Wednesday 03 January 2024 04:40 PM IST

ഇന്‍സുലിന്‍ കുത്തിവയ്പ് എടുത്താല്‍ വൃക്ക തകരാറിലാകുമെന്നതു സത്യമോ? ഡോ. ജ്യോതിദേവ് നൽകുന്നു ഉത്തരം

Vijeesh Gopinath

Senior Sub Editor

diabetese-1

മരുന്നിനെ പേടിച്ചു മലയാളി ചെന്നു ചാടുന്ന 13 അബദ്ധങ്ങൾ

മോമോഡേൺ മെഡിസിൻ തുടങ്ങിയാല്‍ നി ര്‍ത്താന്‍ പറ്റില്ലല്ലോ.. മോഡേൺ മെഡിസിൻ എന്നു പറയുന്ന അലോപ്പതി വ്യാപകമാകുന്നതിനു മുന്‍പ് നമ്മുടെയൊക്കെ ശരാശരി ആയുസ്സ് എത്രയായിരുന്നുവെന്ന് അറിയാമോ? വെറും 40. ആധുനിക വൈദ്യശാസ്ത്രം എന്ന ശാഖ വരുന്നതിനു മുന്‍പ് , മരുന്നു പരീക്ഷണങ്ങളും ഗവേഷണങ്ങളും വരുന്നതിനു മുന്‍പ് , നമ്മുടെയെല്ലാം ശ രാശരി ആയുര്‍ദൈര്‍ഘ്യം വെറും 40 - 45 വയസ് മാത്രമായിരുന്നു. കഴിഞ്ഞ100 വര്‍ഷങ്ങള്‍ക്കിടെ പതിയെ ആണ് അതിപ്പോള്‍ ഏകദേശം 80 വരെ എത്തി നില്‍ക്കുന്നത്. പ്രമേഹത്തിന് ഔഷധങ്ങള്‍ തുടങ്ങുന്നത് ആ വ്യക്തിയുടെ ആരോഗ്യവും ആയുസ്സും നിലനിർത്താനാണ്. ഡോക്ടര്‍ മരുന്നുകള്‍ കുറയ്ക്കാനോ ഒരുപക്ഷേ, നിർത്താനോ തീരുമാനിച്ചെന്നിരിക്കും. എന്നാല്‍ രോഗി ഒരു കാരണവശാലും സ്വയം ഔഷധങ്ങള്‍ നിർത്തരുത്.

ഇന്‍സുലിന്‍ കുത്തിവയ്പ് എടുത്താല്‍ വ‌ൄക്ക തകരാറിലാകുമെന്നതു സത്യമോ?

പമ്പര വിഡ്ഢിത്തമാണിത്. കഴിഞ്ഞ നൂറ്റാണ്ടിലെ തന്നെ വലിയ കണ്ടുപിടിത്തങ്ങളിലൊന്നാണ് ഇന്‍സുലിന്‍. പ്രമേഹം കാരണമുള്ള വൄക്കത്തകരാറു പരിപൂര്‍ണമായും തടയാന്‍ കഴിയുന്ന രോഗമാണെങ്കില്‍ കൂടിയും മലയാളികള്‍ക്കിടയില്‍ ഭയം വര്‍ധിക്കുകയാണ്. പാലം ഇടിഞ്ഞു വീഴുമ്പോൾ സിമന്‍റിനെ കുറ്റം പറയും പോലെയാണ്. സിമന്റ് കൄത്യമായ ചേരുവയില്‍ ഉപയോഗിക്കാതെ വരുമ്പോഴാണു പാലം നിലം പൊത്തുന്നത്. അതുപോലെ പ്രമേഹം കൃത്യമായി പരിശോധിച്ചു നിയന്ത്രണങ്ങൾ വരുത്തി മുന്നോട്ടു പോകാത്തപ്പോഴാണു വൄക്കത്തകരാർ പോലുള്ള സങ്കീർണതകൾ സംഭവിക്കുന്നത്.

മരുന്നുകളുടെ എണ്ണം കൂടിയാല്‍ സൈ ഡ് എഫക്ട് ഉണ്ടാകില്ലേ?

ഏഴും എട്ടും മരുന്നുകള്‍ ഉണ്ടെങ്കില്‍ പാര്‍ശ്വഫലങ്ങള്‍ ഭയന്നു രോഗികള്‍ സ്വയം അതില്‍ കുറെ ഒഴിവാക്കാം. ഇത് അബദ്ധമാണ്.

പ്രമേഹം എന്നത് ഒരു ഒറ്റയാനല്ല, അത് നമ്മുടെ ശരീരമാസകലം ഉള്ള അവയവങ്ങളെ ബാധിക്കാന്‍ ശേഷിയുള്ള ഉഗ്രശത്രുവാണ്. ഇതിനെ നേരിടാന്‍ ഒരു പട്ടാളം തന്നെ വേ ണം. അതുകൊണ്ടാണു സമഗ്ര പ്രമേഹ ചികിത്സയിൽ നിരവധി ഔഷധങ്ങള്‍ ഒരുമിച്ചുപയോഗിക്കുന്നത്. പ്രമേഹത്തിന്‍റെ പ്രാരംഭാവസ്ഥയില്‍ ആണെങ്കില്‍ കൂടിയും ഇങ്ങനെ ചിലപ്പോള്‍ ആവശ്യമായി വരും.

കൊളസ്ട്രോളിന്‍റെ മരുന്ന് ആപത്താണോ?

ഞങ്ങള്‍ 15 വര്‍ഷങ്ങള്‍ക്കു മുൻപു മലയാളികള്‍ക്കിടയില്‍ ഒരു പഠനം നടത്തി. കൊളസ്ട്രോള്‍ നിയന്ത്രിക്കാനുള്ള സ്റ്റാറ്റിൻ ഔഷധങ്ങള്‍ എന്തുകൊണ്ടു പലരും നിറുത്തലാക്കുന്നു? ഉത്തരം അതിശയിപ്പിക്കുന്നതായിരുന്നു. ‘കൊളസ്ട്രോള്‍ മരുന്ന് വൄക്കയെയും കരളിനെയും തകരാറിലാക്കും എന്ന ആശങ്ക’, ‘തീരെ വിലക്കുറവാണെങ്കിലും എന്തിനു വെറുതെ ഒരു മരുന്നു കഴിക്കുന്നു’ എന്നു മറ്റു ചിലര്‍. ഇത്രയേറെ വിദ്യാസമ്പന്നരാണെങ്കില്‍ കൂടിയും നിഷ്കളങ്കരായ മലയാളികള്‍ എത്ര പെട്ടെന്നാണ് ഇത്തരം അബദ്ധങ്ങള്‍ വിശ്വസിക്കുന്നത്. കൊളസ്ട്രോളിന്‍റെ മരുന്നു ഡോക്ടര്‍ നിർദേശിക്കുകയാണെങ്കില്‍ ദയവായി ഒരു കാരണവശാലും നിർത്തരുത്. അത്രകണ്ടു ഫലവത്താണ് ഈ ഔഷങ്ങൾ.

ലാബ് റിസല്‍റ്റ് നോര്‍മല്‍ ആയതുകൊണ്ടു സ്വയം മരുന്നു നിർത്താമോ?

പൊതുവെ കാണുന്ന ഒരു പ്രവണതയാണ്. A1c കുറഞ്ഞതു കൊണ്ടു ഗുളിക നിര്‍ത്തി; കൊളസ്ട്രോള്‍ കുറഞ്ഞതു കൊണ്ടു ഗുളിക നിര്‍ത്തി; വൈറ്റമിന്‍ ഡി നോര്‍മല്‍ ആയതു കാരണം മരുന്നു നിർത്തി. BP നോര്‍മല്‍ ആയതു കാരണം മരുന്ന് ഉപേക്ഷിച്ചു. എന്തൊരു മണ്ടത്തരമാണിത്. നമ്മള്‍ ഔഷധങ്ങള്‍ നിർത്തി ദിവസങ്ങള്‍ക്കുള്ളില്‍ ഇവ പൂർവ സ്ഥിതിയിലോ അല്ലെങ്കില്‍ അതിനേക്കാൾ ഗുരുതരമായോ ആയി മാറും. ഇവിടെ നാം പ്രയോജനപ്പെടുത്തേണ്ടതു നമ്മുടെ സാമാന്യബുദ്ധി മാത്രമാണ്. പ്രമേഹരോഗ വിദഗ്ധന്റെയോ അല്ലെങ്കില്‍ പ്രമേഹ ചികിത്സാ സംഘത്തിലെ ഒരു അംഗത്തിന്‍റെയോ നി ർദേശം കൂടാതെ ഔഷധങ്ങള്‍ നിർത്തരുത്.

ഇന്‍സുലിന്‍ പ്രമേഹം നിയന്ത്രിക്കാനുള്ള അവസാനത്തെ അടവാണോ?

പ്രമേഹ ചികിത്സയില്‍ ഏറ്റവും ശക്തിയുള്ളതും ഒരു നൂറ്റാണ്ടിലധികം പഴക്കമുള്ളതും ഏറ്റവും സുരക്ഷിതവുമാണ് എന്നു തെളിയിച്ചിട്ടുള്ളതും ഇന്‍സുലിന്‍ മാത്രമാണ്. രോഗികള്‍ സാധാരണഗതിയില്‍ ഇന്‍സുലിന്‍ സ്വീകരിക്കുന്നതു പ്രമേഹം അനിയന്ത്രിതമായി ന്യൂറോപ്പതി, റെറ്റിനോപ്പതി, നെഫ്രോപ്പതി ഇവയൊക്കെ വന്നു കഴിഞ്ഞ ശേഷമാണ്. വാസ്തവത്തില്‍ ഇതു തെറ്റാണ്. ഇന്‍സുലിന്‍റെ പരിപൂർണമായ പ്രയോജനം നമുക്കു ലഭിക്കണമെന്നുണ്ടെങ്കില്‍ അത് ഒട്ടും വൈകിപ്പിക്കാതെ ഉപയോഗിക്കണം. പരീക്ഷകളിലെല്ലാം തോറ്റ ശേഷമാകരുതു പഠിക്കാനുള്ള തീരുമാനമെടുക്കേണ്ടത്. തോല്‍ക്കാതിരിക്കാനും ഉന്നതവിജയം കരസ്ഥമാക്കാനും ആരംഭത്തിലേ തന്നെ പഠനം തുടങ്ങണം. പ്രമേഹം, എന്ന പരീക്ഷ വിജയിക്കാന്‍ ഇന്‍സുലിന്‍ കൂടിയേ തീരൂ.

വര്‍ഷങ്ങളായുള്ള വിലക്കുറഞ്ഞ മരുന്നുകള്‍ അല്ലേ കൂടുതല്‍ നല്ലത്?

പ്രമേഹ ചികിത്സ സ്വീകരിക്കാന്‍ വരുന്ന രോഗികള്‍ക്കു മരുന്നുകളെക്കുറിച്ചു പല സംശയങ്ങളാണ്. പുത്തന്‍ വില കൂടിയ മരുന്നുകള്‍ ആഗ്രഹിച്ചു വരുന്ന ഒരുകൂട്ടർ. വില കുറഞ്ഞ പഴയ മരുന്നുകള്‍ മാത്രം മതി എ ന്നഭ്യർഥിക്കുന്ന മറ്റൊരു കൂട്ടര്‍. ലളിതമായി പറയാം. പുതുതായി വിപണിയിലെത്തുന്ന ഒരു മൊബൈല്‍ ഫോണ്‍ പോലെ പുത്തന്‍ മരുന്നുകള്‍ക്കു വില വളരെ കൂടുതലായിരിക്കും. ഇത്തരം ഔഷധങ്ങള്‍ക്കു പ്രമേഹ ചികിത്സയില്‍ മാത്രമല്ല, ഹൄദയം, വൄക്ക, കരള്‍ തുടങ്ങിയ അവയവങ്ങള്‍ സംരക്ഷിക്കുന്നതിനു കൂടി പ്രധാന പങ്കുണ്ട്. ഔഷധങ്ങളെക്കുറിച്ചുള്ള തീരുമാനങ്ങള്‍ എടുക്കുന്നതിനു രോഗികള്‍ക്കു ചികിത്സിക്കുന്ന ഡോക്ടറുമായി തുറന്ന് അഭിപ്രായം പറയാവുന്നതാണ്. ഔഷധങ്ങളുടെ വിലക്കൂടുതല്‍ കാരണം ഒരിക്കലും ചികിത്സ നിർത്തലാക്കരുത്. പരിഹാര മാർഗങ്ങള്‍ ആരായുകയാണു വേണ്ടത്.

ഇന്‍സുലിന്‍ കുത്തിവയ്പ് തുടങ്ങിയാല്‍ മരണം വരെ എടുക്കേണ്ടി വരുമോ

ശരിയുമാണ്, തെറ്റുമാണ്. ഇന്‍സുലിന്‍ പ്രമേഹത്തിന്‍റെ പ്രാരംഭഘട്ടത്തില്‍ തുടങ്ങുകയാണെങ്കില്‍ നമുക്കതു പരിപൂർണമായും നിർത്താ ൻ സാധിക്കും. എന്നാൽ 99% രോഗികളും ഇന്‍സുലിന്‍ കുത്തിവയ്പുകള്‍ ആരംഭിക്കുന്നത് പ്രമേഹം വളരെ ഗുരുതരമായി മാറിയ ശേഷമാണ്. അക്കാരണത്താല്‍ നിർത്തലാക്കാൻ കഴിയാതെ വരുന്നു. ഇതിനു സങ്കടപ്പെടേണ്ടതില്ല. വേണ്ട രീതിയിൽ ഇന്‍സുലിന്‍ കുത്തിവയ്പുകള്‍ എടുത്താൽ പ്രമേഹ സങ്കീർണതകള്‍ അകറ്റാം. ചികിത്സാ ചെലവു ഗണ്യമായി കുറയ്ക്കാം.

അതുപോലെ കുത്തിവയ്പ്പു തുടങ്ങിയാൽ പിന്നെ ഗുളിക ആവശ്യമില്ല എന്ന തെറ്റിദ്ധാരണ പരക്കെ ഉള്ളതാണ്. ഡയബറ്റിസ് പല വിധത്തിലാണല്ലോ, ടൈപ്പ് 2 ഡയബറ്റിസ് എന്നു പറയുന്ന സർവ സാധാരണമായ രോഗത്തിന്റെ കാരണങ്ങൾ നിരവധിയാണ്; അതിലൊന്നു മാത്രമാണ് ഇൻസുലിന്റെ കുറവ്. അതുകൊണ്ടു ടൈപ്പ് 2 പ്രമേഹത്തിനാണ് ഇൻസുലിൻ ഇൻജക്ഷൻ എടുക്കുന്നതെങ്കിൽ നിശ്ചയമായും അതോടൊപ്പം ഡോക്ടർ നിർദേശിക്കുന്നഗുളികകൾ എല്ലാം ഉപയോഗിക്കണം.

ഇനി ഗർഭാവസ്ഥയിലുള്ള പ്രമേഹത്തിനാണ്, അല്ലെങ്കിൽ ടൈപ്പ് 1 ഡയബറ്റിസിനാണെങ്കിൽ ഇൻസുലിൻ മാത്രം മതിയാകും. ടൈപ്പ് 2 ഡയബറ്റിസിൽ ശരീരത്തിൽ നിന്ന് അധികമായി ഇൻസുലിൻ ഉൽപാദിപ്പിക്കുന്നുണ്ട് എന്നു മനസ്സിലാക്കുക. ആ ഇൻസുലിന്റെ പാർശ്വഫലങ്ങൾ ഒഴിവാക്കുന്നതിനും ശരീരത്തിനുള്ളിൽ നിന്ന് ഉൽപാദിപ്പിക്കുന്ന ഇൻസുലിന്റെ പ്രവർത്തനക്ഷമത വർധിപ്പിക്കുന്നതിനും ഗുളികകൾ കൂടി ആവശ്യമാണ്.

2074309249

കുത്തിവെപ്പ് ഒന്നു പോരെ, എന്തിനു നി രവധി കുത്തിവയ്‌പ്പുകൾ?

ഓരോ വ്യക്തിയുടെയും പ്രമേഹത്തിന്റെ സ്വഭാവം വ്യത്യസ്തമാണ്. അതിനനുസൃതമായാണ് ഏതൊക്കെ ഇൻസുലിൻ വേണം എന്നു തീരുമാനിക്കുന്നത്. ചിലപ്പോൾ ഒരു ദിവസം ഒരു കുത്തിവയ്പ്പ് മാത്രം മതിയാകും

എന്നാൽ ഇൻസുലിൻ കുത്തിവയ്പ്പ് പ്രമേഹ രോഗിക്കു തുടങ്ങുന്നതു പ്രമേഹം അതീവ ഗുരുതരമായി ആറോ ഏഴോ വർഷങ്ങൾ കഴിഞ്ഞതിനു ശേഷമാണെങ്കിൽ ഒരു ദിവസം ഒരു കുത്തിവയ്പ്പ് മാത്രം എടുത്താൽ പ്രമേഹം നിയന്ത്രണവിധേയം ആകണമെന്നില്ല. ഇത്തരം അവസരങ്ങളിലാണു ദിവസം രണ്ടോ അതിലധികമോ കുത്തിവയ്‌പ്പുകൾ വേണ്ടി വരുന്നത്.

ചില രോഗികൾ കുത്തിവയ്പ്പ് എടുക്കാനുള്ള ബുദ്ധിമുട്ടു കൊണ്ട് ഉദാഹരണത്തിന്, ഉച്ചയ്ക്കുള്ള കുത്തിവയ്പ്പ് നിർബന്ധമായും വേണ്ട ഒരു രോഗി അതു ജോലി സ്ഥലത്തു സാധിക്കില്ല എന്ന കാരണത്താൽ ഒഴിവാക്കിയാൽ പ്രമേഹം അനിയന്ത്രിതമായി തന്നെ തുടരുകയും ഗുരുതരമായ രോഗങ്ങൾ തീർച്ചയായും വന്നെത്തുകയും ചെയ്യും. ഇത്തരം പ്രയാസങ്ങളോ സംശങ്ങളോ ഉണ്ടെങ്കിൽ ഡോക്ടറുമായി തുറന്നു സംസാരിക്കുക.

ഹൈപോഗ്ലൈസിമിയ ഭയന്ന് ഇനി പ്രമേഹ മരുന്നുകൾ ഉപയോഗിക്കേണ്ട എന്ന് തീരുമാനിക്കേണ്ടി വരുന്നു

ആ തീരുമാനം വലിയ അബദ്ധമാണ്. സാധാരണയായി കണ്ടുവരുന്ന പ്രവണതയുമാണത്. പ്രമേഹത്തിന് മരുന്നുകൾ കഴിക്കുന്ന വേളയിൽ ഷുഗർ പെട്ടെന്നുകുറഞ്ഞ് അബോധാവസ്ഥയിലാകുന്നതാണു ഹൈപ്പോഗ്ലൈസീമിയ. മരുന്നു നിർത്തുകയല്ല വേണ്ടത്. അതെന്തുകൊണ്ടു വന്നു എന്നു കണ്ടെത്തണം.

ഒൗഷധങ്ങളുടെ ഡോസ് കുറയ്ക്കണോ, കഴിക്കുന്ന മരുന്നിനു പകരം മറ്റേതെങ്കിലും ഉപയോഗിക്കണോ തുടങ്ങി കാരണങ്ങൾ മനസ്സിലാക്കിയാണ് ഹൈപ്പോഗ്ലൈസീമിയ വരാത്ത വിധത്തിൽ ഉപയോഗിക്കേണ്ടത്.

1678974850

ഇംഗ്ലിഷ് മരുന്നുകൾക്കു പാർശ്വഫലങ്ങളുണ്ട്. അതുകൊണ്ട് അലോപ്പതി മരുന്നുകൾക്കു പകരം മറ്റു മരുന്നുകൾ ഉപയോഗിക്കുന്നു...

ഇവിടെ ഒരു അടിസ്ഥാന തത്വം മനസിലാക്കണം. ഫലമുള്ള എല്ലാ മരുന്നുകൾക്കും പാർശ്വഫലങ്ങളുമുണ്ട് അലോപ്പതി മരുന്നുകളുടെ ഗുണനിലവാരം, പാർശ്വഫലങ്ങൾ അത് ഓരോ അവയവങ്ങളിലും വരുത്തിത്തീർക്കുന്ന ഗുണഫലങ്ങൾ, ദോഷഫലങ്ങൾ, ഓരോ പ്രായക്കാർക്കും കൊടുക്കേണ്ട ഡോസ് ഏതൊക്കെ രോഗങ്ങളിൽ ഉപയോഗിക്കാം തുടങ്ങി അതിവിശദമായ രേഖകൾ മരുന്നു പരീക്ഷണങ്ങളിലൂടെ ലഭ്യമാണ്.

മനുഷ്യർക്കു സുരക്ഷിതമായി ഉപയോഗിക്കാവുന്ന ഔഷധങ്ങളുടെ പ്രത്യേകത, ലോകത്തെവിടെച്ചെന്നാലും അവ വാങ്ങാൻ കിട്ടുമെന്നതാണ്.

വികസിതരാജ്യത്തും അവികസിത രാജ്യത്തും അവ ലഭിക്കും. എന്നാൽ മരുന്നു പരീക്ഷണങ്ങൾ ഒന്നും നടത്താതെ പാർശ്വഫലങ്ങൾ ഇല്ല എന്ന അന്ധമായി വിശ്വസിക്കുന്ന ഔഷധങ്ങൾ ചില പ്രദേശങ്ങളിൽ മാത്രം ലഭ്യമായിട്ടുള്ളവയാണ്. അല്ലെങ്കിൽ ചില രാജ്യങ്ങളിൽ മാത്രം ലഭ്യമായിട്ടുള്ളവയാണ്.

അത്തരം മരുന്നുകളുടെ പാർശ്വഫലങ്ങളെക്കുറിച്ചു പഠനങ്ങൾ നടന്നിരിക്കില്ല. മോഡേൺ മെഡിസിൻ അല്ലാത്ത മരുന്നുകൾ ഉപയോഗിക്കുന്നവർക്ക് അതുകൊണ്ടു ഗുണം ഉണ്ടാകുന്നു എന്നു തോന്നിയാൽ അതിന്റെ പാർശ്വഫലങ്ങളെക്കുറിച്ച് ആദ്യം വായിച്ചറിയാൻ ശ്രമിക്കുക.

മലയാളികൾക്കിടയിൽ അശാസ്ത്രിയമായ മരുന്നുകൾ ഉപയോഗിച്ചുള്ള പാർശ്വഫലങ്ങളും വൃക്കയിലും കരളിലും ഉള്ള ഗുരുതര രോഗങ്ങളും വരുന്നതു വളരെ സാധാരണയായി മാറിയിട്ടുണ്ട്.

അലോപ്പതി, ആയുർവേദം, സിദ്ധ, യു നാനി തുടങ്ങി എല്ലാ മരുന്നുകളും പ്രമേ ഹത്തിന് ഒരുമിച്ച് ഉപയോഗിച്ചു നോക്കാറുണ്ട് പലരും

ചില പഠനങ്ങൾ സൂചിപ്പിക്കുന്നത് 40 ശതമാനത്തിലേറെ മലയാളികളും അലോപ്പതി മരുന്നുകൾക്കൊപ്പം ശാസ്ത്രീയമായി പഠനങ്ങൾ നടത്താത്ത മറ്റു മരുന്നുകളും ഉപയോഗിക്കുന്നു എന്നതാണ്. ഇങ്ങനെ ഉപയോഗിക്കുന്നവർ ചികിത്സിക്കുന്ന ഡോക്ടറോട് ഇക്കാര്യങ്ങൾ തുറന്നു സംസാരിക്കുകയാണു വേണ്ടത്.

ഒരേ വിധത്തിൽ പ്രവർത്തിക്കുന്ന മരുന്നുകൾക്കു പ്രതിപ്രവർത്തനങ്ങൾ സാധാരണയാണ്. അതുകൊണ്ടു പാർശ്വഫലങ്ങൾ മാത്രമല്ല മരുന്നുകൾ പരസ്പരമുള്ള പ്രതിപ്രവർത്തനം കാരണമുള്ള പാർശ്വഫലങ്ങളും സംഭവിക്കാവുന്നതാണ്. കഴിവതും മരുന്നുകൾ കൂട്ടിക്കലർത്തി ഉപയോഗിക്കാതിരിക്കുന്നതാവും നല്ലത്.

വിജീഷ് ഗോപിനാഥ്

വിവരങ്ങള്‍ക്ക് കടപ്പാട്:

ഡോ. ജ്യോതിദേവ്

കേശവദേവ്

കൺസൽറ്റന്റ്

ഡയബറ്റോളജിസ്റ്റ്,

ചെയർമാൻ, ജ്യോതിദേവ്സ് ഡയബറ്റിസ് സെന്റേഴ്സ്,

തിരുവനന്തപുരം.