Friday 14 June 2019 04:42 PM IST : By സ്വന്തം ലേഖകൻ

തണലിൽ സൊറ പറഞ്ഞിരിക്കാം, നല്ല ഭക്ഷണം കഴിക്കാം; പാലക്കാട്ടെ ചൂടിൽ വീട് ‘ഓർഗാനിക്ക്’ ആക്കി മോഹൻ ചവറ!

chavara-m1 കടപ്പാട്: മോഹൻ ചവറ, ഫെയ്സ്ബുക് പേജ്

ശാന്തമായി ഒഴുകുന്ന നിളയുടെ തീരത്ത് മരച്ചില്ലകളുടെ പച്ചപ്പിനു നടുവിലായി മനോഹരമായ ആ ഭവനം കാണാം. പാലക്കാടൻ ഗ്രാമത്തിന്റെ എല്ലാ സൗന്ദര്യവും ഇഴുകിചേർന്ന കുഞ്ഞു വീട്. പ്രശസ്ത ശില്പി മോഹൻ ചവറയും കുടുംബവുമാണ് ഈ വീട്ടിലെ താമസക്കാർ. മോഹൻ ചവറയെന്ന കലാകാരന്റെ കരവിരുതിൽ ഒരുങ്ങിയ വീട് പൂർണ്ണമായും പ്രകൃതിയോട് ഇണങ്ങി നിൽക്കുന്നു.

chavara-m3

മണ്ണ് കുഴച്ചെടുത്ത വീടിന്റെ ജനാലകളിലും ചുമരിലുമെല്ലാം ശില്പങ്ങളും ചിത്രങ്ങളും കൊത്തിവച്ചിരിക്കുന്നു. ഇത് വീടിന്റെ അഴക് കൂട്ടുന്നു. കാടിനു നടുവിലെ ഏതോ ഒരു ആശ്രമത്തിൽ എത്തിപ്പെട്ട അവസ്ഥ. മാന്നന്നൂർ റെയിൽവേ സ്റ്റേഷനിൽ നിന്ന് നടക്കാവുന്ന ദൂരത്തിലാണ് രണ്ടര ഏക്കറിലായി മോഹന്റെ ഓർഗാനിക് വില്ലേജ് സ്ഥിതി ചെയ്യുന്നത്.

chavara-m4

വീടിന്റെ മുറ്റത്തായി മികച്ചൊരു ഓർഗാനിക് തോട്ടമുണ്ട്. ഇവിടെനിന്ന് കിട്ടുന്ന ശുദ്ധമായ ഫലങ്ങളാണ് പാചകത്തിനായി ഉപയോഗിക്കുന്നത്. തൊടിയിൽ ചക്കയും മാങ്ങയുമെല്ലാം യഥേഷ്ടം. മുറ്റത്ത് കുട്ടികൾക്കായി മനോഹരമായ പൂന്തോട്ടവും കളിവീടും താമരക്കുളവുമെല്ലാം ഒരുക്കിയിരിക്കുന്നു. ഏതു കടുത്ത വേനലിലും മണ്ണിന്റെ തണുപ്പും മണവും വീടിനെ പൊതിഞ്ഞു നിൽക്കുന്നു.

chavara-m5

ആഡംബരങ്ങളിൽ മുഴുകാതെ പ്രകൃതിയുമായി ഇണങ്ങി കഴിയാനാണ് മോഹനും കുടുംബത്തിനും ഇഷ്ടം. ഭർത്താവിന് എല്ലാ പിന്തുണയും നൽകി ഭാര്യ രുക്മണിയും കൂടെയുണ്ട്. നഴ്‌സിങ് കോളജിൽ നിന്ന് പ്രിൻസിപ്പലായി വിരമിച്ച രുക്മണി മുഴുവൻ സമയവും ഭർത്താവിനൊപ്പം വീടിനു ചുറ്റും പ്രകൃതി ഒരുക്കുന്നതിന്റെ തിരക്കിലാണ്. 2013 ലാണ് ഈ ദമ്പതികൾ ഓർഗാനിക് വില്ലേജ് എന്ന ആശയം പ്രദേശവാസികളുമായി പങ്കുവച്ചത്. ആശയം ഇഷ്ടമായ പതിനാലോളം കുടുംബങ്ങൾ ഇവർക്കൊപ്പം നിന്നു.

chavara-m6

നഗരങ്ങളിലെ പോലെയല്ലാതെ ശുദ്ധവായു ശ്വസിച്ചു കൊണ്ട് ജീവിക്കാം എന്നായിരുന്നു ഈ കുടുംബങ്ങളുടെ പ്രധാന ലക്‌ഷ്യം. റബ്ബർ പ്ലാന്റേഷൻ വില കൊടുത്തു വാങ്ങിയാണ് മോഹൻ തന്റെ സ്വപ്ന പദ്ധതിയ്ക്ക് തുടക്കം കുറിച്ചത്. ആദ്യം ചെയ്തത് മരങ്ങളെല്ലാം പിഴുതു മാറ്റുകയായിരുന്നു. മണ്ണിനെ ഫലഭൂയിഷ്ഠമാക്കാനുള്ള ശ്രമങ്ങളായി അടുത്തത്. പിന്നെയാണ് മരവീടിന്റെ നിർമ്മാണം. അടുത്തതായി പഴം- പച്ചക്കറി തോട്ടമൊരുക്കി. അങ്ങനെ ഘട്ടം ഘട്ടമായി നിർമ്മാണങ്ങൾ പൂർത്തിയാക്കി. പതിയെ പശു ഫാം, ആട് വളർത്തൽ തുടങ്ങിയ കൃഷിയിലേക്കും മോഹൻ തിരിഞ്ഞു.

chavara-m2

2015 ൽ മോഹൻ ഭാര്യയും മക്കളുമൊത്ത് ഓർഗാനിക് വില്ലേജിലേക്ക് താമസം മാറ്റി. 18 വയസ്സുള്ള സൂര്യയ്ക്കും പതിനൊന്നുകാരി ശ്രേയയ്ക്കും അതൊരു പുതിയ അനുഭവമായി. കലാകാരന്മാരും ആക്ടിവിസ്റ്റുകളും ഗ്രാമവാസികളുമായി അതിഥികളെ കൊണ്ട് വീട് എപ്പോഴും സജീവമായിരിക്കും. മീറ്റിങ്ങുകളും സൗഹൃദ കൂട്ടായ്മകളുമായി ജീവൻ തുടിക്കുന്ന അനുഭവമായി വീട്. വീട്ടിൽ അതിഥികളായി എത്തുന്നവർക്ക് രുചികരമായ ആഹാരം രുക്മണി തന്നെ വച്ചു വിളമ്പി. ശ്രേയയും സൂര്യയുമാണ് പ്രകൃതി ഭവനവും കാഴ്ചകളും ഏറെ ആസ്വദിക്കുന്നത്. പഠിക്കാൻ മിടുക്കികളാണ് ഇരുവരും. ഓർഗാനിക് ഫാമിന്റെ പ്രവർത്തനങ്ങളിൽ അച്ഛനും അമ്മയ്ക്കും കൂട്ടായി ശ്രേയയും സൂര്യയും ഒപ്പമുണ്ട്.

chavara-m7