെ ചെയ്യും സധൈര്യം.

savad-nanditha

മാനസികാരോഗ്യ വിദഗ്ധന്‍ ഡോ. സി.ജെ ജോൺ പറയുന്നു

സ്ത്രീ ലൈംഗിക വസ്തുവാണെന്ന സമൂഹത്തിന്റെ പൊതുബോധത്തിന് ഇപ്പോഴും മാറ്റം വന്നിട്ടില്ല. സോഷ്യൽ മീഡിയയിലെ സദാചാര ആക്രമണങ്ങൾക്ക് മൂലകാരണവും അതുതന്നെ. സ്ത്രീ മോഡേണായി വസ്ത്രം ധരിച്ചാൽ അവൾ മോശക്കാരിയെന്ന് വിധിയെഴുതുന്നത് മാനസിക വൈകല്യമാണ്. സ്ത്രീകളുടെ വസ്ത്രം ധാരണം അടിസ്ഥാനമാക്കി അവളുടെ സ്വകാര്യതയിലേക്ക് കടന്നു കയറാൻ ഇവിടെ ആർക്കെങ്കിലും ലൈസൻസ് കൊടുത്തിട്ടുണ്ടോ? നന്ദിതയെന്ന പെൺകുട്ടിയോട് മോശമായി പെരുമാറിയ വ്യക്തിക്ക് സ്വന്തം അമ്മ, സഹോദരി എന്നിവരിൽ നിന്ന് സ്ത്രീകളോട് പെരുമാറാനുള്ള പാഠം ലഭിച്ചിട്ടില്ല എങ്കിൽ അത് ന്യൂനത തന്നെയാണ്.

അയാളുടെ മാനസികാവസ്ഥ മനസിലാക്കണം എന്നു പറയുന്നതു കൊണ്ട് അയാൾ ചെയ്ത കുറ്റം കുറ്റമാകുന്നില്ലല്ലോ? അയാളിൽ നിന്ന് മോശം അനുഭവം നേരിടുന്ന വ്യക്തിയാണ് ആത്മഹത്യയിലേക്ക് പോകുന്നതെങ്കിലോ? പുരുഷനോളം ആദരിക്കപ്പെടേണ്ടവളാണ് എന്ന പൊതുബോധവും ഇതോടൊപ്പം ഉണ്ടാകണം.